

യേശു യുഗാന്ത്യ കാലങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഏതോ വിദൂരസ്ഥിതമായ ഒരു കാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ മാത്രമല്ല. നാമുമായി ബന്ധമില്ലാത്ത കാര്യങ്ങളുമല്ല. ഒരേ സമയം ഭാവ്യുന്മുഖവും വർത്തമാനാടിസ്ഥിതവുമാണവ. യുഗാന്ത്യത്തിൽ ഇന്നയിന്ന പോലെയാവും കാര്യങ്ങൾ എന്നു പറഞ്ഞിട്ട്, അതിനാൽ നിങ്ങൾ ഇന്നയിന്ന പോലെ ചെയ്യുവിൻ - എന്ന മുറക്കാണ് അവൻ്റെ പ്രബോധനങ്ങൾ.
രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ പാലിക്കേണ്ടതായി അവൻ ഉദ്ബോധിപ്പിക്കുന്നത്. ഒന്ന്: ജാഗരൂകരായിരിക്കുവിൻ (Mt. 24:42); രണ്ട്: ഒരുങ്ങിയിരിക്കുവിൻ (Mt. 24:44). രണ്ടും ഒരേ കാര്യം തന്നെ എന്നു തോന്നാം. ഒന്നിനൊന്ന് ബന്ധപ്പെട്ടതാണ് രണ്ടുമെങ്കിലും രണ്ടും രണ്ടു കാര്യങ്ങളാണ്. ഒരുങ്ങിയിരിക്കുക / തയ്യാറായിരിക്കുക എന്നെല്ലാം പറയുന്നത് ശരിയായ പ്രവൃത്തിയെക്കുറിച്ചാണ് - right action / dutiful action. നാം ഓരോരാളും നമ്മുടെ ധർമ്മം ചെയ്യണം. അധർമ്മം ചെയ്യാതിരിക്കണം. ഒരു ഉദാഹരണത്തിലൂടെ അക്കാര്യം വ്യക്തമാക്കുന്നുണ്ട് അവൻ. "തൻ്റെ ഭവനത്തിലുള്ളവർക്ക് യഥാസമയം ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ": കർമ്മോത്സുകതയോടെ മറ്റുള്ളവരെ പരിചരിക്കുകയാണ് അയാളുടെ ധർമ്മം. എന്നാൽ, അയാൾ "തൻ്റെ സഹഭൃത്യരെ മർദ്ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാൽ" അയാൾ ചെയ്യുന്നത് അധർമ്മമാണ്. ചെയ്യേണ്ടത് ചെയ്യുക. അഥവാ, ധർമ്മമായത് നീതിയായത് ചെയ്യുകയാണ് വേണ്ടത്.
ജാഗരൂകരായിരിക്കുക, ഉണർന്നിരിക്കുക എന്നെല്ലാം പറയുന്നത് ഈ ധർമ്മനിർവ്വഹണത്തിൻ്റെ രീതിയെക്കുറിച്ചാണ്. അതേക്കുറിച്ച് രണ്ട് ഉദാഹരണങ്ങൾ നല്കുന്നുണ്ട്. "രണ്ടുപേർ വയലിലായിരിക്കും. ഒരാൾ എടുക്കപ്പെടും, മറ്റെയാൾ അവശേഷിക്കും. രണ്ടുസ്ത്രീകൾ തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും, മറ്റവൾ അവശേഷിക്കും." ധർമ്മം ചെയ്യുന്നത് അവബോധത്തോടെ, മനസ്സാന്നിധ്യത്തോടെ ചെയ്യുക എന്ന് പറയാം. ഈ പ്രയോഗങ്ങൾ ഏറെക്കുറെ ശരിയാണെന്ന് പറയാമെങ്കിലും അവ സംവേദിക്കുന്നത് വളരെ അടിസ്ഥാനപരമായ സൂചനകൾ മാത്രമാണ് എന്നെനിക്കു തോന്നുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ, തോട്ടത്തിൽ വേലചെയ്യുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, കളികളിൽ ഏർപ്പെടുമ്പോൾ - മനസ്സാന്നിധ്യത്തോടെ ചെയ്യുക. അതാണ് 'അവബോധത്തോടെ ചെയ്യുക' എന്നു പറയുമ്പോൾ നമുക്കൊക്കെ മനസ്സിലാകുന്നത്. എന്നാൽ, അത് വളരെ പ്രാഥമികമായ ഒരു തലം മാത്രമാണ് എന്നെനിക്കു തോന്നുന്നു. വയലിലുള്ള രണ്ടുപേർ വേലചെയ്യുക തന്നെയാണ്. തിരികല്ലിൽ പൊടിക്കുന്ന സ്ത്രീകൾ രണ്ടുപേരും ധാന്യം പൊടിക്കുക തന്നെയാണ്. എന്നാൽ, നാലുപേരിൽ രണ്ടുപേരല്ലേ സ്വീകൃതരാകുന്നുള്ളൂ?! ലക്ഷ്യബോധത്തോടെ - purposiveness- ധർമ്മം ചെയ്യുകയാണ് വേണ്ടത്. ഭക്ഷണം പാചകം ചെയ്യുന്നതും തോട്ടത്തിൽ വേലചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും കളികളിൽ ഏർപ്പെടുന്നതും ലക്ഷ്യബോധത്തോടെ ചെയ്യുകയാണ് വേണ്ടത്. ഞാൻ ഈ ചെയ്യുന്ന പ്രവൃത്തി തന്നെയാണ് ഞാൻ ചെയ്യേണ്ടുന്ന പ്രവൃത്തി. എൻ്റെ ധർമ്മം. ഞാൻ ഈ ചെയ്യുന്നതിന് ഭൗതികമായ ഒരു ലക്ഷ്യമുണ്ട്; ഭൗതികതയെ കവിയുന്ന ഒരു ലക്ഷ്യവുമുണ്ട്. യാതൊരു പ്രവൃത്തിയും ലക്ഷ്യരഹിതമല്ല. പ്രസ്തുത ലക്ഷ്യങ്ങൾ പ്രാപിക്കാനുള്ള യജ്ഞമാണ് ഈ ധർമ്മാനുഷ്ഠാനം. ഒരുകാര്യം യജ്ഞമാകുമ്പോൾ അത് നൈവേദ്യമാണ്, ആരാധനയാണ്. ഓറയും ലബോറയും അവിടെ ഒന്നാവുകയാണ്.
_🐌_ _ __ _





















