top of page

ബലിയര്‍പ്പണം

May 1, 2010

5 min read

Assisi Magazine
Image : Daya Bai
Image : Daya Bai

കഥയെന്നു തോന്നുമെങ്കിലും സംഭവിച്ചതാണിത്: വരയാടുകളെക്കുറിച്ച് ഗവേഷണം നടത്താന്‍ ഒരു സായിപ്പു ഗവേഷണ വിദ്യാര്‍ത്ഥി കേരളത്തിലെത്തി. പക്ഷേ മനുഷ്യന്‍റെ നിഴലു കണ്ടാല്‍ അവ ഓടിയൊളിക്കും. ഈ അവസ്ഥയില്‍ എന്തു ഗവേഷണം? സായിപ്പ് ഒരു വിദ്യ കണ്ടെത്തി. വരയാടുകള്‍ മേയുന്നിടത്ത് അയാള്‍ പോകും. അവയുടെ കാഷ്ഠവും മൂത്രവുമൊക്കെ വീണ പുല്ലില്‍ അയാള്‍ കിടന്നുരുളും. കുളിക്കുകയൊന്നുമില്ല. അങ്ങനെ ആറുമാസം കഴിഞ്ഞപ്പോള്‍ അയാള്‍ക്കു വരയാടിന്‍റെ ഗന്ധമായി. പതുക്കെ പതുക്കെ വരയാടുകളുടെ കൂട്ടം അയാളുടെ അടുത്തേക്ക് വന്നുതുടങ്ങി. തൊട്ടറിഞ്ഞും കണ്ടനുഭവിച്ചും അയാള്‍ അവയെക്കുറിച്ച് ഗവേഷണ പ്രബന്ധം എഴുതിയുണ്ടാക്കി. മറ്റു മനുഷ്യരുമായും ഇണങ്ങി അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് പടക്കം പൊട്ടിച്ച് അവയെ തന്നില്‍നിന്നകറ്റിയിട്ടാണ് സായിപ്പ് തന്‍റെ നാട്ടിലേക്ക് തിരികെപ്പോയത്. വരയാടുകളെ പ്രണയിച്ചവന്‍ വരയാടായി മാറി.

ഇതുപോലൊക്കെയാണ് പാലായ്ക്കടുത്തുള്ള പൂവരണി ഗ്രാമത്തിലെ പുല്ലാട്ടു കുടുംബത്തിലെ മേഴ്സി മാത്യു 'ദയാബായി'യായിത്തീര്‍ന്നതും. തന്‍റെ ശരീരം കൊണ്ട് അവള്‍ ക്രിസ്തുവിന്‍റെ ശൂന്യവത്ക്കരണത്തിനു ഉപമയൊരുക്കുന്നു. അവളുടെ ചാലു കീറിയ മുഖം, കഴുത്തിലും കൈകളിലുമുള്ള തളകള്‍, വീണ്ടുകീറിയ പാദം, ഗോത്രവര്‍ഗ്ഗക്കാരിയുടെ പോലുള്ള വസ്ത്രധാരണം ഒക്കെക്കൊണ്ട് അവള്‍ ഇന്നു ജീവിക്കുന്ന മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാരിലൊരുവളായിത്തീര്‍ന്നിരിക്കുന്നു.

പതിനൊന്നാം ക്ലാസ്സുവരെ വീട്ടില്‍നിന്ന അവള്‍ 1958-ല്‍ അവിടെനിന്നിറങ്ങിപ്പോയത് സന്ന്യാസിനിയാകാനാണ്. അധികം താമസിക്കാതെ ചേര്‍ന്ന മഠത്തില്‍നിന്നും അവള്‍ ഇറങ്ങിപ്പോയി. പിന്നെ പതിനഞ്ചു കൊല്ലത്തോളമുള്ള അലച്ചില്‍. അതിനുശേഷം 1981-ല്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ആരംഭിച്ച അവരുടെ ജീവിതം ഇന്നും തുടരുന്നു. "സന്ന്യാസിനിയാകാനാണു ഇറങ്ങിത്തിരിച്ചത്; അതായോ?" എന്ന ചോദ്യത്തിനു "ആയി" എന്നു നിസ്സംശയം ഉത്തരം. സന്ന്യാസത്തെക്കുറിച്ച് ഒരു അഭിമുഖത്തിനു അനുവാദം ചോദിച്ച്  ഫോണില്‍ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ട് അവസാനം കിട്ടിയത് രാത്രി 11.30 നാണ്. ഫോണില്‍കൂടി സംസാരിക്കുമ്പോള്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ പ്രസംഗിക്കുന്നതു കേള്‍ക്കാം. ദയാബായി ഏതോ ഒരു മൈതാനയോഗത്തിനിടയ്ക്കാണ് ആദ്യമായി 'അസ്സീസി' യോട് സംസാരിച്ചത്. പിന്നീട് വൈറ്റിലയിലെ അവരുടെ സഹോദരഭവനത്തില്‍ അഭിമുഖത്തിനായി ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ ഗെയ്റ്റിനരികെയുമുണ്ടായിരുന്നു. കോഴിക്കോട് ഒരു മീറ്റിംങ്ങില്‍ പങ്കെടുത്തിട്ട് വൈറ്റിലയിലെത്തി, പുലര്‍ച്ച 2:30 -ന് 'നിലാവിന്‍റെ കൂട്ടായ്മ' യിലും പങ്കെടുത്ത് അവരെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും കുളിച്ച് അഭിമുഖത്തിനായി തയ്യാറായി അവര്‍ നിന്നു.


അഭിമുഖത്തിലൂടെ...

?. താങ്കള്‍ കന്യാസ്ത്രീയാകാന്‍ തീരുമാനിച്ച് ചേര്‍ന്നത് ബീഹാറിലെ ഹസാരിസ കോണ്‍വെന്‍റിലാണല്ലോ. ഒരു മലയാളി ഗ്രാമീണ പെണ്‍കുട്ടി നാട്ടില്‍പോലും നില്ക്കാതെ അങ്ങനെ പോയത് വളരെ സാഹസികമായിത്തോന്നുന്നു. കോണ്‍വെന്‍റ് ജീവിതത്തെക്കുറിച്ച് ഒന്നു പറയാമോ

 ഉ: മിഷനറിമാരെക്കുറിച്ചൊക്കെ ചെറുപ്പത്തിലെ കേട്ടത് നമ്മെ കോരിത്തരിപ്പിക്കുന്ന ചില കാര്യങ്ങളായിരുന്നു. ഇപ്പോഴുമോര്‍മ്മയിലുണ്ട് അവരെക്കുറിച്ചു കേട്ട ഒരു പാട്ടിന്‍റെ ആദ്യ വരി: 'കാറ്റും മഴയും മഞ്ഞും വെയിലും കൂട്ടാക്കാതെയിതാര്‍, കൂട്ടാക്കാതെയിതാര്‍..." ഇങ്ങനെയൊക്കെയായിത്തീരാന്‍ മനസ്സു വെമ്പി.  എല്ലാവരും എനിക്ക് ആരോഗ്യം പോരെന്നു പറഞ്ഞിരുന്നതുകൊണ്ട് സ്കൂളില്‍ പഠിക്കുമ്പോഴേ രാവിലെ രണ്ടു മണിക്കെണീറ്റ് പുഴയില്‍ നീന്താന്‍ പോയിട്ടുണ്ട്. അത്രയാഗ്രഹിച്ചാണു മഠത്തില്‍ച്ചേര്‍ന്നത്.

പക്ഷേ ചെന്നുപെട്ടത് വളരെ സുരക്ഷിതമായ ഒരു അന്തരീക്ഷത്തിലാണ്. വമ്പന്‍ ചുറ്റുമതിലുകളുള്ള ഒരു വലിയ മഠം. അവിടുത്തെ ആദ്യത്തെ ക്രിസ്മസ് രാത്രി ഓര്‍മ്മയിലുണ്ട്. മഠത്തിലെ എല്ലാ ആഘോഷവും കഴിഞ്ഞ് മുറിയിലെത്തി വെളിയിലേക്കു നോക്കുമ്പോള്‍ മതിലിനപ്പുറത്ത് ഇരുട്ടില്‍ പൂണ്ടുകിടക്കുന്ന കൊച്ചുകുടിലുകള്‍. എനിക്കത് സഹിക്കാന്‍ പറ്റിയില്ല. ക്രിസ്തു അങ്ങനെയുള്ള ഏറ്റവും പാവപ്പെട്ടവരുടെ ഇടയിലാണു പിറന്നുവീണത്. അവനെ ആദ്യം കണ്ടതും അവരാണ്. ഏറ്റവും ബലഹീനരായവര്‍ക്കിടയിലാണ് അവന്‍ കൂടാരമടിച്ചത്. എന്നിട്ടീഞാനോ? ബഡ്ഷീറ്റും തലയണയുമായി ഞാനിറങ്ങിയതാണ്, അവിടെപ്പോയി കിടക്കാന്‍. പക്ഷേ എന്‍റെ ഫോര്‍മേറ്റര്‍ എന്നെ തടഞ്ഞു.

  മഠത്തിലുള്ള സിസ്റ്റേഴ്സിനൊക്കെ എന്നെ വലിയ കാര്യമായിരുന്നു. ഏല്പിക്കുന്ന എല്ലാ കാര്യവും ഭംഗിയായി ചെയ്യും. സങ്കീര്‍ത്തിയിലെ കാര്യമൊക്കെ ഞാനേറ്റെടുത്തു ചെയ്യും. സിസ്റ്റേഴ്സിന്‍റെ വ്രതവാഗ്ദാന വേളയില്‍ ധരിക്കുന്ന 'മുടി' ഉണ്ടാക്കുന്നതും ഞാനായിരുന്നു. ധ്യാനവേളകളില്‍ ഏറ്റവും മുമ്പിലായിരുന്നു ഞാന്‍. അവരെന്നെ ഒരുപാടു സ്നേഹിച്ചിരുന്നു.

 

?. എന്നിട്ടും ആ സമൂഹത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു...

 ഉ: തികഞ്ഞ ഒരു ഗാന്ധിയനായിരുന്ന എന്‍റെ അപ്പന്‍റെ പാവപ്പെട്ടവരോടുള്ള ആര്‍ദ്രത വളരെ ചെറുപ്പത്തില്‍ തന്നെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. ചുറ്റുമുള്ളവരുടെ വേദന എന്നെ വല്ലാതെ അലട്ടുന്നു. അവരോട് പ്രതികരിക്കേണ്ടതെങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് ക്രിസ്തുവും ഗാന്ധിയുമാണ്. ക്രിസ്തുവിന്‍റെ നസ്രത്ത് മാനിഫെസ്റ്റോ നോക്കുക. എത്ര ശക്തവും വ്യക്തവുമാണത്. സുരക്ഷിതത്വം സന്ന്യാസത്തിന് ഒട്ടും നിരക്കുന്നതല്ല. എല്ലാ കാര്യവും നന്നായി ചെയ്യുമ്പോഴും ഞാന്‍ അസ്വസ്ഥയായിരുന്നു. എന്‍റെ മനസ്സ് പാവപ്പെട്ടവര്‍ക്കിടയിലായിരുന്നു. പ്രാര്‍ത്ഥിക്കാനിരിക്കുമ്പോഴൊക്കെ കരയും. ഇടയ്ക്കിടയ്ക്ക് ബോധക്കേടുണ്ടാകും. ആരോഗ്യം വല്ലാതെ ക്ഷയിച്ചു. ഞാനൊട്ടുമേ സംതൃപ്തയല്ലെന്നു കണ്ട സുപ്പീരിയര്‍ എന്നെ പറഞ്ഞുവിടാന്‍ തീരുമാനിച്ചു. എന്നിട്ടും മറ്റു സിസ്റ്റേഴ്സിന്‍റെ നിര്‍ബന്ധപ്രകാരം എന്നെ നിര്‍ത്തി. അങ്ങനെ ഞാന്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കി. അതുകൊണ്ടാണ് എനിക്കു ധൈര്യത്തോടെ ഞാന്‍ 'സന്ന്യാസിനി' യാണെന്നു പറയാന്‍ പറ്റുന്നത്. ഇടയ്ക്കൊരു സ്കൂളില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തതാണ്. മഠത്തില്‍ തിരികെവന്നതോടെ കാര്യങ്ങള്‍ പഴയരീതിയിലായി. വേദനിക്കുന്നവര്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എനിക്കവിടെ തുടരാനാകുമായിരുന്നില്ല.


?. ഇപ്പോഴുള്ള ആശയ വ്യക്തത മഠത്തില്‍ നിന്നിറങ്ങുമ്പോള്‍ ഉണ്ടായിരിക്കില്ലല്ലോ. ഒരു പതിനഞ്ചു കൊല്ലക്കാലം താങ്കള്‍ പലയിടത്തും അലഞ്ഞു. പലതും പ്രവര്‍ത്തിച്ചു. അക്കാലഘട്ടത്തെക്കുറിച്ച് കുറച്ചു പറയാമോ

ഉ: കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുമില്ലായിരുന്നു. എവിടെത്തുടങ്ങണം, എങ്ങനെ ചെയ്യണം ഒന്നുമറിയില്ലായിരുന്നു. എന്‍റെ അങ്കിളായ ഒരു അച്ചന്‍ നാഗ്പൂരിലെ അന്നത്തെ ബിഷപ്പിന്‍റെ അടുത്ത് എന്നെ കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ വലിയൊരാശ്വാസമായിരുന്നു. "എന്തു പ്രശ്നമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇയാള്‍ക്ക് എന്‍റെ അടുത്തു വരാം." അതെനിക്കു വലിയ കരുത്തു തന്നു, കോണ്‍വെന്‍റില്‍ നിന്നിറങ്ങി കുറെനാള്‍ ടീച്ചറായി പ്രവര്‍ത്തിച്ചു. പിന്നെ നേഴ്സിംഗ്, തയ്യല്‍ തുടങ്ങിയവ പരിശീലിച്ചു. കുറെനാള്‍ ബോംബെയിലെ ചേരികളിലലഞ്ഞു. മദര്‍ തെരേസായുടെ സിസ്റ്റേഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1971 - ല്‍ ബംഗ്ലാദേശ് യുദ്ധത്തിലെ അഭയാര്‍ത്ഥികളെ ശുശ്രൂഷിക്കാന്‍ കല്‍ക്കട്ടയിലേക്കു പോയി. പിന്നെ എം. എസ്. ഡബ്ള്യുവിനു ചേര്‍ന്നു. ഗ്രാമത്തെക്കുറിച്ചുള്ള തിയറിക്ലാസുകളും നഗരത്തിലെ ഫീല്‍ഡുവര്‍ക്കും. പൊരുത്തപ്പെടാനായില്ല. ഇറങ്ങിപ്പോന്നു. പിന്നെയും ചേരിജീവിതം. ആ കോഴ്സിനു ചില മാറ്റങ്ങള്‍ വന്നപ്പോള്‍ വീണ്ടും ചേര്‍ന്ന് എം. എസ്. ഡബ്ള്യൂ. പൂര്‍ത്തിയാക്കി. ഇതിനിടയിലെല്ലാം ഇരുട്ടുനിറഞ്ഞ ഒരുപാടു ദിവസങ്ങളുണ്ടായിരുന്നു. അവയെക്കുറിച്ചൊക്കെ ഒരു പുസ്തകമെഴുതണമെന്നുണ്ട്. ജീവിതമൊടുക്കാനായി മൂന്നുതവണ റെയില്‍വേട്രാക്കില്‍ പോയതാണ്. പക്ഷേ എന്‍റെ 'ഊപ്പര്‍വാലാ' (മുകളിലിരിക്കുന്നവന്‍) എന്നെ എങ്ങനെയോ താങ്ങിനിര്‍ത്തി. ആ ശക്തി എന്നെ സംരക്ഷിക്കുന്നുണ്ട്. തളരുമ്പോള്‍ അങ്ങോട്ടേക്ക് ഒരു 'ഫോണ്‍ വിളി' നടത്തും. എന്‍റെ പ്രാര്‍ത്ഥന അതാണ്. ഇങ്ങനെയേ എനിക്കു പ്രാര്‍ത്ഥനയെ കാണാനാകൂ.


?. ഒരുപാട് അലഞ്ഞ് അവസാനമെത്തിയതാണല്ലോ ഇപ്പോഴുള്ള ഇടം. ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ള താങ്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സവിസ്തരം എഴുതിയിട്ടുള്ള പുസ്തകങ്ങളും ഡോക്യുമെന്‍ററിയുമുണ്ട് എങ്കിലും സംക്ഷിപ്തമായി 'അസ്സീസി'യുടെ വായനക്കാര്‍ക്കായി അതൊന്നു പങ്കുവയ്ക്കുമോ.

ഉ: എം. എസ്. ഡബ്ള്യൂ. കോഴ്സിന്‍റെ ഭാഗമായുള്ള പ്രോജക്ട് വര്‍ക്കിനായിട്ടാണ് ഞാന്‍ സുര്‍ളാഘാപ്പ എന്ന ഗോത്രവര്‍ഗ്ഗഗ്രാമത്തിലെത്തിയത്. അവിടെ ഒരു വീടിന്‍റെ വരാന്തയിലായിരുന്നു താമസം. അവിടെ ആയിടയ്ക്കുവന്ന ചന്ദ്രയെന്ന പെണ്‍കുട്ടിയുടെ പ്രസവത്തിനു സഹായിക്കാന്‍ ഞാനും കൂടിക്കൊടുത്തു. അവളുടെ ക്ഷണമനുസരിച്ച് അവളുടെ ഭര്‍ത്താവിന്‍റെ ഗ്രാമമായ തിന്‍സൈയിലെത്തി. ഗ്രാമവാസികള്‍ എന്‍റെ കാലുകള്‍ കഴുകി എന്നെ സ്വീകരിച്ചു. അവരോടൊപ്പമിരിക്കുമ്പോള്‍ ഒരു വൃദ്ധന്‍ ചോദിച്ചു: "ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്. അങ്ങെന്താണിവിടെ വന്നത്?" പണ്ടത്തെ ഗോണ്ടുരാജവംശത്തില്‍പ്പെട്ടവരാണിവര്‍. എന്നിട്ടും ഇപ്പോള്‍ സ്വയം പറയുന്നത് കുരങ്ങന്മാരാണെന്നാണ്. രാത്രിയില്‍ ഒരു ഫ്ളാഷ് ബ്ലാക്ക് പോലെ ചില ചിത്രങ്ങള്‍ എന്‍റെ മനസ്സിലേക്കു വന്നു. അവര്‍ തലച്ചുമടായി ചന്തയിലെത്തിക്കുന്ന പച്ചക്കറികളും മറ്റും മറ്റുള്ളവര്‍ പിടിച്ചുവാങ്ങി ഒരു വില സ്വയം നിശ്ചയിച്ച് അവര്‍ക്കു കൊടുക്കുന്നു; ഒന്നും  മിണ്ടാതെ അവര്‍ അതു വാങ്ങുന്നു. ബസില്‍ ആരെങ്കിലും നില്ക്കുകയും ഒരു ഗോണ്ടു സീറ്റിലിരിക്കുകയുമാണെങ്കില്‍ കണ്ടക്ടര്‍ അയാളെ മാറ്റിയിട്ട് നില്ക്കുന്നയാളെ ഇരുത്തുന്നു.

പിന്നീട് അവരിലൊരു സ്ത്രീയെപ്പോലെ വേഷവും ധരിച്ച് നടക്കുമ്പോള്‍ വെറുമൊരു മൃഗത്തോടെന്നപോലെ എന്നോടും ആളുകള്‍ പെരുമാറിയിട്ടുണ്ട്. റിസര്‍വേഷനുണ്ടെങ്കിലും ട്രെയിനിലെ റിസേര്‍വ്ഡ് കംപാര്‍ട്ട്മെന്‍റില്‍ കയറുമ്പോള്‍ 'ഇറങ്ങിപ്പോടീ' എന്ന ആക്രോശം കേട്ടിട്ടുണ്ട്. പോലീസുകാരുള്‍പ്പെടെ എത്ര പുരുഷന്മാര്‍ എന്നെ സമീപിച്ചിട്ടുണ്ട്! ഇത്തരം സ്ത്രീകള്‍ 'അത്തരക്കാരി'യാണെന്നവര്‍ക്കു തോന്നിപ്പോകുന്നു. അവര്‍ക്കുമേല്‍ തങ്ങള്‍ക്കെന്തോ അവകാശമുള്ളതുപോലെ പുരുഷന്‍മാര്‍ പെരുമാറുന്നു.

ഇവരുടെ ആത്മാഭിമാനം ഉണര്‍ത്തിയേ അടങ്ങൂ എന്ന വാശിയായി എനിക്ക്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. അവരെ ഒരുമിപ്പിച്ച് ലഭിക്കുന്ന കൂലിയിലെ വെട്ടിപ്പിനെ എതിര്‍ത്തു. സ്ത്രീകളുടെ സ്വയം സഹായസംഘങ്ങള്‍ രൂപീകരിച്ചു. ഇരുപത്തിരണ്ട് അധ്യാപകരെ  പലയിടങ്ങളില്‍ അധ്യാപനത്തിനു നിയോഗിച്ചു. ഞാന്‍ പഠിപ്പിച്ച ആളുകള്‍ക്ക് ഞാന്‍ ആദ്യം പരിചയപ്പെടുത്തിയ വാക്ക് 'ഹക്ക്' എന്നതായിരുന്നു. 'അവകാശം' എന്നര്‍ത്ഥം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്ലാസിനോടനുബന്ധിച്ചുണ്ടായി. കാണെക്കാണെ അവര്‍ സ്വന്തം കാലില്‍ നില്ക്കാന്‍ തുടങ്ങി.


?. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ പിന്തുണ, അഭിമുഖീകരിച്ച സംഘര്‍ഷങ്ങള്‍...

ഉ: ആത്മാഭിമാനമില്ലാത്തവരുടെ ഉള്ളില്‍ അതുണര്‍ത്തുക ഒട്ടുമേ എളുപ്പമല്ല. ചെയ്യുന്ന പണിക്ക് അനുസരിച്ചുള്ള കൂലി അവര്‍ക്കു കിട്ടിയിരുന്നില്ല. അതു ബോധ്യപ്പെട്ടിട്ടും അന്വേഷണോദ്യോഗസ്ഥര്‍ വന്നപ്പോള്‍ അവര്‍ ഒന്നും എതിര്‍ത്തു പറഞ്ഞില്ല. പക്ഷേ രണ്ടു പെണ്‍കുട്ടികള്‍ ധൈര്യത്തോടെ വന്ന് തങ്ങള്‍ക്കു ലഭിക്കേണ്ടതു കിട്ടുന്നില്ലെന്നു പറഞ്ഞു. അങ്ങനെ ജോലിയുടെ മേല്‍നോട്ടക്കാരെ ശിക്ഷിച്ചപ്പോഴാണ് മറ്റുള്ളവരുടെ കണ്ണു തുറന്നത്.

സ്വയം സഹായസംഘം രൂപീകരിച്ച് കൊള്ളപ്പലിശക്കാരില്‍നിന്നും സ്ത്രീകളെ സ്വതന്ത്രരാക്കിയപ്പോള്‍ ഞാന്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നുള്ള പ്രചാരണമുണ്ടായി. ഞാന്‍ മൂലം മാമ്മോദീസ സ്വീകരിച്ച ഒരാളെക്കാണിക്കാന്‍ ഞാന്‍ വെല്ലുവിളിച്ചു.

ആദ്യമൊക്കെ രൂപതയുമായി ചേര്‍ന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ ആളുകളെയൊക്കെ സംഘടിപ്പിക്കാനും അവരെ ചോദ്യംചെയ്യാനുമൊക്കെ പ്രേരിപ്പിച്ചപ്പോള്‍ പല അധികാരികളും എനിക്കെതിരായി. എനിക്കൊരു മാസം ആകെ കിട്ടിയിരുന്ന ആയിരം രൂപപോലും അവര്‍ നിര്‍ത്തലാക്കി. അച്ചന്മാരായ സുഹൃത്തുക്കളൊക്കെ സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കി എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ ബഹുഭൂരിപക്ഷവും ഒരുതരം അവജ്ഞയോ ശത്രുതയോ പുലര്‍ത്തുന്നതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.


?. ഇത്തരത്തിലൊരു ജീവിതം വ്യവസ്ഥാപിത സന്ന്യാസശൈലിയുമായി പൊരുത്തപ്പെടുന്നില്ല. എന്നിട്ടും താങ്കളുടേത് സന്ന്യാസജീവിതമാണെന്ന് എന്തുകൊണ്ട് പറയുന്നു.

ഉ: സന്ന്യാസവ്രതങ്ങളെല്ലാം എന്‍റെയും ജീവിതത്തിന്‍റെ ഭാഗമാണ്. ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ നാളുകളുണ്ട്. എന്‍റെ അപ്പന്‍ മരിച്ചിട്ടുപോലും എനിക്കെത്താനായില്ല.  എന്‍റെ ദൗത്യനിര്‍വ്വഹണത്തില്‍ തടസ്സമാകുന്ന വിധത്തിലുള്ള അടുപ്പം രക്തബന്ധമുള്ളവരോടുപോലുമുണ്ടായിട്ടില്ല. ദൈവരാജ്യമൂല്യങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് എന്നാണെന്‍റെ വിശ്വാസം.

ഒരിക്കല്‍ ഒരു കന്യാസ്ത്രീ എന്നോട് പരസ്യമായിട്ട് ചൂടായി. ഞാന്‍ കുര്‍ബാന കാണുന്നില്ല പോലും. എന്‍റെ ഗ്രാമത്തില്‍നിന്ന് അവിടെയെത്താന്‍ 200 കി. മീ. ഉണ്ട്. എന്നും ഞാനെങ്ങനെ കുര്‍ബാന കാണും? നമ്മുടെ ഭാഷാ പ്രയോഗം തന്നെ ശ്രദ്ധിക്കുക: 'കുര്‍ബാന കാണുക' കാണാനുള്ളതാണോ കുര്‍ബാന? ചെറുപ്പത്തില്‍ നമ്മള്‍ കേട്ടിട്ടുള്ളത് ലോകത്തിന്‍റെ ഏതെങ്കിലും ഒരു മൂലയില്‍ ഓരോ സെക്കന്‍റിലും ഒരു കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണണ്ടെന്നാണ്. ഒരു ദിവസത്തെ മുഴുവന്‍ അധ്വാനവും കഴിഞ്ഞ്, സകല ശക്തിയും ചോര്‍ന്നുപോയി, വിയര്‍ത്തുകുളിച്ച് കട്ടിലില്‍ വന്നു വീഴുമ്പോള്‍ എന്‍റെ ജീവിതം ബലിയായിത്തീരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. കുര്‍ബാനയര്‍പ്പണത്തോടു ചേര്‍ത്ത് എന്‍റെ ശരീരവും ഞാന്‍ കാഴ്ച വയ്ക്കുന്നു.

ചില അച്ചന്മാര്‍ ചോദിച്ചിട്ടുണ്ട് നിങ്ങള്‍ എന്തു ദൈവരാജ്യപ്രഘോഷണമാണു നടത്തുന്നത് എന്ന്. എനിക്കൊരു മറുചോദ്യമുണ്ട്. നിങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ഏതു ദൈവരാജ്യമാണ്? ഒന്നെനിക്കറിയാം. എന്നെ നിലനിര്‍ത്തുന്നത് ആ ശക്തിയാണ്. വെറും വെള്ളവും ശര്‍ക്കരയും മാത്രം കഴിച്ച് കയ്യിലൊന്നുമില്ലാതിരിക്കുമ്പോള്‍ അവിടെനിന്നും ഇവിടെനിന്നുമൊക്ക ക്ലാസ്സിനായി ചില വിളികള്‍ കിട്ടും. ഓരോ നിമിഷവും ആ ശക്തിയുടെ സാന്നിദ്ധ്യം ഞാനറിയുന്നു.


?. നിലവിലിരിക്കുന്ന വ്യവസ്ഥാപിത സന്ന്യാസത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ എന്താണ്? ഏകദേശം 1,25,000 സന്ന്യസ്തരുള്ള നാടാണ് ഇന്ത്യ. എന്താണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്

ഉ: ഇന്നുള്ള ബഹുഭൂരിപക്ഷം സന്ന്യസ്തരും എന്നില്‍ വല്ലാതെ നിരാശ നിറയ്ക്കുന്നു. ശരിയാണ്, ഏതു മനുഷ്യനും പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വേണം. അതൊക്കെ സന്ന്യാസികള്‍ക്കായി സമൂഹം നല്കിയിരിക്കുന്നത്, അവയെക്കുറിച്ചാകുലപ്പെടാതെ വലിയ കാര്യങ്ങള്‍ക്കിറങ്ങിത്തിരിക്കാനാണ്. പക്ഷേ സന്ന്യസ്തര്‍ തങ്ങളുടെ പ്രാഥമികാവശ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു എന്നു തോന്നുന്നു. നല്ല കെട്ടിടത്തില്‍ സുരക്ഷിതരായി കഴിയുകയാണവര്‍. സന്ന്യാസ പരിശീലന കാലഘട്ടത്തില്‍ യാതൊരു വിധത്തിലുള്ള അരക്ഷിതത്വവും അവര്‍ അനുഭവിക്കുന്നതേയില്ല. പ്രാര്‍ത്ഥനയും പഠനവും മാത്രം. വിശപ്പില്ല. രോഗമില്ല, അസ്വസ്ഥതകളില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ക്കൊരു പ്രശ്നമേയല്ല. സന്ന്യസ്തരാകുന്നതോടെ അവര്‍ സാധാരണ മനുഷ്യരല്ലാതായിത്തീരുന്നുണ്ടോ? മതുരയെന്നൊരു പെണ്‍കുട്ടിയെ പണ്ട് രണ്ട് കോണ്‍സ്റ്റെബിള്‍സ് ചേര്‍ന്ന് റെയ്പു ചെയ്തു. വലിയ സമരങ്ങളരങ്ങേറി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വലിയ പ്രകടനം നടന്നു. ഞാനുമുണ്ടായിരുന്നു അതില്‍. ഇന്ത്യയിലെ റെയ്പുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ അതു നിമിത്തമായി. പക്ഷേ ഈ സമരത്തിലൊന്നും സന്ന്യസ്തരെയാരെയും കാണാനില്ലായിരുന്നു. മണിപ്പൂരില്‍ മനോരമാദേവിയെ ബലാത്സംഗം ചെയ്ത് പട്ടാളം കൊന്നുതള്ളിയ അന്നും വലിയ പ്രക്ഷോഭം നടന്നു. അവിടെയും സന്ന്യസ്തരില്ലായിരുന്നു. നാഗാലാന്‍റ് ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമാണ്. ഏതെങ്കിലും പള്ളിയില്‍ അതുമായി ബന്ധപ്പെട്ട് ഒരു ബോധവല്‍ക്കരണം നടന്നോ?

പണ്ട് സന്ന്യസ്തരൊക്കെ ആരും ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്തിരുന്നവരാണ്. ഇന്നോ? ഇവിടെ സ്കൂള്‍ സ്ഥാപിക്കാനും നടത്താനും വന്‍കിട മുതലാളിമാരുണ്ട്. അവിടെ സന്ന്യസ്തരുടെ ആവശ്യമെന്ത്? എനിക്കറിയാവുന്ന ഒരു സന്ന്യാസസമൂഹം സാരിയും ധരിച്ച് സൈക്കിളില്‍ സഞ്ചരിച്ച് രണ്ടും മൂന്നും ദിവസം ഗ്രാമങ്ങളില്‍ തങ്ങി പ്രവര്‍ത്തിച്ചിരുന്നവരാണ്. പക്ഷേ ഇന്നാകെ മട്ടു മാറിയിരിക്കുന്നു. യൂറോപ്യന്‍ സ്റ്റൈല്‍ വസ്ത്രവും വലിയ വലിയ സ്ഥാപനങ്ങളുമൊക്കെയായി അവര്‍ക്ക്.


?. സന്ന്യാസ ജീവിതശൈലിക്ക് കാതലായ മാറ്റങ്ങള്‍ ആവശ്യമായിരിക്കുന്നു, അല്ലേ

ഉ: അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ജനത്തിനു മാതൃകയാക്കാവുന്ന ഒരു സന്ന്യാസിയുണ്ടോ ഇവിടെ?  അവര്‍ വളരെ ബുദ്ധിയുള്ളവരാണ്. ആത്മാര്‍ത്ഥതയുള്ള ആരെയും അവര്‍ തിരിച്ചറിയും. തീര്‍ച്ചയായും അവിടെയുമിവിടെയും ചില സന്ന്യസ്തര്‍ പ്രതീക്ഷയ്ക്കു വക നല്കുന്നുണ്ട്. ഇപ്പോള്‍ എന്‍റെയൊരു പ്രധാന ദൗത്യം എന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതാണ്. പല സെമിനാരികളിലും എന്നെ വിളിക്കാറുണ്ട്. അവരെയൊക്കെ ഞാന്‍ വിമര്‍ശിക്കാറുമുണ്ട്. എന്നിട്ടും അവരെന്നെ വീണ്ടും വിളിക്കുന്നു. അതെന്നില്‍ പ്രത്യാശ നിറയ്ക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക മാര്‍ത്തോമ യുവജന സംഗമങ്ങളിലും ഞാന്‍ പോയി ക്ലാസെടുത്തിട്ടുണ്ട്. അടിമുടി മാറ്റം സന്ന്യാസത്തിനു കൂടിയേ തീരു. അല്ലെങ്കില്‍ അപ്രസക്തമായിപ്പോകുമത്.


(ഒരുപാടുതിരക്കുകള്‍ക്കിടയിലാണ് ഈ അഭിമുഖം നടന്നത്. അതിനിടയില്‍ത്തന്നെ പുസ്തക പ്രസാധകര്‍ ദയാബായിയെത്തേടിയെത്തി. പിന്നെ പ്ലാച്ചിമടയില്‍ സമരം നടത്തുന്ന ഒരാളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്  പത്രസമ്മേളനം നടത്തി. പത്രക്കാര്‍ അവരുടെ അഭിപ്രായത്തിനായി കാതോര്‍ത്തു. കേരളത്തില്‍ ഇത്രയേറെ സന്ന്യസ്തരുള്ളപ്പോഴും പത്രക്കാര്‍ ഗൗരവത്തോടെ കണ്ടത് ദയാബായിയെ മാത്രം. പിന്നീട് ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യരുമായി ഒരു ചെറു സംഭാഷണം. അഭിമുഖം കഴിഞ്ഞപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി. വേഗത്തില്‍ ഊണു കഴിച്ച്, സഹോദരനെയും ഭാര്യയെയും - സഹോദര ഭാര്യയെ ദയാബായി ആദ്യം കാണുന്നത് അവരുടെ വിവാഹം കഴിഞ്ഞ് എട്ടുകൊല്ലം കഴിഞ്ഞാണ് - കൂട്ടി ഒന്നു പ്രാര്‍ത്ഥിച്ചിട്ട് അവര്‍ ഓടിയിറങ്ങി. ട്രെയിന്‍ മൂന്നുമണിക്കാണ്. അതില്‍ കയറി അവര്‍ തന്‍റെ പ്രിയപ്പെട്ട ഗോത്രവര്‍ഗ്ഗ ഗ്രാമത്തിലേക്ക്...)

Featured Posts