top of page

പാട്ടുകളുടെ പാട്ട്

Mar 1, 2010

4 min read

ബോബി ജോസ് കട്ടിക്കാട്
Portrait of musical notes

വാനിലെ ഒറ്റ നക്ഷത്രമേ ഈ രാവില്‍ നിര്‍നിമേഷം

നിന്നെ നോക്കി നടക്കുന്നു,

തട്ടിയും തടഞ്ഞും കൈകളും മുട്ടുകളും മുറിഞ്ഞ്

എങ്കിലും നിന്നില്‍ നിന്നും കണ്ണുകള്‍ മാറ്റിയില്ല.

ഏക നക്ഷത്രമേ മറയരുതേ

(സെബാസ്റ്റ്യന്‍)


ആരോ പാടിയ ഒരു പ്രണയഗീതം ഒരു ചെറിയ ഗണം സന്യാസിനികളിലുണ്ടാക്കിയ ഗുണപരമായ അനുരണനങ്ങളെക്കുറിച്ച് വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ടുണ്ട്. ഏകതാനതകൊണ്ട് വിരസവും, കഠിനനിഷ്ഠകൊണ്ട് ഊഷരവും ആയ ഒരാവൃതിയില്‍ സംഭവിച്ചതാണ്. അവരുടെ അന്തിപ്രാര്‍ത്ഥനയുടെ നിശ്ശബ്ദതയ്ക്കിടയിലായിരുന്നു അത്. കുന്നിന്‍റെ ചരുവില്‍ നിന്ന് ഗാനം അവരെ തേടിയെത്തുകയായിരുന്നു:

'എന്‍റെ സെതുല്‍പേ വരൂ -എന്‍റെ മനസ്സില്‍ വാഴൂ'പറഞ്ഞ് പതിഞ്ഞ ഒരു നാടോടിക്കഥയിലെ പ്രണയിനിയാണ് സെതുല്‍പ്. അത്ഭുതകരമായിരുന്നു അതിന്‍റെ പ്രതിധ്വനികള്‍. ജീവന്‍റെ നിലവറയിലെന്നോ ഒളിപ്പിച്ച് വെക്കുകയും പിന്നെ കാലാന്തരെ മറന്നുതുടങ്ങുകയും ചെയ്ത പ്രണയഭാവത്തെ വീണ്ടെടുക്കാന്‍ പര്യാപ്തമായിരുന്നു അത്. അതവരുടെ ചലനങ്ങള്‍ക്ക് ഉന്‍മേഷവും മിഴികള്‍ക്ക് നനവും തിരികെ കൊടുത്തു. തൂവാലയില്‍ പൂക്കള്‍ നെയ്യുന്നതുപോലെ ഏകാഗ്രതയിലും പുഞ്ചിരിയിലും അവര്‍ തങ്ങളുടെ അനുദിനകര്‍മ്മങ്ങളിലേര്‍പ്പെട്ടു. ഇരുള്‍വീണ ഇടനാഴികളില്‍ മൂളിപ്പാട്ടും പൊട്ടിച്ചിരിയും പിന്നെ വാക്കിനെക്കാള്‍ പ്രഭയുള്ള മൗനവും ഉണ്ടായി. അവര്‍ യഥാര്‍ത്ഥ മണവാളന്‍റെ പ്രസാദമുള്ള സ്നേഹിതകളായി... ഏതാനും സന്ധ്യകളില്‍ മാത്രമേ അവരതുകേട്ടിട്ടുള്ളൂ. ഗ്രാമത്തിന്‍റെ പ്രശാന്ത നശിപ്പിക്കുന്നുവെന്ന് പറഞ്ഞ് ആരൊക്കെയോ കൂടി അയാളെ അവിടെ നിന്ന് ഓടിച്ചു കളഞ്ഞു! എന്നാല്‍ അവരുടെ ശിഷ്ട ജീവിതത്തെ ദീപ്തമാക്കാന്‍ ആ പാട്ടിന്‍റെ ഓര്‍മ്മ മതിയായിരുന്നു... ആ പ്രണയഗീതത്തെയും ഗായകനെയും ഭൂമിയുടെ സമസ്തമേഖലകളിലേക്കും തിരികെ വിളിക്കുകയാണ് വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്ന നിരുന്മേഷതയ്ക്ക് പ്രതിക്രിയ എന്ന് 'സെതുല്‍പ്പിനെ' ആധാരമാക്കിയുള്ള പി. എന്‍ ദാസിന്‍റെ ഒരു കുറിപ്പും ഓര്‍മ്മിപ്പിക്കുന്നു.

എല്ലാ പദങ്ങളുടെയും ആത്മാവ് നഷ്ടമാകുന്ന ഒരു കെട്ടകാലമാണിത്. ശരീരത്തില്‍ ആരംഭിച്ച് ശരീരത്തില്‍ അവസാനിക്കുന്ന പ്രിയങ്ങളെയും മമതകളെയും വിശേഷിപ്പിക്കാനാണ് പ്രണയം എന്ന പദം ഇന്നുപയോഗിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ വാലന്‍റൈന്‍ ദിനത്തില്‍ സംഭവിക്കുന്നവ ശ്രദ്ധിച്ചാല്‍ കൃത്യമായി മനസ്സിലാക്കാവുന്ന കാര്യമാണത്. ഒരു കാരണത്തോടൊ, വ്യക്തിയോടോ, ഇടത്തോടൊ ഒക്കെ ഒരാള്‍ രൂപപ്പെടുത്തേണ്ട പാഷണേറ്റ് - അഗാധവും തീവ്രവും അളവില്ലാത്തതുമായ - സ്നേഹത്തെ വിളിക്കേണ്ട വാക്കാണ് പ്രണയം. ദാ, അനപത്യ ദുഃഖത്തില്‍ എരിയുന്ന ആ സാധുസ്ത്രീയെ അയാളുടെ ഭര്‍ത്താവ് ആശ്വസിപ്പിക്കുന്ന രീതി നോക്കുക. ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്. എന്തിന് ദുഃഖിക്കുന്നു? ഞാന്‍ നിനക്ക് പത്തുപുത്രന്‍മാരിലും ഉപരിയല്ലേ? (1. സാമുവല്‍ 1.8)