top of page

മാറ്റത്തിന്‍റെ ഗതിവേഗം

Dec 10, 2023

2 min read

ഡോ. റോയി തോമസ്

A man is jogging through a street

"എല്ലാം ദ്രുതഗതിയില്‍ മാറുകയാണ്. പുതിയവയെല്ലാം. ഭീരുത്വം എമ്പാടും. സ്വാര്‍ത്ഥത ലോകത്തെ കാര്‍ന്നു തിന്നുകയാണ്. അവര്‍ ലോകത്തെയും വീടിനെയും ആരാധനാലയങ്ങളെയും ദൈവങ്ങളെയും നശിപ്പിക്കുന്നു. അവര്‍ സ്നേഹത്തെയും നശിപ്പിക്കുന്നു". - ബെന്‍ ഓക്രി.

ഇത് വേഗമേറിയ കാലം. വേഗം പോരാ എന്ന പരാതി ഏവര്‍ക്കും. ഗതിവേഗത്തെ മര്‍ത്യവിജയമെന്ന് എണ്ണുന്നു. തിരിഞ്ഞുനോക്കാനോ വശങ്ങളിലേക്കു കണ്ണയയ്ക്കാനോ നേരമില്ലാതെ എല്ലാവരും ഓട്ടത്തിലാണ്. അതിനിടയില്‍ അമൂല്യമായതു പലതും കൈക്കുള്ളില്‍ നിന്ന് ചോര്‍ന്നു പോകുന്നു. അതാണ് ബെന്‍ ഓക്രി പരിതപിക്കുന്നത്.

മാറ്റങ്ങള്‍ എല്ലായിടത്തും ദൃശ്യമാണ്. ഓരോനിമിഷവും മാറുന്നു. ലോകത്തിലും കാലത്തിലുമാണ് അത്. മാറാത്തവരെയും മാറ്റുന്ന ശക്തിയായ കാലം കടന്നു വരുന്നു. അതിനോടൊപ്പം മത്സരവും ഉണ്ട്. വിജയിക്കാനാണ് ഈ നെട്ടോട്ടം. അല്പസമയം നിന്നാല്‍ ധാരാളം ആളുകള്‍ നമ്മെ മറികടന്നുപോകും; വിജയികളാകും. അതുകൊണ്ട് മാരകവേഗത്തില്‍ ഓടുകയല്ലാതെ നിവൃത്തിയില്ല. സ്വാര്‍ത്ഥതയെ കൂട്ടുപിടിച്ചാണ് ഓട്ടം. അപരന്‍ ആരുടെയും പരിഗണനാവിഷയമല്ല. 'അന്യന്‍ നരകമാണ്' എന്നു പ്രസിദ്ധമായ കാഴ്ചപ്പാട് ഇന്ന് ഏറെ ശക്തമാണ്. നമ്മുടെ വിജയത്തിന് തടസ്സം നില്‍ക്കുന്നവരാണ് അപരന്‍ എന്നു വരുന്നു. അങ്ങനെ അവര്‍ അന്യരും ശത്രുക്കളുമാകുന്നു. വീടിനെയും ആരാധാനാലയങ്ങളെയും എല്ലാം ഇക്കൂട്ടര്‍ കീഴടക്കിയിരിക്കുന്നു. ഏറ്റവും ഉച്ചത്തില്‍ അലറിവിളിക്കുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നുവെന്ന് പലരും കരുതുന്നു. ദൈവമെന്ന മഹാസങ്കല്പത്തിന്‍റെ അര്‍ത്ഥസാധ്യതകളും അങ്ങനെ ന്യൂനീകരിക്കപ്പെടുന്നു.

ഹ്രസ്വദൃഷ്ടികളായവര്‍ ചെറുതാക്കിയ ദൈവത്തിന്‍റെ പേരില്‍ കലഹങ്ങള്‍ നിരവധി. ഇത്തിരിവെട്ടം കാണുന്നവര്‍ എല്ലാറ്റിനെയും ചെറുതാക്കി; ദൈവത്തെയും. ശത്രുസംഹാരപൂജ പ്രധാനപ്പെട്ട വഴിപാടാകുന്ന കാലം. അപരനെ വിദ്വേഷത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നവരുടെ ദൈവം സ്നേഹസമ്പന്നനല്ല; പ്രതികാരദാഹിയാണ്. അങ്ങനെ സ്നേഹത്തെയും ഇവര്‍ നശിപ്പിക്കുന്നു. ദൈവങ്ങള്‍ നിസ്സഹായരാകുന്ന കാലമാണിത്. മനുഷ്യന് എവിടെയെല്ലാമോ തെറ്റിച്ചിരിക്കുന്നു. ഈ ലോകത്തെ നരകമാക്കുന്നവര്‍, പരലോകത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. പൊരുത്തക്കേടുകള്‍ കൂമ്പാരമായി മാറുന്ന കാലം.

വിപണിയും ആധിപത്യവാസനയുള്ളവരും സൃഷ്ടിച്ച ദൈവത്തെ 'അദൈവം' എന്നാണ് ഡോ. സെബാസ്റ്റ്യന്‍ കാപ്പന്‍ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥദൈവത്തിന്‍റെ സ്ഥാനത്ത് 'അദൈവം' കടന്നിരിക്കുന്നു. ഭരണാധികാരിയെ യുദ്ധത്തിനു ക്ഷണിക്കുന്നത് ഈ 'അദൈവമാണ്'. അപരവിദ്വേഷിയുടെ, ഹിംസിക്കുന്നവരുടെ ദൈവവും ഇതാണ്. അദൈവത്തിന്‍റെ തേര്‍വാഴ്ചയാണിന്ന് എവിടെയും. വിപണിവല്‍കൃതലോകത്തിന്‍റെ ദൈവംകൂടിയാണിത്. ആസക്തികലും മാത്സര്യവും പ്രോത്സാഹിപ്പിക്കുന്ന അദൈവത്തിന്‍റെ അനുവാചികള്‍ ഉച്ചത്തില്‍ ആര്‍ത്തലയ്ക്കുന്നത് എവിടെയും കേള്‍ക്കാം. തെരുവുകളും മാധ്യമങ്ങളുമെല്ലാം അവരുടെ ശബ്ദഘോഷത്താല്‍ മുഖംകൊടുക്കുന്നു. യഥാര്‍ത്ഥദൈവം മറ്റെവിടെയോ ആണ്. ടാഗോര്‍ കുറിച്ചതുപോലെയുള്ള സ്ഥലങ്ങളിലേക്ക് ദൈവം മാറിക്കൊടുത്തിരിക്കുന്നു. നേര്‍ത്തശബ്ദത്തില്‍, മൗനമായി പലതും ഈ ദൈവം മൊഴിയുന്നുണ്ട്. കേള്‍ക്കാന്‍ സംവേദനക്ഷമതയുടെ ശ്രോതാക്കള്‍ വേണം; കാണാന്‍ ഉള്‍ക്കണ്ണും വേണം.

സാവധാനം നിന്ന്, വേഗത്തില്‍ നിന്ന് മാറിനടന്ന് ചുറ്റുപാടും നിരീക്ഷിച്ച്, അപരനെ ചേര്‍ത്തു നിര്‍ത്തി ഗതിവേഗത്തിന്‍റെ തിരസ്കാരത്തിന്‍റെ സംസ്കാരത്തിന് മറുമരുന്ന് കണ്ടെത്താം. ഈ ലോകത്തെ മനോഹമാക്കാനുള്ളത് ഇവിടെത്തന്നെയുണ്ട്. അത് ചിലപ്പോള്‍ തീരെ ലളിതമായിരിക്കും. വിജയവും പരാജയവും ആപേക്ഷികമാണ്.

പാരസ്പര്യത്തിന്‍റെ പുതിയവഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ 'വംശനാശത്തിന്‍റെ ഇരകളാകുന്നവര്‍ മനുഷ്യരുമാണ് എന്നറിയണം. എല്ലാ ജീവജാലങ്ങള്‍ക്കും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. നീതി പുലരുമ്പോഴാണ് സമാധാനം സംജാതമാകൂ. അനീതിയും അസംന്തുലിതാവസ്ഥയും സമാധാനത്തിന്‍റെ ശത്രുക്കളാണ്. അതാണ് 'അദൈവം' ഭൂമിയില്‍ വിതച്ചിരിക്കുന്ന അന്തകവിത്ത്. ഈ വിത്ത് വളര്‍ന്നുവരുന്നതിനെ പ്രതിരോധിക്കുകയാണ് ഇന്നിന്‍റെ ആവശ്യം. ഇനിയും വഴി അടഞ്ഞിട്ടില്ല. "നന്മതൊന്നമെന്‍റെ പൈങ്കിളീ, മണ്ണില്‍നിന്നുമങ്ങുന്നങ്ങുമായുകില്ലടീ" എന്ന ഈരടിയില്‍ ഒരു പ്രത്യാശയുണ്ട്. ഈ പ്രത്യാശ വളര്‍ത്തിയെടുക്കേണ്ടതാമ്. നഷ്ടമായ സ്നേഹവും പ്രത്യാശയും നന്മയും യഥാര്‍ത്ഥദൈവത്തെയും വീണ്ടെടുത്ത് വലിയൊരു മുറിവുണക്കല്‍ പ്രക്രിയ അനിവാര്യമായിരിക്കുന്നു. അത് കാലത്തിന്‍റെ അനിവാര്യതാണ്.

Featured Posts