

സെമിനാരി അനുശീലനം ഒരു കാലത്തും കുറ്റമറ്റതായിരുന്നിട്ടില്ല. ഞാനും എനിക്കു മുമ്പുണ്ടായിരുന്നവരും പിന്നീട് വന്നവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സഭാ നവീകരണത്തെക്കുറിച്ച് ആലോചിക്കുന്ന വരെല്ലാം സെമിനാരിയിലാണ് എത്തിച്ചേരുന്നത്.
ലിയോ പാപ്പാ സ്ഥാനമേറ്റിട്ട് ആറുമാസം കഴിയുന്നു. ഇതിനോടകം അദ്ദേഹം പല തവണ അതിനെക്കുറിച്ച് ചർച്ച ചെയ്തു കഴിഞ്ഞു. തൻ്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായെ പോലെ അദ്ദേഹവും സമാനമായ താല്പര്യങ്ങളാണ് മുന്നോട്ടുവച്ചത്. പ്രവാചകപരവും കരുണാമസൃണവുമായ വൈദിക ജീവിതം ലക്ഷ്യമാക്കി ക്കൊണ്ടായിരിക്കണം പരിശീലനം. ആന്തരികതയുടെ ആഴമുള്ള പ്രാർത്ഥനാജീവിതം; യേശുവിനോടുള്ള ഉൽക്കടമായ സ്നേഹം എന്നിവയിൽ ഊന്നിക്കൊണ്ടായിരിക്കണം അനുശീലനം നടക്കേണ്ടത്. വ്യക്തിയിൽ മാനുഷികവും ആത്മീയവും ബൗദ്ധികവും അജപാലനപരവുമായ വൈഭവങ്ങൾ വികസിപ്പിക്കാൻ അനുശീലനത്തിന് സാധിക്കണം: എന്നൊക്കെയാണ് സഭയുടെ താല്പര്യങ്ങളായി പാപ്പാ പറയുന്നത്.
താല്പര്യങ്ങളൊക്കെ എപ്പോഴും നല്ലതുതന്നെയാണ്. എന്നാൽ, ഇതെങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് സഭ മുമ്പും ഇപ്പോഴും ഏറെ ചിന്തിച്ചിട്ടുള്ളതായി കാണുന്നില്ല. ഗഹനമായ പഠനങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി ഒരുക്കത്തിന് ഒരു വർഷം വേണം എന്ന് സഭ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, എങ്ങനെയാണ് അത് പ്രാവർത്തികമാക്കേണ്ടത് എന്നതിനെ കുറിച്ചാണ് നിർദ്ദേശങ്ങൾ ഇല്ലാത്തത്.
ദോഷം പറയരുത്. ഞാനുൾപ്പെടുന്ന എൻ്റെ തലമുറയെക്കാൾ നന്മകളും ദിശാബോധവും തീക്ഷ്ണതയും ഇക്കാലത്ത് സെമിനാരി പരിശീലനം നേടുന്ന ചെറുപ്പക്കാരിൽ കാണാനുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പ്രഭയുള്ള ഒരു നാളെയെ ഞാൻ സ്വപ്നം കാണുന്നുണ്ട്. നമ്മെക്കാളൊക്കെ അവർ ഏറെ മുന്നോട്ടു പോകും എന്നത് തീർച്ചയാണ്. പക്ഷേ, സമയപ്പെടുക്കും. കാരണം, അറിവുകൾ നല്കാൻ മാത്രമേ മുതിർന്നവർക്ക് കഴിഞ്ഞിട്ടുള്ളൂ. ബാക്കിയെല്ലാം അവർ സ്വയം നിർമ്മിക്കുകതന്നെ വേണം. ക്ഷമയോടെ കാത്തിരിക്കാം!





















