top of page

റുവാന്‍ഡയിലെ വംശഹത്യ

Mar 1, 2012

6 min read

Rwandan genocide.

ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വിറ്റ്സര്‍ലാന്‍റ് എന്നാണ് റുവാന്‍ഡ അറിയപ്പെട്ടിരുന്നത്. റുവാന്‍ഡന്‍ ജനതയില്‍ ഭൂരിഭാഗവും പരമ്പരാഗതമായി കര്‍ഷകരായിരുന്ന ഹുട്ടൂ വംശക്കാരായിരുന്നു. ആഫ്രിക്കയുടെ വടക്കന്‍ ദേശക്കാരായ - പരമ്പരാഗത കാലിവളര്‍ത്തല്‍കാരായ - ടുറ്റ്സികളെ റുവാന്‍ഡ ആകര്‍ഷിച്ചു. 600 വര്‍ഷത്തോളം സ്വന്തം നിലനില്‍പിനുവേണ്ടി കൃഷികാര്യങ്ങളില്‍ രണ്ടു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അവരുടെ ഭാഷയും സംസ്കാരവും ദേശീയതയും അവര്‍ പങ്കുവച്ചു. നിരവധി മിശ്രവിവാഹങ്ങളും നടന്നു.

ചരിത്രപരമായ ഇടയ, കാര്‍ഷിക സ്വഭാവം മൂലം ടുറ്റ്സികള്‍ ഭൂവുടമകളും ഹുട്ടുകള്‍ മണ്ണില്‍ പണിയെടുക്കുന്നവരുമായി മാറി. ഈ തൊഴില്‍വിഭജനം വഴി നിലനിര്‍ത്തിയിരുന്ന ജനസംഖ്യാ സന്തുലനം ക്രമേണ ഹുട്ടുകളുടെ സംഖ്യ വര്‍ധിച്ചതിത്തെുടര്‍ന്ന് ടുറ്റ്സികളെ മറികടന്നു. യൂറോപ്യരുടെ കോളനിവത്കരണം ഇവര്‍ക്കിടയില്‍ ഒരു വിള്ളല്‍ സൃഷ്ടിച്ചു. ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും ഇടയില്‍ മേല്‍ക്കോയ്മയും വിദ്യാഭ്യാസവുമുള്ള ഒരു വിഭാഗത്തെ മധ്യവര്‍ത്തികളാക്കുന്നത് കൊളോണിയല്‍ ഭരണാധികാരികളുടെ പതിവായിരുന്നു. കാഴ്ചയില്‍ കുലീനരും ഉയരമുള്ളവരും ഭൂവുടമകളും ആയിരുന്ന ടുറ്റ്സികളെ ബല്‍ജിയംകാര്‍ ഇതിനായി തെരഞ്ഞെടുത്തു. വംശീയവികാരം വളരാനിടയാക്കിയ ചിന്താശൂന്യമായ ഈ നടപടി റുറ്വാന്‍ഡന്‍ ജനതയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്തി. ടുറ്റ്സികളില്‍ ചിലര്‍ കുലീനരെപ്പോലെ പെരുമാറുകയും ഹുട്ടുകളെ വെറും കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയില്‍ കണ്ടുതുടങ്ങുകയും ചെയ്തു. ജുഗുപ്ത സാവഹമായ ഒരു രാഷ്ട്രീയ വിവേചനം ജന്മമെടുത്തു.

യൂറോപ്യന്‍ കോളനിശക്തികള്‍ ആധുനിക ആയുധങ്ങളും ആധുനിക യുദ്ധതന്ത്രങ്ങളും ആവിഷ്കരിച്ചു. യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനം ഒരു പുതിയ രാഷ്ട്രീയ മാറ്റത്തിനിടയാക്കി. തങ്ങളെ അടിച്ചമര്‍ത്തപ്പെട്ടവരായി സ്വയം കാണാന്‍ സഭ അവരെ പഠിപ്പിച്ചത് അവരില്‍ വിപ്ലവാവേശം ഉണര്‍ത്താന്‍ സഹായിച്ചു. യൂറോപ്യന്‍ മാതൃകകള്‍ പിന്തുടര്‍ന്നും അവരുടെ പിന്തുണയോടെയും ഒരു സായുധ ചെറുത്തുനില്പ് അവര്‍ സംഘടിപ്പിച്ചു. 1956ല്‍ അവരുടെ കലാപം ആരംഭിച്ചു. (ഒരു ലക്ഷത്തിലേറെപ്പേരുടെ ജീവന്‍ ഹോമിക്കപ്പെട്ടു). 1959 ഓടെ അവര്‍ അധികാരം പിടിച്ചടക്കുകയും ടുറ്റ്സി വംശജരെ അവരുടെ മണ്ണില്‍നിന്ന് തുരത്തുകയും ചെയ്തു. നാടുകടത്തപ്പെട്ട നിരവധി ടുറ്റ്സികള്‍ പലായനംചെയ്ത് അയല്‍രാജ്യങ്ങളില്‍ എത്തുകയും അവിടെ അവര്‍ റുവാന്‍ഡന്‍ പേട്രിയോട്രിക് ഫ്രണ്ട് (RPF) എന്ന പേരില്‍ സൈനിക പരിശീലനം നേടി കാത്തിരിക്കുകയും ചെയ്തു.

അധികാരലബ്ധിയുടെ ആദ്യകാല ആനന്ദം അവസാനിച്ചതോടെ അഥവാ 1962 ലെ സ്വാതന്ത്ര്യത്തോടെ ഭരണപരിചയമില്ലാതിരുന്ന ഹുട്ടു ഗവണ്‍മെന്‍റ് ആഭ്യന്തര കലഹമുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു തുടങ്ങി. സമുദായങ്ങള്‍ തമ്മിലും ദേശങ്ങള്‍ തമ്മിലും സ്പര്‍ധ വളര്‍ന്നു. ടുറ്റ്സികള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ അവരുടെ ചെറുത്തുനില്പിന് തുടര്‍ച്ചയായി ശക്തി പകര്‍ന്നുകൊണ്ടിരുന്നു. (1973ല്‍ അവര്‍ സ്കൂളുകളില്‍നിന്നും യൂണിവേഴ്സിറ്റികളില്‍നിന്നും ഒഴിവാക്കപ്പെട്ടത് ഉദാഹരണം.) 1990 ല്‍ RPF വിമതര്‍ നടത്തിയ പ്രത്യാക്രമണത്തോടെ ആഭ്യന്തരയുദ്ധം ആരംഭിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെകൂടി പരിശ്രമഫലമായി ഒരു ബഹുകക്ഷി ഭരണഘടനക്ക് അധികാരകൈമാറ്റം നടത്താമെന്ന നിലയില്‍ 1993ല്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും ഹുട്ടു നേതാക്കളും തീവ്രവാദികളും ടുറ്റ്സികള്‍ക്ക് സര്‍ക്കാരിലുള്ള പങ്കാളിത്തത്തെ തീക്ഷ്ണമായി എതിര്‍ത്തു. 1994 ഏപ്രില്‍ 6ന് റുവാന്‍ഡയുടെ പ്രസിഡന്‍റുമായി പോയ വിമാനം ഭീകരവാദികള്‍ വെടിവെച്ചിട്ടു. ഇത് ഹുട്ടുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അന്തിമപരിഹാരത്തിന്‍റെ നടപടികള്‍ക്ക് പ്രാരംഭമിടാന്‍ കാരണമായി. പ്രസിഡന്‍റിനെ കൊന്ന കുറ്റത്തിന് ടുറ്റ്സികള്‍ വിചാരണ ചെയ്യപ്പെടുകയും ടുറ്റ്സികളെ ഉന്മൂലനം ചെയ്യാന്‍ റേഡിയോയിലൂടെയും നേരിട്ടും ഹുട്ടു പൗരന്മാരെ ആഹ്വാനം ചെയ്യുകയുമുണ്ടായി. ടുറ്റ്സി വിരുദ്ധരല്ലാത്ത ഹുട്ടുകള്‍ ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ടുറ്റ്സിڅഭാര്യാഭര്‍ത്താക്കന്മാരും. വംശീയ കലാപം ആരംഭിച്ചു.

വംശീയ കലാപം

ആര്‍.പി എഫ് പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുന്നതിനുമുമ്പ് ഒരു ലക്ഷത്തോളം പേര്‍ മരിച്ചിരുന്നു. പത്രക്കാരും റ്റി വി ക്യാമറകളും അവര്‍ കണ്ട കാര്യം റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍. സേന സ്ഥലത്തുണ്ടായിരുന്നിട്ടും തോക്കുകളും ഗ്രനേഡുകളും മൂലം തെരുവില്‍ ജനങ്ങള്‍ കൊല്ലപ്പെട്ടു. (ഇടപെടാന്‍ ഞങ്ങള്‍ക്കധികാരമില്ല. അകപ്പെട്ടുപോയ വിദേശികളെ സംരക്ഷിക്കാന്‍ റുവാന്‍ഡയില്‍നിന്ന് പുറത്താക്കപ്പെടുംവരെ ചിലകാര്യങ്ങള്‍ ചെയ്തു.) പക്ഷേ കലാപകാരികള്‍ അന്താരാഷ്ട്ര പരിശോധനയുടെ അപകടസാദ്ധ്യതയെക്കുറിച്ച് ബോധ്യമുള്ളവരായിരുന്നു. കൊലയാളികള്‍ റേഡിയോയിലൂടെ കാര്യങ്ങള്‍ തുടരാന്‍ തുടര്‍ച്ചയായി പ്രേരിപ്പിച്ചിരുന്നെങ്കിലും 'ദയവായി റോഡില്‍ ഇനി ജഡങ്ങള്‍ പാടില്ല' എന്ന് പ്രചരിപ്പിച്ചു. അപ്പോഴും അതിര്‍ത്തികളില്‍ കൂടിക്കിടന്നിരുന്ന ജഡങ്ങള്‍ ആകാശഫോട്ടോയില്‍നിന്ന് മറയ്ക്കാന്‍ വാഴയിലയിട്ട് മൂടിയിരുന്നു.

വന്‍തോതിലായിരുന്നെങ്കിലും ആയുധമുപയോഗിച്ച ചുരുക്കം സമയങ്ങളൊഴികെ വംശഹത്യ ഏതാണ്ട് പൂര്‍ണമായും കൈകൊണ്ടുതന്നെയായിരുന്നു. കൂട്ടക്കൊലപാതകത്തിന് പരിശീലനം ലഭിച്ചവരായിരുന്നു കൊലയാളി സംഘത്തിലെ അംഗങ്ങള്‍. ഹുട്ടു അധികാരത്തെ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ബുദ്ധിജീവികളെയും പട്ടാളക്കാരെയും നല്‍കിക്കൊണ്ട് ഭരണകൂടം കൊലപാതകികള്‍ക്ക് പിന്തുണ നല്‍കി. ഇരകളെ കണ്ടെത്തുന്നതിനും അവരെ കശാപ്പുചെയ്യാന്‍ അനുകൂലമായ സ്ഥലങ്ങള്‍ ഉണ്ടാക്കുന്നതിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു. ആയിരക്കണക്കിന് ടുറ്റ്സി പുരുഷന്മാരും സ്ത്രീകളും കുട്ടികളും കുഞ്ഞുങ്ങളും സ്കൂളുകളിലും പള്ളികളിലും കൊല്ലപ്പെട്ടു. ചില വൈദികര്‍ അതിനു കൂട്ടുനിന്നു. ക്രൂരന്മാരായ കൊലയാളികള്‍ സ്വന്തം അയല്‍വാസികളും സഹപ്രവര്‍ത്തകരും പഴയ സുഹൃത്തുക്കളും ഒരുവേള ബന്ധുക്കളും ആണെന്ന ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയും ഇരകള്‍ അവസാന നിമിഷം അഭിമുഖീകരിച്ചു. വീടോ ആശുപത്രിയോ വിട്ട് പലായനം ചെയ്യുന്നവരെ സഹായ ഏജന്‍സികള്‍ക്ക് സഹായിക്കാനായില്ലെന്നു മാത്രമല്ല അവരെ വിട്ടുപോകാന്‍ അവര്‍ നിര്‍ബന്ധിതരുമായി. ചിലര്‍മാത്രം പിടിച്ചുനിന്നു.

വംശഹത്യയുടെ നിര്‍വചനം ആഗോളതലത്തില്‍ മാറ്റമില്ലാത്ത ഒന്നായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെ യു. എന്‍. ഹുട്ടു പവര്‍സമിതിക്ക് സംഭവങ്ങള്‍ക്ക് മുമ്പ് വ്യക്തമായ 10 മുന്നറിയിപ്പുകളെങ്കിലും നല്‍കിയിരുന്നു. ആഗോള മാധ്യമങ്ങള്‍ക്ക് മുന്നില്‍ അരങ്ങേറിയ കൂട്ടക്കൊല ഒരു വംശഹത്യയായി കാണാന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇത് വംശഹത്യയാണ് എന്ന് പഴുതില്ലാത്തവിധം വ്യക്തമായപ്പോഴേക്കും സമയം വൈകിയിരുന്നു. (ഈ പദത്തിന്‍റെ ഉപയോഗംപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമേരിക്ക വിലക്കിയിരുന്നു.)

ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കന്‍ ഗവണ്‍മെന്‍റുകളെ പിന്തുണക്കുന്ന ഫ്രാന്‍സ് ഈ വംശനാശി സര്‍ക്കാരിനെ പിന്തുണച്ചുവെന്നു മാത്രമല്ല ഒരു ഫ്രഞ്ച് ജനറല്‍ ഹുട്ടുകളോട് അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഉപദേശിക്കുകയുമുണ്ടായി. (അതുകൊണ്ടായിരുന്നിരിക്കാം ശവശരീരങ്ങള്‍ ക്യാമറക്കു മുന്നിലെത്താതെ സൂക്ഷിച്ചത്).

വംശഹത്യക്കു ശേഷം

ഹുട്ടു അക്രമികള്‍, അവരുടെ കുടുംബങ്ങള്‍ക്കും ചാര്‍ച്ചക്കാര്‍ക്കും തിരിച്ചടി ഭയന്നവര്‍ക്കും പേരിന് ഹുട്ടു എന്നറിയപ്പെട്ടവര്‍ക്കും ഒപ്പം അതിര്‍ത്തിയിലേക്ക് ഒഴുകി. അവരില്‍ പകുതിയും (സയര്‍ എന്ന് വിളിക്കപ്പെടുന്ന) കോംഗോയിലേക്കായിരുന്നു. കൊലപാതകങ്ങളില്‍ ഏര്‍പ്പെട്ടെന്ന് സമ്മതിച്ചവരെയും അങ്ങനെ വീമ്പു പറഞ്ഞവരെയും സയര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കാണാന്‍ ആദ്യം ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ ഇത്തരം കുറ്റസമ്മതം അപകടകരമായിരുന്നെന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ബോധ്യപ്പെട്ടു. വംശനശീകരണം നടന്നെന്നുപോലും സമ്മതിക്കുന്ന ഒരാളെ കണ്ടെത്താന്‍ പക്ഷേ 1955 അവസാനമായപ്പോഴേക്കും കഴിഞ്ഞില്ല. അത് ആഭ്യന്തരയുദ്ധമായിരുന്നത്രെ. ചില കൂട്ടക്കൊലകളും ഉണ്ടായിട്ടുണ്ടാവാം. പക്ഷേ അത് വംശനശീകരണമായിരുന്നില്ല.

പാശ്ചാത്യരാജ്യങ്ങളില്‍ റുവാന്‍ഡയിലെ സംഭവങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് ഗോത്രാക്രമണമായും പൗരാണിക വംശവൈരമായും വെടിനിര്‍ത്തലിന്‍റെ ലംഘനമായും രാഷ്ട്രപരാജയമായും ഒക്കെ ആണ്. അധികാരം പിടിച്ചടക്കാനും കാത്തുസൂക്ഷിക്കാനും എവിടെയും ഉപയോഗിക്കപ്പെട്ടിരുന്നതും അംഗീകരിക്കപ്പെട്ടിരുന്നതുമായ ഒരു പ്രക്രിയയായി, നിയതമായ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി വംശോന്മൂലനത്തിന് ബോധപൂര്‍വം സ്വീകരിച്ച നടപടികളായി ഇവയെ കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സത്യത്തില്‍ വംശനശീകരണം അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.കോംഗോ ക്യാമ്പുകളിലേക്കുള്ള നാടുകടത്തലും പലായനവും സഹായ ഏജന്‍സികളുടെ സംരക്ഷണവും ഹുട്ടുകള്‍ക്ക് ഒരുവേള സഹനീയമായി തോന്നി. ഹുട്ടു തീവ്രവാദികള്‍ക്ക് പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനും പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ഒരു പുതിയ ശാക്തികാടിത്തറ പടുത്തുയര്‍ത്തുന്നതിനും വേണ്ട സാഹചര്യവും സമയവും അവിടെയുണ്ടായിരുന്നു. നിരപരാധികളായ ക്യാമ്പ് നിവാസികളില്‍നിന്നു കൂട്ടക്കൊലയില്‍ പങ്കെടുത്തിരുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സഹായ ഏജന്‍സികള്‍ക്ക് കഴിഞ്ഞിരുന്നില്ല, അല്ലെങ്കില്‍ അവരത് ചെയ്തിരുന്നില്ല.

കുറ്റവാളികളെ തൂക്കിലേറ്റാന്‍ ആഗ്രഹിച്ചിരുന്ന ടുറ്റ്സികള്‍ നയിച്ചിരുന്ന ഗവണ്‍മെന്‍റിനെ ഇത് ചൊടിപ്പിച്ചു. ക്യാമ്പുകള്‍ ഒഴിപ്പിക്കാന്‍ കോംഗോയും ആഗ്രഹിച്ചിരുന്നതിനാല്‍ 1996ല്‍ അഭയാര്‍ഥികള്‍ പുറത്താക്കപ്പെട്ടു. റുവാന്‍ഡയിലെത്തുംവരെ പരിഹാസ്യരായി പീഡിതരായി അവര്‍ സഞ്ചരിക്കേണ്ടിവന്നു. റുവാന്‍ഡന്‍ ടുറ്റ്സികളുടെ മൗനാനുവാദത്തോടെ അതിര്‍ത്തികടന്ന് വളരെപ്പേര്‍ വീടുകളിലേക്ക് മടങ്ങി. മറ്റുള്ളവര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, അലഞ്ഞു തിരിയുന്ന അഭയാര്‍ഥികളായി കോംഗോയില്‍ തുടര്‍ന്നു.

ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് വംശീയകലാപകാരികള്‍ എന്ന് സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് റുവാന്‍ഡ ഗവണ്‍മെന്‍റ് മോറട്ടോറിയം പ്രഖ്യാപിച്ചു. അസാധ്യമായ ഒരു സാഹചര്യം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രായോഗിക നീക്കമായിരുന്നു ഇത്. മറ്റെല്ലാ പരിഹാരങ്ങളും പോലെ ഇതും വ്യക്തമായ ലക്ഷ്യമുള്ളതും ഇരുതലമൂര്‍ച്ചയുള്ളതുമായിരുന്നു. ലക്ഷക്കണക്കിന് വിചാരണത്തടവുകാരും ആയിരക്കണക്കിന് തീവ്രകുറ്റവാളികളും ഹുട്ടുവിനുവേണ്ടി പോരാടാന്‍ അപ്പോഴും സന്നദ്ധരായിരുന്നവരും മടങ്ങിപ്പോകുന്ന അഭയാര്‍ഥികളായി അറിയപ്പെട്ടു.

വംശീയ കലാപകാരികളുടെ മാനസികാവസ്ഥയെ ഒരു സാമൂഹ്യ ജീവിതത്തിന് പ്രേരിപ്പിക്കാനെടുത്ത ഗവണ്‍മെന്‍റ് ഓര്‍ഡര്‍ അത്രവേഗം ആരും പ്രതീക്ഷിച്ചില്ല. രണ്ടു വര്‍ഷത്തിനുശേഷം ഈ കലാപകാരികള്‍ - കൊലയാളികളും രക്ഷപെട്ടവരും ഒരുമിച്ച് മറ്റ് വഴിയില്ലാതെ ഒരേ വീട്ടില്‍ ജീവിച്ചു. റേഡിയോ നിലയങ്ങള്‍ ഉദ്ബോധനം ഒരിക്കല്‍കൂടി പ്രക്ഷേപണം ചെയ്തു. എന്നാല്‍ ഈ സമയത്ത് റുവാന്‍ഡക്കാര്‍ തിരിച്ചെത്തിയവരെ തങ്ങളുടെ സഹോദരങ്ങളായി സ്വീകരിക്കാന്‍ തിടുക്കപ്പെട്ടു. പുതിയ പ്രസിഡന്‍റിന്‍റെ സന്ദേശം നിരന്തരം ആവര്‍ത്തിക്കപ്പെട്ടു: "റുവാന്‍ഡന്‍ ജനത കഴിഞ്ഞ 600 വര്‍ഷങ്ങളായി സമാധാനത്തോടെ ഒരുമിച്ച് ജീവിച്ചുവന്നു. ഇനിയും അങ്ങനെ ജീവിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ ഒന്നുമില്ല. കൊലപാതകത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയും പാത തെരഞ്ഞെടുത്തവരോട് എനിക്ക് പറയാനുള്ളത് അവരും റുവാന്‍ഡക്കാരാണെന്നാണ്, വംശീയവും വിനാശകരവുമായ പാത നിങ്ങള്‍ ഉപേക്ഷിക്കുക. മറ്റ് റുവാന്‍ഡക്കാരുമായി കൈകോര്‍ത്ത് നല്ല കാര്യങ്ങള്‍ക്ക് ശക്തി പകരുക."

വൈസ് പ്രസിഡന്‍റ് പോള്‍ കഗാം പറഞ്ഞു: "ജനത്തിന് മാറാന്‍ കഴിയും. ക്ഷമിക്കപ്പെടുകയും മറ്റൊരവസരം നല്‍കപ്പെടുകയും ചെയ്താല്‍ ചിലര്‍ക്ക് ഗുണം പോലും ഉണ്ടാവും." റുവാന്‍ഡയില്‍ അങ്ങനെ ക്ഷമിക്കുവാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു. ഉദാഹരണത്തിന്, 1994 ല്‍ അതിജീവിച്ചവര്‍ സ്വന്തം റിസ്ക്കില്‍ മറ്റുള്ളവരെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. അനാഥ പെണ്‍കുട്ടികളുടെ ഒരു പ്രത്യേക ഗ്രൂപ്പ് ഭാവി താത്പര്യത്തില്‍ എല്ലാം ക്ഷമിക്കാന്‍ പ്രത്യേക താത്പര്യം കാണിച്ചു. പക്ഷേ അതിജീവിച്ചവരില്‍ ദരിദ്രരും വ്രണിതരുമായവരോട് ക്ഷമ ചോദിച്ചെങ്കിലും അവര്‍ക്കുവേണ്ടിയിരുന്ന ധാര്‍മികവും മനശ്ശാസ്ത്രപരവും പ്രായോഗികവുമായ പിന്തുണ നല്‍കപ്പെട്ടില്ല. ഞങ്ങള്‍ മറക്കാന്‍ ആരംഭിക്കുകയായിരുന്നു, പക്ഷേ ഇപ്പോഴിതാ മുറിവുകള്‍ വീണ്ടും തുറന്നിരിക്കുന്നു.

ചില വംശഹത്യക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നാല്‍ കൊല്ലാനുള്ള അവസരം എന്നാണ്. റുവാന്‍ഡയുടെ വടക്കന്‍ മലയോരങ്ങളിലും അതിര്‍ത്തികളിലും ഹുട്ടു-ടുറ്റ്സി ഏറ്റുമുട്ടല്‍ തുടര്‍ന്നിരുന്നു. വംശീയകലാപത്തിനു ശേഷമുള്ള മാസങ്ങളിലും തങ്ങള്‍ക്കെതിരെ തെളിവു നല്‍കാനിടയുള്ള സാക്ഷികളെ അവര്‍ കൊലപ്പെടുത്തിയിരുന്നു. ശേഷിച്ച നിരവധി യുദ്ധപ്പോരാളികള്‍ അവരുടെ നൈപുണ്യം കൊണ്ടോ ആയുസ്സിന്‍റെ ബലം കൊണ്ടോ മാത്രം ശിക്ഷയില്‍നിന്ന് രക്ഷപെട്ടു. ചിലരാകട്ടെ ഇപ്പോഴും രാഷ്ട്രീയ പോരാട്ടത്തിലാണ്.

വംശീയകലാപ നേതാക്കളെ വിചാരണ ചെയ്യുന്നതിന് ടാന്‍സാനിയയിലെ ആരുഷയില്‍ അന്താരാഷ്ട്ര യുദ്ധ കുറ്റങ്ങള്‍ക്കുള്ള ട്രൈബ്യൂണ്‍ രൂപംകൊണ്ടിട്ടുണ്ട്. ഈ ട്രൈബ്യൂണലില്‍ മുന്‍ റുവാന്‍ഡന്‍ പ്രധാനമന്ത്രി കലാപകാരികളോട് കുറ്റസമ്മതം നടത്തി ഗൂഢാലോചന ഏറ്റുപറഞ്ഞിട്ടുണ്ട്. കൂടാതെ 2001 ഓടെ കുറച്ചുപേര്‍ കൂടി വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയുമുണ്ടായി. (ആര്‍ക്കും മരണശിക്ഷ നല്‍കപ്പെട്ടില്ല) ഏതാണ്ട് ഉന്നതപദവിയിലുള്ള 50 ഓളം ഹുട്ടുകള്‍ ഇപ്പോഴും വിചാരണ കാത്തുകഴിയുന്നു. ബലാത്ക്കാരമാണ് വംശീയകലാപത്തിന്‍റെ ആയുധമെന്നു കോടതിയും കണ്ടെത്തിയിട്ടുണ്ട.് റുവാന്‍ഡയില്‍ മാത്രം പ്രാദേശിക കോടതികള്‍ ആയിരക്കണക്കിന് കേസുകള്‍ വിചാരണ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 400 ഓളം വധശിക്ഷകളും വിധിച്ചിട്ടുണ്ട് (ഒരു പാഠമാവട്ടെ എന്ന ലക്ഷ്യത്തില്‍).

വംശീയകലാപവുമായി ബന്ധപ്പെട്ട് യു.എന്നിന് ഉണ്ടായ പരാജയങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സ്വതന്ത്ര റിപ്പോര്‍ട്ട് യു.എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന് ലഭിച്ചിട്ടുണ്ട്. ഇത് പ്രസിദ്ധീകരിക്കപ്പെട്ടത് 1999ലാണ്. കൂട്ടക്കുരുതി ആസൂത്രണം ചെയ്യപ്പെട്ടതിന്‍റെ തെളിവുകള്‍ അവഗണിച്ചതിനും കൊലപാതകം ആരംഭിച്ചിട്ടും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെട്ടതിനും ഇരകള്‍ക്ക് സഹായം ആവശ്യമായിരുന്ന സമയത്ത് ഉദ്യോഗസ്ഥരെ നീക്കംചെയ്തതിനും യു.എന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികളുടെ പരിതാപകരമായ നിഷ്ക്രിയത്വത്തെയും രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയില്ലായ്മയെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചിട്ടുണ്ട്.

സാക്ഷ്യം

ടാന്‍സാനിയക്കും റുവാന്‍ഡക്കും സ്വാഭാവിക അതിര്‍ത്തിതീര്‍ത്ത് ഇടുങ്ങിയ മലയിടുക്കിലൂടെ കാഗരാനദി ഒഴുകുന്നു. നദി മലയിടുക്കിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. മഴക്കാലത്ത് നദി കവിഞ്ഞൊഴുകും. ഈ കുത്തൊഴുക്കില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നു ചെറുമരങ്ങളും മറ്റും കടപുഴകി താഴേക്ക് പതിക്കും. എന്നാല്‍ 1994 ലെ വസന്തത്തിന്‍റെ അവസാനത്തോടെ ഒഴുകി വന്നത് മനുഷ്യജഡങ്ങളായിരുന്നു. അവ നിശ്ചല ജലാശയമായ വിക്ടോറിയ തടാകത്തിലെത്തുന്നതിന് മുമ്പ് തിരിഞ്ഞുമറിഞ്ഞ് ഉയര്‍ന്നുതാഴ്ന്ന് വെള്ളച്ചാട്ടത്തില്‍ ചുഴറ്റി എറിയപ്പെട്ടിരുന്നു. അവര്‍ മരിച്ചവരായി തോന്നിയില്ല. ശക്തമായ ഒഴുക്കില്‍ അവര്‍ നീന്തല്‍കാരെപ്പോലെ കാണപ്പെട്ടു. ജീവനുള്ളവരെപ്പോലെ ഒരു നിമിഷത്തേക്ക് തോന്നിയെങ്കിലും പാറയിലേക്ക് അവര്‍ വലിച്ചെറിയപ്പെടുന്നതാണ് ഞാന്‍ കണ്ടത്. സമതലങ്ങളില്‍ മരങ്ങള്‍ക്കും പുല്ലുകള്‍ക്കുമൊപ്പം ജീവനില്ലാതെ ഒഴുകുമ്പോഴാണ് ഒരാളുടെ മരണം ഉറപ്പാക്കാന്‍ കഴിയുന്നത്. ആഴ്ചകളോളം ദിനംപ്രതി നൂറുകണക്കിന് പേര്‍ ഇങ്ങനെ ഒഴുകിക്കൊണ്ടിരുന്നുവെന്ന് അതിര്‍ത്തി സേനാംഗങ്ങള്‍ എന്നോട് പറഞ്ഞു. പലരുടെയും കൈകള്‍ പുറകില്‍ കെട്ടിയിരുന്നു. അവരൊക്കെ വെടിയേല്ക്കപ്പെടുകയോ കൊത്തിനുറുക്കപ്പെടുകയോ അടിയേല്ക്കപ്പെടുകയോ കത്തിക്കപ്പെടുകയോ മുങ്ങിച്ചാവുകയോ ആയിരുന്നു.

മരണത്തില്‍നിന്ന് രക്ഷപെട്ടവര്‍ സുഖത്തിലല്ലെങ്കിലും ഒരുവിധം ജീവിക്കുന്നു. അവര്‍ ഇന്നലെ പറഞ്ഞിരുന്നതുതന്നെയാണ് ഇന്നും പറയുന്നത്. അവര്‍ നാളെ എന്തായിരിക്കും പറയുക? അവരുടെ കാലം കഴിഞ്ഞു. ഒരു മനസ്സമാധാനവും അവര്‍ക്ക് കണ്ടെത്താനാവില്ല. ഉപേക്ഷിക്കപ്പെടുകയായിരുന്നെന്ന് അവര്‍ പരാതിപ്പെടുന്നു. അവര്‍ ചെയ്ത പ്രവൃത്തികളുടെ എല്ലാ വേദനയും സഹതാപവും നാണക്കേടും സഹിക്കേണ്ടത് അവര്‍തന്നെയാണ്. ഭീതിജനകമായ ഒരു നിഗൂഢ നിശ്ശബ്ദത അവരെ വലയം ചെയ്തിരിക്കുന്നതായി ആദ്യ കാഴ്ചയില്‍ത്തന്നെ തോന്നും. പിന്നെ ചിലപ്പോള്‍, വെറുമൊരു വാക്ക്, ഒരു നോട്ടം, ചെറിയൊരു കാത്തിരിപ്പ് ഇത്രയും മതി - ഇര ദൃക്സാക്ഷിയായി മാറും. ക്ഷീണിച്ച സ്വരത്തില്‍, എന്നാല്‍ വ്യക്തമായി, തറയിലേക്ക് തുറിച്ചുനോക്കി, അവരുടെ ദുര്‍വിധിയില്‍നിന്ന് എങ്ങനെ രക്ഷപെട്ട് ജീവിച്ചിരിക്കുന്നെന്ന് നിങ്ങളോടു പറയും. അവര്‍ നിങ്ങളോട് പറയുന്ന ആദ്യകാര്യം മരണംപോലും നിരസിച്ചവരാണ് അവരെന്നായിരിക്കും. പിന്നീട് അവര്‍ അനുഭവിച്ച, സാക്ഷ്യം വഹിച്ച, അസഹനീയ പീഡനങ്ങള്‍ വിവരിക്കും.

സ്കൂള്‍ മുറികളിലും പള്ളികള്‍ക്കുള്ളിലുംവെച്ച് അവര്‍ കശാപ്പു ചെയ്യപ്പെട്ടു, മരണമടഞ്ഞ പലരും സംസ്കരിക്കപ്പെടാതെ ഉപേക്ഷിക്കപ്പെട്ടു. അകപ്പെടുത്തപ്പെട്ടവരുടെ ശരീരങ്ങളും അസ്ഥികളുമൊഴിച്ചാല്‍ മുറികള്‍ ശൂന്യമായിരുന്നു. ഒരു മുറിയില്‍ മരണമടഞ്ഞവരുടെ നിറം മങ്ങിയ, വിരൂപമായ വസ്ത്രങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുന്നത് അവിശ്വസനീയമായ ഭംഗിയിലായിരുന്നു. മറ്റൊന്നില്‍ അഴുകാത്ത ശരീരങ്ങള്‍ ഗാഢനിദ്രയിലല്ലെന്ന് നമുക്ക് തോന്നാത്തവിധം തറയില്‍ കിടന്നിരുന്നു. അവിടെ മണമോ ഈച്ചയോ ഉണ്ടായിരുന്നില്ല. അന്തരീക്ഷം, വാസ്തവത്തില്‍, അതീവശാന്തവും രംഗം ഉലയ്ക്കുന്നതുമായിരുന്നു. തികച്ചും വാക്കുകള്‍ക്കതീതവും ദുഖകരവും.

റുവാന്‍ഡന്‍ പ്രദേശിക റേഡിയോ അക്രമത്തിന് (അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വിധത്തില്‍) ഹുട്ടുകളെ പ്രേരിപ്പിച്ചതിങ്ങനെയാണ്:

നിങ്ങള്‍ ടുറ്റ്സികളെ കൊല്ലണം, അവര്‍ പാറ്റകളാണ്. ഇത് കേള്‍ക്കുന്നവര്‍ ഉണരുക നമുക്ക് റുവാന്‍ഡക്കായി പോരാടാം. കൈവശമുള്ള ആയുധങ്ങളുമായി പൊരുതാം, അമ്പുള്ളവര്‍ അമ്പുകൊണ്ട്. കുന്തമുള്ളവര്‍ കുന്തംകൊണ്ട്. നാമെല്ലാം പോരാടണം.

നമ്മളെല്ലാവരും ടുറ്റ്സികളോട് പൊരുതണം. അവരെ അവസാനിപ്പിക്കണം, നാമാവശേഷമാക്കണം, ഈ രാജ്യത്തുനിന്നും തുടച്ചുമാറ്റണം. അവര്‍ക്കൊരഭയം ഉണ്ടാകാന്‍ പാടില്ല. അവര്‍ ഉന്മൂലനം ചെയ്യപ്പെടണം. വേറൊരു വഴിയുമില്ല. മാധ്യമത്തിലൂടെ കേട്ട നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കെങ്ങിനെ അവഗണിക്കാനാവും?

റുവാന്‍ഡന്‍ വംശഹത്യയെ ഒരു യുദ്ധകാര്യ ലേഖകന്‍ കണ്ടതിങ്ങനെയാണ്:

"ഈ വംശഹത്യയുടെ പുറം ചുരണ്ടിനോക്കിയാല്‍ വംശപരമായ നിസ്സാരപ്രശ്നങ്ങളെന്തെങ്കിലുമല്ല, മറിച്ച്, വളരെ സങ്കീര്‍ണമായ, രാഷ്ട്രീയവും സാമ്പത്തികവും ചരിത്രപരവും മനശ്ശാസ്ത്രപരവുമായ, സ്വത്വത്തിനുള്ള പോരാട്ടമാണ്. ശക്തരായ, ദോഷൈകദൃഷ്ടികളായ രാഷ്ട്രീയ സൈനിക നേതാക്കളുടെ കൗശലത്തിന്‍റെ ഫലമാണ് റുവാന്‍ഡയില്‍ സംഭവിച്ചത്. അവരുടെ അധികാരം റുവാന്‍ഡന്‍ പേട്രിയോടിക് ഫ്രണ്ടുമായി പങ്കുവെയ്ക്കേണ്ടിവന്നപ്പോള്‍ അവര്‍ തെരഞ്ഞെടുത്ത വഴി ആര്‍.പി.എഫിന്‍റെ പ്രധാന സപ്പോര്‍ട്ട് ഗ്രൂപ്പായ ടുറ്റ്സികളെ അപകീര്‍ത്തിപ്പെടുത്തലാണ്. ടുറ്റ്സികള്‍ ഭൂമി പിടിച്ചെടുക്കാന്‍ പോകുന്നുവെന്ന് അധികാരികള്‍ ഹുട്ടുകളോട് പറഞ്ഞു. കോളനി വാഴ്ചക്കാലത്ത് മേല്‍ക്കൈയുണ്ടായിരുന്ന ടുറ്റ്സികള്‍ തങ്ങളെ രണ്ടാംതരം പൗരന്മാരായി കണ്ടിരുന്നതിന്‍റെ ഓര്‍മ്മകള്‍ അവരില്‍ ഉരുണ്ടുകൂടി. അവര്‍ പറഞ്ഞു: "നിങ്ങള്‍ക്കുണ്ടായ നാണക്കേട് ഓര്‍ക്കുക, അവര്‍ നമ്മെ എത്ര അപമാനിച്ചു എന്നോര്‍ക്കുക. നിങ്ങളുടെ ഹുട്ടു രക്തത്തില്‍ നിങ്ങള്‍ അഭിമാനിക്കുക."

ഭ്രാന്തമായ ഹുട്ടു വംശബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് ബുദ്ധിജീവികള്‍ നിയമിക്കപ്പെട്ടു. ഈ പക പ്രചരിപ്പിക്കാന്‍ അവര്‍ രാജ്യമെങ്ങും യാത്ര ചെയ്തു. "കരുണ ദൗര്‍ബല്യത്തിന്‍റെ അടയാളമാണ്. അവരോട് എന്തെങ്കിലും കരുണ കാണിച്ചാല്‍ അവര്‍ നിങ്ങളെ വീണ്ടും അടിമകളാക്കും." ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ജൂതന്മാര്‍ക്കുണ്ടായ പൈശാചികാനുഭവത്തിന്‍റെ ശക്തമായ മാറ്റൊലി അവിടെയുണ്ടായിരുന്നു. എങ്ങനെയുള്ളവര്‍ക്കാണ് ഒരു ശിശുവിനെ കൊല്ലാന്‍ കഴിയുന്നത്? ഒരാള്‍ ജനിക്കുന്നത് വെറുക്കാനല്ല. പക്ഷേ വെറുക്കാന്‍ നമ്മെ ആരോ പഠിപ്പിച്ചു. എന്നെയോ നിങ്ങളെയോ പോലെ ഒരാള്‍!"

Featured Posts