ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സീയെന്നാ നഗരത്തില്‍ ഒരു ബിസ്സിനസ്സുകാരന്‍ ജീവിച്ചിരുന്നു. അയാളുടെ പേര് ലുക്കേസിയ. പണം പലിശക്കുകൊടുക്കലായിരുന്നു ബിസ്സിനസ്സ്, നാടന്‍ ഭാഷയില്‍ തനി 'ബ്ളേഡ്' ബോനാഡോണായെന്ന സുന്ദരിപെണ്ണിനെ വിവാഹം കഴിച്ച് യാതൊരു അല്ലലുമില്ലാതെ സുഖമായ ജീവിതം. പെട്ടെന്നായിരുന്നു ജീവിതത്തെ മാറ്റി മറിച്ച സംഭവമുണ്ടായത്. അസ്സീസിയിലെ ഫ്രാന്‍സിസും സഹോദരന്മാരും സീയെന്നായിലെ തെരുവുകളില്‍ സുവിശേഷം പ്രസംഗിക്കുന്നത് ലുക്കേസിയാ കേള്‍ക്കാനിടയായി. ലൗകികവ്യഗ്രതകളില്‍നിന്ന് തിരിഞ്ഞ് മാനസാന്തരപ്പെട്ട് സുവിശേഷ ശൈലിയില്‍ ജീവിക്കുവാനുള്ള ആഹ്വാനവും സഹോദരന്മാരുടെ ലളിത ജീവിതവും അയാളെ ആകര്‍ഷിച്ചു. ലൂക്കേസിയാ പിന്നീടൊന്നും ചിന്തിച്ചില്ല. ഫ്രാന്‍സിസിന്‍റെ പാത പിന്തുടര്‍ന്ന് സുവിശേഷ ജീവിതം നയിക്കാനുള്ള ഉറച്ച തീരുമാനത്തില്‍ അയാള്‍ എത്തി. പക്ഷെ താന്‍ വിവാഹിതനും കുടുംബജീവിതക്കാരനുമാണല്ലോ. അയാള്‍ ഫ്രാന്‍സിസിനെ സമീപിച്ചു. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും മാനസാന്തരത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും വഴിയില്‍ ജീവിക്കുവാനുള്ള സുവിശേഷ ജീവിതരേഖ ഫ്രാന്‍സിസ് ക്രമപ്പെടുത്തി. പ്രഥമ അംഗങ്ങളായി ലുക്കേസിയായും ഭാര്യയും സ്വീകരിക്കപ്പെട്ടു. ഇതായിരുന്നു ഫ്രാന്‍സിസ്ക്കന്‍ മൂന്നാംസഭയുടെ തുടക്കം. സന്ന്യാസവസ്ത്രം പോലുള്ള നീളന്‍ കുപ്പായവും അരയില്‍ ചരടും അവര്‍ ധരിച്ചു.
കേരളത്തില്‍ ഫ്രാന്‍സിസ്ക്കന്‍ മൂന്നാംസഭക്കു തുടക്കമിട്ട വ്യക്തിയാണ് കുടുംബജീവിതക്കാരനായിരുന്ന എടത്വാക്കാരന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ (Servant of God Puthenparambil Thommachan). സ്വര്‍ഗ്ഗോന്മുഖമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ലക്ഷ്യം മാത്രമല്ല വഴിയും പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഫ്രാന്‍സിസിന്‍റെ പാത അദ്ദേഹം സ്വീകരിച്ചത്.
തൊമ്മച്ചന്‍റെ ജനനം 1836 ജൂലായ് 6-ാം തീയതി ആയിരുന്നു. രണ്ടു വയസ്സുള്ളപ്പോള്‍ പിതാവ് ഫിലിപ്പ് മരിച്ചു. അമ്മ ത്രേസ്യ, മകനെ ദൈവഭക്തിയിലും വിശ്വാസത്തിലും വളര്‍ത്തി. യുവാവായ തൊമ്മച്ചന്‍ വടക്കേവീട്ടില്‍ അന്നമ്മയെ വിവാഹം കഴിച്ചു. അവര്‍ക്ക് ദൈവം നല്കിയ മൂന്നുമക്കളെയും കാലിടറാതെ വളര്‍ത്തി. മൂന്നുപേരെയും വിവാഹാന്തസ്സില്‍ പ്രവേശിപ്പിച്ചു.
തന്‍റെ പുതുജീവിതരീതിക്ക് തൊമ്മച്ചന്‍ തുടക്കമിടുന്നത് 1864-ല്‍ ആണ്. ചില കൂട്ടുകാരോടൊപ്പം പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഭക്തിമാര്‍ഗ്ഗത്തില്‍ ജീവിതം ആരംഭിച്ചു. താമസിയാതെ തോട്ടയ്ക്കാട്ടു പള്ളി വികാരിയില്‍നിന്ന് ഫ്രാന്‍സിസ്ക്കന്‍ മൂന്നാംസഭയുടെ നിയമാവലി കിട്ടി. പിന്നീടുള്ള ജീവിതം അതനുസരിച്ചായിരുന്നു. 1868-ല്‍ കുറുമ്പനാടം പള്ളിയില്‍വച്ച് മൂന്നാംസഭാ വസ്ത്രം - തവിട്ടുനിറമുള്ള നീണ്ട അങ്കിയും അരക്കെട്ടും - സ്വീകരിച്ചു. വരാപ്പുഴ മെത്രാപ്പോലീത്തായില്‍നിന്ന് ഔദ്യോഗിക അംഗീകാരവും നേടി. സാവധാനം മൂന്നാംസഭാംഗങ്ങളുടെ സംഖ്യയും യൂണിറ്റുകളുടെ എണ്ണവും വളര്‍ന്നു. 1875-ല്‍ ചങ്ങനാശ്ശേരി പള്ളി വികാരിയെ മൂന്നാംസഭാ രക്ഷാധികാരിയായി ലഭിച്ചു.
ആലപ്പുഴ പൂന്തോപ്പില്‍ മൂന്നാംസഭാകേന്ദ്രവും ഫ്രാന്‍സിസ് അസ്സീസിയുടെ നാമത്തില്‍ പള്ളിയും സ്ഥാപിച്ചു. അംഗങ്ങളുടെ ഒരുമിച്ചുകൂടല്‍, ധ്യാനം, തിരുനാള്‍ എന്നിവയും ക്രമമായി നടത്തി. സമൂഹജീവിതത്തിനും സ്ഥാനമുണ്ടായിരുന്നു. ചില സുഹൃത്തുക്കളുമൊത്ത് മലമുകളിലെ ഏകാന്തതയില്‍ അദ്ദേഹം നോമ്പുകാലം ചെലവഴിച്ചു. ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകളോളം അദ്ദേഹം ചെലവഴിക്കുമായിരുന്നു. മിശിഹായുടെ സജീവസാന്നിധ്യം സ്വന്തം ജീവിതത്തില്‍ അനുഭവിക്കുക വഴി തൊമ്മച്ചന്‍ പ്രാര്‍ത്ഥനയുടെ മനുഷ്യനായി.
തൊമ്മച്ചന്‍റെ ഭക്തജീവിത താല്പര്യത്തോടൊപ്പം സഹധര്‍മ്മണി ഉയര്‍ന്നില്ലെങ്കിലും നല്ല കത്തോലിക്കാ കുടുംബജീവിതത്തിന്‍റെ മാതൃകയായിരുന്നു പുത്തന്‍പറമ്പില്‍ കുടുംബം. എല്ലാറ്റിലുമുപരി പിതാവായ ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ സഭയുടെ വിശ്വസ്തസേവകനായിരുന്നു തൊമ്മച്ചന്‍. സഭാധികാരികള്‍ക്ക് എപ്പോഴും വിധേയനായി ജീവിച്ചു. എല്ലാ സംരംഭങ്ങള്‍ക്കും തുടക്കമിടുമ്പോള്‍ വൈദികരോട് ആലോചിക്കുകയും അവരുടെ സഹായസഹകരണം തേടുകയും ചെയ്യുമായിരുന്നു. ദൈവവിളിയെ പ്രോത്സാഹിപ്പിക്കുകയും മാനസാന്തരവേല കടമയായി കാണുകയും ചെയ്തു. 1909 നവംബര്‍ ഒന്നിന് തൊമ്മച്ചന്‍ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ഭാരതസഭാ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തിയാണ് തൊമ്മച്ചന്‍.