Delicia Devassy
Oct 21
മരണത്തെക്കാള്‍ തീവ്രമായ സ്നേഹത്തെക്കു റിച്ച് സദാ ധ്യാനിക്കുകയും ആ സ്നേഹത്തിലേക്കു ണരുകയും അനേകരെ ആ വിശുദ്ധ സ്നേഹപ്രപ ഞ്ചത്തിന്‍റെ വസ്ത്രത്തിലേക്ക് തുന്നിച്ചേര്‍ക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു പുനരൈക്യ ശില്പിയായ മാര്‍ ഈവാനിയോസ് പിതാവിന്‍റേത്. ക്രിസ്തുവിലുള്ള അചഞ്ചല വിശ്വാസത്താലും ഇച്ഛാശക്തിയാലും മലങ്കരയില്‍ അത്ഭുതങ്ങളുടെ വിത്തുപാകാനും സമൃദ്ധമായി വിളവെടുക്കാനും പിതാവിനായി. പുറത്തുള്ളതുപോലെ അകത്തും ജയിക്കേണ്ട ഒരാകാശമുണ്ടെന്ന ബോധ്യത്തിലേക്കു ണര്‍ന്ന പിതാവ് ഒരു വലിയ സമൂഹത്തെ നിത്യ സൗഖ്യത്തിലേക്ക് ഉണര്‍ത്തിയെടുക്കുകയായിരുന്നു.
കലഹങ്ങളുടെയും അസ്വസ്ഥതകളുടെയും നടു വില്‍ ആത്മീയതയെ അദ്ദേഹം ലളിതമായി നിര്‍വചി ക്കുന്നതാണ് 1930 സെപ്തംബര്‍ 20 ന്‍റെ പ്രാധാന്യം. പ്രാണനോളം ചേര്‍ന്നു നില്‍ക്കുന്ന ദൈവത്തിന്‍റെ ഗന്ധം സ്വന്തം നിശ്വാസത്തിലും ജീവിതത്തിലും ഉള്‍ച്ചേര്‍ത്ത് മുണ്ടന്‍മല ഇറങ്ങുമ്പോള്‍ ആ യാത്ര യഥാര്‍ത്ഥ ആത്മീയതയിലേക്കായിരുന്നു എന്ന സത്യം പിതാവ് തിരിച്ചറിഞ്ഞിരുന്നു.
പിതാവിനെപ്പോലെ അഗാധമായ സ്വത്വപ്രതി സന്ധിയിലൂടെ കടന്നു പോയവര്‍ ചുരുക്കമാണ്. 'താനാരുടെ സ്വപ്നമാണെന്ന' ബോധ്യം സദാ നിറ വായി കൊണ്ടു നടന്ന മഹാചാര്യന്‍. തന്‍റെ യാത്ര യുടെ അവസാനം എന്താകുമെന്ന് വ്യക്തതയി ല്ലാതിരുന്നിട്ടും തീച്ചൂളയിലേക്കെന്നവണ്ണം ഇറങ്ങി നടന്ന കാഷായ വസ്ത്രധാരി. ബലിപീഠത്തിന്‍റെ ധ്യാനാത്മകതയില്‍ പാകിയ പുനരൈക്യവിത്തിന്‍ മണി അത്ഭുതകരമെന്നവണ്ണം മരമായി തണലായി ആത്മീയതയുടെ പുതിയ ആകാശങ്ങളെ തൊടു മ്പോള്‍ ആ മഹാഗുരുവിന്‍റെ ദീര്‍ഘദര്‍ശനത്തിനു മുന്നില്‍ നമ്രശിരസ്കനാവാതെ വയ്യ.
ബലി അര്‍പ്പിക്കുന്നവനില്‍ നിന്ന് ബലിയിലേ ക്കുള്ള ദൂരം അദ്ദേഹം വ്യക്തമായി മനസിലാക്കിയി രുന്നു. ആത്മീയതയുടെ പൊരുളിനെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യമായിരുന്നു മുണ്ടന്‍ മലവിട്ടിറങ്ങാന്‍ ആ താപസശ്രേഷ്ഠന് ശക്തി നല്കിയത്. മണ്ണിലും മനസ്സിലും ആ ഗുരു കൊത്തിവെച്ച സ്നേഹപ്പൊരുളിന്‍റെ ആഴം നാം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു.
ആരോ ഒരാള്‍ അമരത്തും തീരത്തും ഉണ്ടെന്ന ഉറച്ച ബോധ്യമാണ് അഗാധച്ചുഴികള്‍ താണ്ടാന്‍ ഗുരുവിന് ശക്തി നല്കിയത്. ആ പിതാവിന്‍റെ ഉറച്ച ക്രിസ്തു ബോധം നാം ഇനിയും ശീലിക്കേ ണ്ടിയിരിക്കുന്നു. ബലിപീഠത്തിനു മുന്നില്‍ നിറ ഞ്ഞൊഴുകുന്ന ആ സ്നേഹമിഴികള്‍ നമ്മെ പഠി പ്പിച്ചത് പുതിയ ഒരു പ്രാര്‍ത്ഥനയും ഒരുമയുടെ പാഠവുമാണ്. കൂരിരുട്ടിനു നടുവില്‍ കൃപയുടെ വലിയ വെട്ടത്തില്‍ ചുവടുറപ്പിച്ച ആ പിതാവ് ഒരു വലിയ സ്നേഹപ്പെയ്ത്തിനു കാരണക്കാരനാവുക യായിരുന്നു.
''ദൈവമേ എന്‍റെ നിലവിളി കേള്‍ക്കണമേ, എന്‍റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ. ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെ അതിരുകളില്‍ നിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കുന്നു. എനിക്ക് അപ്രാപ്യമായ ആ പാറയില്‍ എന്നെ കയറ്റി നിര്‍ത്ത ണമേ" എന്ന് സങ്കീര്‍ത്തകന്‍ പാടിയതുപോലെ അഗാധമായ ആന്തരിക വ്യഥകളിലൂടെ കടന്നു പോയ ഒരു മനുഷ്യന്‍റെ ഒടുങ്ങാത്ത അലച്ചില്‍ നമ്മുടെ നന്മകള്‍ക്കു പിന്നിലുണ്ടെന്ന സത്യം നാം നിരന്തരം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.
തീവ്രമായ സ്വത്വ പ്രതിസന്ധിയുടെ ഇരുണ്ട യാമങ്ങളിലൊക്കെയും വിശുദ്ധ ഗിരിയുടെ സങ്കീര്‍ത്തനം പാടാന്‍ ആ പിതാവിനു കരുത്തു നല്‍കിയത് സ്വര്‍ഗ്ഗത്തിന്‍റെ മഹത്വമാണ്. അവസാന വിളി വരെയും ക്രിസ്തുവി നോടു വിശ്വസ്തത പുലര്‍ത്തി, കുരിശിന്‍റെ വഴിയെ തെളിച്ചമുള്ളതാക്കാനുള്ള കൃപയാണ് പിതാവ് പകര്‍ന്നു നല്കിയത്.
താഴ്വരയില്‍ നിന്ന ഒരു എളിയ മനുഷ്യന്‍ മലമുകളിലെ ദൈവത്തോടു ചോദിച്ച എളിയ വരമാ യിരുന്നു സത്യത്തില്‍ പുനരൈക്യം. കാലത്തിന്‍റെ കാലുഷ്യങ്ങളെയും ആത്മാവിന്‍റെ മുറിവുകളെയും സുഖപ്പെടുത്താന്‍ അതിലും വലിയ ഒരു ലേപനമില്ലെന്ന് ആ ഗുരു തിരിച്ചറിഞ്ഞിരുന്നു.
ധന്യനായ ഗുരുവിന് പ്രണാമം.