top of page

കോളംവെട്ട്

Feb 1, 2010

4 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Altar
Altar

വളരെ രസകരമായ ചര്‍ച്ചകള്‍ നടക്കാറുള്ള ക്രിസ്ത്യന്‍ യുവജനങ്ങളുടെ ഒരു കൂട്ടായ്മയില്‍ കുറച്ച് കാലം പോയിരുന്നു. ഒരിക്കല്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാനായി ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചു: "എന്തുകൊണ്ടാണ് നിങ്ങള്‍ ക്രിസ്ത്യാനികളായിരിക്കുന്നത്?" ചോദ്യം ക്ലാസ്സില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാവരും ഒരേ ഉത്തരം തന്നെ ആവര്‍ത്തിക്കുന്നു: "ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചതു കൊണ്ട്" ഒരു പെണ്‍കുട്ടിയ്ക്ക് ഉത്തരത്തോട് അല്പം കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു: "ഞാന്‍ ഹൈന്ദവ മാതാപിതാക്കളുടെ മകളായിട്ടാണ് ജനിച്ചിരുന്നതെങ്കില്‍ ഇന്ന് പ്രഭാതത്തില്‍ മിക്കവാറും അമ്പലത്തില്‍ തൊഴാന്‍ പോയി നെറ്റിയില്‍ കളഭവും ചാര്‍ത്തി മടങ്ങിയെത്തിയേനെ." രംഗം സാവകാശം ചൂടുപിടിച്ചു തുടങ്ങി. കൂട്ടത്തില്‍ ഒരു 'വിപ്ലവകാരി' യുണ്ട്. അവന്‍ ചാടിയെഴുന്നേറ്റു: ".... പറഞ്ഞതിനോട് ഞാന്‍  പൂര്‍ണ്ണമായും യോജിക്കുന്നു. കുഞ്ഞുന്നാളില്‍ കൊണ്ടുപോയി നമ്മുടെയൊക്കെ തലയില്‍ മാമ്മോദീസാ ജലം ഒഴിച്ചതു കൊണ്ടല്ലേ നമ്മളില്‍ പലരും ഇന്ന് ക്രിസ്ത്യാനികളായിരിക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ സഭാനിയമങ്ങളും ഞായറാഴ്ച കടവുമൊക്കെയൊന്ന് മയപ്പെടുത്തി നോക്ക്, എത്ര പേര് ഞായറാഴ്ച പള്ളിയില്‍ വരുമെന്ന് നമുക്ക് കാണാം."

ഈ 'വിപ്ലവകാരി'യുടെ പരസ്യപ്രസ്താവന ഒരിക്കല്‍ കൂടി ഓര്‍മ്മയിലെത്തിയ ഒരു ദിനം. യൂറോപ്പിലെ ഏകദേശം അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഒരു വലിയ ദേവാലയത്തിന്‍റെ അള്‍ത്താരയില്‍ നിന്ന് ഒരു ഞായറാഴ്ച ബലിയര്‍പ്പിക്കുകയാണ്. നിറയെ കൊത്തുപണികളും മാര്‍ബിള്‍ രൂപങ്ങളുമുള്ള വിശാലമായ ആ പള്ളിയിലേക്ക് ബലിക്കിടെ വെറുതെയൊന്ന് മിഴിപാളിച്ചു. നിരനിരയായി ശൂന്യമായി കിടക്കുന്ന ബഞ്ചുകള്‍... അതില്‍ അവിടവിടെയായി, കൃത്യമായി എണ്ണിയതാണ്, മുടി നന്നായി നരച്ച പതിനൊന്നുപേര്‍.ആ ദേവാലയത്തിലെ ഞായറാഴ്ചത്തെ ഏക വിശുദ്ധ കുര്‍ബാനയാണിത്. ഞായറാഴ്ച കുര്‍ബാന കടമുള്ളതാണെന്ന് പറഞ്ഞ് പഠിപ്പിച്ച ഏതോ പഴയതലമുറയുടെ അവസാന കണ്ണികളാണിവര്‍.

ഭൗതിക വളര്‍ച്ചയുടെയും സ്വതന്ത്രചിന്തയുടേയും വീക്ഷണത്തിന്‍റെയും അതിപ്രസരം നടന്ന പാശ്ചാത്യ സംസ്കാരത്തില്‍ മതത്തിന് സംഭവിച്ച അധോഗതിയാണിത്. മതമെന്നാല്‍ സംഘടനാശക്തിയാണെന്ന് ചിന്തിക്കുകയും ആത്മീയതയുടെ അടിവേരുകളില്ലാതെ പോവുകയും ചെയ്യുന്ന ഏത് സംസ്കാരത്തിലും ഭൗതിക സാഹചര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇതൊക്കെത്തന്നെ സംഭവിച്ചേക്കാം. എന്നാല്‍ നൂറ്റാണ്ടുകളായി മതങ്ങള്‍ ആത്മീയതയില്‍ അടിയൂന്നിയ ഭാരതീയ സംസ്കാരത്തില്‍ മതത്തിന് ഇങ്ങനെയൊരു ദുര്‍ഗതിയുണ്ടാവുമെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. ഇല്ല, മനുഷ്യന്‍ അടിസ്ഥാനപരമായി ആത്മീയനാണെന്ന് വിശ്വസിക്കുന്ന നമ്മുടെ സംസ്കാരത്തില്‍ ആര്‍ക്കും ദൈവത്തെ കൈവിട്ട് നടക്കാനാവില്ല. എന്നാല്‍ മതങ്ങള്‍ ആത്മീയത കൈവിട്ട് സംഘടനാ തലത്തിലേക്ക് ശ്രദ്ധയൂന്നാന്‍ ശ്രമിക്കുമ്പോള്‍ മതങ്ങള്‍ തന്നെ 'തീവ്രവാദികളെ' യും വിപ്ലവകാരികളെയും നിരീശ്വരവാദികളെയും ജനിപ്പിക്കുമെന്നത് തീര്‍ച്ചയാണ്.

മതമെന്നാല്‍ വിശ്വാസം, അനുഷ്ഠാനം, ആചാരം എന്ന പാശ്ചാത്യ സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ കാഴ്ചപ്പാടിനെ അതേപടി വിലയ്ക്കെടുത്ത് നമ്മുടെ നാട്ടില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ വലിയ അപാകതയുണ്ട്. ഈ മണ്ണില്‍ സായിപ്പിന്‍റെ ശീലങ്ങളൊക്കെയെത്തുന്നതിന് മുന്‍പും നൂറ്റാണ്ടുകളോളം മതങ്ങള്‍ ശക്തിയായി വേരുപിടിച്ച് നിന്നിരുന്നത് ആത്മീയതയുടെ ആഴങ്ങളിലായിരുന്നു.

കടുപ്പമേറിയ വാക്കുകളിലൂടെ ചിന്താക്കുഴപ്പത്തിലേയ്ക്ക് നയിക്കാനല്ല സുഹൃത്തേ ഇത്രയും എഴുതിയത്. 'കര്‍ത്താവിന്‍റെ ദിനം പരിശുദ്ധമായി ആചരിക്കണം' എന്ന ദൈവകല്പനയുടെ ആത്മാവ് കണ്ടെത്താനുള്ള ഒരു ശ്രമത്തിലേയ്ക്ക് കടക്കാനായിരുന്നു.

ഒരു പുരോഹിതനെ അറിയാം. പ്രധാനമായും റബ്ബര്‍കൃഷി മാത്രമുള്ള ചെറുകിട കര്‍ഷകര്‍ താമസിക്കുന്ന ഒരു മലയോരമേഖലയിലെ ഇടവക വികാരി. എല്ലാ വീടുകളും കയറിയിറങ്ങുന്ന, കര്‍ഷകന്‍റെ വേദനയും പ്രാരാബ്ധവുമൊക്കെയറിയുന്ന ആ പുരോഹിതന്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ നേരത്തെയെത്തുന്ന തേച്ചുമടക്കിയ മുണ്ടും ഷര്‍ട്ടുമിട്ട ചേട്ടന്മാര്‍ക്കും യുവാക്കള്‍ക്കും കൊടുക്കുന്ന ഒരു നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു: "നിങ്ങള്‍ ആ ജനലുകളുടെയടുത്തും വാതില്ക്കലും തിങ്ങിനിറഞ്ഞ് നില്‍ക്കാതെ പള്ളിയുടെ നടുക്കോട്ട് ചേര്‍ന്ന് നില്ക്കുകയോ, മുന്നോട്ട് കയറി നില്ക്കുകയോ ചെയ്യ്. കാലത്ത് റബ്ബര്‍ വെട്ടും കഴിഞ്ഞ് ഓടിക്കിതച്ച് പള്ളിയിലെത്തുന്ന പാവം ചേട്ടന്മാര് അല്പം ശുദ്ധവായു ശ്വസിച്ച് കുര്‍ബാനയില്‍ പങ്കുകൊള്ളട്ടെ."

ഞായറാഴ്ച വേലകള്‍ മുടക്കപ്പെട്ടിട്ടുള്ളതാണെന്ന് അറിയാതെയാണോ ഈ വൈദികന്‍ ഞായറാഴ്ച റബ്ബര്‍വെട്ടുന്ന ഈ കര്‍ഷകര്‍ക്ക് പരോക്ഷമായ പ്രോത്സാഹനം കൊടുക്കുന്നത്? തീര്‍ച്ചയായും ആയിരിക്കല്ല.  മഴക്കാലത്ത് വല്ലപ്പോഴും കിട്ടുന്ന ഒരു വെട്ട് മുടങ്ങിയാല്‍ ഈ കര്‍ഷക കുടുംബങ്ങളുടെ സ്ഥിതി എന്താകുമെന്ന് വ്യക്തമായ നിശ്ചയം അദ്ദേഹത്തിനുണ്ടാവണം.

സാബത്താചരണത്തിന്‍റെ തുടക്കം തന്നെ യഹൂദരെന്ന അടിമജനതയുടെ ജീവിതചര്യയില്‍ നിന്നുരുത്തിരിഞ്ഞതായിരുന്നു. അടിമകളായി ഈജിപ്തില്‍ കഴിഞ്ഞ ഇവര്‍ക്ക് ഉഴവ് മാടുകളെപ്പോലെ വിശ്രമമില്ലാത്ത കായികാദ്ധ്വാനത്തിന്‍റെ ദിനങ്ങളായിരുന്നു ജീവിതം. ഈ അദ്ധ്വാനത്തിന്‍റെ കയ്പില്‍നിന്ന് ഒരു ദിവസമെങ്കിലും വിട്ടുനിന്ന് ആശ്വാസം കണ്ടെത്തുകയും ഊര്‍ജ്ജം വീണ്ടെടുക്കുകയും ഒരാവശ്യമായിരുന്നു. അങ്ങനെ കായികാദ്ധ്വാനത്തില്‍നിന്ന് വിടുതലിന്‍റെ ഒരു ദിനമായിരുന്നു ആദ്യകാല സാബത്ത്. സൃഷ്ടിയുടെ കഥയിലും സാബത്ത് വിശ്രമത്തിന്‍റെ ദിനമെന്നാണ് വിശേഷിപ്പിക്കുന്നത്. പിന്നീട് യഹോവ അവരെ അടിമത്തത്തില്‍നിന്ന് രക്ഷിച്ച ദൈവമാണെന്നുള്ള തിരിച്ചറിവില്‍ ദൈവാരാധന ആ ദിനത്തോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.

ആദ്യം ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദപാരമ്പര്യമനുസരിച്ചുള്ള സാബത്താചരണം ആഴ്ചയുടെ അവസാന ദിനത്തില്‍ നിലനിന്നിരുന്നെങ്കിലും ദൈവാരാധനയ്ക്കായി  അവര്‍ കണ്ടെത്തിയത് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റ ആഴ്ചയുടെ ആദ്യദിനമായ ഞായറാഴ്ചയായിരുന്നു. അതേസമയം ഞായറാഴ്ച മറ്റേത് ദിവസം പോലെയും അവര്‍ക്ക് ഒരു പ്രവൃത്തി ദിനമായിരുന്നു. ഞായറാഴ്ച ആചരണവും വിശ്രമവും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്നര്‍ത്ഥം. എന്നാല്‍ പിന്നീട് ക്രിസ്ത്യാനികള്‍ യഹൂദമതത്തില്‍നിന്ന് പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ യഹൂദരുടെ ആഴ്ചാവസാനത്തെ സാബത്താചരണം ക്രിസ്ത്യാനിക്കള്‍ക്ക് ബാധകമല്ലാതാവുകയും, പകരം ഞായറാഴ്ചയോടൊപ്പംതന്നെ വിശ്രമദിനം കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. അങ്ങനെ ക്രിസ്ത്യന്‍ ഞായറാഴ്ചയാചരണത്തിന് അഭേദ്യമായ ബന്ധങ്ങളില്ലാത്ത രണ്ട് അര്‍ത്ഥതലങ്ങള്‍ കൈവന്നു: ദൈവാരാധനയും വിശ്രമവും.

മനുഷ്യജീവിതത്തില്‍ വിശ്രമം എന്നത് പ്രകൃതിനിയമത്തിന്‍റെ ഭാഗം കൂടിയാണ്. ജീവിതം അദ്ധ്വാനം കൊണ്ട് ഭാരപ്പെടാനുള്ളതല്ല. നിരന്തര അദ്ധ്വാനംപോലും ജീവിതത്തെ ആഹ്ലാദകരമാക്കി മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. സാബത്താചരണം പൂര്‍ത്തീകരിക്കപ്പെടുന്നത് ക്രിസ്തുവിന്‍റെ ഉത്ഥാനാഹ്ലാദം അനുഭവിക്കാനാവുമ്പോഴാണ്. ഇത് പ്രാര്‍ത്ഥിച്ച് മാത്രം നേടുന്ന ഒരു ആത്മീയാനുഭവമല്ല; മനുഷ്യന്‍റെ ശരീരത്തിനും മനസ്സിനും ഈ ആഹ്ലാദം പങ്കിടാനാവണം. അതുകൊണ്ട് ഞായറാഴ്ച ദിവസത്തിന്‍റെ ഒഴിവ് സമയം ഒന്നും ചെയ്യാനില്ലാതെ അലക്ഷ്യമായി ചടഞ്ഞിരിക്കാനുള്ള ഒന്നായി കാണരുത്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഒരു സിനിമ കാണുന്നതോ, കളിക്കുന്നതോ, ബന്ധുക്കളേയും സ്നേഹിതരേയും സന്ദര്‍ശിക്കുന്നതോ, ഒരു യാത്ര പോകുന്നതോ, ഇഷ്ടപ്പെട്ട ആഹാരം പാചകം ചെയ്ത് കഴിക്കുന്നതോ ഒക്കെ ഈ ആഹ്ലാദാനുഭവത്തിന് മാറ്റ് കൂട്ടും.  ഇതൊക്കെ വെറും നേരംപോക്കും പാഴ്ചെലവുമൊക്കെയായി കണ്ടാല്‍ പിന്നെ എന്താണ് ജീവിതം? കാലമത്രെയും മാടുകളെപ്പോലെ പണിയെടുക്കുന്നതും എന്തെങ്കിലും കഴിച്ച് കിടന്നുറങ്ങുന്നതുമാണോ? അല്ല, ജീവിതം ആഹ്ലാദിക്കാന്‍ കൂടിയാണ്.

ചിലപ്പോള്‍ ചില ജോലികള്‍തന്നെ ആഹ്ലാദകരമായി മാറാം. ഇത്തരം സാഹചര്യങ്ങളില്‍ സാബത്ത് വിലക്ക് അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ഒന്നല്ല. ഉദാഹരണത്തിന്, പണ്ട് നമ്മുടെ ഗ്രാമങ്ങളിലൊക്കെയുണ്ടായിരുന്ന 'കപ്പവാട്ട്' എന്ന ജോലി തന്നെയെടുക്കുക. ഇതിനെ സാബത്ത് വിലക്കിന്‍റെ പട്ടികയില്‍ പെടുത്തണമോ എന്ന് ശങ്കിച്ച് പോകാറുണ്ട്. കാരണം ഇത് ഒരു ജോലി എന്നതിനേക്കാള്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്നുള്ള ഒരു വിളവെടുപ്പുത്സവമാണ്. ഇവിടെ അദ്ധ്വാനം വിളവെടുക്കുന്നവനെ ഭാരപ്പെടുത്തുന്നതോ സാബത്താചരണത്തെ ലംഘിക്കുന്നതോ അല്ല, മറിച്ച് ഏറെനാള്‍ കാത്തിരുന്ന അദ്ധ്വാനഫലത്തിന്‍റെ ശേഖരണം കുഞ്ഞുങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊക്കെ തരപ്പെടുന്ന ഒരു അവധി ദിവസത്തേയ്ക്ക് മാറ്റിവച്ചൂവെന്നേയുള്ളൂ. ചില വേലകള്‍ക്ക് ഒരുവനിലെ ക്രിയാത്മകതയെ തൊട്ടുണര്‍ത്തുന്ന വശം കൂടിയുണ്ട്. അതുകൊണ്ടുതന്നെ അത് ആത്മനിര്‍വൃതി തരുന്നു. ഞായറാഴ്ചയുടെ ഒഴിവ് സമയത്ത് അല്പം ചിത്രം വരയ്ക്കുക, കൊത്തുപണി ചെയ്യുക, സംഗീതം അഭ്യസിക്കുക, പൂന്തോട്ടത്തിലോ, മലക്കറിത്തോട്ടത്തിലോ കുടുംബത്തോടൊപ്പം നാല് ചെടി കുഴിച്ച് വയ്ക്കുക, ഏതെങ്കിലും പൊതുസംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക ഇവയൊന്നും സാബത്ത് ലംഘനമാണെന്ന് വ്യാഖ്യാനിച്ചു കൂടാ.

ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്ന ഒരു പ്രവണതയെ തന്നെയെടുക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ രാവിലെ 8.30 മുതല്‍ വീട്ടില്‍നിന്ന് പള്ളിയിലേയ്ക്ക് യാത്രയാവുകയാണ് (പള്ളിയില്‍ ആദ്യമെത്തുന്നവര്‍ക്ക് സമ്മാനമുള്ളതുകൊണ്ടു കൂടിയാവണം). 10- ന് ആരംഭിക്കുന്ന  ആഘോഷമായ ദിവ്യബലി പ്രസംഗവും അറിയിപ്പുമൊക്കെയായി സാധാരണ 11.30 വരെ നീളാറുണ്ട്. പിന്നെ ഇടയ്ക്കൊരു കൊച്ചിടവേളയോടു കൂടിയുള്ള ഏകദേശം 1 1/2 മണിക്കൂര്‍ നീളുന്ന മതബോധനക്ലാസ്സുകള്‍. ഇതിനു ശേഷം ചില ഭക്തസംഘടനകളുടെ മീറ്റിംഗ ഇതെല്ലാം കഴിഞ്ഞ് ഉച്ചകഴിഞ്ഞ് നടന്ന് വീട്ടിലെത്തുന്ന ഇവര്‍ അല്പം ആഹാരവും കഴിച്ച് 4 മണിയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് പോകുന്നു. (ഞായറാഴ്ച പ്രാര്‍ത്ഥനാകൂട്ടായ്മ ഇല്ലാത്തയിടങ്ങളുണ്ടെന്ന കാര്യം അനുസ്മരിക്കുന്നു.) ഒരു മണിക്കൂറോളമെങ്കിലും നീളുന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തി കുളികഴിഞ്ഞ് കാപ്പികുടി കഴിയുമ്പോഴേയ്ക്കും വീട്ടിലെ സന്ധ്യാപ്രാര്‍ത്ഥനയ്ക്കുള്ള സമയമാകുന്നു. അരമുക്കാല്‍ മണിക്കൂര്‍ നീളുന്ന ഈ പ്രാര്‍ത്ഥനയ്ക്കൊടുവില്‍ അത്താഴവും കൂടി കഴിയുമ്പോഴേയ്ക്കും നന്നായി ഒന്നുറങ്ങാന്‍ മാത്രം ഈ കുഞ്ഞുങ്ങള്‍ അവശരായിട്ടുണ്ടാവും, സാധാരണ സ്കൂള്‍ ദിവസങ്ങളിലെന്നതുപോലെതന്നെ. ശനിയാഴ്ചകളാവട്ടെ ഹോംവര്‍ക്കും ട്യൂഷനും സ്പെഷ്യല്‍ക്ലാസ്സുമായി അങ്ങനെയും അവസാനിക്കുന്നു. അങ്ങനെ സാബത്താചരണത്തിന്‍റെ ആഹ്ലാദമില്ലാതെ പിരിമുറുക്കം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മുടെ കുഞ്ഞുങ്ങള്‍ കടന്നു പോകുന്നത.്  ക്രിസ്തു ആത്മീയതയ്ക്ക് രണ്ട് തലങ്ങള്‍ കാണിച്ച് തരുന്നുണ്ട്. ഒന്ന് ദേവാലയവുമായി ബന്ധപ്പെട്ടതാണ്. "ദൈവത്തിന്‍റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത അവനെ വിഴുങ്ങിക്കളഞ്ഞു" എന്ന പ്രതിപാദ്യംതന്നെ. ദേവാലയങ്ങള്‍ക്ക് ചന്തസ്ഥലങ്ങളില്‍നിന്നും മനുഷ്യന്‍റെ സാധാരണ വ്യവഹാരയിടങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തികളെ ഉള്ളിന്‍റെ ശാന്തതയിലേയ്ക്കും ദൈവവുമായുള്ള അടുപ്പത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകാനുള്ള അന്തരീക്ഷമുണ്ട്.

രണ്ടാമത്തെ തലം ക്രിസ്തു സൂചിപ്പിക്കുന്ന ആ മലയിലും ഈ മലയിലുമല്ലാതെ -ഗെരീസിം, ജറുസലേം മലമുകളിലെ ദേവാലയങ്ങളാണ് പരാമര്‍ശം- ആത്മാവിലും സത്യത്തിലും നടക്കുന്ന ആരാധനയാണ്. ഒരുപക്ഷേ ഇതാണ് കുറച്ചുകൂടി ആഴപ്പെട്ട ആത്മീയതലം -ഒരുവന്‍റെ ഉള്ളില്‍ ദൈവവുമായി പ്രണയത്തിലാവുന്നത്. ദേവാലയങ്ങളൊക്കെ അതിന് പശ്ചാത്തലമൊരുക്കുന്നതേയുള്ളു. ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തിന്‍റെ ഇടങ്ങള്‍ മലമുകളും കുറ്റിക്കാടുകളും വിജന പ്രദേശങ്ങളുമൊക്കെയായിരുന്നു.

പറഞ്ഞു വന്നത് ആത്മീയത കുറച്ചുകൂടി ആഴപ്പെടേണ്ടതുണ്ട് എന്നുതന്നെ. സത്യത്തില്‍ ആത്മീയതയില്‍ കടങ്ങളില്ല. ആത്മീയത ഒരു കടമ കഴിക്കലായി തോന്നുമ്പോഴാണ് ദൈവത്തിന് വേണ്ടി ജീവിതത്തില്‍ മാറ്റിവയ്ക്കുന്ന ഒരു ദിവസത്തിന്‍റെ ഒന്നൊന്നര മണിക്കൂര്‍പോലും കടമായി മാറുന്നത.് നമ്മള്‍ ഞായറാഴ്ചയില്‍ മുടക്കം വരുത്തിയ ദിവസങ്ങളൊക്കെ ജീവന്‍റെ പുസ്തകത്തി'ല്‍ കോളം വെട്ടാതെ കിടക്കുമെന്നും വിധിദിനത്തില്‍ ദൈവം അതിന് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും കരുതേണ്ടതില്ല. ജീവന്‍റെ സമൃദ്ധി തന്നവനോട് നന്ദി പറയാനൊരു ദിനം.. ജീവിതത്തിന്‍റെ വേദനകളും പ്രതിസന്ധികളും ഒന്നിറക്കിവച്ച് ഉള്‍ക്കരുത്ത് നേടാന്‍ ഏതാനും നിമിഷങ്ങള്‍... അത്രയുമെ ഞായറാഴ്ച ആചരണത്തെക്കുറിച്ച് കരുതേണ്ടതുള്ളൂ.

-യാത്രയിലായിരുന്ന ഒരു ദിവസം,-വാര്‍ദ്ധക്യസഹജമായ ക്ഷീണത്താല്‍ ചിലപ്പോഴൊക്കെ,-ബന്ധുക്കളും പ്രിയപ്പെട്ടവരും വന്നപ്പോള്‍ സ്വീകരിക്കാന്‍ വേണ്ടി,-കുഞ്ഞ് വല്ലാതെ ശല്യം ചെയ്ത ഒരു ദിവസം-അത്യാവശ്യ ചില കാര്യനിര്‍വ്വഹണത്തിന് പോകേണ്ടി വന്നതിനാല്‍... അങ്ങനെ വല്ലപ്പോഴും മുടങ്ങിപ്പോകുന്ന ഒരു ഞായറാഴ്ച കുര്‍ബാനയെക്കുറിച്ച് ഒത്തിരി വേവലാതിപ്പെടാതിരിക്കുക. അതേ സമയം ദൈവവുമായുള്ള സ്നേഹബന്ധം കളഞ്ഞുപോകാന്‍ സാധ്യതയുള്ള ഒരു ഉദാസീന മനസ്സ് രൂപപ്പെടാതിരിക്കാന്‍ കരുതല്‍ ആവശ്യമുണ്ടുതാനും.

പലവട്ടം കേട്ടിട്ടുള്ളതാകാമെങ്കിലും ഒരിക്കല്‍ കൂടി ഈ കഥ- ഏതോ ആഫ്രിക്കന്‍നാടിന്‍റെ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന ഒരു ഗോത്രവര്‍ഗ്ഗം. അവര്‍ക്ക് പ്രത്യേക  ആരാധാനാലയമോ ദൈവികപ്രതിഷ്ഠയോ ഇല്ല. ഒരു കൊച്ച് കാടിന് ചുറ്റുമായിട്ടാണ് ഗോത്രത്തിലെ കുടുംബങ്ങളൊക്കെ വസിക്കുന്നത്. ഗോത്രത്തലവന്‍ ഓരോ കുടുംബത്തിനും അവരവരുടെ വീട്ടില്‍നിന്ന് ഈ കൊച്ചു കാട്ടിലേയ്ക്ക് പോകാന്‍ ഒരോ നടവഴി അനുവദിച്ചു കൊടുത്തിട്ടുണ്ട്.  ഓരോ കുടുംബത്തിനും ഈ നടവഴിയിലൂടെ പോയി കാട്ടിനുള്ളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കാം. ഗോത്രസഭ കൂടുന്നതിന്‍റെ തലേദിവസം ഗോത്രത്തലവന്‍ ഗ്രാമം മുഴുവന്‍ ഒന്ന് ചുറ്റിവരും. എന്നിട്ട് ഗോത്രസഭയില്‍ ചില കുടുംബങ്ങളോട് ഇങ്ങനെ പറയും: "നിങ്ങളുടെ വഴിയില്‍ പുല്ല് മുളച്ചിട്ടുണ്ട്." (ഒരു നടവഴിയില്‍ പുല്ല് മുളയ്ക്കുന്നതെപ്പോഴാണെന്ന് നമുക്കറിയാം, ആരും ആ വഴിയെ നടക്കാതാവുമ്പോള്‍). ഇതൊരു ശകാരമല്ല, മുന്നറിയിപ്പാണ്. നിങ്ങളുടെ ജീവിതത്തില്‍ എവിടെയോ ദൈവവുമായുള്ള സ്നേഹബന്ധത്തിന്‍റെ വഴിയില്‍ അപരിചിതത്വത്തിന്‍റെ പുല്ല് മുളച്ചിരിക്കുന്നു. ദിവസവും സായാഹ്നത്തില്‍ ഇത്തിരി നേരം, ആഴ്ചയുടെ ഒഴിവ് ദിനത്തില്‍ ഒരു മണിക്കൂര്‍... ഇതൊക്കെ ഒരു ഭാരപ്പെടുത്തുന്ന കടമായി തോന്നിത്തുടങ്ങിയോ ? എങ്കില്‍ പിന്നിലുപേക്ഷിച്ച് കളഞ്ഞ ചില വഴികളിലൂടെ ഒരു തിരിഞ്ഞു നടപ്പ് ആവശ്യമുണ്ടോ എന്ന വിലയിരുത്തല്‍ ഉപകരിച്ചേക്കാം.



പരിഭാഷ : ജിജോ കുര്യന്‍

Featured Posts