
06
അപ്രതീക്ഷിത എതിര്‍പ്പ്

എന്തൊക്കെയോ പറയാന്‍ ഉണ്ടായിട്ടും ആരും ഒന്നും പറഞ്ഞില്ല. അലക്ഷ്യമായ നടപ്പും സംബന്ധം ഇല്ലാത്ത സംഭാഷണങ്ങളും അവസാനിപ്പിച്ചത് പാപ്പിയാണ്.
"നാരായണന്‍കുട്ടീ, മുതലാളിക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ."
"അതെന്താ, എന്നാ പറ്റി?" നാരായണന്‍കുട്ടി ചോദിച്ചു.
"നിന്‍റെ, കിടപ്പാടം വില്‍ക്കുന്നതോ വാങ്ങുന്നതോ ഒരു പ്രശ്നമല്ല. കിടപ്പാടം വിറ്റ് നിങ്ങള്‍ എങ്ങോട്ട് പോകും? അതാണ് പ്രശ്നം."
"നാരായണിയുടെ വീതത്തില്‍ ഇത്തിരി സ്ഥലം ഉണ്ട്. തല്‍ക്കാലം അവിടെ ഒരു കൂര കൂട്ടണം." നാരായണന്‍കുട്ടി പറഞ്ഞു.
കൊച്ചുതോമയുടെ മനസ്സറിഞ്ഞ് പാപ്പി ചോദിച്ചു, "അപ്പോള്‍ ഞങ്ങളെയെല്ലാം വിട്ട് ഇവിടെനിന്നു പോകുകയാണോ?"
"അത് അധികം ദൂരെയല്ലല്ലോ? എല്ലാ ദിവസ വും പണിക്ക് വരാമല്ലോ?"നാരായണന്‍കുട്ടി മറുപടി നല്‍കി.
"എന്നാലും ഇപ്പോഴത്തെ പോലെ ആകില്ലല്ലോ?" പാപ്പി പറഞ്ഞു.
"പറയേണ്ട ആള്‍ ഒന്നും പറയുന്നില്ലല്ലോ? പാപ്പി ഓര്‍ത്തു. "പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടായിരിക്കും? താന്‍ തന്നെ പറയാം." പാപ്പി തീരുമാനിച്ചു.
"പടിഞ്ഞാറ്റെ ചിറയില്‍ അഞ്ച് സെന്‍റ് സ്ഥലം നാരായണന്‍ കുട്ടിക്ക് മുതലാളി തരും. ബാക്കി കാശും. പെങ്ങന്മാരുടെ കാര്യവും നടക്കും നാരായണന്‍ കുട്ടിക്ക് വീടും ആകും."
നാരായണന്‍കുട്ടി സ്വപ്നം കണ്ടതുപോലെ എല്ലാ കാര്യങ്ങളും നടക്കുന്നത് അവിശ്വസനീയമായി തോന്നി.
വീട്ടിലുള്ളവരെ പിണക്കിയാലും ബന്ധുക്കളെ പിണക്കാറില്ല. കുഞ്ഞുന്നാള്‍ മുതല്‍ കൊച്ചുതോമായുടെ സ്വഭാവമാണത്. ആരു വന്നാലും അവരോട് സ്നേഹത്തോടെ പെരുമാറും. കൊച്ചുതോമയുടെ വളര്‍ച്ചയില്‍ സന്തോഷിച്ചാലും ഇല്ലെങ്കിലും, അസൂയപ്പെട്ടാലും ഇല്ലെങ്കിലും, അകന്ന ബന്ധുക്കള്‍ വരെ അത്യാവശ്യങ്ങള്‍ക്ക് കൊച്ചുതോമായെ സമീപിക്കുവാന്‍ മടിച്ചില്ല. അവരെല്ലാവരും തോന്നുമ്പോള്‍ വരും തോന്നുമ്പോള്‍ പോകും. എന്തിനു വരുന്നെന്നോ എന്തിനു പോകുന്നുവെന്നോ ആര്‍ക്കും അറിയില്ല, എങ്കിലും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ആരും അതെക്കുറിച്ച് ചോദിക്കാറില്ല. വന്ന ഉടന്‍ വേഷം മാറി പണി ആരംഭിക്കുകയായി. അവര്‍ക്കു മാത്രം ആരും പണി എന്തെന്ന് പറയാറില്ല, അവരായിട്ട് കണ്ടു പിടിച്ച പണി, അവരായിട്ട് ആരംഭിക്കുക യാണ് പതിവ്. എന്നാല്‍ അളിയന്മാര്‍ മാത്രം പണിയില്ല. മേല്‍നോട്ടവും ഉപദേശവും മാത്രം. പക്ഷേ രണ്ട് കാര്യത്തില്‍ രണ്ടു കൂട്ടരും ഒരേ പോലെയാണ്. ഒന്നാമത്, ആഹാരം എല്ലാവര്‍ക്കും ഒരുപോലെയാണ്. രണ്ടാമത്, അവരുടെ വീട്ടാവശ്യത്തിനുള്ള പലചരക്കു സാധനങ്ങള്‍. അത് അവരെക്കൊണ്ട് തന്നെ കൊച്ചുത്രേസ്യാക്കുട്ടി ചാക്കില്‍ കെട്ടി വെപ്പിയ്ക്കും. പോക്കുവരവിനുള്ള പണവും ചേര്‍ത്ത് കൊടുത്തയയ്ക്കും. അവര്‍ക്കെല്ലാം കണക്കാക്കി പലചരക്കു സാധനങ്ങള്‍ കൊച്ചിയില്‍ നിന്ന് മൊത്തമായി വാങ്ങാറാണ് പതിവ്.
ഇതിനെല്ലാമുള്ള സ്വാതന്ത്ര്യവും സാധന സാമഗ്രികളും കൊച്ചുത്രേസ്യാക്കുട്ടിയുടെ കൈവശം ഉണ്ട്. കൊടുക്കുന്നതില്‍ പക്ഷഭേദം ഇല്ലെന്നു മാത്രമല്ല, ആര്‍ക്കും കൊടുക്കാതെയും ഇരിക്കില്ല. എന്നാല്‍ കൊടുക്കുമ്പോള്‍ അഭിമാനവും അഹങ്കാരവും ഉണ്ടാകാറുണ്ട്. ചില അവസരങ്ങളില്‍ പേര് ദോഷവും കേള്‍പ്പിക്കാറുണ്ട്. മറ്റാരെയെങ്കിലും, പ്രത്യേകിച്ച് സ്ത്രീകളെ, പുകഴ്ത്തിപ്പറയുകയോ മറ്റോ ചെയ്താല്‍ കൊച്ചുത്രേസ്യാക്കുട്ടിയുടെ നിറം മാറും. ചിലപ്പോള്‍ മിണ്ടാതാകും മറ്റു ചിലപ്പോള്‍ പൊട്ടിത്തെറിക്കും. പൊട്ടിത്തെറിച്ചാല്‍ അച്ചാ പോറ്റി പറഞ്ഞ് കൂട്ടത്തില്‍ അല്പം പൊങ്ങച്ചവും ചേര്‍ത്ത് ആളെ നേരെയാക്കാം. പക്ഷേ മിണ്ടാതായാല്‍ ആര്‍ക്കും പെട്ടെന്നൊന്നും കൊച്ചുത്രേസ്യാക്കുട്ടിയെ മയ പ്പെടുത്താന് സാധിക്കില്ല.
കൊച്ചുത്രേസ്യാക്കുട്ടിയുടെ ദാനം പ്രതീക്ഷിച്ചു വന്നവര്‍ക്ക് വലിയ നഷ്ടം. ബന്ധുക്കള്‍ കരഞ്ഞു കൊണ്ട് ഇറങ്ങിയാല്‍ കൊച്ചുത്രേസ്യാക്കുട്ടിയ്ക്ക് കുറ്റബോധം ഉണ്ടാകും. അതിനു ശേഷം വളരെ നാളുകളായി അവരെ കാണാതിരുന്നാല്‍ കുറ്റബോധം മൂത്ത് ആരുടെ യെങ്കിലും കൈയില്‍ അരിയും പല ചരക്ക് സാധന ങ്ങളും കൊടുത്തയയ്ക്കും. വിശ്വസ്തരുടെ കൈയിലേ അങ്ങനെ കൊടുത്തയയ്ക്കുവാന്‍ സാധിക്കു, കാരണം ചിലര്‍ പലചരക്കു സാധനങ്ങള്‍ ഏതെ ങ്കിലും ദൂരത്തുള്ള കള്ളുഷാപ്പിലോ പല ചരക്ക് കടയിലോ ചായക്കടയിലോ വില്‍ക്കും. വിലകുറച്ചു കിട്ടുന്നത് കൊണ്ട് മോഷണ വസ്തുക്കള്‍ വാങ്ങുന്നതില്‍ പ്രിയമുള്ളവര്‍ ഉണ്ട്. എന്നാല്‍ വീട്ടിലെ ഉപയോഗത്തിന് എടുക്കാമെന്ന് ആരും വിചാരിക്കില്ല. വീട്ടിലുള്ളവര്‍, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ സമ്മതിക്കത്തില്ല. മറ്റുള്ളവരെ പറ്റിക്കുന്നതിനോട് ആര്‍ക്കും അത്ര തന്നെ താല്പര്യമില്ല. എന്നാല്‍ പറ്റിച്ചു തിന്നുവാന്‍ തീരുമാനിച്ചവന്‍ പറ്റിച്ചേ തിന്നൂ. കൊച്ചു ത്രേസ്യാക്കുട്ടിയെ പൊക്കി പറഞ്ഞ് അടുക്കളപ്പുറത്ത് ചുറ്റിക്കൂടി, പണിയെടുക്കാതെ ഉപജീവനം കഴിച്ചിരുന്ന ചാക്കോ അത്തരം ഒരാളായിരുന്നു. ശമ്പളത്തിനു പുറമെ വെട്ടുമേനിയും ചാക്കോയ്ക്ക് കിട്ടുമായിരുന്നു.
കുരിശുംതറ ഏലിച്ചേടത്തി, കൊച്ചുത്രേസ്യാക്കുട്ടിയുടെ അപ്രീതിക്കു പാത്രമായി കരഞ്ഞു പിഴിഞ്ഞ് ഇറങ്ങിയിട്ട് മാസം നാലു കഴിഞ്ഞിരുന്നു. നാളുകള്‍ കഴിയുന്തോറും ഏലിച്ചേടുത്തിയുടെ മുഖം കൊച്ചുത്രേസ്യാക്കുട്ടിയുടെ മനസ്സില്‍ തറഞ്ഞ് പതിഞ്ഞു കൊണ്ടിരുന്നു. ഏലിച്ചേടുത്തി വരണമേ, വരണമേ, എന്ന് പലമുറ കൊച്ചുത്രേസ്യാക്കുട്ടി പ്രാര്‍ത്ഥിച്ചു. പക്ഷേ ഏലിച്ചേടുത്തി മാത്രം വന്നില്ല. ഭാരം സഹിക്ക വയ്യാതെ ചാക്കോയുടെ ചുമലില്‍ ഏലിച്ചേടുത്തിയ്ക്കുള്ള ഭാരം ഏറ്റിവെച്ച് ഏലിച്ചേടുത്തിയുടെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം ചാക്കോ തിരിച്ചെത്തിയില്ല. എന്നാല്‍ മൂന്നാംദിവസം ഏലിച്ചേടുത്തി സ്ഥലത്തെത്തിയപ്പോഴാണ് ചാക്കോ ഏലിച്ചേടുത്തിയുടെ വീട്ടില്‍ എത്തിയിട്ടില്ലെന്നറിയുന്നത്. ഏലിച്ചേടുത്തിയുടെ വീട്ടില്‍ പോയ കഥകള്‍ മെനഞ്ഞ് എത്തിയ ചാക്കോ വന്നു പെട്ടത് ഏലിച്ചേടുത്തിയുടെ മുമ്പില്‍ തന്നെ. ഒന്നും പറയാതെ തിരിഞ്ഞുനടന്ന ചാക്കോ പിന്നീട് അവിടെ പണിക്ക് വന്നിട്ടില്ല.
ഇങ്ങനെയുള്ള ബന്ധുമിത്രാദികളുടെയും പണിക്കാരുടെയും നടുവില്‍ സ്വാതന്ത്ര്യവും സ്വസ്ഥതയും നഷ്ടപ്പെട്ട് കൊച്ചുതോമ അലഞ്ഞു നടക്കാറുണ്ട്. അടുക്കളപ്പണിയും കഴിഞ്ഞ് സ്വന്തം വീട്ടില്‍ എത്തിയപ്പോഴേ നാരായണിക്ക് ക്രയവിക്രയത്തെക്കുറിച്ച് അറിയാനായി. എന്നാല്‍ കിടക്കുവാന്‍ വന്നപ്പോള്‍ മാത്രമാണ് കൊച്ചുത്രേസ്യാക്കുട്ടികാര്യങ്ങള്‍ അറിയുന്നത്. അളിയന്മാരും ബന്ധുക്കളും മറ്റു പണിക്കാരും ഒഴിഞ്ഞതിനുശേഷം കൊച്ചുത്രേസ്യാക്കുട്ടിയെ തനിച്ചു കിട്ടുന്നത് അപ്പോള്‍ മാത്രമാണ്. നാരായണന്‍കുട്ടിയ്ക്ക് നാരായണിയോട് ഒരു വിശേഷം പറയുവാന്‍ പരിസരം നോക്കണ്ട. കൊച്ചുതോമായ്ക്ക് പരിസരവും കൊച്ചുത്രേസ്യാക്കുട്ടിയുടെ മനോനിലയും നോക്കണം.
അടുത്ത നാള്‍ അപ്രതീക്ഷിതമായ എതിര്‍പ്പ് പ്രതീക്ഷിക്കാത്ത നേരത്ത് പ്രതീക്ഷിക്കാത്തവരില്‍ നിന്ന് ഉണ്ടായി. ജോസഫും സേവ്യറും മേരിക്കുട്ടിയും കൊച്ചുകുഞ്ഞ് അടക്കം എല്ലാവരും പെട്ടെന്ന് കളി നിര്‍ത്തി വീട്ടിലേക്ക് ഓടിക്കയറി. അവരുടെ മുഖം കറുത്ത് ഇരുണ്ടിരിക്കുന്നതും നടപ്പിന്‍റെ വേഗതയും കണ്ട് എന്തോ അപകടം പറ്റിയെന്ന് ഭയന്ന് വീട്ടിലുള്ളവരെല്ലാവരും അവരുടെ അടുത്തേക്ക് പെട്ടെന്ന് ഓടിയെത്തി. അവര്‍ ഒന്നോടെ ചോദിച്ചു:
"എന്നാ മക്കളെ, എന്നാ പറ്റി?"
"പ്രസാദിനേയും കുഞ്ഞുമണിയേയും എന്തിനാണ് ഇറക്കി വിടുന്നത്?" ജോസഫ് ആക്രോശിച്ചു. എല്ലാവരും ഒരു നിമിഷം അമ്പരന്നു.
നാരായണി സമയോചിതമായി ഇടപെട്ടു,"എന്താ കുട്ടാ, പൊട്ടത്തരം പറയുന്നത്? നാരായണിയെ ഇവിടെ നിന്ന് ഇറക്കി വിടാന്‍ പറ്റുമോ? ഒരു പുതിയ വീട് വെച്ച് ഞങ്ങള്‍ മാറാന്‍ പോവുകയാണ്. നാരായണി എല്ലാ ദിവസവും ഇവിടെ വരും. എന്‍റെ കൂടെ എന്‍റെ പിള്ളേരും വരും. ഇവിടുത്തെ കഞ്ഞിയും ചോറും ഇല്ലാതെ നാരായണിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ പറ്റുമോ?" നാരായണി ജോസഫിനെ കെട്ടിപ്പിടിച്ചു. കവിളും ചുണ്ടും വിറച്ചു, കണ്ണു നിറഞ്ഞു, വാവിട്ടു കരഞ്ഞു പോകുമോ എന്ന് നാരായണിക്കു തോന്നി. അത് മറയ്ക്കാനായി കത്രീനക്കുഞ്ഞിനെ എടുത്ത് എളിയില്‍ വെച്ചു. അപ്പോഴാണ് കൊച്ചുത്രേസ്യാ ക്കുട്ടിയുടെ ശ്വാസം നേരെ വീണത്. (തുടരും...)
അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു, ഭാഗം-6
പ്രൊഫ. ജോര്‍ജ് ജോസഫ് എം
അസ്സീസി മാസിക, ജൂലൈ 2025



















