top of page

പ്രകൃതിക്കെതിരെയുള്ള പാപങ്ങള്‍

Mar 1, 2012

4 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
A leaf on a wood crack.

കുമ്പസാരിക്കാന്‍ ചെല്ലുന്ന കത്തോലിക്കര്‍ പരിസ്ഥിതിക്കെതിരെ ചെയ്യുന്ന പാപങ്ങളും ഏറ്റുപറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ കൗണ്‍സില്‍ 2011 ഡിസംബര്‍ 15-ന് പ്രഖ്യാപിച്ചിരിക്കുന്നു. 'പ്രകൃതിയെ ഏതുവിധത്തില്‍ ചൂഷണംചെയ്യുന്നതും ദൈവത്തിനെതിരെയുള്ള പാപമാണ്,' കൗണ്‍സില്‍ വ്യക്തമാക്കി.

തികച്ചും വിവേകപൂര്‍ണവും കാലികപ്രസക്തവുമായ ഈ പ്രഖ്യാപനം കുറച്ചുകൂടി നേരത്തെ നടത്തേണ്ടതായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം. പ്രത്യേകിച്ച് ഈ നൂറ്റാണ്ടാരംഭിച്ചപ്പോള്‍ത്തന്നെ നാം മനുഷ്യസമൂഹത്തിലെ അംഗങ്ങള്‍ എന്നതിലേറെ, വിപുലമായ ഒരു സമൂഹത്തിലെ, ഭൂമി എന്ന നമ്മുടെ ഗൃഹഗ്രഹത്തിലെ, സങ്കീര്‍ണമായ എല്ലാ ജൈവസംവിധാനങ്ങളും വ്യത്യസ്തജനിതകജാതികള്‍ അടങ്ങുന്ന ജൈവവൈവിധ്യവും ഉള്‍പ്പെടുന്ന വലിയൊരു സമൂഹത്തിലെ (multi-species community), അംഗങ്ങളാണെന്ന യാഥാര്‍ഥ്യബോധത്തിലേക്ക് ഉണര്‍ന്നുതുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യസമൂഹത്തിന്‍റെ ഭാഗമായി മാത്രം ജീവിക്കാനുള്ള വിദ്യാഭ്യാസമല്ല, വ്യത്യസ്ത ജൈവസംവിധാനങ്ങളടങ്ങുന്ന ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള വിദ്യാഭ്യാസമാണ് നമുക്കു വേണ്ടത്.

എക്കോളജി എന്ന വാക്ക് വീട് എന്ന വാക്കിന്‍റെ ഗ്രീക്കുപദത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത് പരസ്പരബന്ധമുള്ള ജീവജാലങ്ങള്‍ വിശ്വത്തെത്തന്നെ വീടായിക്കണ്ട് പരസ്പരം പങ്കുവച്ച് ജീവിക്കേണ്ടവരാണ് എന്നാണ്. അതുകൊണ്ട് നീതി എന്ന വാക്കിന്‍റെ സ്വാഭാവികമായ വികാസമാണ് എക്കോളജി എന്നു പറയാം. സാമൂഹിക ധാര്‍മികതയുടെ (social morality) മറ്റൊരു തലമാണത്. മനുഷ്യന്‍റെയും മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെയും ലോകങ്ങള്‍ വ്യത്യസ്ത മാനങ്ങളിലുള്ളവയാണ്. മനുഷ്യരുടെ പരിധികള്‍വിട്ട ജീവിതം വഴി അവ തമ്മിലുള്ള സന്തുലനം ഗൗരവതരമായി തകര്‍ന്നിട്ടുണ്ട്. മനുഷ്യന്‍ ഇങ്ങനെ തകര്‍ത്തിട്ടുള്ളത് പാരിസ്ഥിതിക സംവിധാനത്തെ മാത്രമല്ല മനുഷ്യത്വത്തിന്‍റെ ഗുണനിലവാരത്തെയും കൂടിയാണെന്ന് പാരിസ്ഥിതിക ധാര്‍മികത വാദിക്കുന്നു. മനുഷ്യജീവികളുടെ, മനുഷ്യകേന്ദ്രീകൃതമായ അഹങ്കാരത്തോടെയുള്ള, സൃഷ്ടികര്‍ത്താക്കള്‍ എന്ന ഭാവത്തോടെയുള്ള, പെരുമാറ്റം ഒഴിവാക്കണമെന്നാണ് അത് ആവശ്യപ്പെടുന്നത്.

ഇനിയും മനുഷ്യന്‍ ഭൂമിയുടെ സ്വഭാവവും വികസനസാധ്യതകളും കൂടുതല്‍ പ്രയോജനപ്രദവും വിപുലവുമാക്കുന്ന പ്രക്രിയയില്‍ തനിക്കുള്ള പങ്കു കണ്ടെത്താനാണ്, സ്വയം കേന്ദ്രസ്ഥാനത്തു നിര്‍ത്താനല്ല, ശ്രമിക്കേണ്ടത്. മനുഷ്യന്‍റെ ത്യാഗപൂര്‍ണമായ സാന്നിധ്യമാണ് ഭൂമിയെ രക്ഷിക്കാന്‍ വേണ്ടത്. സൃഷ്ടജാലങ്ങള്‍ക്കെല്ലാം അവകാശങ്ങള്‍ പങ്കുവയ്ക്കാനും സന്തുലിതമായി സംരക്ഷിക്കാനുമുള്ള സന്നദ്ധതയെന്ന അര്‍ഥമാണ് രക്ഷ എന്ന വാക്കിന് നാം ഇനിയും നല്കേണ്ടത്.

ദൈവികതയുടെ പ്രാഥമികമായ വെളിപ്പെടല്‍ ഭൗതികലോകത്തിലൂടെ (പ്രകൃതിയിലൂടെ)

വിഭവസമൃദ്ധവും വൈവിധ്യപൂര്‍ണവുമായ പ്രകൃതിതന്നെയാണ് അന്യവത്കരണം അനുഭവിക്കുന്ന മനുഷ്യന് അതില്‍നിന്നു മുക്തിനല്കുന്ന പ്രാഥമികമായ ദൈവികവെളിപാട്. ഒറ്റയ്ക്കെടുത്താല്‍ ഒരു ജീവിയും ദൈവത്തിന്‍റെ പൂര്‍ണതയ്ക്ക് സമുചിതമായ മാതൃകയല്ലെങ്കിലും എക്കോ-സിസ്റ്റം എന്നു വിളിക്കപ്പെടുന്ന പ്രകൃതിയിലെ സംവിധാനം ദൈവത്തിന്‍റെ സമഗ്രവും പൂര്‍ണവുമായ ഭാവം നമുക്കു കാണിച്ചുതരുന്നതാണ്.

ദൈവമെന്ന സ്രഷ്ടാവിന്‍റെ വ്യത്യസ്ത രൂപഭാവങ്ങളിലുള്ള പ്രതിബിംബങ്ങള്‍ പോലെയാണ് ജീവജാലങ്ങള്‍. ഓരോ ജീവിയും അതിന്‍റെ ജാതിയിലുള്ള ദൈവത്തിന്‍റെ പ്രതിബിംബമാണെന്നും ദൈവത്തിന്‍റെ വ്യത്യസ്തരൂപഭാവങ്ങളാണ് അങ്ങനെ വെളിപ്പെടുന്നതെന്നും ഓരോന്നും ദൈവം എന്ന സമഗ്രതയുടെ (ആകെത്തുകയുടെ) ആവിഷ്കാരത്തിന് സ്വന്തം സംഭാവന നല്കുന്നുണ്ടെന്നും നാം മനസ്സിലാക്കണം.

നാം അറിഞ്ഞോ അറിയാതെയോ ലോകത്തിലുള്ളവയെ ജീവനുള്ളവ, ജീവനില്ലാത്തവ എന്നിങ്ങനെ രണ്ടിനമായി തിരിച്ചാണു കാണാറുള്ളത്. സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും ആദ്യത്തെ ഇനത്തിലും പാറയും സൂക്ഷ്മകണങ്ങളും മറ്റും രണ്ടാമത്തെ ഇനത്തിലും പെടുന്നതായാണ് നാം മനസ്സിലാക്കുന്നത്.