top of page

ശ്രീകോവിൽ

Aug 27, 2025

1 min read

George Valiapadath Capuchin
A warm bulb

എന്താണ് ആത്മീയത എന്ന് ചോദിച്ചാൽ, വിശ്വാസത്തെ മാംസമാക്കലാണത് (faith incarnating) എന്നേ ഞാൻ ഉത്തരം പറയൂ.

എവിടെയാണ് ആത്മീയതയുടെ ആരംഭബിന്ദു? സംശയമില്ല, ഓരോ ആളിന്റെയും ഉള്ളിൽത്തന്നെ വേണം അതാരംഭിക്കേണ്ടത്. സ്വന്തം ഉള്ളിനെ ഒരു ശ്രീകോവിലായി തിരിച്ചറിയുകയും അവിടം അങ്ങനെ നിലനിർത്തുകയുമാണ് ആത്മീയതയുടെ ആരംഭം. ഉറവ പൊട്ടേണ്ടയിടം അവിടമാണ്. അവിടം കൊണ്ടത് അവസാനിച്ചെന്നാൽ, അപ്പോഴും അതാത്മീയതയാവില്ല. അത് ആത്മീയതയുടെ ചാപിള്ളയേ ആവൂ. പവിത്രതാവബോധവും തജ്ജന്യമായ ആദരവും സേവയും അവിടെനിന്ന് മറ്റുള്ളവരിലേക്കും ലോകത്തിലേക്കും ഒഴുകിപ്പരക്കണം. അപ്പോഴേ വിശ്വാസത്തിന് ശരീരം ഉണ്ടാവൂ.


പാരിസ്ഥിതിക ആത്മീയത, സ്ത്രൈണ ആത്മീയത എന്നെല്ലാം ആത്മീയതയുടെ പുതുധാരകൾ പലതുണ്ട്. അവക്ക് പോലും ജീവൻ ഉണ്ടായിരിക്കുകയും ജീവനേകുകയും ചെയ്യണമെന്നുണ്ടെങ്കിൽ ഉള്ളിൽ അതിൻ്റെ ഉറവ കണ്ടെത്തണം. "തിരുഹൃദയം" എന്നത് വെറുമൊരു ഭക്തിക്ക് അപ്പുറം പോകുന്നത് അതുകൊണ്ടാണ്.


മതത്തെക്കുറിച്ച് ഇക്കാലത്ത് ഒത്തിരി പേർ വ്യഗ്രതപ്പെടുന്നുണ്ട്. മതത്തെക്കുറിച്ച് വ്യഗ്രതപ്പെടുന്നവർ നാടിനെ, സമൂഹത്തെ, ലോകത്തെ, ശുദ്ധീകരിക്കാൻ അധ്വാനിക്കുന്നവരാണ്. അവരുടെ അധ്വാനങ്ങൾ വൃഥാവ്യായാമങ്ങളായി ഒടുങ്ങുന്നു എന്നുമാത്രം!

കാരണം, മതവാദി മിക്കവാറും സ്വന്തം ഉള്ളിൽ നിന്നാരംഭിക്കുന്നില്ല.

അയാൾ പുറം വെടിപ്പാക്കാൻ നടക്കുകയാണ്!


നോക്കൂ, മതവാദികളുടെ പോഴത്തരത്തെ യേശു എങ്ങനെ തള്ളിപ്പറയുന്നുവെന്ന്!

"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം. നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം വെടിപ്പാക്കുന്നു. എന്നാൽ, അവയുടെ ഉള്ള് കവർച്ചയും ആർത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, കോപ്പയുടെയും പാത്രത്തിൻ്റെയും പുറം കൂടി ശുദ്ധമാകാൻ ആദ്യമേ അകം വൃത്തിയാക്കുക."


Recent Posts

bottom of page