top of page

പ്രസംഗം

Apr 9, 2025

1 min read

George Valiapadath Capuchin

ഇന്ന് വൈകീട്ട് ഞാൻ ക്രിസം കുർബാനയിൽ പങ്കെടുത്തു: ഈ രൂപതയിലെ എന്റെ രണ്ടാമത്തേത്. ഈ രൂപതയെക്കുറിച്ച് പറയുകയാണെങ്കിൽ, 34,000 കത്തോലിക്കരെക്കൊണ്ട് 94,000 ചതുരശ്ര മൈലിലായി വ്യാപിച്ചുകിടക്കുന്ന ഒരു സഭ (ഓരോ 2.75 ചതുരശ്ര മൈലിന് ( 7 ചതുരശ്ര കിലോമീറ്ററിന്) ഒരു കത്തോലിക്കാ വിശ്വാസി). 50 ഇടവകകളും 50 മിഷനുകളും ഈ ഒറ്റ രൂപതയിൽ!


ബിഷപ്പ് ജെഫ്രിയുടെ ഇന്ന് രാത്രിയിലെ പ്രസംഗം വളരെ നന്നായിരുന്നു. ഇന്നത്തെ പ്രത്യേക കുർബാനയിൽ എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞതിന് ശേഷം, ഈ കുർബാനയിൽ എന്താണ് സംഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ കുർബാനയിൽ എന്താണ് സംഭവിക്കേണ്ടത് എന്നതിനെപ്പറ്റിയുള്ള പ്രസംഗത്തിൻ്റെ ഉത്തര ഭാഗം എനിക്ക് ഒത്തിരി ഇഷ്ടമായി. ഞാൻ അദ്ദേഹത്തെ പദാനുപദം ഉദ്ധരിക്കാം:

Bishop Jeffrey Fleming
Bishop Jeffrey Fleming

"ഈ ബലിപീഠത്തിൽ നിന്ന് നാമിന് അവന്റെ ശരീരവും രക്തവും സ്വീകരിക്കും. ഇവിടെ നമ്മൾ ഒരു ശരീരമായി, ഒരു ആത്മാവായി മാറും. ഇവിടെ നാം നമ്മുടെ സ്നേഹനിധിയായ ദൈവവുമായും പരസ്പരവും, അവനോടൊപ്പവും അവനുവേണ്ടിയും കൂട്ടായ്മയിലായിത്തീരും. നാം പരസ്പരം സ്വന്തപ്പെട്ടവരാണെന്ന് ഓർമ്മിക്കാനും ജീവിക്കാനും ഇവിടെവച്ചാണ് നാം വെല്ലുവിളിക്കപ്പെടുന്നത്. ഇവിടെ, "നമ്മളെ"ന്നും "അവരെ"ന്നും ഉണ്ടായിരിക്കാനാവില്ല. ഇവിടെ വേർതിരിവുകൾ ഉണ്ടായിരിക്കാനാവില്ല. "മറ്റുള്ളവരെ" സേവിക്കുന്നതിൽ നിന്ന് പരസ്പരമുള്ള ഒന്നാകലിലേക്ക് നാം നീങ്ങുന്നത് ഇവിടെ വച്ചാണ്. ദൈവത്തിന്റെ സ്നേഹത്തിന്റെയും കൃപയുടെയും വൃത്തത്തിന് പുറത്ത് ആരും നിൽക്കുന്നില്ലെന്ന് നാം സങ്കൽപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഇവിടെയാണ്. ഇവിടെ നിന്ന്, നാം 'അരികു'കളിലേക്ക് നീങ്ങും, അങ്ങനെ 'അരികു'കൾതന്നെ മായ്ചുനീക്കപ്പെടും. നാം ഇവിടെ നിൽക്കുന്നത് അന്തസ്സ് നിഷേധിക്കപ്പെട്ടവരോടൊപ്പമാണ്. ദരിദ്രരോടും ബലഹീനരോടും ശബ്ദമില്ലാത്തവരോടും ഒപ്പമാണ് നാം ഇവിടെ നിൽക്കുന്നത്. എളുപ്പത്തിൽ വെറുക്കപ്പെടുന്നവരോടും എളുപ്പത്തിൽ ഉപേക്ഷിക്കപ്പെടുന്നവരോടും ഒപ്പമാണ് അരികറ്റങ്ങളിൽ നാം നില്ക്കുന്നത്. പൈശാചികവല്ക്കരണം അവസാനിപ്പിക്കേണ്ടതിന് പൈശാചികവല്ക്കരിക്കപ്പെട്ടവരോടൊപ്പം നാം ചേർന്നുനില്ക്കുന്നു. വലിച്ചെറിയപ്പെടുന്നവരോടൊപ്പം നാം അരികിൽ നിൽക്കുന്നത്, ആളുകളെ അങ്ങനെ വലിച്ചെറിയുന്നത് നിർത്തലാവുന്ന ദിവസം സമാഗതമാകുന്നതിനു വേണ്ടിയാണ്. നമ്മുടെ ദൈവത്തോടൊപ്പവും ദൈവത്തിനുവേണ്ടിയും നമ്മൾ ഇവിടെ ചേർന്നും ഒരുമിച്ചും നിൽക്കുന്നു. പിന്നെ, ദൈവത്തിൻ്റെ വചനത്താലും അവന്റെ ശരീര-രക്തങ്ങളാലും പോഷിപ്പിക്കപ്പെട്ട നാം ഇവിടെ നിന്ന് പറഞ്ഞയയ്ക്കപ്പെടുകയാണ്. മെത്രാന്മാരും പുരോഹിതരും ഡീക്കന്മാരും സന്ന്യസ്തരും അല്മായരും - ദൈവജനം മുഴുവനും - ശുശ്രൂഷയിലേക്കും സേവനത്തിലും ഒരുമിച്ചാണ് പറഞ്ഞയയ്ക്കപ്പെടുന്നത്. നമ്മുടെ ലോകത്തെ മാറ്റാൻ കഴിയേണ്ടതിന് നമ്മെത്തന്നെ മാറ്റുന്നതിനായി; തങ്ങൾ സ്നേഹിക്കപ്പെടുന്നുവെന്നും സ്വാഗതം ചെയ്യപ്പെടുന്നുവെന്നും മറ്റുള്ളവർക്ക് മനസ്സിലാവും വിധം അവരെ സ്വാഗതം ചെയ്യുന്നതിനായി - അവന്റെ ജീവിതം പങ്കിടാൻ; അവന്റെ സ്നേഹം പങ്കിടാൻ; ലോകത്തിന് ക്രിസ്തുവായിത്തീരാൻ."


സമീപകാലത്ത് ഞാൻ കേട്ടിട്ടുള്ള പ്രസംഗങ്ങളിൽ വച്ച് മികച്ച സന്ദേശമായിരുന്നു ബിഷപ്പ് ഇന്ന് നല്കിയത് - അതും അതീവ വ്യക്തതയോടെ!


Recent Posts

bottom of page