

മനുഷ്യൻ എന്ന സ്പീഷീസിനെ എത്ര കണ്ടാലും അത്ഭുതം കുറയില്ല. എന്തൊരു അത്ഭുതമാണ് ഈ ജീവിവർഗ്ഗം!
അലസരെ മോട്ടിവേറ്റ് ചെയ്യാൻ ഒരു കാലത്ത് 'ബംബിൾ ബീ' യെ ഒക്കെ ഉദാഹരണമാക്കുമായിരുന്നു. ബംബിൾ ബീയൊക്കെ എന്ത്!?
ഈ ജീവിയുടെ കഴിവുകൾ, ശാരീരികക്ഷമതകൾ, മാനസിക ശേഷികൾ, ആത്മീയ ശേമുഷികൾ ആക്രമണോത്സുകത പോലും, അതിജീവനശേഷി, പൊരുത്തപ്പെടാനും മാറിത്തീരാനുമുള്ള കഴിവ് - എല്ലാം, അപാരം എന്നു തന്നെ പറയേണ്ടിവരും.
ഈ ഭൂമിയുടെ സുന്ദരമായ പ്രദേശങ്ങളിൽ മാത്രമല്ലല്ലോ, ഏറ്റവും ദുർഘടവും അതിജീവനം ഏറ്റവും വൈഷമ്യപൂർണ്ണവുമായ ഇടങ്ങളിൽപ്പോലും - കാനഡയുടെയും അലാസ്കയുടെയും ഉത്തര മേഖലകളിലും കുഞ്ഞൻ ദ്വീപുകളിലും ചെങ്കുത്തായ ഗിരിനിരകളിലും നൂറ്റാണ്ടുകളായി മനുഷ്യകുലം പാർത്തു പോരുന്നുണ്ട്. അത്രയൊക്കെ ബുദ്ധിമുട്ട് സഹിക്കാതെ ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ ഈ ഭൂമിയിൽ ഇല്ലാഞ്ഞിട്ടാണോ? അത്തരം ഒരിടത്ത് പത്തുസെൻ്റ് ഭൂമി വാങ്ങാൻ പണമില്ലാഞ്ഞിട്ടാണോ?
ഒന്നുമല്ല.
അതാണ് മനുഷ്യൻ.
ഹിമാലയ സാനുക്കളിലും പോളിനേഷ്യൻ ദ്വീപുകളിലും സൈബീരിയയിലും ആമസോണിൻ്റെ ഉൾവനങ്ങളിലും മരുഭൂമികളിലും കടലിലും മനുഷ്യർ ആനന്ദത്തോടെ ജീവിക്കുകയും തങ്ങളുടെ ജീവിതത്തിലും ജീവിതത്താലും സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്തുകയും ചെയ്തുപോന്നിട്ടുണ്ട്.
അസാധാരണമായ ഇത്തരം മേഖലകളിൽ ജീവിക്കാൻ സാമ്പത്തികവും കായികവും മാനസികവുമായ മുതൽമുടക്കുകൾ എത്രയാണെന്ന് നമുക്കൊക്കെ വല്ല രൂപവുമുണ്ടോ?
അസാധ്യമായ ഒരു സൃഷ്ടിയാണ് മനുഷ്യൻ!
സ്രഷ്ടാവിൻ്റെ ഛായ തന്നെ!





















