top of page
ഈശോയുടെയും വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും പോലെ ഒരു എളിയ കാലിതൊഴുത്തിലാണ് ജോസഫ് ഡേസ, 1603 ജൂൺ 17ന് ഇറ്റലിയിൽ, ബ്രിണ്ട്സിക്കും ഓട്രന്റോക്കും ഇടയിലുള്ള കൂപ്പർത്തീനോ എന്ന പ്രദേശത്ത് ജനിക്കുന്നത്.
ചെരുപ്പുകുത്തിയായിരുന്ന അപ്പൻ കടത്തിൽ മുങ്ങി ഇടക്കിടക്ക് പുറപ്പെട്ടു പോയിരുന്നു. താമസിക്കുന്ന വീട് പോലും പണം തിരിച്ചുചോദിക്കുന്നവരെ തൃപ്തിപ്പെടുത്താൻ വേണ്ടി, വിറ്റ നിലയിലും. അവന്റെ അമ്മ നാണക്കേട് കൊണ്ട് തൽക്കാലത്തേക്ക് മറ്റുള്ളവരിൽ നിന്ന് ഒളിച്ചുതാമസിച്ചിരുന്ന, വീടിന്റെ പുറകിലുള്ള തൊഴുത്തുപോലുള്ള സ്ഥലത്താണ് ജോസഫ് പിറന്നത്. ചെറുപ്പം മുതലേ ചില ദർശനങ്ങളും വെളിപാടുകളും കിട്ടിയിരുന്നത് കൊണ്ടാവാം, ചുറ്റുപാടുകളെക്കുറിച്ച് ബോധമില്ലാതെ വാ തുറന്നു തെരുവിലൂടെ നടന്നിരുന്ന ജോസഫിനെ കുട്ടികൾ ‘Boccaperta’ എന്നുവിളിച്ചു ( വാപൊളിയൻ ). ഭക്ഷണസമയത്ത് പോലും പലപ്പോഴും എത്താത്ത അവന്റെ മറുപടി ‘ഞാൻ മറന്നുപോയി ‘ എന്നായിരിക്കും. ഒരു പേടിത്തൊണ്ടനെ പോലെയായിരുന്നു. പെട്ടെന്നുള്ള ഒരു ശബ്ദം, പള്ളിമണി പോലും കേട്ടാൽ അവന്റെ കയ്യിലെ പുസ്തകങ്ങൾ താഴെ വീണിരിക്കും.
ഒരു ചെരുപ്പുകുത്തിയുടെ സഹായിയായി നിൽക്കാൻ ശ്രമിച്ചെങ്കിലും അവിടത്തെ ഒരു പണിയും അവന് പഠിക്കാൻ കഴിഞ്ഞില്ല. അവനെ ഒരു ഭാരമായി കരുതിയ സ്വന്തം അമ്മക്ക് പോലും അവനെ വേണ്ടായിരുന്നു.ജനനം മുതലേ അവഗണനയും പരിഹാസവും ഏറ്റുവളർന്നെങ്കിലും ജോസഫിനെ അത് തളർത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്തില്ല. വിധിവൈപരീത്യങ്ങളുടെ നടുവിൽ അവൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല കൂടുതലായി ദൈവത്തെ സ്നേഹിച്ചു. ദൈവസ്നേഹത്തിൽ ആമഗ്നനായി പരിസരബോധം ഇല്ലാതെയാവുന്ന അത്രക്ക്. ദൈവഹിതത്തിന് എളിമയോടെ കീഴടങ്ങി ആവുന്നത്ര തന്നെത്തന്നെ താഴ്ത്തി. അതിനാൽ സ്വർഗ്ഗത്തിൽ മാത്രമല്ല ഭൂമിയിലും അവനെ കർത്താവ് മറ്റുള്ളവരെക്കാൾ ഉയർത്തി.തന്നെത്താൻ താഴ്ത്തപ്പെടുന്നവർ ഉയർത്തപ്പെടുമെന്നതിനു ഈ പറക്കുന്ന വിശുദ്ധൻ എത്ര നല്ല ഉദാഹരണമാണ് !
Happy Feast of St. Joseph of Cupertino
Featured Posts
bottom of page