
നിക്കോസ് കസൻദ് സാക്കിസിന്റെ ഗോഡ്സ് പോപ്പർ (God's Pauper- St Francis of Assisi by Nikos Kazantzakis)എന്ന നോവലിനെ മുൻനിറുത്തി ഒരു പഠനം

ഭോഗവും യോഗവും മനുഷ്യനെ സദാ ആകർഷിച്ചുകൊണ്ടിരിക്കുന്ന വിപരീത ധ്രുവങ്ങളാണ്. ഇവയ്ക്കിടയിൽ ആടിക്കളിക്കുന്ന ഒരു പെൻഡുലം ആണ് ഏതൊരു സാധാരണ മനുഷ്യൻന്റെയും ജീവിതം യോഗസത്തയെ കണ്ടറിഞ്ഞവർ യോഗി വര്യന്മാരും ഭോഗത്തിന്റെ ചെളിക്കുണ്ടിൽ ആഴ്ന്നുപോകുന്നവർ ശുദ്ധക്രിമിനലുകളും ആയി രൂപാന്തരപ്പെടുന്നു. ജീവിതത്തിന്റെ ഭിന്നഘട്ടങ്ങളിൽ യോഗ ഭോഗങ്ങളെ മാറി മാറി പുണർന്നിരുന്ന ഒരു കലാപ്രതിഭയായിരുന്നു വിശ്വസാഹിത്യകാരനെന്ന നിലയിൽ പുകഴ്ത്തപ്പെട്ട നിക്കോസ് കസൻദ്‌സാക്കിസിന്റേത്. അദ്ദേഹം യേശുക്രിസ്തുവിനെ മാത്രമല്ല വിശുദ്ധ ഫ്രാൻസിസ് അസ്സീസിയേയും കേന്ദ്രീകരിച്ചു നോവലുകൾ രചിച്ച് സഹൃദയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

"ഗോഡ്‌സ് പോപ്പർ" അഥവാ "ദൈവത്തിൻ്റെ നിസ്വൻ"(God's Pauper- St Francis of Assisi by Nikos Kazantzakis) എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന അതിമഹത്തായ ഈ കലാസൃഷ്ടി, നമ്മുടെ കാലഘട്ടത്തിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആൽബർട്ട് ഷൈറ്റ്സർക്കാണ് സമർപ്പിച്ചിരിക്കുന്നത്. നോവലിന്റെ ആമുഖത്തിൽ കസൻദ് സാക്കിസ് രേഖപ്പെടുത്തുന്നു; കർത്തവ്യനിരതനായ മനുഷ്യന്റെ ഉത്തമമാതൃകയാണ് വിശുദ്ധ ഫ്രാൻസിസ്. സ്വർഗ്ഗംപോലെ നമ്മളോട് സമീപസ്ഥമായ മറ്റൊന്നുമില്ലെന്ന് ഫ്രാൻസിസ് അസ്സീസിയിലൂടെ നോവലിസ്റ്റ് സമർത്ഥിക്കുന്നു. ഭൂമി നമ്മുടെ കാൽച്ചുവട്ടിലാണ്. സ്വർഗ്ഗമാകട്ടെ നമ്മുടെ ഉള്ളിലും. നമ്മുടെ ഉള്ളിലെ സ്വർഗ്ഗത്തിന്റെ പൂട്ടുതുറക്കാനുള്ള താക്കോലാണ് അസ്സീസിയിലെ വിശുദ്ധൻ നമുക്കു കാണിച്ചു തരുന്നത്. വിശുദ്ധ ഫ്രാൻസിസിൻ്റെ സന്തതസഹചാരിയായിരുന്ന ബ്രദർ ലിയോ എന്ന സന്യാസിവര്യന്റെ ഓർമ്മകളുടെ പുനരാവിഷ്ക്കരണം എന്ന നിലയിലാണ് കഥയുടെ ചുരുൾ നിവരുന്നത്. സത്യത്തിൽ കഥയല്ല കാതലുള്ള സംഭവങ്ങളാണ് ഇതിലൂടനീളം അനാവരണം ചെയ്യപ്പെടുന്നത്.
അസ്സീസിയിലെ സമ്പന്നകുമാരനായിരുന്ന ഫ്രാൻസിസ്, പുണ്യവാളനായി വളരുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ സ്വാധീനത്തിൽ അകപ്പെട്ട എത്രയോ പ്രഭുകുമാരന്മാർ, ബ്രദർ ലിയോ ഉൾപ്പെടെ എത്രയോ പേർ തങ്ങളുടെ ഭൗതിക സമ്പത്തുപേക്ഷിച്ച് ദൈവത്തിന്റെ വിശുദ്ധ വിഡ്ഢിയെന്നു വിളിക്കപ്പെട്ട ഫ്രാൻസിസിൻ്റെ പിന്നാലെ കൂടി. യേശുവിന്റെയെന്നപോലെ ഫ്രാൻസിസിന്റെ പ്രസ്ഥാനവും ഒരു അദ്ധ്യാത്മിക കലാപത്തിന്റെ തുടക്കമായിരുന്നു. രണ്ടിലും പങ്കെടുത്തതോ അവരുടെ കാലത്തെ യുവജനങ്ങളും. ധാർമ്മികതക്കൊരു പുതിയ അർത്ഥം നൽകാൻ ഫ്രാൻസിസ് ശ്രമിക്കുന്നുണ്ട്. മുൻനിശ്ചിതമായ ഒരു ധർമ്മസംഹിതയുടെ പ്രചാരകനായിരുന്നില്ല അദ്ദേഹം. കർമ്മോന്മുഖമായ ജീവിതത്തിൽ നിന്നു ഉരുത്തിരിയുന്ന സജീവമായ നന്മയുടെ സമൂർത്തമായ ആവിഷ്കരണത്തിലായിരുന്നു അദ്ദേഹത്തിന് താത്പര്യം. യഥാർത്ഥ ക്രിസ്ത്യാനിയുടെ മഹത്വം കുടികൊള്ളുന്നത് അവന്റെ നന്മയിലല്ല പിന്നെയോ അവിശ്വസ്തതയെ വിശ്വസ്തതയായും അപമാനത്തെ ബഹുമാനമായും പരിവർത്തിപ്പിക്കാൻ അവൻ നടത്തുന്ന പരിശ്രമത്തിലാണ് എന്ന് അദ്ദേഹം പറയുന്നു.
സ്നേഹം, ശരീരം കൊണ്ടു ശരീരത്തെ കീഴ്പ്പെടുത്താൻ നടത്തുന്ന ശ്രമമല്ല. അത് ആത്മാവുകൊണ്ട് ആത്മാവിൽ വിലയം പ്രാപിക്കാനുള്ള ശ്രമമാണ്. ഫ്രാൻസിസിനു തന്നെ യൗവനരംഭത്തിൽ ക്ലാരയെന്ന പ്രഭുകുമാരിയോടു തോന്നിയിരുന്ന അഭിനിവേശം പോലും മേൽസൂചിപ്പിച്ച ആദ്ധ്യാത്മീക അനുഭൂതിയായി പരിവർത്തനം പ്രാപിക്കുകയായിരുന്നു. സ്നേഹത്തെ സംബന്ധിച്ച ഈ ആദ്ധ്യാത്മിക രഹസ്യം പിടികിട്ടി കഴിഞ്ഞവർക്ക് സ്നേഹത്തിനു ഭിന്നഭാവങ്ങളില്ല. സ്വന്തം ഭാര്യയോടോ, മക്കളോടോ , പിതൃഭൂമിയോടോ, എന്തിനു ദൈവത്തോടു തന്നെ ആയാലും ഉള്ള സ്നേഹം അവരെ അനിർവചനീയമായ അനുഭൂതികൾകൊണ്ടു സമ്പന്നരാക്കും.
വിശുദ്ധ ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം, വിശുദ്ധി, സ്വർഗ്ഗത്തിൽ നിന്നുള്ള സമ്മാനമല്ല. സ്വയാർജ്ജിത വളർച്ചയുടെ പാരമ്യമാണ്. കഥാഗതിയുടെ ഒഴുക്കിനിടയിൽ ഫ്രാൻസിസിൻ്റെ വിശദമായ ഒരാത്മകഥ തന്നെ നമുക്കു ലഭിക്കുന്നുണ്ട്. വ്യക്തിയുടെ ആത്മീയ വളർച്ചക്കിടയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നതിനു കുടുംബം, മതം, രാഷ്ട്രം തുടങ്ങിയ സ്ഥാപനങ്ങൾ മാത്രമല്ല അപ്പൻ, അമ്മ തുടങ്ങിയ വ്യക്തികളും അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. പിതാവിൽനിന്നും മാതാവിൽനിന്നും രക്ഷപ്പെടുക എന്നത് ഒരു ഘട്ടത്തിൽ ഫ്രാൻസിസിനു അത്യാവശ്യമായിരുന്നു. അദ്ദേഹം ബ്രദർ ലിയോയോട് പറയുന്നു: "ദൈവത്തിന്റെയും മനുഷ്യന്റെയും ആത്മാവിന്റെയും ശരീരത്തിന്റെയും നന്മയുടെയും തിന്മയുടെയും പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും മദ്ധ്യത്തിൽനിന്നുകൊണ്ടുള്ള പോരാട്ടം - വർഷങ്ങളോളം നീണ്ടു നിന്നു"
ആ പോരാട്ടത്തിന്റെ വിശദാംശങ്ങൾ ഫ്രാൻസിസ് ഇങ്ങനെ വിശദീകരിക്കുന്നു. മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പിതാവിന്റെ ശബ്ദം ഇതായിരുന്നു. "പണം സമ്പാദിക്കുക. ധനമാണ് മഹത്വത്തിലേക്കുള്ള മാർഗ്ഗം. ഈ ലോകം ധനവാന്മാർക്കുള്ളതാണ്. നല്ലവനാകാൻ ശ്രമിക്കരുത്. ഒരിക്കൽ നല്ലവനായാൽ അതോടെ ജീവിതം തകർന്നു. ഒരുവൻ നിൻ്റെ അധരത്തിൽ സ്പർശിച്ചാൽ പകരം അവന്റെ ചെകിടടിച്ചു തകർക്കുക. മറ്റുള്ളവരുടെ സ്നേഹം ആർജ്ജിക്കാനല്ല അവരിൽ ഭയം ജനിപ്പിക്കാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്". സൂത്രശാലികളെ കൊണ്ടു
നിറഞ്ഞ ഒരു ലോകത്തിൽ മറ്റൊരു സൂത്രശാലിയായി ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ വാക്കുകൾ ഫ്രാൻസിസ് അവഗണിക്കുക തന്നെ ചെയ്‌തു.
മാതാവിന്റെ ശബ്ദം ഇതിൽനിന്നും വ്യത്യസ്തതമായിരുന്നു. അത് ഉള്ളിൽനിന്നിങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു. പ്രിയപ്പെട്ട ഫ്രാൻസിസ് നല്ലവനാകാൻ നോക്കൂ. ദരിദ്രരെയും പീഡിതരെയും സ്നേഹിക്കുക. ആരെങ്കിലും നിന്നെ ഉപദ്രവിച്ചാൽ അവരോടു ക്ഷമിക്കുക.'
ഈ വിപരീതാഹ്വാനങ്ങളെ സമരസപ്പെടുത്താനുള്ള ശ്രമം വിജയിക്കാൻ പോകുന്നില്ലെന്നു നമ്മൾ മനസ്സിലാക്കണം. നമ്മളിലധികം പേരും ഈ പാഴ്ശ്രമത്തിലാണ് വ്യാപരിക്കുന്നത്. ഫ്രാൻസിസാകട്ടെ രണ്ടാമത്തെ മാർഗ്ഗം പൂർണ്ണ മനസ്സാലെ തെരഞ്ഞെടുത്തു.
ഒരു പുതിയ സ്വർഗ്ഗസങ്കല്പം
സ്വന്തം പിതൃഗൃഹത്തോടുള്ള യാത്രപറച്ചിലിനു പശ്ചാത്തലമായി ഫ്രാൻസിസിനൊരു സ്വപ്‌നമുണ്ടായി. ബുദ്ധന്റെ ബോധോദയം പോലെ യേശുവിന്റെ ജ്ഞാനസ്നാനം പോലെ, ഒന്ന്. വിശുദ്ധ ഡാമിയാനോയുടെ പെരുന്നാളിന്റെ തലേരാത്രി പുണ്യവാളൻ ഫ്രാൻസിസിനു പ്രത്യക്ഷപ്പെട്ടു. സ്വർഗ്ഗത്തിൽ നിന്നുതന്നെ സന്ദർശിക്കാനെത്തിയ ആ അപൂർവ്വ അതിഥി വാവിട്ടു കരയുന്നതുകണ്ട് ഫ്രാൻസിസ് കാര്യം തിരക്കി. സ്വർഗ്ഗത്തിലും കണ്ണുനീരൊ? അദ്ദേഹം തിരക്കി. “അതെ ഇപ്പോഴും ഭൂമിയിൽ കഷ്ടപ്പെടുന്നവരെ ഓർത്തു സ്വർഗ്ഗത്തിലുള്ളവർക്ക് എങ്ങനെ കരയാതിരിക്കാൻ കഴിയും. ദുരിതഭൂയിഷ്‌ഠമായ ഒരു ലോകത്തെ നിലനിർത്തിക്കൊണ്ടുള്ള സ്വർഗ്ഗ സങ്കല്പം ഇവിടെ ചോദ്യം ചെയ്യലിനു വിധേയമാകുന്നു. "ദൈവത്തിന്റെ സഭ അപകടത്തിലായിരിക്കുന്നു. നീ അതിനെ രക്ഷിക്കണം." അതായിരുന്നു ഫ്രാൻസിസിനു ലഭിച്ച നിയോഗം.
തൻ്റെ പുതിയ ഉൾക്കാഴ്ചയുടെ വെളിച്ചത്തിൽ അദ്ദേഹം സുവിശേഷസത്യങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് തെരുവുകളിൽനിന്ന് തെരുവുകളിലേക്കു സഞ്ചരിച്ചു. ആളുകളൊരു ഭ്രാന്തനെയെന്നപോലെ കുക്കി വിളിച്ചും കല്ലെറിഞ്ഞും മുറിവേല്പ്‌പിച്ചും ഈ പുതിയ പ്രവാചകനെ പീഡിപ്പിച്ചു. അപ്പോഴെല്ലാം ഫ്രാൻസിസ് അവരെയെല്ലാം സ്നേഹിച്ചു. തനിക്കു നേരെ കുരച്ചുചാടുന്ന തെരുവുനായ്ക്കളെപ്പോലും അദ്ദേഹം സ്നേഹിച്ചു. സ്നേഹിക്കാനല്ലാതെ ദ്വേഷിക്കാൻ അറിയാത്ത ഈ പുതിയ മനുഷ്യൻ സമൂഹത്തിൻ്റെ മുഖ്യസങ്കല്‌പങ്ങളെ ആകെ ഇളക്കി മറിച്ചു.
തൻ്റെ ആദർശങ്ങൾക്കു സ്വർഗ്ഗ പിതാവായ ദൈവത്തിന്റെ അംഗീകാരം ഉണ്ടെന്നു സമർത്ഥിക്കാൻ ഫ്രാൻസിസിനൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. നമ്മുടെ ചപലമായ ആഗ്രഹങ്ങൾ സാധിച്ചുതരാതെ മുഖസ്തുതിയിൽ ഭ്രമം പൂണ്ടിരിക്കുന്ന ഒരു നാട്ടുപ്രമാണിയാണ് ദൈവം എന്ന ധാരണയെ അദ്ദേഹം തകർത്തു. പലപ്പോഴും നമ്മളാഗ്രഹിക്കുന്നതിന്റെ നേർവിപരീതമാണ് ദൈവം ആഗ്രഹിക്കുന്നത്. മനുഷ്യനിൽ രൂഢമൂലമായ ആഗ്രഹങ്ങളുടെ സാഫല്യത്തിനു അവൻ സ്വയം ശ്രമിച്ചിട്ട് നടക്കാതെ വരുമ്പോഴാണ് ദൈവത്തിൻ്റെ കൂട്ടുപിടിക്കുന്നത്. എന്നാൽ ഈശ്വരേച്ഛ അത്തരം ആഗ്രഹങ്ങൾക്കു വിരുദ്ധമാണെന്ന കാര്യം അവനറിയുന്നില്ല.
ഏവരും വെറുപ്പോടെ മാത്രം വീക്ഷിക്കുന്ന കുഷ്‌ഠരോഗിയുടെ കവിളിൽ അദ്ദേഹം സ്നേഹചുംബനം അർപ്പിച്ചു. മനുഷ്യനീതി ദൈവനീതിക്കു വിപരീതമായിരിക്കുന്നതുപോലെ, മനുഷ്യൻ സ്നേഹിക്കുന്നതിനെയല്ല ദൈവം സ്നേഹിക ്കുന്നതെന്നു പറയുമ്പോൾ, ഒരു പുതിയ മൂല്യസങ്കല്പത്തിന് അടിത്തറയിടുകയായിരുന്നു വിശുദ്ധ ഫ്രാൻസിസ്.

ആസക്തികളിൽനിന്നും അകലെ
പാവങ്ങൾക്കു വേണ്ടി സംസാരിച്ചുകൊണ്ടു ധനാഢ്യമായി ജീവിക്കുന്നവരാണ് നമ്മിലധികം പേരും. പാവങ്ങൾക്കു വേണ്ടിയെന്ന സമീപനം ഉപേക്ഷിച്ചു പാവങ്ങളോടൊപ്പം (Church with the Poor) എന്ന വിമോചന ദൈവശാസ്ത്രചിന്തയുടെ വേരുകൾ വിശുദ്ധ ഫ്രാൻസീസിൽ നമുക്കു കണ്ടെത്താൻ കഴിയും സുഖസൗകര്യങ്ങളുപേക്ഷിച്ചു മരുഭൂമിയിലും വെളിമ്പ്രദേശങ്ങളിലും അലഞ്ഞു നടന്ന് ദാരിദ്ര്യവും രോഗവും കഷ്ടപ്പാടുകളും ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ, തനിക്കും പിന്നാലെ അപ്രകാരം ചെയ്യാൻ അനേകരെ സജ്ജരാക്കിയ ഒരു ഗുരു. ഈ വിശേഷണങ്ങളൊക്കെ, സഹോദരൻ ഫ്രാൻസിസിനു ചേരും. മനുഷ്യനെ വലയം ചെയ്തു നിൽക്കുന്ന ശാശ്വതമായ ദുഃഖം, അതു ഭൗതീകം മാത്രമല്ല, ആത്മീയവുമാണ്. വ്യത്യാസം മാറ്റി നിറുത്തിയാൽ മൗലികമതാത്മകതയുടെ കാതൽ ഈ ദുഃഖം തന്നെയാണെന്ന് കണ്ടെത്താൻ കഴിയും. ആരായിരുന്നു ഈ ദുഃഖത്തിൽ നിന്നു വിമുക്തരായിരുന്നവർ? ബുദ്ധനും ലാവൊസെയും ക്രിസ്തുവും എല്ലാം ഈ ദുഃഖത്തിന്റെ അഗ്നിയിൽ സ്വന്തം ജീവിതത്തെ ദഹിപ്പിച്ചവരാണ്. തന്റെ കഥാനായകനെ ആ ലോകഗുരുക്കന്മാരുടെ നിരയിലുയർത്തി നിർത്താനാണ് കസൻദ് സാക്കിസ് പരിശ്രമിച്ചത്. അതിലദ്ദേഹം അസൂയാർഹമായ വിജയം കൈവരിക്കുന്നുമുണ്ട്.
ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തിനു കസൻദ് സാക്കിസിൻ്റെ തുലിക, നിറവും മിഴിവും നൽകി വായനക്കാരന്റെ മനസ്സിൽ മായാത്ത ഒട്ടേറെ ചിത്രങ്ങൾ വരയ്ക്കുന്നു. തന്റെ അലച്ചിലിന്റെ ഒരു ഘട്ടത്തിൽ അപ്രതീക്ഷിതമായി ബാല്യകാലസഖി ക്ലാരയെ അവളുടെ പരിചാരികയോടൊപ്പം കണ്ടുമുട്ടുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഭഗ്നപ്രണയത്തിന്റെ മുറിവേറ്റു വേദനിക്കുന്ന മനസ്സുമായി ഫ്രാൻസിസിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആ പെൺകുട്ടി അവളുടെ ജീവിതസ്വപ്നങ്ങളുടെ മിനുസമാർന്ന മേച്ചിൽപുറങ്ങളിലേയ്ക്കു ഫ്രാൻസിസിനെ ക്ഷണിച്ചു. ഓമനത്തം തുളുമ്പുന്ന കുട്ടികൾ, സൗകര്യങ്ങളുള്ള ഒരു വീട്, യുദ്ധത്തെയും മദ്യത്തെയും പെണ്ണിനെയും സ്നേഹിക്കുന്ന ഒരു പുരുഷൻ, ഇതൊക്കെ സ്വന്തമാക്കുന്നതു വഴി മാത്രമെ, ഏതൊരു സ്ത്രീയും യഥാർത്ഥ സ്ത്രീയാകുന്നുള്ളു എന്ന പ്രബലമായ ധാരണയുടെ ഉടമസ്ഥയാണവൾ. അവൾ എന്തൊക്കെയൊ വിളിച്ചു പറഞ്ഞു. തൻ്റെ അടുത്തേയ്ക്കു പാഞ്ഞുവരുന്ന അവളെ ഫ്രാൻസിസ് കൈ ഉയർത്തി തടഞ്ഞു. നിരാശയായ അവൾ തൻ്റെ ഊഷ്‌മളമായ പ്രേമത്തിൻ്റെ സ്‌മാരകമായി ഒരു റോസാപ്പു ഫ്രാൻസിസിന്റെ നേരെ എറിഞ്ഞുകൊടുത്തു. അദ്ദേഹം അത് കൈകൊണ്ടു തൊടുക പോലും ചെയ്തില്ല. അദ്ദേഹത്തിൻ്റെ കാൽച്ചുവട്ടിൽ നിന്നും അതെടുക്കാൻ ഭാവിച്ച് ലിയോയെ അദ്ദേഹം തടഞ്ഞു. "അതെടുത്ത് അരികിലേയ്ക്കു മാറ്റിയിടു' ആരും അതിൽ ചവിട്ടാനിടയാകാതിരിക്കട്ടെ. വരു തിരിഞ്ഞുനോക്കാതെ നമുക്കു നടക്കാം." അതായിരുന്നു ഫ്രാൻസിസിൻ്റെ പ്രതികരണം.
“വിവാഹവും അതുവഴി പ്രത്യുല്പാദനവും നടത്തുകയെന്നതല്ലെ യഥാർത്ഥ മാനവികധർമ്മം ?" ബ്രദർ ലിയോ ആരാഞ്ഞു. ഇതിനുത്തരം നൽകാൻ ഫ്രാൻസിസിനു രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. തങ്ങളെന്തായിരിക്കുന്നുവോ അതിനെ മറികടക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. ദൈവത്തിലേയ്ക്കു രണ്ടു വഴികളുണ്ട്. 'ഒന്ന് സാധാരണ മനുഷ്യൻ്റെ ജീവിതം - ഭാര്യ, കുട്ടികൾ സംതൃപ്ത ജീവിതം. ഏറെ ദുർഘടം പിടിച്ച മറ്റൊരു വഴിയാണ് വിശുദ്ധൻമാരുടെത്. അവരെ സംബന്ധിച്ചിടത്തോളം സ്വന്തം രക്ഷ അന്യരെ രക്ഷിക്കുന്നതിൽ മാത്രമാണ് കുടികൊള്ളുന്നത്. അദ്ദേഹം തുടർന്നു "ദൈവം നീതമാനാണ്, നമ്മൾ നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട് നമ്മൾക്കതനുഭവപ്പെട്ടെന്നുവരില്ല." മറ്റുള്ളവരെ രക്ഷിക്കാനുള്ള ദൈവനിയോഗവും പേറിയാണ് ഫ്രാൻസീസിൻ്റെ തുടർന്നുള്ള ജീവിതയാത്ര ബ്രദർ ലിയോയുംകൂടി ആ യാത്രയ്ക്കു കൂട്ടായി.
ഒരു പുതിയ കുരിശുയുദ്ധം
ക്രിസ്തുവിൻ്റെ കല്ലറ അവിശ്വാസികളിൽനിന്ന് വീണ്ടെടുക്കാൻ ചരിത്രത്തിലരങ്ങേറിയ ഒരു കോമാളിക്കളിയായിരുന്നല്ലൊ രക്തപങ്കിലമായ കുരിശുയുദ്ധങ്ങൾ. ഇവിടെ ഫ്രാൻസിസ് മറ്റൊരു കുരിശുയുദ്ധത്തിനാഹ്വാനം ചെയ്യുന്നു. മനുഷ്യാത്മാവു കുടികൊള്ളുന്ന വിശുദ്ധ കല്ലറ വീണ്ടെടുക്കാനുള്ള യുദ്ധം. ഓരോ വ്യക്തിയും തനിക്കെതിരായി സ്വയം നടത്തേണ്ട ഒരു തീവ്രപോരാട്ടം എന്നാണദ്ദേഹം അതിനെ വിളിക്കുന്നത്. ക്രൂശിക്കപ്പെട്ട യേശു മനുഷ്യശരീരമെന്ന യെരുശലേമിൽ ഉയിർത്തെഴുന്നേൽക്കാൻ വെമ്പൽകൊള്ളുന്നു. ഓരോ വ്യക്തിയുടെ കാര്യത്തിലും എന്നപോലെ മനുഷ്യവംശത്തിന് ഒന്നടങ്കം അതിന്റെ ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. അതു വിണ്ടെടുത്തു കൊടുക്കുന്നതുവരെ നമുക്കു വിശ്രമമില്ല. ഇനിമേൽ ഈ ജോലി നിർവ്വഹിക്കാൻ നമ്മൾ രണ്ടുപേരും മാത്രം പോരാ ഒരു വലിയ സംഘം ആവശ്യമായിരിക്കുന്നു. ഈ ആഹ്വാനത്തെ തുടർന്നാണ് ലോക ഫ്രാൻസിസ്ക്കൻ സന്യാസസമൂഹം ബീജവാപം ചെയ്യപ്പെടുന്നത്. അനേകം യുവാക്കന്മാർ അവരുടെ സംഘത്തിൽ ചേർന്നു.
ആദിമ ക്രിസ്ത്യാനികളുടെ സമുഹത്തെ എല്ലാ അർത്ഥത്തിലും പിന്തുടരുന്ന ഒരു പുതിയ സമൂഹം പിറവി എടുക്കുന്നു. സമൂഹ വളർച്ച ഫിനിക്സ് പക്ഷിയുടേതുപോലാണല്ലോ. ജീർണ്ണിച്ച തള്ള പക്ഷിയുടെ ജഡത്തിൽ നിന്ന് ഒരു പുതിയ
ഫിനക്സ് പിറവിയെടുക്കുന്നു. ഇത്തരമെത്ര ഫീനക്‌സുകളുൽഭവിക്കുന്നതും ജീർണ്ണിക്കുന്നതും ചരിത്രത്തിൽ നമ്മൾ ദർശിച്ചിരിക്കുന്നത്. സാമൂഹ്യവളർച്ചയുടെ പാരമ്യത്തിൽ എത്തിച്ചേർന്നേക്കാനിടയുണ്ടെന്ന് കാറൽ മാർക്‌സിനെപോലുള്ള സാമൂഹ്യശാസ്ത്രജ്ഞന്മാർ വിഭാവന ചെയ്തിരുന്ന അവസ്ഥയുടെ രൂപമാതൃകകൾ ഇത്തരം പ്രസ്ഥാനങ്ങളിൽ നമുക്കു ദർശിക്കാവുന്നതാണ്. ഒരാൾ വെള്ളം ശേഖരിക്കുക മറ്റൊരാൾ വിറകു ശേഖരിക്കുക, വേറൊരാൾ ഭക്ഷണം ശേഖരിക്കുക. ഫ്രാൻസിസ് അസ്സീസിയിലെ തെരുവുകളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ട് പ്രബോധനം നടത്തുക. ഇതായിരുന്നു അവരുടെ ആദ്യകാല പ്രവർത്തനശൈലി
ഒരു തുള്ളി തേനിൻ്റെ ഗന്ധം എവിടെയെങ്കിലും അനുഭവപ്പെട്ടാൽ തേനീച്ചകൾ അതു മണത്തറിയുന്നു. അവയവിടെ പറന്നെത്തി തേൻ ശേഖരിക്കുന്നു. ഇതു പോലെയായിരുന്നു ഫ്രാൻസിസിൻ്റെ വാക്കുകളിൽ നിന്ന് മനുഷ്യാത്മാവിന്റെ മധു പ്രവഹിച്ചിരുന്നത്. അതു മണത്തറിഞ്ഞ അനേകം മനുഷ്യർ ആ തേൻ ശേഖരിക്കുവാൻ അദ്ദേഹത്തിനു ചുറ്റും വന്നെത്തി. അതൊരു വലിയ പ്രസ്ഥാനമായി പടർന്നു പന്തലിച്ചു. തന്റെ ആദർശങ്ങൾക്കനുസരിച്ചു ലോകത്തിൽ ദൈവത്തിന്റെ സഭയെ കെട്ടിപ്പടുക്കുന്നതിനുള്ള അംഗീകാരം വളരെ പണിപ്പെട്ടാണെങ്കിലും മാർപ്പാപ്പായിൽനിന്നു നേടിയെടുക്കാനും ഫ്രാൻസിസിനു കഴിഞ്ഞു.

സ്ഥാപനവത്ക്കരണം ഒരു ഭീഷണി
സ്വർഗ്ഗമെന്നാൽ ഒരു മാർബിൾകൊട്ടാരമല്ലെന്നും മനുഷ്യാത്മാവ് കൂടികൊള്ളുന്ന ഒരു കൊച്ചു കൂടിലാണെന്നും ഫ്രാൻസിസ് വിശദീകരിച്ചുതുടങ്ങി. ഒരു പുതിയ മാനവികതയുടെ ഈറ്റുനോവായി ആരംഭിച്ച ഈ ആശയഗതികളുടെ സ്വച്ഛ പ്രവാഹത്തിനു താമസിയാതെ തടസ്സം നേരിട്ടു. അദ്ദേഹത്തിന്റെ പ്രസ്ഥാനം പ്രത്യയശാസ്ത്രങ്ങളുടെ ശാദ്വലഭൂമിയിൽ നിന്ന് സ്ഥാപനവത്കരണത്തിൻ്റെ ഊഷരതയിലേയ്ക്ക് പറിച്ചു നടപ്പെടുകയായിരു ന്നു. വിശുദ്ധ ഫ്രാൻസിസ് നഗരങ്ങളിൽനിന്നു നഗരങ്ങളിലേയ്ക്ക് സഞ്ചരിച്ച് ആശയപ്രചരണം നടത്തി തിരികെ അസ്സീസിയിലെ ആശ്രമത്തിലെത്തിയപ്പോൾ അവിടം അസന്മാർഗ്ഗിക ജീവിതത്തിന്റെ ആസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു. ഏതു സഹോദരസംഘത്തിലും ഒരു യൂദാസ് ഉണ്ടായേ തീരു. കൂട്ടത്തിൽ പൊക്കം കൂടിയവനായ ഏലിയാസ് മറ്റൊരു യൂദാസ് ആവുകയായിരുന്നു.
സംഘം രണ്ടായി പിരിഞ്ഞു. ഒരു വിഭാഗം ഫ്രാൻസിസിനു ചുറ്റും കൂടി മറ്റൊരു വിഭാഗം ഏലിയാസിനു ചുറ്റും. അങ്ങനെ സാത്താൻ ഭിന്നിപ്പിന്റെ വിത്തുമായി അവരുടെ ഇടയിൽ പ്രവേശിച്ചു. ഫ്രാൻസിസ് അനുരഞ്ജനശ്രമങ്ങളുമായി വീണ്ടും അവരെ സമീപിച്ചു. വിശാലമായ ലോകത്തിൻ്റെ നാലുഭാഗങ്ങളിലും പോയി മനുഷ്യരുടെ ഇടയിൽ സ്വതന്ത്രമായി വേലചെയ്യുന്നതിന് അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് തന്റെ സന്തതസഹചാരിയായ ലിയോയോടൊപ്പം അനേകം നാടുകളിൽ അലഞ്ഞുനടന്ന് സുവിശേഷ പ്രഘോഷണം നടത്തി. നീണ്ടുനിന്ന വിദേശവാസത്തിനുശേഷം ആ ഗുരുശിഷ്യന്മാർ തങ്ങളുടെ പഴയ ആശ്രമത്തിലെത്തിയപ്പോൾ അവിടെ കണ്ട മാറ്റങ്ങൾ അവരെ അമ്പരപ്പിച്ചു. ആശ്രമ കാര്യക്കാരൻ ബ്രദർ മാസെയോയുടെ വാക്കുകൾക്ക് അവർ ചെവി കൊടുത്തു. ഫ്രാൻസിസ് ആഫ്രിക്കയിൽ എവിടെയൊവെച്ചു മരിച്ചുപോയെന്നാണവർ കരുതിയിരുന്നത്. സംഘത്തിലെ ചെറുപ്പക്കാരിൽ അധികം പേരും ഏലിയാസിനോടൊപ്പം പിരിഞ്ഞുപോയിരിക്കുന്നു. അവർ നാടുനീളെ നടന്ന് ജനങ്ങളിൽനിന്ന് സ്വർണ്ണവും മറ്റും ശേഖരിച്ച് ആകാശം മുട്ടുന്ന പള്ളികൾ പണി തീർത്തിരിക്കുന്നു. അവരോട് വിയോജിച്ചവരിൽ ബെർണാർഡും പിയോത്രയും ഏകാന്തവാസം ഇഷ്ടപ്പെട്ടുകൊണ്ട് വന മദ്ധ്യത്തിൽ പോയി പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കുന്നു. ഫാദർ സിൽവസ്റ്ററും ചുരുക്കം ചില സന്യാസികളും മാത്രം ഫ്രാൻസീസിൻ്റെ പാത പിൻതുടർന്നുകൊണ്ട് സമീപപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ ചുറ്റിസഞ്ചരിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നു.
ഒരു പുതിയ സ്ത്രീസങ്കല്‌പം
ആ അവസരത്തിലാണ് ഫ്രാൻസിസിന്റെ ആരാധികയും ബാല്യകാല സഖിയുമായിരുന്ന ക്ലാര ആശ്രമത്തിലെത്തുന്നത്. ഫ്രാൻസിസ് ആകട്ടെ ആദ്യം അവരെ കാണാൻപോലും വിസമ്മതിച്ചു. കസൻദ് സാക്കിസിൻ്റെ നോവലുകളിൽ സ്ത്രീകഥാപാത്രങ്ങൾ നന്നെ കുറവാണ്. ഉള്ളവർ തന്നെ പുരുഷൻ്റെ നിഴലുകൾ മാത്രമാണ്. "ലാസ്റ്റ് ടെമ്പ്റ്റേഷനിലെ മേരി മഗ്ദലന". "ഗ്രീക്കു പാഷനി" ലെ കത്രീന തുടങ്ങി കസൻദ് സാക്കിസ് അവതരിപ്പിക്കുന്ന സ്ത്രീകളെല്ലാം തന്നെ തങ്ങളാകൃഷ്ടരാകുന്ന പുരുഷന്മാരുടെ വ്യക്തിത്വത്തിൽ ലയിച്ചുചേർന്നു സ്വയം ഇല്ലാതാകുന്നതിൽ സായുജ്യം കണ്ടെത്തുന്നവരാണ്. ഈ നോവലിൽ ക്ലാര ഫ്രാൻസിസിനെ തേടിവരുന്നത് സന്യാസത്തിന്റെ ലോകത്തിലേക്കു തനിക്കും പ്രവേശിക്കുന്നതിനാണ്. സ്ത്രീകൾ സന്ന്യാസത്തിലേയ്ക്കു പ്രവേശിക്കുന്ന കാര്യത്തിൽ ഫ്രാൻസിസ് ആദ്യം വിയോജിപ്പു പ്രകടിപ്പിക്കുകയാണ് ചെയ്തത്. സുദീർഘമായ ഒരു വാദപ്രതിവാദത്തിൽ സ്വയം തോൽവി സമ്മതിച്ചതിനു ശേഷമാണ് അദ്ദേഹം സമ്മതം അരുളിയത്.
സ്ത്രീകൾക്കു ദൈവത്തിലെത്താനുള്ള മാർഗ്ഗം വിവാഹവും കുട്ടികളെ വളർത്തലും മറ്റുമാണെന്നദ്ദേഹം എന്ന് സമർത്ഥിച്ചു. കാരയുടെ സുദൃഢമായ ഇച്ഛാശക്തിയുടെ മുമ്പിൽ ഫ്രാൻസിസിൻ്റെ വാക്കുകളുടെ മുന ഒടിയുകയായിരുന്നു. അദ്ദേഹം അവരെ അനുഗ്രഹിച്ചു യാത്രയാക്കി. ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹം എന്ന പ്രസ്ഥാനം അങ്ങനെയാണ് ആവിർഭവിച്ചതെന്ന് കസൻദ് സാക്കിസ് സമർത്ഥിക്കുന്നു.

സ്വാതന്ത്യത്തിന്റെ ദാർശനികമാനങ്ങൾ
ഫ്രാൻസിസ് തന്റെ ദൗത്യവും ആയി ഊരുചുറ്റൽ തുടർന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചദ്ദേഹം പുതിയ പല സങ്കല്‌പങ്ങളും വികസിപ്പിച്ചെടുത്തു.
ആരാണ് യഥാർത്ഥ സ്വതന്തൻ? ഫ്രാൻസിസ് അസ്സീസിയുടെ അഭിപ്രായത്തിൽ ദൈവത്തിന്റെ അടിമയായിരിക്കുന്നവൻ മാത്രമാണ് യഥാർത്ഥ സ്വതന്ത്രൻ. ദൈവത്തിൻ്റെ ആധിപത്യത്തിൽ അമർന്നിരിക്കുന്നവന് മറ്റൊന്നിന്റെയും അടിമയായിരിക്കാൻ കഴിയുന്നില്ല. ഭൗതികനിയമങ്ങളും കെട്ടുപാടുകളുമുയർത്തുന്ന സർവ്വബന്ധങ്ങളിൽനിന്നും ഒരു യഥാർത്ഥ ഭക്തൻ സ്വതനായിരിക്കും. സ്വാതന്ത്യത്തിന്റെ മരീചികയിൽ ആകൃഷ്‌ടരായി ദൈവത്തെ ഉപേക്ഷിക്കുന്നവർ അവരറിയാതെ ഒട്ടേറ െ അടിമത്തങ്ങളെ സ്വയം വരിക്കുകയാണ്. യഥാർത്ഥ ദൈവഭക്തിയെ സ്വാതന്ത്യത്തിൻ്റെ ഉന്മാദം എന്നദ്ദേഹം നിർവചിക്കുക കൂടി ചെയ്തു.
ഫ്രാൻസിസിന്റെ വാക്കുകളുടെ അന്തരാർത്ഥം പിടികിട്ടാതെ പലരും തങ്ങളുടെ ഭാര്യമാരെയും വയലുകളെയും ഉപേക്ഷിച്ച്, "ഇനിമേൽ ഇവയൊന്നും ഞങ്ങൾക്കാവശ്യമില്ല, ഞങ്ങൾക്കു വേണ്ടത് സ്വർഗ്ഗരാജ്യമാണ്" എന്നിങ്ങനെ ആർത്തുവിളിച്ചുകൊണ്ട് അവർ ഫ്രാൻസിസിനെ അനുഗമിച്ചുതുടങ്ങി. ഒരു നിമിഷം അദ്ദേഹം തിരിഞ്ഞാലോചിച്ചു. എല്ലാവരും സന്ന്യാസികളും സന്ന്യാസിനികളും ആയിത്തീർന്നാൽ ലോകത്തിൻ്റെ ഗതിയെന്തായിത്തീരും. സ്വർഗ്ഗത്തിലേക്കൊറ്റ വഴിമാത്രമല്ല ഉള്ളതെന്നദ്ദേഹം അവർക്കു പറഞ്ഞുകൊടുത്തു. പക്ഷെ അത് ജനങ്ങളെ തൃപ്തരാക്കിയില്ല. അവർക്കു ലോകം മടുത്തു. സ്വർ ഗ്ഗത്തിലേയ്ക്ക് എളുപ്പവഴി അന്വേഷിക്കുന്ന ജനങ്ങളെ നിരാശരാക്കാനെ ഫ്രാൻസിസിനു കഴിഞ്ഞുള്ളൂ.
ലോകത്തിൽനിന്ന് ഒളിച്ചോടുന്ന പരമ്പരാഗത സന്ന്യാസത്തിൻ്റെ സ്ഥാനത്ത് ലോകത്തോടൊട്ടി നിന്നുകൊണ്ട് ജീവ ചൈതന്യത്തെ ഈശ്വരോന്മുഖമായി പരിവർത്തിപ്പിക്കാനുതകുന്ന ഒരു പുതിയ പ്രസ്ഥാനത്തിനു തുടക്കമിടുക എന്ന ആശയം അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അത്മായർക്കുവേണ്ടിയുള്ള മൂന്നാംസഭയെന്ന പ്രസ്ഥാനം അങ്ങനെയാണ് രൂപപ്പെട്ടത്.
തൻ്റെ മരണത്തിൻ്റെ ഗന്ധം ഫ്രാൻസീസിനു അനുഭവപ്പെട്ടു തുടങ്ങിയതായി ബ്രദർ ലിയോയ്ക്കു തോന്നി. തനിക്കു തന്റെ ജന്മനാട്ടിലേയ്ക്കു തിരിച്ചുപോകണമെന്ന ആഗ്രഹം അതിന്റെ സൂചനയായി ലിയോ കണക്കാക്കി. മരണത്തെ ഫ്രാൻസീസ് തെല്ലും ഭയപ്പെട്ടിരുന്നില്ല. ഒരു മനുഷ്യൻ്റെ യഥാർത്ഥ ജീവിതം അയാളുടെ മരണശേഷമാണ് ആരംഭിക്കുന്നതെന്നുറച്ചു വിശ്വസിച്ചിരുന്ന ഫ്രാൻസിസിനു തന്റെ മരണത്തിന്റെ വിദൂരഗന്ധം പോലും സന്തോഷജനകമായിരുന്നു.
യോഗാത്മകതയുടെ മൂർദ്ധന്യത്തിലെത്തിയ ഫ്രാൻസീസ് സ്വയം മറന്നാലപിച്ച ഗീതം ലിയോ കടലാസ്സിൽ പകർത്തി
"ദൈവമെ നീ പരിശുദ്ധിയാകുന്നു,
നീ ദൈവങ്ങളുടെ ദൈവവും
ഞങ്ങളുടെ കർത് താവുമാകുന്നു.
ബലവും മഹത്ത്വവും ഔന്നത്യവും നിന്റേതാകുന്നു.
നീ ബുദ്ധിയും താഴ്മയും ക്ഷമയുമാകുന്നു.
നീ സൗന്ദര്യവും നിശ്ചിതത്വവും സമാധാനവും ശാന്തിയുമാകുന്നു.
നീ ഞങ്ങളുടെ പ്രത്യാശയും നീതിയും
ഞങ്ങളുടെ സമ്പത്തുമാകുന്നു.
ഞങ്ങളുടെ സംരക്ഷകനും പ്രതിരോധവും
ഞങ്ങളുടെ ആത്മാവിൻ്റെ മാധുര്യവും നിയാകുന്നു"
ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി രൂപക്കൂടുകളിലലംങ്കരിച്ചു വച്ചിരിക്കുന്ന ദൈവ ബിംബങ്ങളിൽ നിന്ന് ഫ്രാൻസിസ് അസ്സീസിയുടെ ദൈവസങ്കല്പത്തിലേയ്ക്കുള്ള ദൂരം വളരെയാണെന്ന് ഈ ഗീതം വ്യക്തമാക്കുന്നുണ്ടല്ലൊ.
കഥാപാത്രങ്ങളിലേയ്ക്ക് സ്വന്തം ആത്മാംശത്തെ പകരുക എന്ന കസൻദ് സാക്കിസിൻ്റെ ശീലം ഈ നോവലിലും കൈവിട്ടിട്ടില്ല! "എൻ്റെ ജന്മദിവസം മുതൽ എൻ്റെയുള്ളിൽ ദൈവത്തെ വെറുത്തിരുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു എന്ന് താൻ കഥാപാത്രമാക്കിയ ഫ്രാൻസിസ് അസ്സീസിയെക്കൊണ്ട് കസൻദ് സാക്കീസ്ദ്സി പറയിപ്പിക്കുന്നു. ഈ വാക്കുകൾ നോവലിസ്റ്റിന്റെ സ്വന്തം വാക്കുകളാണെന്ന് അദ്ദേഹത്തിൻ്റെ ജീവചരിത്രം പഠിച്ച ആർക്കും എളുപ്പം ബോദ്ധ്യപ്പെടും. ദൈവത്തെ വെറുത്തിരുന്ന ആ ഘടകം പൂർണ്ണമായും അപ്രത്യക്ഷമായ ഈ നിമിഷം താനെങ്ങനെ സന്തോഷത്താൽ മതിമറക്കാതിരിക്കും എന്നു ഫാൻസിസ് ചോദിക്കുമ്പോൾ എന്താണ് ആ ഘടകം എന്ന് ലിയോ ആരായുന്നു ശരീരം അതായിരുന്നു ഫ്രാൻസിസിന്റെ ഉത്തരം. ഇതുതന്നെ ആണ് ഈ വിഷയത്തിൽ കസൻദ് സാക്കിസിനും നൽകാനുണ്ടായിരുന്ന ഉത്തരമെന്ന് വിസ്തൃതമായ അദ്ദേഹത്തിൻ്റെ ആഖ്യായികൾ സമർത്ഥിക്കുന്നു.
ശരീരം- ആത്മാവ് ഈ ദന്ദ്വങ്ങൾക്കിടയിൽ പതഞ്ഞരയാൻ വിധിക്കപ്പെട്ടതാണ് മനുഷ്യജന്മം എന്ന് ഈ നോവലിസ്റ്റ് ദൃഢമായി വിശ്വസിച്ചിരുന്നു. ഒരേ സമയം ശരീരത്തോടും ആത്മാവിനോടും നീതിപുലർത്താൻ പരിശ്രമിച്ചു പരാജയപ്പെട്ട ഒരു ജീവിതമായിരുന്നു കസൻദ് സാക്കിസിന്റേത്. സ്വന്തം ജീവിതത്തിലെ ഈ പരാജയത്തിനു പകരം വീട്ടാൻ ഈ നോവലിസ്റ്റ് തന്റെ കഥാപാത്രങ്ങളിലൂടെ പരിശ്രമിക്കുന്നു. അന്ത്യ പ്രലോഭനത്തിലെ ക്രിസ്തുവും ഗ്രീക്കു പാഷൻസിലെ മൗലിയോസും മാത്രമല്ല ഫ്രാൻസിസ് അസ്സീസിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച ഗോഡ്സ്പോപ്പറിലെ നായക കഥാപാത്രമായ ഫ്രാൻസിസും നോവലിസ്റ്റിന്റെ ആത്മാംശം സാംശീകരിച്ച കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളത്രയും ശരീരത്തിന്റെമേൽ ആത്മാവു കൈവരിക്കുന്ന വിജയത്തിന്റെ ദൃഷ്ടാന്തങ്ങളാണെങ്കിൽ, ഏറെ പേരു കേട്ട "സോർബ ദി ഗ്രീക്കിലെ" നായകനായ സോർബ ശരീരത്തിൻ്റെ വിജയം പ്രഖ്യാപിക്കുന്ന കഥാപാത്രമാണ്. രണ്ടും കസൻദ് സാക്കിസ് പ്രതിഭയുടെ രണ്ടു മുഖങ്ങൾ മാത്രം.
വിശുദ്ധ ഫ്രാൻസീസ്: കസൻദ് സാക്കിസിന്റെ ഭാവനയിൽ,
കെ. സി. വർഗീസ്
അസ്സീസി മാസിക, ഒക്ടോബർ 1999





















