
"ലൈംഗിക പീഡനം തന്നെ ആഴത്തിലുള്ള മുറിവുണ്ടാക്കുന്നുണ്ട്. അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. എന്നാൽ പലപ്പോഴും സഭയിലെതന്നെ ആക്ഷേപം എന്തെന്നാൽ, ഇരകളെ സ്വാഗതം ചെയ്യാതെ അവർക്കെതിരേ വാതിൽ അടച്ചിടുകയും, യഥാർത്ഥ ഇടയന്മാർക്കടുത്തവിധം സഹാനുഭൂതിയോടെ അവരോടൊപ്പം നടക്കുകയും ചെയ്തില്ല എന്നതാണ്."
ലിയോ പാപ്പാ തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് നടന്ന കർദ്ദിനാളന്മാരുടെ ചർച്ചകളിൽ കൺസിസ്റ്ററികളുടെ ആവശ്യകതയെക്കുറിച്ച് കാര്യമായ നിർദ്ദേശം ഉയർന്നിരുന്നു. മാർപാപ്പയെ തെരഞ്ഞെടുക്കാൻ കർദ്ദിനാളന്മാർ ചേരുന്നതിനെയാണ് സാധാരണ (ordinary) കൺസിസ്റ്ററി എന്ന് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് ഇല്ലാതെ കർദ്ദിനാളന്മാരുടെ സംഘവുമായി ഒരു ആലോചനാ യോഗം വിളിച്ചു ചേർക്കുന്നതിനെയാണ് അസാധാരണ (extra ordinary) കൺസിസ്റ്ററി എന്നു പറയുന്നത്. സിനൊഡാലിറ്റിയെ ഗൗരവത്തിലെടുക്കുന്ന ലിയോ പാപ്പാ തൻ്റെ ശുശ്രൂഷാ പദവിയിൽ വന്ന് 6 മാസം കഴിയുമ്പോൾത്തന്നെ അത്തരം ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചു ചേർത്തു. മുഖ്യമായും സിനൊഡാലിറ്റി, മിഷൻ എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത രണ്ടു ദിവസം നീണ്ട (ജനുവരി 7, 8) പ്രസ്തുത സമ്മേളനത്തിൻ്റെ സമാപനത്തിൽ പാപ്പാ നല്കിയ സന്ദേശത്തിലാണ് ലൈംഗിക പീഡനത്തെക്കുറിച്ചും പരാമർശിച്ച് മേൽ എഴുതിയ കാര്യം പറഞ്ഞത്.
സഭയെ ഒന്ന് അവലോകനം ചെയ്താൽ അതിൻ്റെ പ്രാദേശിക നേതൃത്വങ്ങളിൽ സിനൊഡാലിറ്റി പോയിട്ട് സഹാനുഭൂതി പോലും വേണ്ടത്ര അന്തർലീനമായതായി കാണുന്നില്ല എന്നാണ് തോന്നുന്നത്. മിക്കവരും നിയമജ്ഞരുടെ കുപ്പായത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
എന്തുകൊണ്ടാണ് മിക്കവരും കരുണ പുറത്തുകാട്ടാതെ നിയമജ്ഞരായിപ്പോവുന്നത്?
സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടിൻ്റെ പ്രശ്നമാവില്ലേ അടിസ്ഥാന പ്രശ്നം? സഭയെ ഒരു സ്ഥാപനമായാണ് (institution) മിക്കവരും കാണുന്നതെന്നു തോന്നുന്നു. വലിയൊരു സംഘടന (organization) ആയി കാണുന്നവരും കുറവല്ല. (ആവ്റി ഡള്ളസ് സഭയെക്കുറിച്ച് പറഞ്ഞ അഞ്ച് മാതൃകളെക്കുറിച്ച് മുമ്പൊരിക്കൽ എഴുതിയിരുന്നു).
യുദ്ധമുഖത്തെ ആസ്പത്രിയായാണ് ഫ്രാൻസിസ് പാപ്പാ സഭയെ സങ്കല്പിച്ചത്. ശത്രുവെന്നോ സ്വന്ത രാജ്യക്കാരനെന്നോ ഭേദമില്ലാതെ എല്ലാ മുറിവേറ്റവരെയും അകത്തു കൊണ്ടുവന്ന് കരുണയോടെ ശുശ്രൂഷിക്കുന്ന താല്ക്കാലിക കൂടാരം!
ഇപ്പോഴത്തെ ലിയോ പാപ്പായാകട്ടെ, 'അധികാരത്തിലും അഹന്തയിലുമല്ലാതെ സ്നേഹത്തിലും ശുശ്രൂഷയിലും അടിസ്ഥാനമുറപ്പിച്ച, സ്വാഗതം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുന്ന വിനയാന്വിതയായ സഭ' എന്നാണ് (ഒക്റ്റോബർ 26) പറഞ്ഞത്.
സഭയെ നിങ്ങൾ എങ്ങനെ കാണുന്നു - സഭയെക്കുറിച്ചുള്ള നിങ്ങളുടെ അടിസ്ഥാന ബോധം എന്താണ് എന്നതിനെ ആസ്പദമാക്കി നിങ്ങൾ എന്ത് ചെയ്യും എന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാനാവുമല്ലോ!





















