top of page

ഒറ്റയ്ക്കു തുഴയുന്നവര്‍

Sep 15, 2025

2 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
A woman in a dark coat walks alone on a foggy city street at night, with streetlights glowing and car headlights in the distance.

വളരെ പുരാതന ക്രൈസ്തവര്‍ എന്ന് അഭിമാനിക്കുന്നവര്‍ കൂടുതലായി വസിക്കുന്ന സ്ഥലത്തെ ഒരു സ്കൂളില്‍, ഒരു ടീച്ചറിന്‍റെ കമന്‍റ് ഇപ്രകാരമായിരുന്നു; 'ഇവിടെ പഠിക്കുന്ന കുട്ടികളില്‍ 80 ശതമാനത്തോളം പേര്‍ക്കും സിംഗിള്‍ പേരന്‍റ്സ് ആണ് ഉള്ളത്'. അതായത് വിവാഹമോചിതരായ അപ്പനോ അമ്മയോ ഒറ്റയ്ക്കു വളര്‍ത്തുന്ന കുട്ടികള്‍, വിവാഹമോചനത്തിന്‍റെ വക്കില്‍ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍, തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികള്‍ അങ്ങനെയങ്ങനെ. ശതമാനക്കണക്കുകളെ മാറ്റിവച്ചാലും നല്ലൊരു ശതമാനം കുടുംബങ്ങളില്‍ ഭിന്നതകള്‍ ഉണ്ട് എന്നത് വാസ്തവമാണ്. മുകളില്‍ പറഞ്ഞ കമന്‍റിലെ എണ്ണത്തില്‍ ക്രൈസ്തവ കുടുംബങ്ങളും ഒട്ടും കുറവല്ല. മാതാപിതാക്കളുടെ വടംവലികള്‍ക്കിടയില്‍ ഞെരിഞ്ഞു പോകുന്ന ബാല്യങ്ങള്‍ നമുക്കു ചുറ്റും ധാരാളം ഉണ്ട്. ആ ഒരു സ്കൂളില്‍ മാത്രമല്ല മറ്റിടങ്ങളിലും ചിത്രം വ്യത്യസ്തമായിരിക്കില്ല.


ഒറ്റതിരിഞ്ഞും ഒറ്റയ്ക്കും ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കാലമാണല്ലോ ഇത്. ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുന്ന കുടുംബങ്ങള്‍. ദമ്പതികള്‍ക്കിടയിലെ ഭിന്നതകള്‍ക്കും വഴക്കുകള്‍ക്കുമിടയില്‍ നരകിക്കുന്ന കുഞ്ഞുങ്ങള്‍. തകരുന്ന കുടുംബ ബന്ധങ്ങളും തകര്‍ന്ന കുടുംബങ്ങളും (broken families), വേര്‍പെടുത്തപ്പെട്ട കുടുംബങ്ങളും (separated families). ഇതിന്‍റെയൊക്കെ ഫലമായി ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ എണ്ണം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഉപരിയാണ്. നിങ്ങള്‍ക്ക് പരിചയമുള്ള പത്തു കുടുംബങ്ങളെ ഓര്‍ത്തു നോക്കൂ. അതില്‍ എത്രപേര്‍ സന്തോഷത്തോടെ ജീവിക്കുന്നു? എത്രപേര്‍ പരസ്പരം തീര്‍ക്കുന്ന നരകത്തില്‍ ഉരുകുന്നു? എത്രപേര്‍ പുറത്തുകടക്കുന്നു? എത്ര പേര്‍ അതിന് ആഗ്രഹിക്കുന്നു. ഈ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ അവസ്ഥ എന്താണ്?


വിവാഹമോചിതരായവരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും നിലയെന്താണ്? സഭയില്‍ അവരുടെ സ്ഥാനവും പങ്കാളിത്തവും വിചിന്തന വിഷയമാക്കേണ്ടതുണ്ട്. നാട്ടില്‍ ഇപ്പോള്‍ വിവാഹമോചനം വളരെ കോമണായ ഒരു കാര്യമായി മാറിയിട്ടുണ്ട്. ഒരു ഇരുപതു വര്‍ഷം മുമ്പ് യൂറോപ്പിലും, അമേരിക്കയിലും ഒക്കെ വിവാഹമോചനം അനുദിന ജീവിതത്തിലെ ഒരു നിസാര കാര്യമാണ് എന്നൊക്കെ സ്ഥിരമായി കേട്ടിരുന്നു. നാട്ടിലാകട്ടെ ബന്ധങ്ങള്‍ കുറച്ചുകൂടി ദൃഢമായിരുന്നു അന്ന്. മറുനാട്ടിലെപ്പോലെ വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായ നിരക്കില്‍ ഇവിടെയും കൂടുന്നുണ്ട്. അതുള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ വിവാഹത്തോടുള്ള താത്പര്യവും പുതിയ തലമുറയില്‍ ഇപ്പോള്‍ കുറഞ്ഞുവരുന്നുമുണ്ട്.


വിവാഹപൂര്‍വ്വ സെമിനാറുകള്‍പോലെ വിവാഹമോചന ശേഷമുള്ളവരുടെ പുനരധിവാസവും സഭ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. സ്നേഹിക്കാനും, പരസ്പരം പരിപൂര്‍ണ്ണമായി നല്കാനും, സൃഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകാനുമായി പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടി തീരുമാനിച്ചുറപ്പിച്ച്, സ്നേഹത്തില്‍ പ്രചോദിതമായി ആരംഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ നിലനിൽക്കേണ്ടവയാണ്. അങ്ങനെ കെട്ടുറപ്പോടെ ദമ്പതികള്‍ ജീവിക്കാന്‍ ആവശ്യമായ തരത്തില്‍ പരിശീലനങ്ങളും സഹായങ്ങളും ഒരു പരിധിവരെ സഭയില്‍ ലഭ്യവുമാണ്. എന്നിട്ടും സഭാംഗങ്ങളിലും വിവാഹമോചനം പെരുകുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.


ഇത്തരത്തില്‍ ക്രിസ്തീയ വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയുന്നതിന്‍റെ കാര്യകാരണങ്ങളെ കുറിച്ചും, അതിന്‍റെ പരിഹാരങ്ങളെ കുറിച്ചുമുള്ള ശാസ്ത്രീയവും അജപാലനപരവുമായ പഠനങ്ങള്‍ അനിവാര്യമാണ്. വേര്‍പിരിഞ്ഞു ജീവിക്കുന്നവരുടെ മക്കളെ സഭ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. അവരെയും അവരുടെ അവസ്ഥകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ ആണോ നമ്മുടെ വേദപാഠ ക്ലാസ്സുകള്‍? അനാഥത്വത്തിന്‍റെ അരക്ഷിതാവസ്ഥകള്‍ക്കൊപ്പം തന്നെ ഒരു തരം സോഷ്യല്‍ സ്റ്റിഗ്മ (Social stigma) ഈ കുഞ്ഞുങ്ങള്‍ പേറുന്നുണ്ട്. മാതാപിതാക്കളുടെ അബദ്ധങ്ങള്‍ എന്നപോലെയൊക്കെ.


വിവാഹമോചനമോ, പങ്കാളിയുടെ മരണമോ മൂലം ഒറ്റയ്ക്കാകുന്നവരും അവരുടെ കുഞ്ഞു മക്കളും. താമസസ്ഥലത്തു നിന്ന് ഇറങ്ങിപ്പോരേണ്ടി വരുന്നവര്‍, സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍, നിത്യചിലവിനായി ഒരു ചെറിയ ജോലി കണ്ടെത്താന്‍ കഴിയാത്തവര്‍. ജോലിയുടെ സമയത്ത് ചെറിയ കുട്ടികളെ മറ്റു സ്ഥലങ്ങളില്‍ സംരക്ഷണത്തിനായി ഏല്‍പ്പിക്കേണ്ടി വരുന്നവര്‍. സുരക്ഷിതമെന്നു കരുതുന്ന ഇടങ്ങളില്‍ നിന്നും ഏല്‍പ്പിക്കപ്പെടുന്ന ക്ഷതങ്ങള്‍. ഒറ്റയ്ക്കാകുന്ന സ്ത്രീകളുടെയും അവരുടെ പെണ്‍മക്കളുടെയും അരക്ഷിതാവസ്ഥ. അങ്ങനെ ഒരുപാടു കാര്യങ്ങളെ സഭ അടിയന്തിരമായി അഡ്രസ്സ് ചെയ്യേണ്ടതുണ്ട് എന്നു തോന്നുന്നു. അതുപോലെതന്നെ അവിവാഹിതരായവരുടെ എണ്ണവും വര്‍ദ്ധിക്കുന്ന ഈ കാലത്ത് അവരെയും അജപാലനപരമായ കരുതലില്‍ നമ്മള്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ പോകുന്നത്.


വിവാഹമോചിതരാകുന്നവരുടെ എണ്ണവും, അതിന്‍റെ കാരണങ്ങളും, പുനര്‍വിവാഹിതരാകുന്നവരുടെ എണ്ണവും, ഒറ്റയ്ക്കു ജീവിക്കുന്നവരുടെ എണ്ണവും സംബന്ധിച്ച് അതാതു രൂപതാ തലത്തിലെങ്കിലും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റാ ബാങ്ക് (Data bank) ഉണ്ടാകണം. വിവരങ്ങള്‍ പരസ്യമാക്കേണ്ടതില്ല എങ്കിലും അതിനെ അടിസ്ഥാനമാക്കി വേദപാഠ ക്ലാസ്സുമുതല്‍ ആവശ്യമായ, കാലോചിതമായ മാറ്റങ്ങള്‍ വരുത്താനും പരിശ്രമം ആവശ്യമാണ്. ഒറ്റയ്ക്കായി പോകുന്ന, സ്വന്തമായി വീടില്ലാത്തവരും, വാടകയ്ക്കു താമസിക്കാന്‍ തക്ക ഒരു ജോലി ഇല്ലാത്തവരും, ജോലിക്കു പോകാന്‍ കഴിയാത്ത രോഗികള്‍ തുടങ്ങിയവരുടെയും, അവരുടെ കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും വേണം. അവര്‍ക്കു തങ്ങാന്‍ പറ്റിയ സുരക്ഷിതമായ ഇടങ്ങളും വരുമാനം കണ്ടെത്താന്‍ കഴിയുന്ന സംവിധാനവും ഒരുക്കേണ്ടതും അത്യാവശ്യമാണ്.


ബന്ധങ്ങളുടെ ഊഷ്മളതയും പ്രാധാന്യവും മഹത്വവും മനസ്സിലാക്കി വേണം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത് തന്നെ. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വളര്‍ന്ന്, സ്രഷ്ടാവിന്‍റെ ഛായയും സാദ്യശ്യവും കൈവരിക്കാനുള്ള വലിയ വേദിയാണ് വിവാഹമെന്ന കൂദാശ. പരസ്പര ബഹുമാനവും തുറവിയും ആശയവിനിമയവും സര്‍വോപരി പ്രാര്‍ത്ഥനയും കൂടാതെ ബന്ധങ്ങള്‍ മുന്നോട്ടു പോകയില്ലല്ലോ. കുടുംബത്തിലെ എല്ലാവരെയും പരസ്പരം പരിഗണിച്ച് ദമ്പതികള്‍ ക്രൈസ്തവോചിതമായി ജീവിക്കട്ടെ!


കരുണയുടെ കണ്ണുകളോടെ മാത്രമേ, വിവാഹമോചിതരാകേണ്ടിവരുന്നവരെ കാണാന്‍ കഴിയുകയുള്ളു. വിവാഹമോചിതരായവരോടും അവരുടെ കുട്ടികളോടും, പുനര്‍വിവാഹത്തില്‍, പങ്കാളിയുടെ കൂടെയുള്ള കുട്ടികളോടും ഒക്കെ, ബന്ധുക്കളുടെയും ചുറ്റുമുള്ളവരുടെയും സഭാംഗങ്ങളുടെയും ഇടപെടല്‍ തീര്‍ച്ചയായും കരുതലോടെ ആകേണ്ടതുണ്ട്. കുറ്റംവിധികളും പഴിചാരലുകളും ഒഴിവാക്കലും തീര്‍ച്ചയായും ക്രിസ്തീയമല്ല.


സമൂഹത്തിലെ ഒരു വലിയ വിഭാഗമായി ഇവര്‍ വളര്‍ന്നാല്‍ സഭയിലും സമൂഹത്തിലുണ്ടാകാവുന്ന മാറ്റങ്ങളെ കുറിച്ച് ആഴമേറിയ പഠനങ്ങളും മുന്‍കരുതലുകളും അത്യാവശ്യമാണ്. വേര്‍പെടുത്തപ്പെട്ട കുടുംബങ്ങളിലെയും (Separated families), തകര്‍ന്ന കുടുംബങ്ങളിലെയും (broken families) കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ആത്മീയവുമായ ജീവിതത്തിനു വേണ്ടുന്ന എല്ലാ സഹായവും പ്രോത്സാഹനവും ഉറപ്പാക്കാന്‍ സഭയ്ക്ക് കടമയുണ്ട്.


ഒറ്റയ്ക്കു തുഴയുന്നവര്‍

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍

അസ്സീസി മാസിക, സെപ്റ്റംബ‌ർ 2025


Sep 15, 2025

2

159

Recent Posts

bottom of page