top of page

ഉറച്ച ശബ്ദത്തില്‍ സത്യം വിളിച്ചുപറയുക

Jan 8, 2020

2 min read

രാഹൂല്‍ രാജീവ്

poor people

ഏലി വെസ്സലിന്‍റെ - The Night എന്ന പുസ്തകത്തില്‍ ഒരു കഥാപാത്രം ഉണ്ട് "moishe the beadle' എന്ന ഒരു മനുഷ്യന്‍. കഥ തുടങ്ങുമ്പോള്‍.. ഈ കഥ നടക്കുന്ന രാജ്യത്തുള്ളൊരു സാദാ മനുഷ്യന്‍. സ്വന്തം ദിവാസ്വപ്നങ്ങളേയും ആസ്വദിച്ചു നടക്കുന്ന ഒരു സാധു മനുഷ്യന്‍. ഒരു പ്രത്യേകതകളും ഇല്ലാത്ത ഒരു ദിവസം ഇയാളും മറ്റുചിലരും പെട്ടെന്നങ്ങു ഭരണകൂടത്തിന് അന്യദിക്കുകാര്‍ അല്ലെങ്കില്‍ വിദേശികള്‍ ആകുകയാണ്. അവരെ എല്ലാവരെയും ട്രെയിന്‍ കയറ്റി പട്ടണത്തിന്‍റെ പുറം പ്രദേശത്തേക്ക് കൊണ്ടുപോകുന്നു. എഴുത്തുകാരന്‍റെ കണ്ണില്‍ നിന്ന് ആരംഭിക്കുന്ന ഈ നോവലില്‍ moishe യുടെ ജീവിതത്തിന്‍റെ ആദ്യ ഭാഗമാണ് ഇത്. വല്ല്യ പ്രത്യേകതകള്‍ ഒന്നുമില്ല. കയ്യില്‍ സ്വദേശി ആണെന്ന് രേഖകള്‍ ഒന്നുമില്ലാത്ത കുറച്ചു പേരെ പോലിസ് deport ചെയ്യാന്‍ പിടിച്ചുകൊണ്ടുപോകുന്നു. സ്വാഭാവികമായ നടപടി.

പക്ഷെ... മാസങ്ങള്‍ മൂന്ന് കഴിഞ്ഞു മൊയ്ഷെ തിരിച്ചുവരുന്നുണ്ട് അതേ പട്ടണത്തിലേക്ക്. ഒരു ഭ്രാന്തന്‍റെ പരിവേഷവുമായി. ഇവിടുന്ന് കഥയില്‍ ചില കുഴപ്പങ്ങള്‍, അസ്വാഭാവികങ്ങള്‍ ഒക്കെ തുടങ്ങുന്നു. മൊയ്ഷെ ഓരോ ജൂതവീടുകളിലും കയറിയിറങ്ങി തനിക്ക് സംഭവിച്ചതെന്താണെന്ന് എന്ന് കരഞ്ഞുവിളിച്ചു പറയുന്നുണ്ട് -"Jews, listen to me! That's all I ask of you. No money. No pity. Just listen to me!". അത്രയുമേ അയാള്‍ ആവശ്യപ്പെടുന്നുള്ളു. അയാള്‍ക്ക് സംഭവിച്ചത് ഇതാണ്. അയാളെയും.. മറ്റുചിലരെയും (ഈ കൂട്ടത്തില്‍ കൈക്കുഞ്ഞുങ്ങള്‍ തൊട്ട് സ്ത്രീകളും ഉണ്ട്) കയറ്റിക്കൊണ്ടുപോയ ട്രെയിന്‍ ഒരു ഒഴിഞ്ഞ പ്രദേശത്തു നിര്‍ത്തുകയും. എല്ലാവരോടും ഇറങ്ങാന്‍ പറയുകയും ചെയ്യുന്നു. ആരോഗ്യം ഉള്ളവരെയും കൊണ്ട് പട്ടാളം വലിയ കുഴി ഉണ്ടാക്കുന്നുണ്ട്. കുഴിനിര്‍മ്മാണത്തിനൊടുവില്‍ കുഴിയെടുത്തവനെയും കണ്ടുനിന്നവരെയും എല്ലാംകൂട്ടി വെടിവെച്ചുകൊല്ലുകയാണ് പട്ടാളം ചെയ്തത്. കാലില്‍ മുറിവേറ്റ മൊയ്ഷെ ഈ ക്രൂരത വിളിച്ചുപറയാന്‍ അവശേഷിച്ചു. അയാള്‍ എല്ലാ വീടുകളിലും കയറിയിറങ്ങി ഇത് പറയുകയാണ്. ചിലര്‍ കേള്‍ക്കാന്‍ പോലും നില്‍ക്കുന്നില്ല. ചിലര്‍ കേള്‍ക്കുന്നു.. കാര്യമാക്കാതെ നില്‍ക്കുന്നു.. ചിലര്‍ അയാളെ ഭ്രാന്താണ് എന്ന് പറഞ്ഞ് ഓടിക്കുന്നു.

കഥ ഇവിടെ നിന്നും തുടരുന്നുണ്ട്. തത്ക്കാലം കഥ ഇവിടെ നില്‍ക്കട്ടെ. ഇനി കാര്യത്തിലേക്കു കടക്കാം. ഇതെഴുതുന്ന ഈ ഞാനും വായിക്കുന്ന നിങ്ങളും എല്ലാരും ഇപ്പൊ സുരക്ഷിതരാണ്, മോയിഷേ പോലെ കൊണ്ടുപോകാന്‍ ട്രെയിന്‍ വന്നു മുന്നില്‍ നില്‍ക്കുന്നത് വരെ. ഭരണകൂടമാകുന്ന ഒരു ന്യൂനപക്ഷം പെട്ടെന്ന് ഒരു തീരുമാനം എടുക്കുന്നു നമ്മള്‍ ജീവിക്കുന്ന നാട്ടില്‍, അല്ലെങ്കില്‍ രാജ്യത്തില്‍ നിന്ന് നമ്മള്‍ പുറത്താക്കപ്പെടേണ്ടവര്‍ ആണെന്ന്. എങ്കില്‍പ്പിന്നെ സംഭവിക്കുന്നത് എന്തായിരിക്കും എന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലും പറ്റാത്തത്ര കാര്യങ്ങള്‍ ആയിരിക്കും. ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കിട്ടും ഇതിനെപറ്റി. ഈ ഒരു അവസ്ഥയിലേക്കാണ് ഇപ്പൊ നമ്മുടെ രാജ്യവും ചെന്ന് നില്‍ക്കുന്നത്. ആദ്യം ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമാക്കി, പിന്നീട് എതിര്‍ക്കുന്ന ശബ്ദങ്ങളെ പുറന്തള്ളിക്കൊണ്ട്. അവര്‍ അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പോവുകയാണ്. നിഷ്കളങ്ക മനസ്സുമായി അല്ല ഇതിനെ കാണേണ്ടത്. പ്രതിരോധിക്കണം ഇപ്പോഴെങ്കിലും. മുഴക്കണം ഇതിനെതിരെ ശബ്ദങ്ങള്‍. അറിവുള്ളവര്‍, അനുഭവങ്ങള്‍ ഉള്ളവര്‍ തുറന്നുപറയണം. മറ്റുള്ളവരോട് ഇപ്പോള്‍ രാജ്യത്ത് നിയമം ആയ ബില്ലിലെ വരാന്‍ പോകുന്ന അപകടത്തെപ്പറ്റി. ഇല്ലെങ്കില്‍ കാണാന്‍ പോകുന്നത്.. നേരിടാനും അനുഭവിക്കാനും പോകുന്നത് മനുഷ്യന്‍റെ മറ്റൊരു ദുരന്തം ആയിരിക്കും. എല്ലാവരും മൊയ്ഷെയെ പോലെ പ്രവര്‍ത്തിക്കുക. ആരും കേള്‍ക്കുന്നിലെങ്കിലും നമ്മള്‍ ഉറച്ച ശബ്ദത്തില്‍ സത്യം വിളിച്ചുപറയുക. അടയാളങ്ങളെയും അപകടത്തെപ്പറ്റിയും നിരന്തരം പറയുക. ഇതാണ് ഇപ്പൊ നമുക്കെല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നത്....

ഓര്‍ക്കുക എപ്പോഴും ഒരു ചെറുന്യൂനപക്ഷം ആകും ബഹുഭൂരിപക്ഷത്തേയും ഇതുപോലുള്ള സങ്കുചിത നിയമങ്ങള്‍ കൊണ്ട് ആട്ടിന്‍പറ്റത്തെപോലെ മനുഷ്യനെ തെളിച്ചുകൊണ്ട് പോയി ഒഴിഞ്ഞൊരിടത്തുവെച്ചു കശാപ്പ് ചെയ്യുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടിട്ടുണ്ട് അത്, പല ദേശങ്ങളില്‍ പല കാലങ്ങളില്‍... 


Jan 8, 2020

0

1

Recent Posts

bottom of page