
പൂർവ്വികരുടെ പാപങ്ങളും തെറ്റിദ്ധരിക്കപ്പെടുന്ന ദൈവവും
Oct 3, 2006
4 min read

ഏറെ നാളുകൾക്കുശേഷം കണ്ടു മുട്ടിയ ഒരു പഴയ സുഹൃത്താണ്. കുശലന്വേഷണങ്ങൾക്കു ശേഷം കുടുംബത്തെപ്പറ്റി ചോദിച്ചു. പെട്ടെന്ന് ഒരു മ്ലാനത അയാളുടെ മുഖത്തു നിഴലിക്കുന്നതാണു കണ്ടത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം. ആഡംബരമോ സുഭിക്ഷതയോ ഇല്ലെങ്കിലും ഞെരുക്കമില്ലാതെ കഴിഞ്ഞു പോന്നിരുന്നു. അധ്വാനിച്ചു ജോലിചെയ്‌തു, കുടുംബത്തെ പോറ്റുവാൻ മൂത്ത മകൻ പ്ലസ്ടു വരെ പഠിച്ച്, ഒരു ചെറിയ ജോലി സമ്പാദിച്ചു. ഇളയ രണ്ടുപേർ പെൺകുട്ടികളാണ്. ഒരുവൾ പ്ലസ് വണ്ണിലും മറ്റവൾ 9-ാം ക്ലാസ്സിലും പഠിക്കുന്നു. അങ്ങനെ സന്തുഷ്‌ടമായ കുടുംബ ജീവിതമായിരുന്നെങ്കിലും, അപ്രതീക്ഷിതമായിട്ടാണ് ഒരു വലിയ തകർച്ച അനുഭവപ്പെട്ടിരിക്കുന്നത്. മകൻ കുറച്ചു ദുരെയുള്ള ഒരു ധ്യാന കേന്ദ്രത്തിൽ പോയി പരിപാടിയിൽ പങ്കെടുത്തു തിരിച്ചു വന്നത് മാനസിക നിലതെറ്റിയാണ്. ജോലിക്കു പോകാൻ താല്‌പര്യമില്ല. ഉച്ചത്തിലുള്ള പ്രാർത്ഥനകളും പാട്ടുകളും ഹല്ലേലുയ്യാ വിളികളുമായി മുറിയിൽ തന്നെ ഇരിപ്പാണ്. അടുത്തുള്ള ഒരു കൗൺസിലറുടെ അടുത്തുകൊണ്ടുപോയി. പ്രാർത്ഥനയിലൂടെ പ്രവചനവരവും ദൈവികജ്ഞാനവും കിട്ടിയിട്ടുള്ള ആളെന്നു പരക്കെ അറിയപ്പെടുന്ന, ആധ്യാത്മിക പരിവേഷമുള്ള വ്യക്തിയാണ്. അദ്ദേഹം കുറെനേരം മൗനമായി പ്രാർത്ഥിച്ചു പറഞ്ഞു, പൂർവ്വികരുടെ പാപങ്ങൾക്കു ദൈവം നല്‌കിയിരിക്കുന്ന ശിക്ഷയാണ് മകനെ ബാധിച്ചിരിക്കുന്ന രോഗം. അതിൽ നിന്നു മോചനം ലഭിക്കണമെങ്കിൽ. 21 ദിവസം അടുപ്പിച്ചു പ്രാർത്ഥനകളും തപക്രിയകളും അനുഷ്ഠിക്കുന്നതോടൊപ്പം, 11 ദിവസത്തെ ആരാധന നടത്തിക്കയും 99 കുർബാനകൾ ചൊല്ലിക്കയും വേണം. ഇതു ചെയ്‌തില്ലെങ്കിൽ മകൻ്റെ രോഗം ഒരിക്കലും മാറുകയില്ലത്രേ. മോചനം കിട്ടാതെ അലയുന്ന പൂർവ്വികരുടെ ആത്മാക്കൾ മകനെ തുടർന്നു പീഡിപ്പിച്ചുകൊണ്ടേയിരിക്കും. മകനെ എങ്ങനെയെങ്കിലും രക്ഷിക്കാൻവേണ്ടി കുർബാനകൾ ചൊല്ലിക്കാനും ആരാധന നടത്തിക്കാനും ആവശ്യമായ പണം സ്വരൂപിക്കാൻ പണിപ്പെട്ടു നടക്കുകയാണ് സുഹൃത്ത് !
ദൈവത്തെപ്പറ്റിയും പൂർവികരുടെ പാപങ്ങളെപ്പറ്റിയും വിശുദ്ധ കുർബാനയെപ്പറ്റിയുമുള്ള ഒരു പാട് തെറ്റിദ്ധാരണകളാണ് ഇവിടെ കടന്നുകൂടിയിരിക്കുന്നത്. ഇന്നു വളരെയേറെ വിശ്വാസികൾ ഇങ്ങനെയുള്ള തെറ്റിദ്ധാരണകളിൽപെട്ട് കഷ്ടപ്പെടുന്നുണ്ട്. അങ്ങനെ തെറ്റിദ്ധാരണകളിൽ പെടുത്തുന്ന വൈദികരും അവൈദികരുമായ കൗൺസിലർമാരും ധാരാളമുണ്ട്. അതിനാൽ ഇവയെക്കുറിച്ചുള്ള ഒരു പരിചിന്തനം ഉപകാരപ്രദമായിരിക്കുമല്ലോ?
ദൈവത്തെപ്പറ്റി വളരെ ഗൗരവമേറിയ തെറ്റിദ്ധാരണയും അപവാദവുമാണ് ഈ കൗൺസിലർമാർ പ്രചരിപ്പിക്കുന്നതെന്നു പറയാതെ വയ്യ. പൂർവ്വികരുടെ പാപങ്ങൾക്കു പിൻതലമുറയിലുള്ളവരെ ദൈവം ശിക്ഷിക്കുന്നുവെന്നു പറയുന്നതിന് ആധാരമായി അവർ ചൂണ്ടിക്കാണിക്കുന്നത് മോശയ്ക്കു പത്തു പ്രമാണങ്ങൾ നല്‌കിയപ്പോൾ, പ്രതിമകളെ നിർമ്മിക്കയും അവയെ ആരാധിക്കയും ചെയ്യുന്നതിനെ വിലക്കിക്കൊണ്ട് ദൈവം അരുളിച്ചെയ്ത വാക്കുകളാണ്:
