
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്‌ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ വിശ്വാസത്തിന് കസൻദ് സാക്കീസ് ഒരു സാക്ഷ്യമായിത്തീരുന്നു.

കസൻദ് സാക്കീസിൻ്റെ "ദൈവത്തിൻ്റെ നിസ്വൻ" (God's Pauper) വായിച്ചതിനു ശേഷം ഫ്രാൻസീസ് അസ്സീസിയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ വിശുദ്ധപർവ്വതത്തിൽ നിന്നുള്ള ഒരു കാറ്റ് എൻ്റെ ഹൃദയത്തിലടിക്കും പോലെ എനിക്കു തോന്നും. ഐഹികമായ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് സഹനത്തിൻ്റെയും ധ്യാനത്തിന്റെയും വഴിയിൽ സർവ്വചരാചരങ്ങളെയും സ്നേഹിച്ച്, സ്വയം ശൂന്യവത്കരിച്ച് സഹനവും എളിമയും നിറഞ്ഞ ജീവിതംകൊണ്ട് ക്രിസ്‌തുവിനെ സാക്ഷാത്കരിച്ച ഫ്രാൻസീസ് അസ്സീസി, കസൻദ് സാക്കീസിന് ക്രിസ്തുവിലേയ്ക്കുള്ള യാത്രയിൽ ഒരു സഹയാത്രികനായിരുന്നെന്ന തോന്നലാണെനിക്കുള്ളത്.
ക്രീറ്റിൻ്റെ ഹൃദയം കൈയിൽ പിടിച്ചുകൊണ്ട് ജന്മത്തിന്റെ മഹാരഥ്യ നീളെ ഏതോ വ്യഥയുടെ നിതാന്തധ്വനികളുമായി സഞ്ചരിച്ചിരുന്ന കസൻദ് സാക്കീസിൻ്റെ ജീവിതം ശരീരത്തിന്റെയും ആത്മാവിന്റെയും ഉൾപ്പോരുകൾ കൊണ്ട് പ്രക്ഷുബ്ധമായിരുന്നു, എന്നും. പീട്രോ ബർണാഡോണിനെപ്പോലെ ധനികനായ ഒരാളുടെ പുത്രനായി ജനിച്ച് സൗഭാഗ്യങ്ങൾക്കിടയിൽ ജീവിച്ച് ഭാവിയിൽ ലോകം കുമ്പിടുന്ന സേനാനായകനോ, സംഗീതജ്ഞനോ, ഭരണാധികാരിയോ ആവേണ്ടിയിരുന്ന ഫ്രാൻസീസിന്റെ ജീവിതത്തിലും ഉണ്ടായിരുന്നില്ലേ സന്ദേഹങ്ങളുടെയും ഉൾപ്പോരുകളുടെയും ഒരു കാലം....
കഥാകൃത്തും കഥാപാത്രവും ഏതോ ബിന്ദുവിൽ വച്ച് ഒന്നായിത്തിരുന്നതുപോലെ തോന്നും.
മനുഷ്യഹ്യദയത്തിലേയ്ക്കു കടന്നു ചെല്ലാൻ ഭൗതികത, ആത്മീയത എന്നിങ്ങനെ രണ്ടു വഴികളുണ്ടെന്ന് കസൻദ് സാക്കീസ് അറിഞ്ഞിരുന്നു. ഏറെ പ്രിയപ്പെട്ട ആശയമെന്ന നിലയ്ക്ക് മനുഷ്യൻ അനുഭവിക്കുന്ന നിഗൂഢവും അവ്യാഖേയവുമായ വ്യസനങ്ങളുടെ മുഴക്കം കസൻദ് സാക്കിസിൻ്റെ ആധിയായിരുന്നു.
ഒരു മനുഷ്യാത്മാവിനു നേരിടാവുന്ന ശാരീരികവും, ആത്മീയവും, നൈതികവുമായ സന്ദേഹങ്ങളെയും പരീക്ഷണങ്ങളെയും നേരിട്ട് സഹനത്തിൻ്റെ കൊടുമുടികളിലെത്തിയ ഫ്രാൻസീസിൻ്റെ ജീവിതം കസൻദ് സാക്കീസിന് സ്വന്തം ജീവിതം പോലെ തോന്നിയിട്ടുണ്ടാവണം.

യോഗാനുഭൂതിയുടെ കൊടുമുടികളിലേയ്ക്കുള്ള മനുഷ്യാത്മാവിന്റെ തീർത്ഥയാത്രയായിട്ടാണ്, ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തെ കസൻദ് സാക്കീസ് കണ്ടത്.
അസ്സീസിയിലെ പ്രഭുകുമാരനായിരുന്ന ഫ്രാൻസിസ് അനുഭവങ്ങളുടെ കൊടുമുടികളും താഴ്വരകളും പുൽമേടുകളും കടന്ന്, സുഖഭോഗങ്ങളും സ്നേഹബന്ധങ്ങളും ഉപേക്ഷിച്ച് വിശുദ്ധിയുടെ പടവുകൾ കയറിപ്പോകുന്നത് കസൻദ് സാക്കീസ് തൻ്റെ ഹൃദയംകൊണ്ട് പിൻതുടർന്നിട്ടുണ്ടാവണം.
കരയുന്ന പുണ്യവാളനെ സ്വപ്‌നത്തിൽ കണ്ട് തൻ്റെ നിയോഗം തിരിച്ചറിഞ്ഞ് ജീവിതത്തിൽ നിന്നിറങ്ങിപ്പോകുമ്പോൾ ക്രിസ്‌തുവിൻ്റെ കാല്‌പാടുകൾ പതിഞ്ഞ വഴി ഫ്രാൻസീസിന്റെ ഉൾക്കണ്ണിൽ തെളിയുന്നു.
ആ വഴിയിൽ ഫ്രാൻസീസിൻ്റെ ഒപ്പം കസൻദ് സാക്കീസും നടന്നു.
കസൻദ് സാക്കീസിന്റെ നോവലുകൾ വായിക്കുമ്പോൾ ആദ്ധ്യാത്മിക ലാവണ്യം നിറഞ്ഞ ഒരു താഴ്വര വെളിവാകുന്നു. അവിടെ കസൻദ് സാക്കീസിനോടൊപ്പം നമ്മളും നട ക്കുന്നു.
ഒരു ഹിംസ്രജന്തുവിനെപ്പോലെ തൻ്റെ ഉള്ളിൽ നിന്നലറുന്ന ഐഹിക മോഹങ്ങളോടു യുദ്ധം ചെയ്‌ത് ഫ്രാൻസിസ് തൻ്റെ പീഡിത ഹൃദയത്തിൽ ദൈവിക മഹത്വത്തെ വീണ്ടെടുക്കുന്നു. വഴികളും ദൂരങ്ങളും പിന്നിട്ട് ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിഞ്ഞ് ആക്ഷേപങ്ങളും ആത്മക്ഷതങ്ങളും സഹിച്ച്, തന്നെ ആക്ഷേപിച്ചവർക്കും കല്ലെറിഞ്ഞവർക്കും വേണ്ടി പ്രാർത്ഥിച്ച് ആദിയിൽ നിന്ന് അനന്തതയിലേയ്ക്കു നീളുന്ന ആ യാത്രയുടെ ശ്ലൈഹികലാവണ്യം ഉത്ക്കടമായ ഒരു ക്രിസ്ത്വാനുഭവം പോലെ കസൻദ് സാക്കീസും പങ്കിടിട്ടുണ്ടാവണം. കഥാകൃത്തനുഭവിക്കാതെ ഒരു ദുഃഖം അയാൾ കഥാപാത്രത്തിനു പങ്കുവയ്ക്കുന്നതെങ്ങനെ?
പ്രാ ർത്ഥനയും ധ്യാനവും കൊണ്ട് ക്രിസ്തുവിന്റെ തിരുമുറിവുകളെ ഫ്രാൻസിസ് സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി. ധ്യാനിച്ചു ധ്യാനിച്ച് ധ്യാനത്തിന്റെ പരകോടിയിൽ അദ്ദേഹം ക്രിസ്തുവിനെ തൻ്റെ ഉൾക്കണ്ണിൽ കണ്ടു, സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും വഴിയിൽ സ്വന്തം കുരിശു ചുമന്ന് തൻ്റെ ജീവിതത്തെ അദ്ദേഹം ക്രിസ്തുവിനുള്ള ബലിയാക്കിതീർത്തു. ആ വിശുദ്ധ ജീവിതത്തിൻ്റെ ദിവ്യലാവണ്യം നോവലിൽ പുനഃസൃഷ്‌ടിക്കുമ്പോൾ കസൻദ് സാക്കീസ് നിറവേറ്റിയത് മറ്റൊരു ബലി തന്നെയാണ്. സൃഷ്‌ടിയുടെ ഉന്മാദം നിറഞ്ഞ നിമിഷങ്ങളിൽ എഴുത്തുകാരൻ സ്വയം ബലി കൊടുക്കുകയാണ്.
(ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിത ഓർമ്മിക്കുക: "ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണടുത്തു കൊള്ളുക" അങ്ങനെ പറയാൻ കഴിയണം കവിക്ക്).
ദൈവികസ്നേഹത്താൽ മുറിവേറ്റ ഒരു ഹ്യദയത്തിന്റെ നിലവിളി പോലെയാണ് കസൻദ് സാക്കിസിന്റെ ആ നോവൽ. പാടലവർണ്ണമുള്ള വിശുദ്ധമായ നിശ്ശബ്ദതയ്ക്കുമേൽ അതു പിന്നെയും പിന്നെയും പ്രതിധ്വനിയുണ്ടാക്കുന്നു.
അപ്പോൾ ഞാനെൻ്റെ സങ്കടം ആരുമായി പങ്കുവയ്ക്കുമെന്ന് കസൻദ് സാക്കീസ് ചോദിച്ച ചോദ്യം നാം ഓർത്തു പോകും. സ്റ്റാലിനിസത്തിൽ വ്യാമുഗ്ദ്ധനായിരുന്നപ്പോൾ പോലും കസൻദ് സാക്കീസിൻ്റെ ആത്മാവിനെ ഉലച്ചിരുന്നത് ക്രിസ്‌തുവായിരുന്നു. 'The Greek Passion' വായിക്കുമ്പോഴും അതുതന്നെ വെളിവാകുന്നു. ക്രിസ്തുവിനെ യോദ്ധാവായി കാണുമ്പോഴും മനുഷ്യനോടുള്ള സ്നേഹവും അനുതാപവും തന്നെയാണ് കസൻദ് സാക്കീസ് തൻ്റെ നി ലപാടിന് ആധാരശിലയായി സ്വീകരിക്കുന്നത്.
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്‌ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ വിശ്വാസത്തിന് കസൻദ് സാക്കീസ് ഒരു സാക്ഷ്യമായിത്തീരുന്നു.
ഫ്രാൻസിസ് അസ്സീസിയും കസൻദ് സാക്കീസും
പെരുമ്പടവം ശ്രീധരൻ
അസ്സീസി മാസിക ഒക്ടോബർ 2002























