top of page

ധ്യാനം

5 days ago

2 min read

George Valiapadath Capuchin
Empty classroom with rows of wooden desks and benches, white walls, and high windows. The room is well-lit and orderly, creating a calm mood.

ഇതേക്കുറിച്ച് മുമ്പൊരു നാൾ എഴുതിയിട്ടുണ്ടോ എന്ന് തീർച്ചയില്ല. മിക്കവാറും 1991-ൽ അല്ലെങ്കിൽ 92 -ൽ ആയിരിക്കണം അത്. എട്ടു പേർ ഞങ്ങൾ ഒരു പ്രത്യേക രീതിയിലുള്ള ധ്യാനത്തിന് പോയത്. കുരുമുളകിനും ഏലത്തിനും രോഗം പിടിപെട്ടും വില കുറഞ്ഞും കേരളത്തിൻ്റെ മലയോര മേഖല, പ്രത്യേകിച്ച് ചെറുകിടക്കാരായ ദരിദ്ര കർഷകർ നട്ടംതിരിഞ്ഞ കാലം. പാലാ രൂപതയിലെ സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ് അച്ചൻ, മാത്യു പൈകട അച്ചൻ, എൻ്റെ സഹപാഠിയായ ആൻ്റോ അച്ചൻ, അക്കാലത്ത് വിവിധ വർഷക്കാരായി ദൈവശാസ്ത്ര വിദ്യാർത്ഥികളായ അലക്സ് കിഴക്കേക്കടവിൽ, ഫ്രാൻസിസ് എടാട്ടുകാരൻ, ജോസ് എടാട്ടുകാരൻ, ബോബി കട്ടിക്കാട്, പിന്നെ ഞാനുമടങ്ങുന്ന എട്ടു പേർ.


ധ്യാനരീതി എന്താണെന്നല്ലേ? പാവപ്പെട്ട മനുഷ്യരെ കാണുകയും അവരിലൂടെ വെളിവാകുന്ന ദൈവികതയെ ധ്യാനിക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ധ്യാനപരിപാടി. ഇടുക്കി ജില്ലയുടെ മലയോര മേഖലയാണ് അതിനായി തെരഞ്ഞെടുത്തത്. പാലായിൽ നിന്ന് കോട്ടയം വഴി ഇടുക്കിയിലെ കഞ്ഞിക്കുഴി വരെ ബസ്സിൽ പോകാനും ഏതാണ്ട് അതേ ദൂരത്തുനിന്ന് തിരികെവരാനും മാത്രമുള്ള പണമേ ഓരോരുത്തരുടെയും കൈവശം ഉണ്ടായിക്കൂടൂ. അത്യാവശ്യം വന്നാൽ രണ്ടുമൂന്നു കിലോ അരിയോ മറ്റോ വാങ്ങാനുള്ള പണം ടീം ലീഡറുടെ കൈവശം ഉണ്ടായിരുന്നു. പ്ലാൻ ഇങ്ങനെയായിരുന്നു. അഞ്ചു ദിവസമാണ് ധ്യാനം. സാധാരണക്കാരുടെ വേഷത്തിലാണ് യാത്ര. അത്യാവശ്യമില്ലെങ്കിൽ ഐഡൻ്റിറ്റി വെളിപ്പെടുത്തേണ്ടതില്ല. 'ഇവിടമൊക്കെ കാണാൻ ഇറങ്ങിയതാണ്' എന്നു മാത്രം പറഞ്ഞാൽ മതി. വൈകുന്നേരം ഒരുമിച്ചുചേരേണ്ട സ്ഥലം ഓരോ ദിവസവും രാവിലെ തീരുമാനിക്കും. ഏകദേശം 20 കിലോമീറ്റർ ദൂരെ ആയിരിക്കും അത്. അവധിക്കാലം ആയിരുന്നതിനാൽ ഒഴിഞ്ഞും തുറന്നും കിടക്കും സർക്കാർ വക എൽ. പി. സ്കൂളുകൾ. അവിടെ ആയിരിക്കും രാത്രിയുറക്കം.


രണ്ടു പേർ വീതം തിരിഞ്ഞാണ് പകൽ നടക്കേണ്ടത്. ഓരോ ദിവസവും വേറെ വേറെ ആളുടെ കൂടെ പോകണം. വഴിയിൽ കാണുന്നവരോട് സംസാരിക്കണം. അവരുടെ ജീവിതത്തെക്കുറിച്ച് ചോദിക്കണം. വെള്ളം, ഭക്ഷണം എന്നിവ ആളുകളോട് ചോദിച്ച് വാങ്ങി കഴിക്കണം. കൈവശം ഒരു ചെറിയ തോൾ സഞ്ചി മാത്രം പാടുള്ളൂ. അതിൽ ഏറ്റവും കുറച്ച് സാധനങ്ങളും. പുഴകളിലും നീർച്ചാലുകളിലും കുളിക്കാം. വസ്ത്രം അന്നന്ന് കഴുകി രാത്രിയിൽ ഉണക്കിയെടുക്കാം. അതിനാൽ ഒരു സെറ്റ് മുണ്ടും ഷർട്ടും അടിവസ്ത്രവും മതിയായിരുന്നു. ഒരു തോർത്തും ഒരോ ചെറിയ കട്ട കുളിസോപ്പും അലക്കുസോപ്പും അല്പം ഉമിക്കരിയും ആയാൽ ടോയ്‌ലറ്ററീസ് പൂർണ്ണം. വൈകുന്നേരം ഒരുമിച്ചു കൂടുമ്പോൾ അന്നന്നത്തെ വഴിയനുഭവങ്ങൾ ഓരോരുത്തരും പങ്കുവെക്കും; പ്രാർത്ഥിക്കും.


ആദ്യ ദിവസം നല്ല ചമ്മലായിരുന്നു. എങ്കിലും ഓരോ ദിവസവും ഓരോരോ പുതിയ അനുഭവങ്ങൾ. കൃഷിയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ചോദിച്ചാൽ അരയേക്കറോ ഒരേക്കറോ ഭൂമിയിൽനിന്ന് കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടു പോകില്ല എന്ന് സമ്മതിക്കും അവർ. കൃഷിയെല്ലാം നശിച്ചു. എങ്കിലും തീരെക്കുറവ് പരിഭവങ്ങൾ മാത്രം.


കൈയ്യിൽ പൈസ ഇല്ല എന്നു പറഞ്ഞാലും ചായ കുടിച്ചിട്ട് പൊയ്ക്കോളൂ എന്ന് ഉദാരമതികളാകുന്ന ചെറിയ ചായക്കടക്കാർ. വഴിയിൽക്കണ്ടവരോട് കുശലാന്വേഷണം നടത്തിയും, കപ്പക്കൂടം കൂട്ടുവരോടൊപ്പം പത്ത് കപ്പക്കൂടം കൂട്ടിക്കൊടുത്തും മിണ്ടിപ്പറഞ്ഞും കിണറുകളിൽ നിന്ന് വെള്ളം കോരിക്കുടിച്ചും അരുവികളിൽ കൈകാൽ കഴുകിയും രണ്ടുപേർ വീതം ഞങ്ങൾ പല വഴിയേ നടന്നു.


ചില മേഖലകളിൽ ആൾപ്പാർപ്പ് കുറവായിരുന്നു.

പാറപ്പുറത്തും കുന്നിൻ മുകളിലും മറ്റുമിരിക്കുന്ന തീരെ ദരിദ്രമായ കുഞ്ഞുകൂരകളിൽപ്പോലും ഉച്ചനേരത്ത് വെള്ളംചോദിച്ച് ചെന്നാൽ, അവർക്കുള്ളതിൽ പങ്ക് കഞ്ഞിയോ കപ്പയോ വിളമ്പി അവരെല്ലാം ഞങ്ങൾക്ക് ആതിഥേയരായി.

ചിലർ കരിപ്പട്ടി കലക്കി ചായ തന്നു.


രണ്ടു വളവ് കഴിഞ്ഞാൽ തങ്ങളുടെ വീടാണെന്നും അതൊരു കുഞ്ഞു വീടാണെന്നും വാതിൽ തുറന്നു കിടക്കുകയാണെന്നും അകത്തുകയറി അടുക്കളയിൽ ഇരിക്കുന്ന ചോറും തോരനും എടുത്തുകഴിച്ചിട്ട് പോയാൽ മതിയെന്നും നിർബന്ധിക്കുന്നു, തലയിൽ ഓരോകെട്ട് വിറകുമായി ചന്തയിലേക്ക് പോകുന്ന ചേടത്തിമാർ.


സ്ഥലത്തെ എൽ. പി. സ്കൂളിലെ കിണറ്റിൽ വെള്ളമില്ലെന്നും അതിനാൽ തങ്ങളുടെ വീട്ടിൽ കൂടാമെന്നും പറഞ്ഞ് ഞങ്ങളെ ക്ഷണിച്ച്, ഞങ്ങൾക്ക് അത്താഴം തന്ന് സ്വന്തം ചെറുവീട് ഞങ്ങൾക്കായി ഒഴിഞ്ഞുതന്ന് അടുക്കളച്ചായ്പിൽ രാവുറങ്ങുന്നു മറ്റൊരു കുടുംബം.


കൈയ്യിൽ കാശില്ലാതെ നാടുകാണാനിറങ്ങിയ ഒരു പറ്റം ചെറുപ്പക്കാരോട് ആ ചെറിയവരിൽ ഒരാൾ പോലും കയർത്തില്ല, മുഷിഞ്ഞ് സംസാരിച്ചില്ല.

ദൈവസ്നേഹം എന്തെന്ന്, കാരുണ്യവും സഹാനുഭൂതിയും എന്തെന്ന് സാധുക്കളായ ആ മനുഷ്യർ ഞങ്ങളെ അനുഭവിപ്പിച്ചു.

അവരിൽ പല ജാതിക്കാരും മതക്കാരുമുണ്ടായിരുന്നു.

ആ നാലഞ്ച് ദിവസങ്ങളിലെ അനുഭവങ്ങൾ എഴുതാൻ ഈയൊരു കുറിപ്പൊന്നും മതിയാവില്ല.


ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ചുവച്ച ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ എളിയവരായ, ദരിദ്രരായ ഈ ശിശുക്കൾക്ക് വെളിപ്പെടുത്തിയ ദൈവമേ അങ്ങേക്ക് സ്തുതി.

'ദരിദ്രർ നമ്മുടെ അധ്യാപകരാണ്' എന്ന് ഇന്നലെ കുറിച്ചപ്പോൾ ഇക്കാര്യങ്ങൾ മനസ്സിൽ പൊടുന്നനേ പൊന്തിവന്നതാണ്.


മുപ്പത്തിമൂന്ന് വർഷമെങ്കിലും കഴിഞ്ഞിരിക്കുന്നു. ഇന്ന് അത്തരം സർക്കാർ സ്കൂളുകളോ കൂരകളോ ഒരുപക്ഷേ ഉണ്ടാവില്ല. എങ്കിലും, ഇന്നും ഞങ്ങളിലാരെങ്കിലും അന്നത്തെ ആ വ്യത്യസ്തമായ ധ്യാനവും അന്ന് കണ്ടുമുട്ടിയ നന്മകളും മറന്നിട്ടുണ്ടാകും എന്ന് തോന്നുന്നില്ല!

Recent Posts

bottom of page