

"Little Flower of Jesus" എന്ന അപരനാമത്തിലാണ് ലിസ്യൂവിലെ വി. കൊച്ചുത്രേസ്യാ അറിയപ്പെടുന്നത്. കൊച്ചുത്രേസ്യായിലും Little ഉണ്ടല്ലോ. കൊച്ചുനാള്‍ മുതല്‍ ഈശോയുടെ കളിക്കൂട്ടുകാരിയായി ജീവിതം ആരംഭിച്ചു. സഹനത്തെ സന്തോഷമാക്കി യുവത്വത്തില്‍ പ്രവേശിക്കുമ്പോഴേക്കും 24-ാമത്തെ വയസ്സില്‍ ക്ഷയരോഗബാധിതയായി ഇഹലോകവാസം വെടിഞ്ഞു. ക്രൂശിതരൂപവും റോസാപ്പൂക്കളുമായി ഈശോയുടെ ചെറുപുഷ്പമായി നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഈ വിശുദ്ധയുടെ തിരുനാള്‍ ഒക്ടോബര്‍ 1-ാം തീയതി നാം ആഘോഷിക്കുന്നു.
1873 ജനുവരി 2 ന് ഫ്രാന്‍സ ിലെ അലന്‍കോണിലായിരുന്നു ജനനം. ഈശോയുടെ അമ്മതന്നെ കൊച്ചുത്രേസ്യായുടെയും ആത്മീയ മാതാവായി തീര്‍ന്നു. കോണ്‍വെന്‍റില്‍ കൊച്ചുത്രേസ്യ 'എളിമയുടെ മാര്‍ഗ്ഗം' പ്രാവര്‍ത്തികമാക്കി. 8 വര്‍ഷം മാത്രം കര്‍മ്മലീത്താ മഠത്തില്‍ ജീവിച്ച വിശുദ്ധ 1897 സെപ്റ്റംബര്‍ 20 ന് ഈശോയുടെയടുത്തേക്ക് പറന്നുപോയി.
എത്രകാലം ഈ ലോകത്തില്‍ ജീവിക്കുന്നുവെന്നതിനേക്കാള്‍ ജീവിക്കുന്ന കാലം എന്ത് ചെയ്തുവെന്നതിനാണ് പ്രാധാന്യം. ചുരുങ്ങിയ ജീവിതകാലംകൊണ്ട് എളിമയുടെയും സഹനത്തിന്‍റെയും മഹനീയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ.
1925 മെയ് 17 ന് പതിനൊന്നാമന്‍ പീയൂസ് മ ാര്പ്പാപ്പ കൊച്ചുത്രേസ്യായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ഈ പ്രഖ്യാപനത്തിന്‍റെ ശതാബ്ദിയാണ് ഈ വര്‍ഷമെന്ന് പറയട്ടെ.
മേരി ഫ്രാന്‍ക്കോയീസ് തെരേസ് മാര്‍ട്ടിന് എന്നായിരുന്നു കൊച്ചുത്രേസ്യായുടെ പൂര്‍ണ്ണമായ നാമം. പിതാവായ ലൂയി മാര്‍ട്ടിന്‍. മാതാവ് ബെല്ലി മാര്‍ട്ടിന്‍. ഇരുവരും ദൈവഭക്തരും, വൈദികവൃത്തിയിലും സന്യസ്ഥരുമാകാന്‍ ആഗ്രഹിച്ചവരുമായിരുന്നു. അവരുടെ ആഗ്രഹം സഫലീകരിച്ചില്ലെന്നു മാത്രം. അവരുടെ ദൈവവിളി മാതാപിതാക്കളാകാന്‍ വേണ്ടിയായിരുന്നു. മാര്‍ട്ടിന്‍ വാച്ച് നിര്‍മ്മാതാവും, ബെല്ലി തൂവാല തുന്നി വില്പന നടത്തുന്നവളും ആയിരുന്നു. ഇവര്‍ക്ക് 9 മക്കളുണ്ടായിരുന്നു. അതില്‍ 4 പേര്‍, രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ചെറുപ്പത്തില്‍ തന്നെ ദൈവസന്നിധിയിലായിത്തീര്‍ന്നു. ബാക്കി 5 പെണ്‍മക്കള്‍ സന്യസ്തരായി. അതില്‍ 3 പേരും ലിസ്യൂവിലെ കര്‍മ്മലീത്താ മഠത്തില്‍ ചേര്‍ന്നു. ഏറ്റവും ഇളയ കൊച്ചുത്രേസ്യായും അവിടെത്തന്നെയാണ് ചേര്‍ന്നത്. 1888 ല്‍ 16-ാമത്തെ വയസ്സില്‍. നാല് വയസ്സുള്ളപ്പോള്‍ വിശുദ്ധയുടെ മാതാവ് ബെല്ലി, ക്യാന്‍സര്‍ രോഗത്താല്‍ ദിവംഗതയായി. മരണശതാബ്ദിയായ 1997 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വി. കൊച്ചുത്രേസ്യായെ തിരുസ്സഭയുടെ വേദപാരംഗത (Doctor of the Church) യായി പ്രഖ്യാപനം നടത്തി.
2015 ല്‍ മാതാപിതാക്കളായ മാര്‍ട്ടിനേയും സെല്ലിയേയും ഫ്രാന്‍സീസ് മാര്‍പ്പാപ്പ വിശുദ്ധരായി നാമകരണം ചെയ്യുകയുണ്ടായി. വിശുദ്ധരുടെ ഒരു കുടുംബമായി സ്വര്‍ഗ്ഗത്തില്‍ അവരെല്ലാം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. "ഒരു ആത്മാവിന്‍റെ കഥ" വി. കൊച്ചുത്രേസ്യായുടെ ആത്മീയ ചിന്തകളുടെ സമാഹാരമാണ്. സ്മരണകളുടെ കുറിപ്പുകളും കൊച്ചുത്രേസ്യായുടേതായി നമുക്ക് വായിക്കാം. ചെറുതാകുന്നതിന്‍റെ തത്വശാസ്ത്രമാണ് എളിമയുടെ ഈ ആത്മകഥ. ഒരു ക്രൈസ്തവന് വേണ്ട ഏറ്റവും വലിയ പുണ്യവും.
ഉണ്ണീശോയുടെ ചെറുപുഷ്പം
ഡോ. എം. എ. ബാബു
അസ്സീസി മാസിക, ഒക്ടോബർ, 2025





















