top of page

സങ്കീര്‍ണ്ണതകള്‍

Jul 6, 2025

3 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
A Simple painting of a pond with lotus

ഒരു വ്യാഖ്യാനവുമില്ലാതെ മനുഷ്യന് മനസ്സിലാകുന്ന ഒന്നാണ് സ്നേഹമെന്ന് തോന്നുന്നു. സ്നേഹശൂന്യതയും പെട്ടെന്ന് പിടികിട്ടും. എന്നാല്‍ സ്നേഹമെന്നു തോന്നിപ്പിക്കുന്ന പുറം ചട്ടകളുള്ള സ്നേഹശൂന്യതകളാണ് ചുറ്റുമുള്ള ലോകത്തെ ഇത്രയും സങ്കീര്‍ണ്ണമായ ഇടമാക്കുന്നത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭൂമിയിലുള്ള എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നിട്ടും മിക്കപ്പോഴും അതിലേക്കുള്ള വഴി അധിനിവേശവും കീഴടക്കലും കവര്‍ന്നെടുക്കലും തട്ടിപ്പറിക്കലുമായി തീരുന്നു.


പെരുമ്പടവം ശ്രീധരന്‍ എഴുതിയ 'സങ്കീര്‍ത്തനം പോലെ' എന്ന നോവലില്‍ ദീപ്തമായ ഒരു സംഭവം ഉണ്ട്. ദസ്തയേവ്സ്കിയുടെ നോവല്‍ എഴുത്തിന് സഹായിയായി എത്തിയ അന്നയ്ക്ക് അയാളോട് അഗാധമായ സ്റ്റേഹം തോന്നി തുടങ്ങിയ സമയത്താണ്. ഒരു ദിവസം കൂട്ടിലിട്ട വന്യമൃഗത്തെപ്പോലെ ദേഷ്യം പൂണ്ട ദസ്തയേവ്സ്കിയെ കണ്ട അന്ന വിഷമത്തിലാകുന്നു. അയാളുടെ അസ്വസ്ഥത മാറ്റാനുള്ള വഴി എന്ന പോലെ തന്‍റെ ബാഗിലുണ്ടായിരുന്ന മുഴുവന്‍ പണവും എടുത്ത് അദ്ദേഹത്തിന്‍റെ കൈകളില്‍ കൊടുത്തു. കിട്ടിയ പണവുമായി അദ്ദേഹം ചൂതാട്ട കേന്ദ്രത്തിലേക്ക് ഓടുന്നു. അന്നു പണം വച്ച കളങ്ങളൊക്കെയും അയാള്‍ക്ക് നേട്ടമായി തീര്‍ന്നു. ഇതുവരെ ചൂതാടി നഷ്ടപ്പെട്ടതൊക്കെയും അന്നു തിരികെ കിട്ടി. നേട്ടത്തിന്‍റെ കൊടുമുടിയില്‍ നിൽക്കെ പിന്‍മാറാന്‍ പലരും ഉപദേശിച്ചെങ്കിലും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നെ ഒരിറക്കം ആയിരുന്നു. കിട്ടിയതെല്ലാം, ഒരു 'കോപ്പക്കു' പോലും ശേഷിക്കാതെ നഷ്ടപ്പെട്ട് നിരാശനായി മടങ്ങിയെത്തുന്നു. പിറ്റേന്ന് തന്‍റെ പരാജയത്തെക്കുറിച്ച്, താന്‍ ഒന്നിനും കൊള്ളാത്ത, നഷ്ടപ്പെട്ട ഒരാളാണ് എന്ന് അന്നയുടെ മുമ്പില്‍ അദ്ദേഹം ഏറ്റുപറയുന്നു. അന്നയാകട്ടെ ഒരു നോട്ടം കൊണ്ടുപോലും കുറ്റപ്പെടുത്താതെ, അങ്ങനെയൊന്നു സംഭവിച്ചിട്ടുപോലും ഇല്ല എന്ന മട്ടിലാണ് പെരുമാറുന്നത്. അപ്പോള്‍ അന്നയുടെ കരങ്ങള്‍ ചുംബിച്ചു കൊണ്ട് ദസ്തയേവ്സ്കി പറയും:


"എന്നോട് ഇതിനു മുമ്പ് ആരും ഇത്രയും സ്നേഹം കാണിച്ചിട്ടില്ല. എന്നോട് ഇതിനു മുമ്പ് ആരും ഇത്രയും ക്ഷമ കാണിച്ചിട്ടില്ല. ലോകം മുഴുവന്‍ എന്നെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ശപിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു. എന്നെ സ്നേഹിക്കാന്‍ മാത്രം നന്മ നിന്‍റെയുള്ളിലുള്ളത് ഓര്‍ക്കുമ്പോള്‍..."


ഇത്തരമൊരു സ്നേഹാനുഭവം അറിഞ്ഞിട്ടുള്ളവരോ ഏതെങ്കിലുമൊരു അളവില്‍ പങ്കുവച്ചിട്ടുള്ളവരോ ആണ് നമ്മളെല്ലാം. എല്ലാം മറക്കുകയും പൊറുക്കുകയും കുറ്റപ്പെടുത്താതെ ചേര്‍ത്തു പിടിക്കുകയും ചെയ്യുക എന്നത് നമുക്കു മനസ്സിലാകുന്ന സ്നേഹത്തിന്‍റെ ഭാഷയാണ്.


കുടുംബ ബന്ധങ്ങള്‍ക്ക് ആഴവും പരപ്പും നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന് അമിതപ്രാധാന്യം കൊടുക്കുമ്പോള്‍ കുടുംബവും സമൂഹവും സഹിക്കേണ്ടി വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വ്യക്തി സ്വാതന്ത്ര്യം എന്നതിനേക്കാള്‍ സ്വന്ത ഇഷ്ടം മാത്രം തിരയുന്ന മനുഷ്യരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി തോന്നാറുണ്ട്. അവര്‍ക്കു ചുറ്റുമുള്ളവരുടെ അവസ്ഥകള്‍ തിരിച്ചറിയാനോ മനസ്സിലാക്കാനോ കഴിയാതെ പോകുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം ആയാലും വഴിവിട്ട ബന്ധങ്ങളും ജീവിതരീതികളും ആയാലും അവിടെ സ്വന്ത ഇഷ്ടപ്രകാരം ഒരാള്‍ ജീവിക്കുന്നു. കൂടെ ജീവിക്കുന്നവര്‍ അവരെയും പേറി ജീവിക്കേണ്ടി വരുന്നു. ഭര്‍ത്താവിന്‍റെയോ മക്കളുടെയോ മദ്യപാനമോ ലഹരി ഉപയോഗമോ മൂലം ജീവിതം നരകിച്ചുപോയ, പോകുന്ന, എത്രയോ കുടുംബങ്ങള്‍ നമ്മള്‍ക്കിടയിലുണ്ട്. സ്വന്തം ജീവിതത്തിലും കുടുംബത്തിലും സംതൃപ്തി കണ്ടെത്താനാവാതെ അക്കരെ പച്ചകള്‍ തിരയുന്നവരും കുറവല്ല. എവിടെയോ എന്തോ കാതലായ ഒരു പ്രശ്നം സംഭവിച്ചിട്ടുണ്ട്.


ചെറുപ്പത്തില്‍ ശരിയായ രീതിയില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പരിശീലിപ്പിച്ച്, സ്നേഹത്തിന്‍റെ ഉറവയായ ദൈവത്തോട് ചേര്‍ത്തു നിര്‍ത്തി വളര്‍ത്തപ്പെട്ടവര്‍ വളരെ ശാന്തമായി ഒഴുകുന്ന നദി പോലെ തങ്ങളുടെ അനുദിന ജീവിതത്തെ നയിക്കുന്നത് കണ്ടിട്ടുണ്ട്. അതേപോലെ തന്നെ സ്നേഹശൂന്യതകളില്‍ വളര്‍ന്നു വന്നവര്‍ തങ്ങളുടെ ജീവിതത്തെ സ്നേഹ പൂര്‍ണമാക്കിയതിന്‍റെ ഉദാഹരണങ്ങളും നമുക്കു ചുറ്റും ഉണ്ട്. തങ്ങളുടെ ജീവിത വഴികളിലെവിടെയോ വച്ച് തങ്ങള്‍ അഗാധമായി സ്നേഹിക്കപ്പെടുന്നു എന്ന ഒരു തിരിച്ചറിവില്‍ നിന്നാണ് അവരില്‍ നിന്നും സ്നേഹം ഒഴുകി തുടങ്ങുന്നത്.


ക്രിസ്തുവിന്‍റെ അവസാന ഓര്‍മ്മപ്പെടുത്തല്‍ അതായിരുന്നുവല്ലോ. യോഹന്നാന്‍റെ സുവിശേഷത്തില്‍, അന്ത്യത്താഴ വേളയില്‍ പല തവണ ആവര്‍ത്തിക്കുന്ന ആ വചനം: "ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (Jn13:1,35; 15:9,12,15,17; 16:27; 17:23). അഗാധമായി തങ്ങള്‍ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവിലാണല്ലോ മരണത്തിന്‍റെ നിഴല്‍ വീണ വീഥികളിലൂടെ തികഞ്ഞ ആത്മധൈര്യത്തോടെ അവന്‍റെ ശിഷ്യര്‍ സുവിശേഷം പ്രസംഗിച്ചത്. ഇപ്പോഴും അതേ സ്നേഹം തന്നെയാണ് അപകടകരമായ സാഹചര്യങ്ങളിലും ധൈര്യത്തോടെ നന്മ ചെയ്യാന്‍ അവരെ പേരിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ സ്നേഹം അവരെ നിര്‍ബന്ധിക്കുന്നു. ഉപാധികളില്ലാതെ, കണക്കു പറച്ചിലുകളില്ലാതെ, പണ്ടെങ്ങോ ചെയ്ത തെറ്റുകളെ ഓര്‍മ്മിപ്പിക്കാതെ ക്രിസ്തു ഇപ്പോഴും സ്നേഹിക്കുന്നു. അതേ സ്നേഹം അപരനോട് പങ്കുവയ്ക്കണം എന്ന ഒറ്റ നിബന്ധന മാത്രമേ നല്കിയിട്ടുമുള്ളു. എന്നിട്ടും വിശദീകരിച്ചു വിശദീകരിച്ചു വികൃതവും സങ്കീര്‍ണ്ണവുമാക്കിയ നിയമങ്ങളും ചട്ടങ്ങളും ക്രിസ്തീയ ജീവിതത്തിന്‍റെ ശോഭയെ കെടുത്തുന്നുണ്ട്.


എത്രയും ലളിതമായി ജീവിക്കാവുന്ന മറ്റൊരു മാര്‍ഗവും ഇവിടെ ഇല്ലാതിരിക്കെ എന്തുകൊണ്ടാണ് ക്രിസ്തീയ ജീവിതം ഇത്രയും ഇകഴ്ത്തപ്പെടുന്നത്. 'പരസ്പരം സ്നേഹിക്കുക', വളരെ ലളിതമായിരുന്നു അവന്‍റെ കല്പന. അവന്‍ സ്നേഹിക്കുന്നുണ്ട് അതു കൊണ്ട് പരസ്പരം സ്നേഹത്തോടെ പെരുമാറണം എന്ന്. അത്രയും ലളിതമായ ഒരു കാര്യം ഏറ്റവും കൂടുതല്‍ അവഗണിക്കുന്നവര്‍ എന്ന നിലയിലായിരിക്കാം പൊതുസമൂഹത്തില്‍ ഒരു വിലയില്ലാതെ പോകുന്നത്. വൈവിധ്യങ്ങളുടെ മനോഹാരിത പ്രഘോഷിക്കുമ്പോള്‍ തന്നെ വിഭജനങ്ങളുടെ മുറിവ് വേദനയും രക്തവും ചലവും ഒഴുക്കി സഭയെ ബലഹീനയാക്കുന്നു. പരസ്പരം ഉള്‍കൊള്ളാനും പൊറുക്കാനും കഴിയാത്ത വിധം മനസ്സ് കഠിനമായി പോകുമ്പോള്‍ തീര്‍ച്ചയായും വിലകെട്ട ഉപ്പുപോലെ പുറത്തേക്ക് വലിച്ചെറിയപ്പെടുകയും മനുഷ്യരാല്‍ ചവിട്ടപ്പെടുകയും ചെയ്യുന്നു.


ഒരു സാധരണക്കാരന്‍റെ മുമ്പില്‍ സഭ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതിരൂപമാണ്. സഭയുടെ സമ്പത്ത് അതിലെ ഓരോ അംഗത്തിന്‍റെതും ആണ് എന്ന് ന്യായീകരിക്കാമെങ്കിലും അത് പാവപ്പെട്ടവന്‍റെ മുമ്പില്‍ നീതികരിക്കപ്പെടുന്നുണ്ടോ? പാദം കഴുകുന്ന അധികാരമാണ് തന്‍റേതെന്ന് പഠിപ്പിച്ച ഗുരുവിന്‍റെ ശിഷ്യര്‍ അധികാരത്തിന്‍റെയും സമ്പന്നതയുടെയും ഭ്രമത്തില്‍പ്പെടുമ്പോള്‍ പുറമേ നിന്നു നോക്കുന്ന ഒരാള്‍ക്ക് ക്രിസ്തീയതയുടെ ആധികാരികത (ക്രെഡിബിലിറ്റി) നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ കുറ്റം പറയാനാകുമോ?


സ്വന്തം ജീവിതത്തില്‍ നിന്നും തുടങ്ങാം; അന്താരാഷ്ട്ര ഇടപാടുകള്‍ അവിടെ നില്ക്കട്ടെ. പരിസരങ്ങളോട് ക്ഷമാപൂര്‍വ്വം ഇടപെടാം. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ലെയോ പാപ്പ ഓര്‍മ്മിപ്പിച്ചു; നവമാധ്യമങ്ങളിലൂടെ കിട്ടുന്ന 'വിവരങ്ങ'ളെല്ലാം, 'അറിവാണ്' എന്നു ധരിക്കരുത് എന്ന്. യുദ്ധ പശ്ചാത്തലത്തില്‍ ഒബ്ജക്ടീവായ വാര്‍ത്ത നല്കുന്ന ഒരു മാധ്യമവും ഇല്ല എന്ന് ഏതൊരു സാധരണക്കാരനും മനസ്സിലാകും. മലയാളത്തിലെ പത്തു ചാനലുകള്‍ എടുത്താല്‍ പത്തു രീതിയിലായിരിക്കും വാര്‍ത്തകള്‍. എണ്ണമറ്റ നവമാധ്യമ ചാനലുകള്‍ വേറെയും. ലോകം മുഴുവന്‍ എടുക്കുമ്പോള്‍ എത്രയോ ലക്ഷം വാര്‍ത്താ പോര്‍ട്ടലുകള്‍. അവരൊക്കെ പടച്ചുവിടുന്നതെല്ലാം ശരിയാണ് എന്നു കരുതി അവ പങ്കുവയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുമുണ്ട്. 'ഫാക്ട് ചെക്കിംഗ്' വളരെ പ്രയാസമേറിയ കാലമാണിത്. ഒന്നും അന്ധമായി വിശ്വസിക്കാതെയിരിക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. പല ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളെ വിവേചനത്തോടെ സമീപിച്ച് അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രം എടുക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം. പങ്കുവയ്ക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാകട്ടെ. എല്ലാറ്റിനും ഉത്തരമില്ല എന്നതുപോലെ എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും മറുപടിയും അര്‍ഹിക്കുന്നില്ല എന്നും ഓര്‍മ്മിക്കുന്നത് ആരോഗ്യകരമായ കാര്യമാണ്.


സങ്കീര്‍ണ്ണതകള്‍ കവര്‍ന്നെടുത്തു എന്നു കരുതപ്പെടുന്ന ലളിത ജീവിത സുഗന്ധം വീണ്ടെടുക്കാം.


എഡിറ്റോറിയൽ, സങ്കീർണതകൾ

ഫാ.റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

അസ്സീസി മാസിക ജൂലൈ 2025

Jul 6, 2025

1

148

Recent Posts

bottom of page