

അടിമവ്യവസ്ഥയെക്കുറിച്ച് ഗൂഗിളിൽ തെരയുകയായിരുന്നു. ഒരു കാലത്ത് ലോകമെമ്പാടും അടിമവ്യവസ്ഥ നിലനിന്നിരുന്നു. ഈജിപ്തുകാരും അസ്സീറിയക്കാരും ബാബിലോണിയക്കാരും റോമാക്കാരും ഒക്കെ അടിമകളെ സൂക്ഷിച്ചിരുന്നു എന്നറിയാം. ലോകത്തിൻ്റെ ഇതരഭാഗങ്ങളിലും അടിമത്തം ഉണ്ടായിരുന്നു. ബോണ്ടൻ്റ് ലേബർ, ജന്മി-കുടിയാൻ വ്യവസ്ഥിതി, മാടമ്പിത്തം എന്നിങ്ങനെ പല രൂപങ്ങളിൽ അടിമവ്യവസ്ഥ ലോകമെമ്പാടും നിലകൊണ്ടു. സഭയുടെ ആദിമ ഘട്ടം മുതൽ അടിമത്തത്തിനെതിരേയുള്ള ശക്തമായ നിലപാടുകൾ കാണാം. "യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽത്തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യനമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും അവിടത്തേക്ക് മുഖംനോട്ടമില്ലെന്നും അറിയുവിൻ". (എഫേ. 6:9); "യജമാന്മാരേ, നിങ്ങളുടെ ദാസരോട് നീതിയും സമഭാവനയും പുലർത്തുവിൻ. നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനൻ ഉണ്ടെന്ന് ഓർമ്മിക്കുവിൻ" (കൊളോ. 4:1) - എന്നിങ്ങനെ യമാനന്മാരെ താക്കീത് ചെയ്യുകയും അതേസമയം "നീതിയും സമഭാവനയും" ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് പൗലോസ്. "നിയമം നിർമ്മിക്കപ്പെട്ടിരിക്കുന്നത് നീതിമാന്മാർക്കു വേണ്ടിയല്ല, മറിച്ച് ... ആളുകളെ അപഹരിച്ചു കൊണ്ടു പോകുന്നവർ, നുണയർ, അസത്യവാദികൾ എന്നിവർക്കു വേണ്ടിയും സത്യപ്രബോധനത്തിന് വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ് " (1 തിമോ. 1:10) എന്ന് പൗലോസ് എഴുതുമ്പോൾ ആളുകളെ തട്ടിക്കൊണ്ടുപോയി അടിമകളാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ് " (ഗലാ. 3:28) എന്നും പൗലോസ് എഴുതുന്നു. ഫിലെമോന് പൗലോസ് ഒരു ലേഖനം എഴുതുന്നതുതന്നെ ഒനേസിമൂസ് എന്ന ഒളിച്ചോടിപ്പോയ അടിമയെ ക്രിസ്തുവിൽ ഒരു സഹോദരനായി സ്വീകരിക്കാൻ അയാളോട് താണുവീണ് അപേക്ഷിച്ചുകൊണ്ടാണ്.
കോൺസ്റ്റൻ്റെെൻ ചക്രവർത്തി വിശ്വാസം സ്വീകരിച്ചത് മുതൽ റോമൻ നിയമങ്ങൾ കൂടുതൽ കൂടുതൽ നീതിയും കാരുണ്യവും നിഴലിക്കുന്നവയാകാൻ തുടങ്ങി എന്നൊരു നിരീക്ഷണമുണ്ട്. എങ്കിലും നൂറ്റാണ്ടുകളായി സമ്പന്ന സമൂഹം അനുഭവിച്ചുപോന്ന സൗകര്യങ്ങൾ കൈവിട്ടു കളയാൻ അവർക്ക് എളുപ്പത്തിൽ കഴിയുമായിരുന്നില്ല. പതുക്കെ പതുക്കെ അനീതിപരമായ അടിമത്വവും അനീതിയില്ലാത്ത അടിമത്വവും എന്നൊരു വ്യവഛേദം ഉണ്ടായി വന്നു. സ്വതന്ത്രരായി ഏതെങ്കിലും വനപ്രദേശത്ത് ജീവിച്ചിരുന്ന മനുഷ്യരെ
കെണിയിൽ പിടികൂടി, ചങ്ങലക്കിട്ട് കൊണ്ടുവന്ന് അടിമവേല ചെയ്യിക്കുന്നത് അനീതിപരമായ അടിമത്വവും, തങ്ങളെ ആക്രമിച്ച രാജ്യത്തെ തോൽപ്പിച്ച്, തങ്ങളെ ആക്രമിക്കാൻ വന്നവരെ അടിമകളാക്കി മാറ്റുന്നത ് അനീതിയില്ലാത്ത അടിമത്വവും എന്ന വേർതിരിവ് ഉണ്ടായി. കത്തോലിക്കാ സഭയിലെ നിരവധി സന്ന്യാസ സമൂഹങ്ങൾ അടിമത്തത്തിനെതിരേ നിലപാടെടുത്തു. (പൊതുവേ പറഞ്ഞാൽ, അമേരിക്കയിൽ കത്തോലിക്കാ സഭക്ക് കൂടുതൽ സ്വാധീനമുള്ള വടക്കൻ സംസ്ഥാനങ്ങളിലാണ് അടിമവ്യവസ്ഥിതി ആദ്യം ഇല്ലാതായത്. പിന്നീട് വടക്കൻ സംസ്ഥാനങ്ങൾ തെക്കൻ സംസ്ഥാനങ്ങൾക്ക് എതിരേ പൊരുതുകയായിരുന്നു).
തെക്കു-വടക്കൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഈശോസഭാംഗങ്ങളും കപ്പൂച്ചിൻ സഭാംഗങ്ങളുമൊക്കെ ധീരമായ നിലപാടെടുത്തു. അടിമത്തം അവസാനിപ്പിക്കണം എന്ന് ശക്തമായി പറഞ്ഞതിൻ്റെ പേരിൽ ചിലർ മഹറോൻ ചൊല്ലപ്പെട്ടു. കാരണം, പല മെത്രാന്മാരുടെയും കുടുംബക്കാർക്ക് അടിമകൾ ഉണ്ടായിരുന്നു; ചിലപ്പോൾ അവരുടെ അരമനകളിലും. മിക്കവാറും മാർപാപ്പമാർ അടിമത്തത്തിന് എതിരേയും, ചിലർ അനുഭാവത്തോടെയും നിലപാടുകളെടുത്തു. സമൂഹം ഒന്നാകെ അടിമത്തം സ്വാഭാവികമാണെന്ന് വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുമ്പോൾ മാർപാപ്പമാർക്ക് ചാക്രികലേഖനങ്ങളെഴുതുന്നതിനപ്പുറം ഏറെയൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. കാരണം, ഈ സാധുക്കളായ അടിമകളുടെ വിയർപ്പിലും രക്തത്തിലും ഉറപ്പിക്കപ്പെട്ടതായിരുന്നു ആധുനിക നാഗരികതയത്രയും.





















