

എനിക്ക് ലൂക്കായെ ഒത്തിരി ഇഷ്ടമാണ്.
പുതിയ നിയമത്തിൽ മൂന്നാമത് ആയിട്ടാണ് ലൂക്കായുടെ സുവിശേഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പൗലോസിന്റെ ശിഷ്യനും സഹചാരിനുമായിരുന്നു അയാൾ. അന്ത്യോഖ്യയിൽ സിറിയൻ വംശജരായ വിജാതീയ മാതാപിതാക്കൾക്ക് ജനിച്ച പുത്രൻ. ഒരു വൈദ്യൻ ആയിരുന്ന അയാൾ നല്ലൊരു അന്വേഷണാത്മക പത്രപ്രവർത്തകനും എഴുത്തുകാരനും ആയി മാറി. പുതിയ നിയമത്തിലെ പഞ്ചഗ്രന്ഥി എന്നു പറയാം നാല് സുവിശേഷങ്ങളും അപ്പസ്തോല പ്രവൃത്തികളും ചേർന്ന അഞ്ച് "ചരിത്ര" ഗ്രന്ഥങ്ങളെ. അതിൽ യേശുവിൻ്റെ സുവിശേഷവും പരിശുദ്ധാത്മാവിൻ്റെ സുവിശേഷവും (അപ്പസ്തോല പ്രവൃത്തികളെ അങ്ങനെയാണ് വിളിക്കുന്നത്) - രണ്ടും അദ്ദേഹത്തിൻ്റെതാണ്. സത്യത്തിൽ രണ്ടു വാല്യങ്ങളുള്ള ഒറ്റ പുസ്തകമായിരുന്നു അദ്ദേഹം എഴുതിയത്.
മിക്കവാറും അദ്ദേഹം പരിശുദ്ധ മറിയത്തെ (അല്ലെങ്കിൽ പരിശുദ്ധ അമ്മയെ നന്നായി അറിയാവുന്ന ആരെയെങ്കിലും) നേരിൽ കണ്ട് ഇൻ്റർവ്യൂ ചെയ്തിട്ടുണ്ടാവണം. അദ്ദേഹത്തിൽ നിന്നാണ് യേശുവിൻ്റെ ബാല്യകാലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നമുക്ക് ലഭിക്കുന്നത്.
പ്രാർത്ഥനയുടെ സുവിശേഷം; പരിശുദ്ധാത്മാവിൻ്റെ സുവിശേഷം; സ്ത്രീകളുടെ സുവിശേഷം; കാരുണ്യത്തിൻ്റെ സുവിശേഷം; ദരിദ്രരുടെ സുവിശേഷം; വിജാതീയരുടെ സുവിശേഷം; ദൈവ പരിപാലനയുടെ സുവിശേഷം; കൃപയുടെ സുവിശേഷം; കാര് യസ്ഥതയുടെ സുവിശേഷം എന്നെല്ലാം ലൂക്കാ അറിയിച്ച സുവിശേഷത്തിന് പേരുവീഴുന്നത് ആ സുവിശേഷത്തിൽ അദ്ദേഹം നല്കുന്ന ഊന്നലുകളുടെ പേരിലാണ്.
നല്ല സമറായക്കാരന്റെ ഉപമ, ധൂർത്ത പുത്രന്റെ ഉപമ, ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമ എന്നീ എല്ലാവരും ഇഷ്ടപ്പെടുന്നതും ഏറ്റവും ഹൃദയസ്പർശിയുമായ മൂന്ന് ഉപമകൾ നമുക്ക് ലഭിക്കുന്നത് ലൂക്കായിലൂടെയാണ്.
പുതിയ നിയമത്തിന്റെ 27% രചനയും ലൂക്കായുടെ തൂലികയിൽ നിന്നാണ്. ഏറ്റവും ദൈർഘ്യമേറിയ സുവിശേഷം അദ്ദേഹത്തിൻ്റേതാണ് (മത്തായിയുടെ സുവിശേഷത്തെക്കാൾ 80 വാക്യങ്ങൾ കൂടുതലുണ്ട്). പൊതുവർഷം 90 -ന് അടുത്താണ് അദ്ദേഹം തൻ്റെ രചന നിർവ്വഹിക്കുന്നത്. 62 -ൽ പത്രോസും പൗലോസും കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. 70-ൽ ജറൂസലം ദേവാലയവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. മിക്കവാറും യോഹന്നാൻ ഒഴികെ എല്ലാ അപ്പസ്തോലന്മാരും അതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. പൗലോസിൻ്റെ വധത്തിന് ലൂക്കാ സാക്ഷ്യം വഹിച്ചു കാണണം. പൗലോസിനോടൊപ്പം യാത്ര ചെയ്തിരുന്നതിനാൽ രണ്ടാം ഭാഗമായ അപ്പസ്തോല പ്രവൃത്തിക്കുവേണ്ട കുറിപ്പുകൾ നേരത്തേ തന്നെ ലൂക്കായുടെ കൈവശം ഉണ്ടായിരുന്നിരിക്കും. പൗലോസിൻ്റെ മരണത്തിനുശേഷം അദ്ദേഹം വിശുദ്ധ നാട്ടിൽ തിരിച്ചെത്തി വിശദമായ അന്വേഷണങ്ങൾ നടത്തിയിരിക്കണം. അതിനുശേഷമാവണം സുവിശേഷം എഴുതുന്നത്. അതേക്കുറിച്ച് ഒറ്റ വാക്യത്തിൽ സുവിശേഷാരംഭത്തിൽ ലൂക്കാ ഇങ്ങനെ എഴുതുന്നുണ്ട്: "...എല്ലാക്കാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി." (1:3)
ഇങ്ങനെ അപ്പസ്തോലന്മാരെയും പരിശുദ്ധ മറിയത്തെയും അന്ന് ഇസ്രായേലിലും യൂദയായിലും ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടും കേട്ടിട്ടും ബന്ധപ്പെട്ടിട്ടുമുള്ള മറ്റു മനുഷ്യരെയും നേരിൽക്കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഒരു സുവിശേഷവും അപ്പസ്തോല പ്രവർത്തന ഗ്രന്ഥവും എഴുതിനല്കി എന്നതുകൊണ്ടു മാത്രമല്ല ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. ആ സുവിശേഷത്തിൽ മുമ്പ് പറഞ്ഞതുപോലെ സ്ത്രീകൾക്കും വിജാതീയർക്കും ദരിദ്രർക്കും മറ്റും ഇത്രയേറെ പ്രാധാന്യം നല്കി എന്നതുകൊണ്ടും മാത്രമല്ല അത്. അവയ്ക്കുപരി ലൂക്കാ എന്ന വ്യക്തിതന്നെയാണ് അതിനു കാരണം.
ഈ രണ്ട് കൃതികളിലെ അങ്ങിങ്ങുള്ള ചില വാക്യങ്ങൾക്കു പിന്നിൽ നിന്ന് ലൂക്കാ എന്ന വ്യക്തിയിലെ കാര്യണ്യവും ദയാവായ്പും നമുക്ക് കണ്ടെടുക്കാനാവുന്നുണ്ട്.
കർക്കശക്കാരനായ മനുഷ്യനായിരുന്നു പൗലോസ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. അത്തരം ഒരാളോടൊപ്പം ജീവിക്കുകയും നിരന്തരം യാത്ര ചെയ്യുകയും എളുപ്പമല്ല. തീത്താേസും തിമത്തിയോസും സീലാസും ദേമാസും ക്രെസ്കെസും ടിക്കിക്കസും അപ്പോളോസും എല്ലാം ഓരോ ഘട്ടത്തിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് പൗലോസിൽ നിന്ന് മാറിപ്പോകുമ്പോഴും പൗലോസിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേഷിത യാത്രകളിൽ ഉടനീളം ലൂക്കാ പൗലോസിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. ജറൂസലേമിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ട പൗലോസെന്ന തടവുകാരനെ അവർ റോമിലേക്ക് കൊണ്ടുപോയിക്കഴിയുമ്പോൾ പിന്നാലെയെത്തുന്നുണ്ട് ലൂക്കാ. പൗലോസിൻ്റെ വാർദ്ധക്യത്തിൽ, അയാളുടെ കാരാഗൃഹവാസകാലത്ത് നിത്യ സന്ദർശകനായി എല്ലാ ദിനവും ലൂക്കാ വെളിയിൽ നിന്ന് അദ്ദേഹത്തിന് കൂട്ടിനും ശുശ്രൂഷക്കുമായി എത്തുന്നുണ്ട്. പൗലോസിൻ്റെ പരുക്കത്തരങ്ങൾക്കപ്പുറം - ക്രിസ്തു സ്പർശിച്ച, ക്രിസ്തു വിളിച്ച, ക്രിസ്തുവിൻ്റെ അപ്പസ്തോലനായ ആ വലിയ മനുഷ്യനോടുള്ള ആദരവും ഭക്തിയും കാണുന്ന ഒരേയൊരാൾ ലൂക്കായാണ്. സുവിശേഷം ബുദ്ധിയിലും ബോധത്തിലും മാത്രമല്ല, അവിടെ നിന്ന് അയാളുടെ മജ്ജയിലേക്കും മാംസത്തിലേക്കും പടർന്നിരുന്നു എന്നല്ലേ നാം ധരിക്കേണ്ടത്?!





















