top of page

നീതി - മാനസാന്തരത്തിന്‍റെ ഫലം

Mar 11, 2017

3 min read

ഡോ. മൈക്കിള്‍ കാരിമറ്റം
Image of natural beauti

മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍" (ലൂക്കാ 3,8).


വാഗ്ദാനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും ഇടയിലാണ് അവന്‍ നില്ക്കുന്നത്. പഴയ ഉടമ്പടി പുതിയതില്‍ പൂര്‍ത്തിയാകുന്നതിന്‍റെ, പഴയനിയമം പുതിയ നിയമത്തിനു വഴിമാറുന്ന നിര്‍ണ്ണായകമായ വഴിത്തിരിവില്‍ നിലയുറപ്പിച്ചിരിക്കുന്ന സ്നാപകന്‍. ജനനത്തിനു മുമ്പു തന്നെ ദൈവത്തിന്‍റെ പ്രവാചകനായി മാറ്റിവയ്ക്കപ്പെട്ടവന്‍; മാതൃഗര്‍ഭത്തിലായിരിക്കേ രക്ഷകസാന്നിധ്യം തിരിച്ചറിഞ്ഞ് സന്തോഷത്താല്‍ കുതിച്ചുചാടിയവന്‍, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന്‍. കൗമാരപ്രായം മുതല്‍ യൂദയാ മരുഭൂമിയുടെ കാര്‍ക്കശ്യം മുഴുവന്‍ അനുഭവിച്ചവന്‍. നിരന്തരമായ ഉപവാസത്താല്‍ ശരീരത്തെ ഒതുക്കി, ഒരുക്കിയവന്‍, രോമക്കുപ്പായം കൊണ്ട് പൊതിഞ്ഞ ശരീരത്തില്‍ ആത്മാവിന്‍റെ അഗ്നി ആവാഹിച്ചെടുത്തവന്‍. രക്ഷകനു വഴിയൊരുക്കാന്‍ വന്ന മുന്നോടി - സ്നാപകയോഹന്നാന്‍.

യുഗമാറ്റത്തിനു തുടക്കം കുറിക്കുന്ന, പഴയതുമുഴുവനും സംഗ്രഹിച്ചു പുതിയതിനു വഴി തുറക്കുന്ന  യുഗപുരുഷന്‍. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റം വലിയവന്‍ എന്നു മനുഷ്യപുത്രന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ (ലൂക്കാ 7,28) അതികായന്‍, പുതുയുഗപ്പിറവിക്കു കാഹളം മുഴക്കുന്ന പ്രവാചകന്‍. അഗ്നിപ്രവാചകനായ ഏലിയായുടെ പുനരവതാരം എന്നു വിശ്വാസികള്‍ വിലയിരുത്തിയ സ്നാപകയോഹന്നാന്‍റെ ജീവിതവും പ്രബോധനങ്ങളും ആഹ്വാനങ്ങളും ബൈബിളിലെ സാമൂഹ്യനീതിയെക്കുറിച്ചുള്ള പഠനത്തില്‍ അതുല്യപ്രാധാന്യം അര്‍ഹിക്കുന്നു. യേശുവിലൂടെ സംജാതമായ ദൈവരാജ്യത്തിന്‍റെ നീതിയുടെ പുതിയനിയമങ്ങള്‍ക്ക് ഒരാമുഖം പോലെയാണ് സുവിശേഷകന്മാര്‍ സ്നാപകവചനങ്ങള്‍ അവതരിപ്പിക്കുന്നത്. അതേസമയം സ്നാപകസന്ദേശം പഴയനിയമപ്രബോധനങ്ങളുടെ സാരസംഗ്രഹമായും പരിഗണിക്കാം.

നൂറ്റാണ്ടുകളായി ദൈവജനം പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍റെ ആഗമനം ആസന്നമായിരിക്കുന്നു, അവനെ സ്വീകരിക്കാന്‍ ഹൃദയങ്ങളിലും സമൂഹത്തിലും വഴിയൊരുക്കുവിന്‍, എന്ന സന്ദേശവുമായാണ് സ്നാപകന്‍ വന്നത്. അവന്‍റെ ജനനം മുന്‍കൂട്ടി അറിയിക്കുന്ന ദൈവദൂതന്‍ തന്നെ സ്നാപകദൗത്യത്തെക്കുറിച്ച് വ്യക്തമായ ഒരു രൂപരേഖ നല്കുന്നുണ്ട്. ആ മുന്നറിയിപ്പില്‍ സാമൂഹ്യനീതിയെ സംബന്ധിച്ച നവീനവും അതേസമയം കേന്ദ്രവത്തും ആയ ഒരു സന്ദേശം കാണാം: "ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരിയെ കൊണ്ടുവരും. പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്‍റെ മുമ്പേ പോകും." (ലൂക്കാ 1, 16-17).

ഹൃദയഐക്യം അതാണ് കേന്ദ്രവത്തായ ആശയം. സമൂഹത്തിലെ ഏററം ചെറിയതും അടിസ്ഥാനഘടകവുമായ കുടുംബത്തില്‍ തുടങ്ങണം ഈ ഐക്യം. മാതാപിതാക്കന്മാരും മക്കളും തമ്മില്‍ സമ്പൂര്‍ണ്ണ അനുരഞ്ജനവും ഐക്യവും ഉണ്ടാകണം. അതിന് സമൂലമായ ഒരു ഹൃദയപരിവര്‍ത്തനം നടക്കണം. ആ പരിവര്‍ത്തനത്തിന്‍റെ തുടക്കം ദൈവവുമായുള്ള  അനുരഞ്ജനത്തിലായിരിക്കണം. ദൈവത്തോടു രമ്യതപ്പെടുന്നവന്‍ സഹോദരങ്ങളോടും രമ്യതപ്പെടും; പെടണം. ഹൃദയങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകുമ്പോള്‍ വീട്ടില്‍ രമ്യതയുണ്ടാകും. ഇതു കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യത്തിനു വഴിതെളിക്കും. അങ്ങനെ സമൂഹത്തില്‍ മുഴുവന്‍ ഐക്യമുണ്ടാകും. അപ്പോള്‍ ആ സമൂഹം നീതിനിഷ്ഠമായ ഒരു സമൂഹമായിരിക്കും. ഇതാണ് സ്നാപകനെ ഏല്പിച്ചിരിക്കുന്ന ദിവ്യദൗത്യം. ഹൃദയപരിവര്‍ത്തനത്തിലൂടെ അഥവാ മാനസാന്തരത്തിലൂടെ സാമൂഹ്യനീതി സംജാതമാക്കുക. ഹൃദയത്തിലും സമൂഹത്തിലും രക്ഷകന് വഴിയൊരുക്കുന്നത് ഇപ്രകാരം ഒരു മനപരിവര്‍ത്തനത്തിലൂടെ ആയിരിക്കും. ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും തിരിയുക, സമാധാനം സ്ഥാപിക്കുക.

ജനിക്കുന്നതിനു മുമ്പേ ദൂതന്‍ വഴി ദൈവം തനിക്കായി നിശ്ചയിച്ചിരിക്കുന്ന ദൗത്യമാണ് സ്നാപകന്‍ തന്‍റെ ജീവിതവും പ്രബോധനവും വഴി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചത്. മരുഭൂമിയുടെ സകല കാഠിന്യവും അനുഭവിക്കാന്‍ തുടങ്ങി അനീതിക്കെതിരെ ശബ്ദമുയര്‍ത്തി ജീവന്‍ നഷ്ടപ്പെടുന്നതുവരെ ഈ ദൗത്യം അവന്‍ തുടര്‍ന്നു; പരിപൂര്‍ണ്ണ വിശ്വസ്തയോടെ. "ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു" (ലൂക്കാ 1, 80) എന്ന നാലു വാക്കുകളില്‍ ലൂക്കാ ഒതുക്കിവച്ചിരിക്കുന്നത് യോഹന്നാന്‍റെ അതിതീവ്രമായ പരിശീലനവും ഒരുക്കവുമാണ്. കര്‍ത്താവിനു വഴിയൊരുക്കാന്‍ വന്നവന്‍ അതിനായി സ്വയം ഒരുങ്ങേണ്ടിയിരുന്നു. ദൈവത്തിന്‍റെ ആത്മാവു തന്നെ അവനെ ഒരുക്കി, ശക്തിപ്പെടുത്തി. (ലൂക്കാ 1, 80).

സ്നാപകന്‍റെ ജീവിതം തന്നെ ആയിരുന്നു സാമൂഹ്യനീതിയെ സംബന്ധിച്ച വലിയ പാഠം. സുഖഭോഗങ്ങളുടെയും ആഡംബരങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ലോകത്തു നിന്നകന്ന്, കൗമാരവും യൗവ്വനവും മരുഭൂമിയില്‍ ചിലവഴിക്കുന്നതിലൂടെ സ്വന്തം ജീവിതത്തെ ഒരുക്കി ശക്തിയാര്‍ജ്ജിക്കുക മാത്രമല്ല, ശക്തവും വ്യക്തവുമായ ഒരു ജീവിതസാക്ഷ്യം നല്കുക കൂടി ചെയ്യുകയായിരുന്നു. ചാവുകടലിന്‍റെ വടക്കുപടിഞ്ഞാറേ തീരത്ത് ഖുമ്റാനില്‍, എസ്സീന്‍ സന്ന്യാസികളുടെ കൂടെ ആയിരുന്നു ആരംഭകാലത്തെങ്കിലും സ്നാപകന്‍ ജീവിച്ചിരുന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് തികഞ്ഞ ഏകാന്തതയില്‍, ദൈവത്തിന്‍റെ സ്വരത്തിനു കാതോര്‍ത്തു കഴിഞ്ഞു. മരുഭൂമിയില്‍ ലഭ്യമായ തുച്ഛമായ ആഹാരവും ഇതരസൗകര്യങ്ങളും ശരീരത്തിന്‍റെ ആസക്തികളെ നിയന്ത്രിക്കാനും പ്രലോഭനങ്ങളെ ചെറുത്തുതോല്പിക്കാനും സഹായിച്ചു. അങ്ങനെ രക്ഷകനു ജനഹൃദയങ്ങളില്‍ വഴിയൊരുക്കേണ്ടവന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മരുഭൂമിയില്‍ വസിച്ച് സ്വയം ഒരുങ്ങി.

ദൈവം നിശ്ചയിച്ച സമയമായപ്പോള്‍ സ്നാപകന്‍ തന്‍റെ ദൗത്യം ആരംഭിച്ചു.. യൂദയാ മരുഭൂമിയില്‍ ജോര്‍ദാന്‍ നദിയുടെ തീരത്ത് അവന്‍റെ ശബ്ദം മുഴങ്ങി സിംഹഗര്‍ജ്ജനം പോലെ. "വഴിയൊരുക്കുവിന്‍" എന്നതായിരുന്നു മുഖ്യസന്ദേശം. കര്‍ത്താവിന്‍റെ ദിനം ആസന്നമായിരിക്കുന്നു എന്നതാണ് പ്രഘോഷണത്തിന്‍റെ പശ്ചാത്തലം. വിധിക്കാന്‍ കര്‍ത്താവ് വരുന്നു. പരിവര്‍ത്തനപ്പെടാതെ, പഴയജീവിതരീതി തുടരുന്നവരുടെ മേല്‍ തീയും ഗന്ധകവും വര്‍ഷിക്കും - പണ്ട് സോദോം, ഗൊമോറാ നഗരങ്ങളിലെന്നതുപോലെ. കര്‍ത്താവ് അഗ്നിയിറക്കി നശിപ്പിച്ച ആ പട്ടണങ്ങളുടെ സ്ഥാനത്താണ് ഇന്ന് ചാവുകടല്‍ ഉള്ളത് എന്നു പണ്ഡിത മതം. സ്നാപകന്‍റെ വേഷം കാണുകയും ശബ്ദം കേള്‍ക്കുകയും ചെയ്തവര്‍ ഏലിയായെ അനുസ്മരിച്ചു; അഗ്നി പ്രവാചകന്‍റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രവചനം അവരെ സംഭീതരാക്കി. "കര്‍ത്താവിന്‍റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും. ഞാന്‍ വന്ന് ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും." (മലാ 4, 5-6).

വിധിയുടെ ദിവസം ആസന്നമായിരിക്കുന്നു എന്ന വാര്‍ത്ത കേട്ട ജനങ്ങള്‍ ജോര്‍ദ്ദാന്‍ തീരത്തേക്കു വന്നു. അവര്‍ക്കു നല്കുന്ന സന്ദേശത്തില്‍ സാമൂഹ്യനീതിയെ സംബന്ധിച്ച സ്നാപകവീക്ഷണത്തിന്‍റെ രത്നചുരുക്കം കാണാം. "അണലി സന്തതികളേ" എന്ന അഭിസംബോധന തന്നെ സന്ദേശത്തിന്‍റെ ദിശ സൂചിപ്പിക്കുന്നതാണ്. വക്രതയുടെയും വഞ്ചനയുടെയും പ്രതീകമായി അണലി അറിയപ്പെടാറുണ്ട്. അത് എപ്പോള്‍, എവിടെ പ്രത്യക്ഷപ്പെടും എന്നു പറയാനാവില്ല. അതേ സമയം ഉഗ്രവിഷമുള്ള പാമ്പാണ് അണലി. എന്നാല്‍ ഈ രണ്ട് സവിശേഷതകളെക്കാള്‍ പ്രവാചകവചനം മറ്റൊരു കാര്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. അണലിക്കു കാതില്ല, അണലിക്കു മാത്രമല്ല, ഒരു പാമ്പിനും കേള്‍വിശക്തിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ അഭിസംബോധനയില്‍ മുഴങ്ങി കേള്‍ക്കുന്നത്. ദൈവശബ്ദം കേള്‍ക്കാതിരിക്കാന്‍ കാതടയ്ക്കുന്നു. അഥവാ കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവാന്‍ സാധിക്കുന്നില്ല എന്നതാണ് ആരോപണം. വചനം ശ്രവിച്ച് മനസ്സു മാറ്റി, ജീവിതത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നതിനുപകരം ചില അനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്ന മനോഭാവമാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്.


Featured Posts