ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 3
ആത്മീയം, ഭൗതികം എന്ന തരംതിരിവുകള്‍ അശാസ്ത്രീയമാണ്. ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ അത് ഭൗതികമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ ഞാന്‍ കുടിക്കുമ്പോള്‍ ആ വെള്ളം എനിക്കെത്തിച്ചുതന്ന എല്ലാ ഘടകങ്ങളെയും -ജലാശയം, അതിലെ ജലത്തെ നീരാവിയാക്കിയ സൂര്യന്‍, അതിനെ തണുപ്പിച്ച് മേഘമാക്കിയ ആകാശം, മേഘത്തെ ഊതിപ്പറപ്പിച്ചു കൊണ്ടുവന്ന കാറ്റ്, അതിനെ തണുപ്പിച്ച് മഴയാക്കിയ വനങ്ങള്‍, ഒഴുകിപ്പോയി നഷ്ടപ്പെടാതെ ജലത്തെ സംഭരിച്ചുവയ്ക്കുകയും അല്പാല്പമായി വിട്ടുതരികയും ചെയ്ത മണ്ണ്, ഇങ്ങനത്തെ നിരവധി ഘടകങ്ങളുടെ ഒത്തുചേര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വെള്ളം എനിക്കു കിട്ടിയിരിക്കുന്നത്- സ്മരിക്കുമ്പോള്‍ അത് ഒരാത്മീയ പ്രവൃത്തിയുടെ ഒന്നാം ഘട്ടമായി. ജലമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അതാണ് എല്ലാ ജൈവപ്രക്രിയകളുടെയും ആധാരം. ജലമില്ലെങ്കില്‍ ജീവനില്ല എന്നെല്ലാം സ്മരിച്ചുകൊണ്ടാണ് ജലപാനം എങ്കില്‍ അത് രണ്ടാമത്തെ പടിയായി. പ്രപഞ്ചത്തിലുള്ളതെല്ലാം ഈശ്വരീയമാണെന്നും അതുകൊണ്ട് ഞാന്‍ കുടിക്കുന്നത് ഈശ്വരനെത്തന്നെയാണെന്നും സ്മരിച്ചുകൊണ്ട് ജലപാനം ചെയ്യുമ്പോള്‍ അത് ആത്മീയതയുടെ മൂന്നാം ഘട്ടമായി.
എല്ലാ പ്രവൃത്തികളെയും നമുക്ക് ആത്മീയ സാധനകളായി മാറ്റാം. നാം അപ്രകാരം ചെയ്തെങ്കില്‍ മാത്രമേ പ്രപഞ്ചത്തിന്‍റെയും ഭൂമിയുടെയും ഭൂമിയിലെ സര്‍വ്വചരാചരങ്ങളുടെയും നിലനില്പ് സാധ്യമാക്കാനാകൂ എന്ന് ശാസ്ത്രലോകം ഇന്നു കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു.
പ്രകൃതി എന്നത് ഒട്ടനവധി ഘടകങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. ജീ വനുള്ളവയും ജീവനില്ലാത്തവയും ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം നിര്‍മ്മിതമായിരിക്കുന്നത് ഏതാണ്ട് നൂറോളം വരുന്ന മൂലകങ്ങള്‍ കൊണ്ടാണ് എന്നത് അത്ഭുതകരമായിരിക്കുന്നു. ഹൈഡ്രജന്‍ മുതല്‍ യുറേനിയം വരെയുള്ള മൂലകങ്ങളാണിവ. ഈ മൂലകങ്ങളത്രയും ഭൂമിയില്‍ ഉണ്ട്. നമ്മുടെ ശരീരത്തിലും ഉണ്ട്. അങ്ങനെ നാം ഈ പ്രപഞ്ചത്തിന്‍റെ ഭാഗമാണ്. അഥവാ നാമോരോരുത്തരും ഓരോ കൊച്ചുപ്രപഞ്ചങ്ങളാണ്. നാം മാത്രമല്ല നാം കാണുകയും നമുക്കു കാണപ്പെടാത്തതുമായ എല്ലാം പ്രപഞ്ചത്തിന്‍റെ കൊച്ചുരൂപങ്ങള്‍ തന്നെയാണ്. രൂപങ്ങളില്‍ മാത്രമാണ് വ്യത്യാസം. അടിസ്ഥാനപരമായി കാണുന്നത് ഏകത്വം തന്നെയാണ്.
മൂലകങ്ങള്‍ ഉണ്ടായിരിക്കുന്നത് ഊര്‍ജം കൊണ്ടാണ്. ഊര്‍ജം ക്രമീകൃതമായിരിക്കുന്നതിനെയാണ് നാം പദാര്‍ത്ഥം എന്നു പറയുന്നത്. അങ്ങനെ പ്രപഞ്ചം മുഴുവന്‍ ഊര്‍ജമാണ്. ഊര്‍ജം അനങ്ങാതിരിക്കയില്ല. അത് സ്പന്ദിക്കുകയാണ്. ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാററിനും അടിസ്ഥാനമായ ഈ ഊര്‍ജ്ജത്തെയാണ് നമ്മുടെ പൂര്‍വ്വികര്‍ ബ്രഹ്മം എന്നു വിളിച്ചത്. നമുക്ക് ഇതിനെ ഈശ്വരന്‍, ദൈവം എന്നൊക്കെ വിളിക്കാം. സൃഷ്ടി എന്നത് ദൈവം സ്വയം വെളിപ്പെടുത്തുന്നതാണ്. ഈശ്വരന്‍ തന്നെയാണ് എല്ലാം ആയിത്തീര്‍ന്നിരിക്കുന്നത്. നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നതെല്ലാം ഈശ്വരന്‍ തന്നെയാണ്. ഈ ബോധം ഉണരുമ്പോള്‍ നമ്മുടെ വേദനകളും സങ്കടങ്ങളും നിരാശകളും ഓടിയൊളിക്കും.
ഭൂമിയില്‍ ഏതാണ്ട് 60 ലക്ഷം തരം ജന്തുസ്പീഷീസുകളും 40 ലക്ഷം സസ്യസ്പീഷീസുകളും ഉണ്ടെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. വൈവിധ്യമാണ് ഇവയിലെല്ലാം കാണുന്നത്. ഒരു ജന്തു മറ്റൊരു ജന്തുവില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു. കടല്‍ത്തീരത്തെ ഓരോ മണല്‍ത്തരിയും പോലെ മറ്റൊരു മണല്‍ത്തരിയുണ്ടാകയില്ല. ഒരു ശിഖരത്തിലെ രണ്ടു ശിഖരങ്ങള്‍ ഒരുപോലെയല്ല, രണ്ടു ഗ്രഹങ്ങളും രണ്ട് നക്ഷത്രങ്ങളും രണ്ട് ഗാലക്സികളും ഒരുപോലെയല്ല. ഈശ്വരന്‍ സൃഷ്ടിച്ചപ്പോള്‍ വൈവിധ്യമാണ് സൃഷ്ടിച്ചത്. ഈശ്വരന്‍ ആണ് ആ വൈവിധ്യം. വൈവിധ്യം ആണ് നിലനില്പിനാധാരം.
രൂപങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതിന് കാരണം ധര്‍മ്മത്തിലെ വ്യത്യസ്തതയാണ്. ആനയുടെ ധര്‍മ്മമല്ല ഒരു പാമ്പിന്‍റേത്. അതുകൊണ്ട് ആന ആനയായും പാമ്പ് പാമ്പായും കാണപ്പെടുന്നു. വിവിധ ഘടകങ്ങള്‍ പ്രകൃതിയില്‍ അവയുടെ ധര്‍മ്മം നിറവേറ്റുമ്പോഴാണ് പ്രകൃതി നിലനില്ക്കുന്നതും പരിണമിക്കുന്നതും. ധര്‍മ്മം തകര്‍ന്നാല്‍ നിലനില്പും തകരാറിലാവും. ധര്‍മ്മത്തിന്‍റെ തകര്‍ച്ച എന്തെല്ലാം നാശങ്ങളാണ് ഈ ഭൂമിയില്‍ വരുത്തിയിരിക്കുന്നത് എന്നു നോക്കൂ.
പ്രകൃതിക്ക് നിയമങ്ങളുണ്ട്. അവ ആരും എഴുതിയുണ്ടാക്കിയവയല്ല. ദൈവം അവ എഴുതിത്തന്നിട്ടില്ല. അവിടന്ന് ഈ നിയമങ്ങള്‍ പ്രകൃതിയില്‍ത്തന്നെ സ്ഥാപിച്ചു. പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ ഗുരുത്വാകര്‍ഷണനിയമം ഉണ്ടായിരുന്നു. പക്ഷേ ആരും അതറിഞ്ഞിരുന്നില്ല. നമ്മുടെ ജീവിതത്തില്‍ ഓരോ നിമിഷവും അതനുസരിച്ചാണ് നാം കഴിയുന്നത്. ഒരിക്കല്‍ ന്യൂട്ടണ്‍ എന്നൊരാള്‍ അതു കണ്ടുപിടിച്ചെന്നു മാത്രം. ഗണിതം മുഴുവന്‍ പ്രപഞ്ചനിയമമാണ്. രണ്ടും രണ്ടും കൂട്ടിയാല്‍ നാല് എന്നത് ഉദാഹരണം. പ്രപഞ്ചത്തിന്‍റെ ഏതു കോണില്‍ ചെന്നാലും 2+2=4 ആണ്.
ജീവിക്കുന്നതിനും പ്രപഞ്ചനിയമങ്ങളുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ആഹാരം വേണം. ഇതിനെ 'അന്നം' എന്നു വിളിക്കുന്നു. പച്ചസസ്യങ്ങള്‍ക്ക് വെള്ളവും കാര്‍ബണ്‍ഡയോക്സൈഡും സൂര്യപ്രകാശവും അന്നമാണ്. ജന്തുക്കള്‍ക്ക് മറ്റ് ജീവികളെ ഭക്ഷിക്കേണ്ടിയിരിക്കുന്നു. സസ്യഭോജികള്‍ സസ്യങ്ങളെ തിന്നുന്നു. നാം കഴിക്കുന്ന ചോറ് പുഴുങ്ങിയ നെല്ലുകുഞ്ഞുങ്ങളാണല്ലോ. മാംസഭോജികള്‍ സസ്യഭോജികളെ ആഹാരമാക്കുന്നു. ഇതാണ് പ്രകൃതി നിയമം. മരിച്ചവരുടെ ശരീരങ്ങളും ഉച്ചിഷ്ടങ്ങളും ആഹാരമാക്കുന്ന ജീവികള്‍ ഉണ്ട്. ഓരോ നിമിഷവും ഇതെല്ലാം നമുക്കു ചുറ്റും നമ്മുടെ ഉള്ളിലും നടക്കുന്ന സംഭവങ്ങള്‍ മാത്രമാണ്. എല്ലായിടത്തും ഊര്‍ജവും സമയവും ചേര്‍ത്ത് സംഭവങ്ങളെ ഉരുവിടുന്നു. ജീവനുള്ളവയും ജീവനില്ലാത്തവയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമെല്ലാം ഒരു മഹാനദിയെന്നതുപോലെ പോകുന്നു. നമുക്ക് ചുറ്റും ഇതു നടക്കുന്നു. നമ്മുടെ കണ്ണുകളും കാതുകളും മൂക്കും മനസ്സും തുറന്നുവെച്ചാല്‍ പ്രകൃതിയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. ഈ നിയമങ്ങളാണ് ഈശ്വരന്‍. ഊര്‍ജത്തിന്‍റെ ഈ നിരന്തരമായ ഒഴുക്കാണ് ഈശ്വരന്‍.
ഈ ബോധം ഉണ്ടാക്കിയെടുക്കേണ്ടതില്ല. എല്ലാ മനുഷ്യരുടെയും അവബോധമനസ്സില്‍ അതുണ്ട്. എല്ലാ ജീവികളിലും അതുണ്ട് എന്നു തീര്‍ച്ചയാക്കാന്‍ തെളിവുകളും നമുക്കുണ്ട്. ഇക്കോസ്പിരിച്ച്വാലിറ്റി ഇതാണ്. ഇത് കണ്ടെത്തിയവര്‍ എല്ലാ വേദനകളിലും നിന്ന് വിമുക്തരാകുന്നു.
മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം പ്രകൃതിയെക്കുറിച്ച് അവനുള്ള തെറ്റായ സമീപനമാണ് എന്നും അവയ്ക്കുള്ള പ്രതിവിധി പ്രകൃതിനിയമങ്ങള്‍ കണ്ടുപിടിച്ച് അവയ്ക്കനുസൃതമായൊരു കാഴ്ചപ്പാടും ജീവിതരീതിയും പടുത്തുയര്‍ത്തുകയുമാണ് എന്ന് മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് സുവോളജിക്കല്‍ ക്ലബ് എഴുതിവച്ചു.
പ്രകൃതി ഈശ്വരീയമാകയാല്‍ പവിത്രമാണ്. അത് നാം ഉപയോഗിക്കുമ്പോള്‍ ഭക്തിയോടെ വേണം സമീപിക്കാന്‍. അവശ്യത്തിന് എടുക്കാം. ആവശ്യത്തിലേറെ എന്തെടുത്താലും അത് ചോരണമാണ്. നീചത്വമാണ്. ആഹാരത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ഇതാണ് സത്യം. എടുക്കുന്നത് തിരികെ കൊടുക്കാനും നാം ബാധ്യസ്ഥരാണ്.
ഈശ്വരന്‍ തന്‍റെ എല്ലാ സൃഷ്ടികളെയും സ്നേഹിക്കുന്നു. പുഴുവിനെ സ്നേഹിക്കുന്നതവിടുന്നാണ്. പാമ്പിനെയും മനുഷ്യനെയും സ്നേഹിക്കുന്നു. മനുഷ്യന് അവിടന്ന് പ്രത്യേകാവകാശങ്ങള്‍ ഒന്നും നല്കിയിട്ടില്ല. എല്ലാ ജീവികള്‍ക്കും തുല്യഅവകാശമാണ് ഈശ്വരന്‍ കല്പിച്ചു നല്കിയിരിക്കുന്നത്. മാത്രവുമല്ല, നിലനില്പ് അതു മനുഷ്യന്‍റെതായാലും പ്രകൃതിയുടെതായാലും പാരസ്പരികതയില്‍ അധിഷ്ഠിതമാണ്. മനുഷ്യന്‍ നിലനില്ക്കണമെങ്കില്‍ ഈ ജൈവപ്രകൃതിയും അജൈപ്രകൃതിയും നിലനില്ക്കണം. അങ്ങനെയല്ല എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അയാള്‍ മണലില്‍ വീടു നിര്‍മ്മിച്ചിരിക്കുകയാണ്. കൊച്ചുകാറ്റു മതി, ചാറല്‍ മഴ മതി ആ കൊട്ടാരം തകര്‍ന്നടിയാന്‍. ഇതാ ആ നാശം തുടങ്ങിയിരിക്കുന്നു. അടിസ്ഥാനം തകര്‍ന്നാല്‍ നാശം നിശ്ചയം.
ഇക്കോസ്പിരിച്ചാലിറ്റി നല്കുന്ന സന്ദേശം ഇതാണ്. ഈ സന്ദേശം പ്രചരിപ്പിക്കുകയാണ് പ്രതിഷ്ഠാനവും അതുപോലെയുള്ള പ്രസ്ഥാനങ്ങളും ചെയ്യുന്നത്.