

ഈ ലേഖനത്തിന്‍റെ തലക്കെട്ട് കുറെനാള്‍ മുമ്പ് 'നാഷണല്‍ ജിയോഗ്രഫിക്' മാസികയില്‍ വന്ന ഒരു ലേഖനത്തിന്‍റെ തലക്കെട്ടാണ്. നെയ്ത്തുമെഷീനില്‍ പണിയെടുക്കുന്ന മെല്ലിച്ച ഒരു കുട്ടിയുടെ ഫോട്ടോയും കൊടുത്തിരുന്നു, അതില്‍. ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "പത്തു വയസ്സുകാരനാണ് പനീര്‍. കാഞ്ചീപുരത്തുള്ള നെയ്ത്തുശാലയില്‍ അവന്‍ ദിവസവും പതിന്നാലു മണിക്കൂര്‍ പണിയെടുക്കുന്നു. അവന്‍റെ ശരീരത്തില്‍ തുണി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡൈകള്‍ കലര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ സില്‍ക്കു വ്യവസായത്തില്‍ ഇത്തരത്തിലുള്ള അനേകായിരം കുട്ടികള്‍ പണിയെടുക്കുന്നു." ലേഖകന്‍ തുടരുന്നു, "ഈ ലേഖനം എഴുതാനായി അവിടെ എത്തുന്നതുവരെ, ലോകത്താകമാനം 270 ലക്ഷം അടിമ പണിക്കാര്‍ ഉണ്ടെന്ന് എനിക്കറിവേ ഇല്ലായിരുന്നു. അവര്‍ നമ്മുടെയൊക്കെ ചുറ്റുമുണ്ട്; പക്ഷേ, അവര്‍ നിശ്ശബ്ദരും സ്വന്തം സാന്നിദ്ധ്യം അറിയിക്കാത്തവരുമാണ്."
പ്രസ്തുത ലേഖനം ഒരു കാര്യം അടിവരയിട്ടു പറയുന്നു: "ഈ ലേഖനം അടിമകളെക്കുറിച്ചുള്ളതാണ്. അടിമകളെപ്പോലെ പണിയെടുക്കുന്നവരെക്കുറിച്ചുള്ളതല്ല. ഇരുന്നൂറു കൊല്ലം മുമ്പുള്ള അടിമകളല്ല ഇവര്‍. ഇന്നും ലോകത്താകമാനം 270 ലക്ഷം മനുഷ്യര്‍ വാങ്ങപ്പെടുകയും വില്ക്കപ്പെടുകയും തുറങ്കിലടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ലാഭത്തിനുവേണ്ടി മാത്രം ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്."
