

യുദ്ധങ്ങളുടെയും സാമുദായിക ലഹളകളുടേയും കാലഘട്ടം. പ്രഭുക്കളെന്നും, അടിമകളെന്നും, മാടമ്പികളെന്നും, അധഃകൃതരെന്നും സമൂഹം ഭിന്ന ചേരികളിൽ നിലകൊണ്ട അവസരം. ദാരിദ്ര്യവും അജ്ഞതയും ചേർന്ന് അന്ധകാരമുയർത്തിയ ദിനങ്ങൾ. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട അടിമകൾ മോചനത്തിനായി നിലവിളിച്ചും അധികൃതർ തങ്ങളുടെ ജൻമത്തെപ്പഴിച്ചും വിദ്വേഷത്തിൽ കഴിയുകയും ചെയ്യുന്ന സമയം. ചരിത്രത്തിൻ്റെ പോകൽ ഘട്ടത്തിൽ മർദ്ദിതർക്കും, പീഡിതർക്കും ആശ്വാസമരുളേണ്ട സഭ അവസരത്തിനൊത്തുയരുന്നതിൽ പരാജയപ്പെട്ട വേള ആഢംബരങ്ങളിൽ തല്‌പരായ സഭയിലെ നേതൃനിര "പറമ്പുകളോട് പറമ്പുകൾ ചേർക്കുകയും " കാലാൾ സൈന്യത്തോട് കുതിരസൈന്യത്തെയും ചേർക്കുകയും ചെയത് ഫ്യൂഡൽ പ്രഭുക്കളായി പരിലസിച്ച സന്യാസസമൂഹങ്ങൾ ചുരുക്കത്തിൽ ഇതായിരുന്നു 13-ാം നൂറ്റാണ്ടിലെ അസ്സീസി പശ്ചാത്തലം.
വസ്‌തുതകളെ അപ്പടി സ്വീകരിക്കുന്നവനായിരുന്നില്ല ഫ്രാൻസിസ്. മൂല്യങ്ങളിൻമേൽ വിട്ടുവീഴ്‌ചകൾക്കു തയ്യാറല്ലാത്തവൻ. അവനെ ദൈവം വിളിച്ചു. സാൻദാമിയാനോയിലെ ക്രൂശിത രൂപം അവനോടു പറഞ്ഞത് "എന്റെ സഭയെ പുതുക്കിപ്പണിയുക" എന്നായിരുന്നുവത്രേ! പിന്നീടങ്ങോട്ടുള്ള അവൻെറ ജീവിതം അന്വേഷണത്തിന്റേതായിരുന്നു.
ദേവാലയത്തിലെ അൾത്താരക്കു മുന്നിൽ ചങ്ങലകളിൽ തളയ്ക്കപ്പെട്ടിരുന്ന വചന ഗ്രന്ഥത്തെ അവൻ സ്വന്തമാക്കി അതിലവൻ ദൈവാത്‌മാവിനെ കണ്ടെത്തി. പിന്നീട് തനിക്കു ലഭിച്ച പ്രചോദനമനുസരിച്ച് ജീവിച്ചു. ഒന്നിനേയും വെറുതെയങ്ങു സ്വീകരിക്കുന്നത് അവൻറെ പ്രകൃതമായിരുന്നില്ല. ഫ്രാൻസിസ് എല്ലാം പുതുതായി ആരംഭിച്ചു ലോകത്തെ, മതത്തെ, വിശ്വാസത്തെ. അന്നത്തെ വ്യവസ്ഥാപിത സന്യാസ സഭകളിൽ അയാൾ പ്രവേശിച്ചില്ല. വ്യവസ്‌ഥാപിത വ്യാഖ്യാനങ്ങളെ സ്വീകരിച്ചതുമില്ല. നടന്നു പതിഞ്ഞ പാതകളിലെ സുഖകരമായ സഞ്ചാരത്തേക്കാൾ, സ്വന്തമായി നിർമ്മിക്കുന്ന പുതിയ പാതയിലെ അപകട സഞ്ചാരത്തെ അയാൾ സ്നേഹിച്ചു. പ്രതികരണശേഷി നഷ്‌ടപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ എന്തിനോടും ഏതിനോടും പ്രതികരിക്കാനുള്ള പ്രതികരണശേഷി അയാൾ സ്വായത്തമാക്കി. സ്വന്തം സുവിശേഷ ബോധ്യങ്ങൾക്കുവേണ്ടി ഏതു യാതനയും അയാൾ ഏറ്റുവാങ്ങി. വചനത്തോടുള്ള പ്രതികരണശേഷി സമൂഹത്തോടുള്ള പ്രതികരണശേഷിയെ സൂഷ്‌മമാക്കി.
യുദ്ധവും ദാരിദ്രവും പ്രധാന സാമൂഹ്യ പ്രശ്നങ്ങളായിരിക്കുമ്പോൾ സമാധാനവും, സ്വാതന്ത്ര്യവും, സമത്വവും, സഹോദര്യവും പ്രധാന വിമോചന മാർഗ്ഗങ്ങളായിരിക്കുമല്ലോ. അവൻ ഈ മൂല്യങ്ങൾക്ക് സ്വജീവിതത്തിൽ പ്രാധാന്യം നല്‌കി. കൂലീനരും, അധഃകൃതരുമായി സമൂഹം ചേരിതിരിഞ്ഞിരിക്കുമ്പോൾ അവൻ സ്വയം ഒരധഃകൃതനായി (minor) പ്രാപിച്ച് അധകൃതരുടെ പക്ഷം ചേർന്നു, പ്രഭുക്കളും മാടമ്പിമാരും അടിമകളെ ചൂഷണം ചെയ്യുമ്പോൾ അവൻ കടുത്ത ദരിദ്രനായി ദരിദ്രരോട് സ്വന്തം മജ്ജയോളം പക്ഷം ചേർന്നു. വിദേശ പട്ടു കൊണ്ട് സ്വയം മൂടിപ്പുതക്കുന്നതിൽ അഭിമാനം കൊള്ളുന്ന മനുഷ്യർക്കിടയിൽ അവൻ തോട്ടപ്പണിക്കാരന്റെ കീറിത്തൂങ്ങിയ ചാക്കു, വസ്ത്രം ധരിച്ചു. കുതിരകൾ സമൂഹത്തിലെ ഉന്നതിയുടെ പ്രതീകമായിരിക്കുകയും സന്യസ്തർ പോലും കുതിരപ്പുറത്തു സഞ്ചരിക്കുന്നതിൽ സാന്തോഷം കണ്ടെത്തുകയും ചെയ്തപ്പോൾ "നിങ്ങൾ കുതിരപ്പുറത്ത് സഞ്ചരിക്കരുത്" എന്ന് അവൻ സ്വന്തം അനുയായികളെ വിലക്കി. വസ്‌തു കൈമാറ്റ വ്യവസ്‌ഥയിൽ നിന്നു നാണയ കൈമാറ്റ വ്യവസ്‌ഥയിലേക്കുള്ള കടന്നുപോകലിനിടയിൽ അഴിമതിയും അനീതിയും നടമാടിയ സമൂഹത്തിൽ "നിങ്ങൾ പണം കൈകൊണ്ട് തൊടരുത്' എന്ന് സ്വന്തം അനുയായികളെ നിഷ്കർഷിച്ചു. ബലിപീഠവും സക്രാരിയും സാധാരണക്കാരിൽ നിന്ന് അകന്നുപോയപ്പോൾ ദരിദ്രയായ വിധവക്ക് അൾത്താരവിരിയും വിശുദ്ധഗ്രന്ഥവും അവളുടെ വിശപ്പടക്കാൻ വില്പനക്കായി എടുത്തു നല്കി. സഭയുടെ യാമപ്രാർത്ഥന മുടങ്ങുന്നത് മാരക പാപമായിരിക്കുമ്പോൾ യാമപ്രാർത്ഥനാ ഗ്രന്ഥം വാങ്ങാൻ പണമില്ലെങ്കിൽ കർതൃ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലാൻ അനുയായികളെ നിർദ്ദേശിച്ചു. മാർപ്പാപ്പയുടെ ശ്ലൈഹഹികാശിർവാദത്തോടെ കുരിശു യുദ്ധ സൈന്യം ഇസ്ളാമുകളെ കൊന്നൊടുക്കുമ്പോൾ അവൻ സാൽത്താൻ്റെ അരമനയിൽ അയാളുടെ ആതിഥ്യം സ്വീകരിച്ച് കഴിഞ്ഞു കൂടി, ഇസ്ലാമിൻ്റെ വിശുദ്ധവസ്തുക്കൾ സൈന്യം നശിപ്പിക്കുമ്പോൾ അയാൾ സുൽത്താനിൽ നിന്ന് ബാങ്കു വിളിക്കുന്ന കൊമ്പ് സ്വന്തം പ്രാർത്ഥനാ സഹായിയായി സ്വീകരിച്ചു.
ആയുധ ധാരണവും ഉപയോഗവും ഒരു സാമൂഹ്യ പ്രതീകമായിരുന്നപ്പോൾ അയാൾ അത് ബഹിഷ്ക്കരിക്കുക മാത്രമല്ല "നിങ്ങൾ ആയുധം ധരിക്കരുത് * എന്ന് ശിഷ്യൻമാരെ വിലക്കുകയും ചെയ്‌തു. അൽമായർ സഭയിലെ മൂന്നാംകിട പൗരൻമാരായിരിക്കുമ്പോൾ അയാൾ അവർക്കു വേണ്ടി ഒരു "സഭ" സ്‌ഥാപിച്ചു. തൊഴിൽ ചെയ്യുന്നത് അടി മകളുടെ ശാപമായിരിക്കേ അയാൾ സ്വയം അധ്വാനിക്കുകയും "എല്ലാവരും കഠിനാധ്വാനം ചെയ്യണം' എന്നു നിർദ്ദേശിക്കുകയും ചെയ്‌തു. തങ്ങളുടെ പേരിനു മുന്നിലും പിന്നിലും അധികാരത്തിന്റേയും സ്‌ഥാനമാനങ്ങളുടേയും നാമവിശേഷണങ്ങളുടെ നീളംകൂട്ടി ബഹുമാനം പിടിച്ചുപറിച്ചു വാങ്ങുന്നവരുൾക്കൊള്ളുന്ന സമൂഹത്തിൽ "ഒരു സന്യാസിയേയും 'പ്രിയോർ' എന്നു വിളിക്കരുത് എല്ലാവരും അധഃകൃത സഹോദരൻമാരാണ്" എന്നയാൾ താക്കീതു ചെയ്തു.
ഇങ്ങനെ സഭയും, സമൂഹവും, സന്യാസമൂഹങ്ങളും നൂറ്റാണ്ടുകളിലൂടെ ഊട്ടിയുറപ്പിച്ച അതിർത്തികൾ സുവിശേഷത്തിൻറെ പേരിൽ അവൻ ലംഘിച്ചു. ആദ്യന്തികമായി വിദ്വേഷവും, സ്പർദ്ധയും കൈമുതലായുണ്ടായിരുന്ന ഒരു പ്രത്യേ ക കാലഘട്ടത്തിൽ സ്നേഹിക്കുന്നതിലൂടെ, സന്യസ്തരായ സഹോദരങ്ങളെ മാത്രമല്ല കുഷ്ഠരോഗികളേയും, കൊള്ളക്കാ രേയും, പോഗ്ഗിയോ ബൂസ്റ്റോണിലെ നികൃഷ്ട മനുഷ്യരേയും, അന്യമതസ്‌തരേയും, പക്ഷികളേയും, മൃഗങ്ങളേയും, സസ്യമത്സ്യാദികളേയും, ജലസഹോദരിയേയും, ഭൂമിമാതാവിനേയും, സൂര്യസഹോദരനേയും എന്തിന് രോഗത്തേയും മരണത്തേയും തന്നെ സ്നേഹിച്ച്, സ്നേഹിക്കുന്നതിലൂടെ അവൻ അമരത്വം കണ്ടെത്തി.
അവിടെ യുദ്ധങ്ങളുടെ നിലാത്തിരി കുത്തി. ആ ജ്വാലയിൽ നിന്ന് സമാധാന പ്രാവുകൾ ഉയിർത്തെഴുന്നേറ്റു. ഫ്യൂഡലിസത്തിന്റെ കോട്ടകൊത്തളങ്ങൾ ഒന്നൊന്നായി നിലം പൊത്തി. സാമൂഹ്യസ്‌പർദ്ധകൾ തിരോഭവിച്ചു. അടിമകൾ സ്വാതന്ത്യപുലരി ദർശിച്ചു. ആയിരങ്ങളുടെ ഭാതൃത്വത്തിൽ പതിനായിരങ്ങൾ ആകൃഷ്ടരായി. അവരൊക്കെ അന്നുവരെയും കേൾക്കാത്ത ശബ്ദങ്ങൾ കേട്ടു. കാണാത്ത കാഴ്ചകൾ കണ്ടു. ദരിദ്രരരുടെ ചൂഷിതരുടെ, അടിച്ചമർത്തപ്പെട്ടവരുടെ, അധഃകൃതരുടെ രോദനങ്ങൾ അവരുടെ സുഖ നിദ്രയ്ക്ക് ഭംഗം വരുത്തി. അവിടെ ഒരു സാമൂഹ്യക്രമം തകരുകയായിരുന്നു. മറ്റൊന്ന് ഉടലെടുക്കുകയും.
ആ പ്രവാചക ശബ്ദത്തിനു മുമ്പിൽ ഞങ്ങൾ നമ്ര ശിരസ്ക്‌കരാവുന്നു.
എഡിറ്റോറിയൽ
മാത്യു പൈകട
അസ്സീസി മാസിക, ഒക്ടോബർ 1991





















