top of page

കോമളം

Sep 13, 2025

2 min read

George Valiapadath Capuchin

രണ്ടായിരത്തിമൂന്നിലോ മറ്റോ ആണെന്ന് തോന്നുന്നു അത്. ഏതാനും മാസം ഞാൻ എത്യോപ്യയിൽ ഉണ്ടായിരുന്നു. അക്കാലത്ത് അഡിസ് അബാബാ അതിരൂപതക്ക് വൊളീസ്സോയിൽ ഒരു ആസ്പത്രി ഉണ്ടായിരുന്നത് സന്ദർശിക്കാനിടയായി. അവിടെ വെച്ചാണ് മെഡിക്കൽ മിഷൻ സന്ന്യാസിനിയായ സിസ്റ്റർ ഡോക്ടർ പിയയെ പരിചയപ്പെടുന്നത്. എൻ്റെ അമ്മയുടെ അതേ പ്രായം. അന്നാട്ടുകാർക്കെല്ലാം കൺകണ്ട ദൈവം. അവിടത്തെ സർജ്ജനും ഗൈനക്കോളജിസ്റ്റും എല്ലാം ഡോക്ടർ പിയാ തന്നെയായിരുന്നു എന്നു തോന്നുന്നു. ഒത്തിരി കൈപ്പുണ്യം ഉള്ള ഡോക്ടർ. രാത്രിയെന്നോ പകലെന്നോ ഭേദമെന്യേ ഏത് സാഹചര്യത്തിലും രോഗികളെ രക്ഷിക്കാനായി ചാടി ഇറങ്ങുന്നവൾ. അവിടങ്ങളിലെ ചെറുപ്പക്കാരായ മിക്കവാറും അമ്മമാരും അപ്പന്മാരും ഒക്കെ ഡോ. പിയയുടെ കൈകളിലൂടെ വാർന്ന് ഇറങ്ങിയവരായിരുന്നു.


ഇംഗ്ലണ്ടിൽ നിന്ന് വൈദ്യവിജ്ഞാനവും സർജറിയിൽ ബിരുദാനന്തര ബിരുദവും എടുത്ത ഡോ. പിയക്ക് തന്റെ നാഥനോടുള്ള സമർപ്പണവും രോഗികളോടുള്ള സ്നേഹവും മനുഷ്യ ശരീരത്തെ കുറിച്ചുള്ള ജ്ഞാനവും ശസ്ത്രക്രിയാ മേശയിലെ കൈവേഗവും ആയിരുന്നു മൂലധനം. എത്രയോ വേഗതയിൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്നാലും എല്ലാ രോഗികളും ഡോക്ടർ പിയായുടെ ദൈവാനുഗ്രഹം ഉള്ള കരങ്ങളിൽ സുരക്ഷിതരായിരുന്നു. പന്ത്രണ്ട് മേജർ സർജറികൾ വരെ ഒരു ദിവസം പൂർത്തിയാക്കിയാലും ഒരു കോപ്പ കാപ്പി കുടിച്ച് ഒരു മണിക്കൂർ ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ പ്രാർത്ഥനയിലും ധ്യാനത്തിലും ഇരുന്നുകഴിയുമ്പോൾ ഡോക്ടർ പിയ വീണ്ടും ഊർജ്ജസ്വലയായിരുന്നു. വീണ്ടും അടുത്ത ദിവസത്തെ വൈദ്യ സപര്യക്ക് അവർ സജ്ജയായി കഴിഞ്ഞിരിക്കും.


30 വർഷത്തിലേറെ എത്തിയോപിയിൽ രണ്ട് ആസ്പത്രികളിലായി അവർ തന്റെ നിദാന്ത സേവനം കാഴ്ചവച്ചു. രണ്ടിടത്തുമായി എനിക്ക് തോന്നുന്നു, 75000 ത്തോളം സർജറികളോ മറ്റോ ആ അമ്മ വിജയകരമായി ചെയ്തിട്ടുണ്ട്.


ഇങ്ങനെയൊക്കെയാണെങ്കിലും അനുദിന പ്രാർത്ഥനയ്ക്കും, അതുപോലെ വാരാന്ത്യത്തിൽ തന്റെ സഹോദരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കി സന്തോഷത്തോടെ വിളമ്പുന്നതിനും ആ അമ്മക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.


എത്യോപ്യ സന്ദർശിച്ച വേളയിൽ അഡിസ് അബാബയിൽ നിന്ന് ഒത്തിരി ദൂരത്തല്ലാത്ത വൊളീസ്സോയിലേക്ക് സഹോദരങ്ങൾ എന്നെ കൊണ്ടുപോയി. അന്നാണ് ആദ്യമായി ഡോ. പിയയെ പരിചയപ്പെടുന്നത്. മെഡിക്കൽ മിഷൻ സഹോദരിമാരുമായുള്ള പരിചയവും സൗഹൃദവും, ഭരണങ്ങാനം മേരിഗിരി ആസ്പത്രിയുമായുള്ള ബന്ധവും അറിഞ്ഞപ്പോൾ ഡോ. പിയ ഏറെ സ്നേഹവാൽസല്യങ്ങളോടെ എനിക്കായി ഒരു വിരുന്ന് തയ്യാറാക്കാൻ സന്നദ്ധത അറിയിച്ചു. അതനുസരിച്ചാണ് ഞങ്ങൾ നാലുപേർ വീണ്ടും അവിടെ പോയത്. പിയ അമ്മയുടെ ആഥിത്യം സ്വീകരിച്ച് ഞങ്ങൾ രുചികരമായ കേരള ഭക്ഷണം കഴിച്ചത് മറക്കാനാവില്ല.


പിന്നീട് ശാരീരികമായി ആരോഗ്യം ക്ഷയിച്ചു തുടങ്ങിയപ്പോൾ അധികാരികളുടെ നിർദ്ദേശപ്രകാരം മനസ്സില്ലാമനസ്സോടെ ഡോ. പിയ കേരളത്തിലേക്ക് തിരിച്ചു പോന്നു. എത്യോപ്യയിൽ താൻ സ്നേഹിച്ച് ശുശ്രൂഷിച്ച ജനങ്ങളോടൊപ്പം ജീവിച്ചുമരിക്കാനും, അവിടെ അവരോടൊപ്പം ഉറങ്ങാനും ആയിരുന്നു ഡോ. പിയ താൽപര്യപ്പെട്ടതെങ്കിലും. കേരളത്തിൽ തിരിച്ചെത്തിയിട്ടും ആതുര സേവന രംഗത്തുനിന്ന് പിന്മാറാൻ ഡോ. പിയ തയ്യാറായില്ല. ഭരണങ്ങാനത്തെ മേരിഗിരി ആസ്പത്രിയിൽ ഏതാണ്ട് പത്തു വർഷക്കാലം കൂടി തന്റെ സേവനം അവർ കാഴ്ചവച്ചു. തനിക്ക് പാൻക്രിയാറ്റിക് കാൻസർ ആണെന്നും അത് ശരീരത്തിൽ പടർന്നിരിക്കുന്നു എന്നും വളരെ വൈകിയാണ് ഡോ. പിയ തിരിച്ചറിഞ്ഞത്. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കൂടാതെ ഇത്രകാലം തന്നെ സംരക്ഷിച്ചു നടത്തിയ ദൈവത്തിന് നന്ദി പറഞ്ഞ്, ദൈവസന്നിധിയിലേക്ക് തിരിച്ചു പോകാൻ ഒരു മാർഗ്ഗം തരുകയാണ് ദൈവം ചെയ്തതെന്ന് ഏറ്റുപറഞ്ഞ് തന്റെ രോഗാവസ്ഥയെ പിയാമ്മ മനസ്സാ സ്വീകരിച്ചു.


കേരളത്തിൽ മടങ്ങിയെത്തിയതിനുശേഷം പലപ്പോഴും ഡോക്ടർ പിയയെ കണ്ടിട്ടുണ്ട്. എപ്പോഴും സുസ്മേര വദനയായിരുന്നു ആ അമ്മ. ഏറ്റവും ഒടുവിൽ ജൂലൈ മാസം അവസാനത്തിൽ, മേരിഗിരി ആസ്പത്രിയിൽ രോഗക്കിടക്കയിലായിരിക്കേ സന്ദർക്കുമ്പോഴും തന്റെ ജീവിതത്തിൽ വലിയ കൃപകൾ ചൊരിഞ്ഞ ദൈവത്തിന് നന്ദി പറയാനാണ് അവർക്ക് വാക്കുകൾ തികയാതെ വന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് എത്യോപ്യയിൽ നിന്ന് ഡോ. പിയയോടൊപ്പം ജോലി ചെയ്തിരുന്ന നഴ്സുമാരും ഡോക്ടർമാരും, അവിടത്തെ വലിയ മെത്രാപ്പോലീത്തയും- എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് കോൾ നടത്തി ഡോക്ടർ പിയയോട് സംസാരിച്ചതിനെ കുറിച്ചും, ഇനിയും എത്യോപ്യയിലേക്ക് മടങ്ങിച്ചെല്ലാൻ തന്നെ ക്ഷണിച്ചതിനെക്കുറിച്ചും വലിയ ആനന്ദത്തോടെയാണ് ആ അമ്മ അന്ന് പങ്കുവെച്ചത്.


തൻ്റെ നാടും നാട്ടാരെയും വിട്ടുപേക്ഷിച്ച്, ആഫ്രിക്കയുടെ വടക്കൻ പ്രദേശമായ എത്യോപ്യയിൽ 30 വർഷക്കാലം ജീവിതവും തൻ്റെ സമ്പത്തും അറിവും പങ്കിട്ടുകൊടുത്തു കൊടുത്ത് കടന്നുപോയ സുന്ദരമായ ഒരു ജന്മം. ഇതിനപ്പുറം ഈ ഭൂമിയിൽ സൗന്ദര്യമുണ്ടോ?

Recent Posts

bottom of page