top of page

രക്ഷാകരമായ ഇടപെടലുകള്‍

Nov 12, 2020

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
image of earth

മനുഷ്യന്‍റെ ചരിത്രത്തില്‍ ദൈവത്തിന്‍റെ രക്ഷാകരമായ ഇടപെടലുകള്‍ നാം കാണുന്നുണ്ട്. ഇസ്രായേല്‍ ജനതയുടെ ജീവിതത്തില്‍ പ്രവാചകന്മാരിലൂടെയും രാജാക്കന്മാരിലൂടെയും പുരോഹിതന്മാരിലൂടെയും ദൈവം ഇടപെട്ടു. മരുഭൂമി യാത്രയില്‍ രാത്രിയില്‍ ദീപസ്തംഭമായും പകല്‍ച്ചൂടില്‍ മേഘസ്തംഭമായും യഹോവ നിറഞ്ഞുനിന്നു. ജനത്തിനു വിശന്നപ്പോള്‍ മന്നയായും ദാഹിച്ചപ്പോള്‍ വെള്ളമായും കര്‍ത്താവ് കടന്നുവന്നു. കടലിനെ മുറിച്ചും കരിമ്പാറകൂട്ടങ്ങളെ പിളര്‍ന്നും തന്‍റെ സാന്നിദ്ധ്യമറിയിച്ചും മരുഭൂമിയുടെ കൊടുംചൂടില്‍ മന്ന കൊണ്ടു വിരുന്നൊരുക്കിയ കര്‍ത്താവ് തന്‍റെ സാന്നിദ്ധ്യത്താല്‍ ദൈവജനത്തെ ബലപ്പെടുത്തി. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ ദൈവം തന്‍റെ ജനത്തെ വിശ്വാസത്തില്‍ ബലപ്പെടുത്തുകയായിരുന്നു.

പഴയ ആകാശവും പഴയ ഭൂമിയും കടന്നുപോയി. ഒരു പുതിയ ലോകത്തില്‍ യേശുനാഥന്‍ തന്‍റെ ഇടപെടലുകളിലൂടെ ഒരു പുതിയ ഇസ്രായേലിനെ രൂപപ്പെടുത്തി. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ കടന്നുവന്ന് ആ വ്യക്തിയെ പുതുക്കി സൃഷ്ടിക്കുന്ന ഇടപെടലുകളാണ് കര്‍ത്താവ് നടത്തിയത്. ലൂക്കായുടെ സുവിശേഷത്തില്‍ ഏഴാം അധ്യായത്തില്‍ 36 മുതലുള്ള വാക്യത്തില്‍ പാപിനിയായ സ്ത്രീയുടെ ജീവിതത്തില്‍ യേശു ഇടപെടുന്നു. എപ്പോഴും മുമ്പില്‍കയറി നിന്നവരെ പിറകിലേക്കു മാറ്റിനിറുത്തി. പുരുഷന്മാരെ വശീകരിക്കുവാനുപയോഗിച്ച  കണ്ണുകള്‍ ഈറനണിഞ്ഞു. മറ്റുള്ളവരെ ആകര്‍ഷിച്ച മുടികൊണ്ട് ഗുരുവിന്‍റെ പാദങ്ങള്‍ തുടച്ചു. പാപത്തിന്‍റെ ചുംബനം നല്കിയ ചുണ്ടുകൊണ്ട് പുണ്യപാദങ്ങളെ ചുംബിച്ചു. ഉന്മാദലഹരിയുണര്‍ത്തിയ പരിമളത്തിന്‍റെ ചെപ്പ് ഉടച്ചുകളഞ്ഞു. യേശുവിന്‍റെ ഇടപെടല്‍ അവളുടെ ജീവിതത്തില്‍ വന്നപ്പോള്‍ അവള്‍ പുതിയ വ്യക്തിയായിത്തീര്‍ന്നു. ഇന്നലെവരെയുള്ള ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതത്തിലേക്ക് അവള്‍ തിരിച്ചു നടന്നു. തിരിച്ചറിവ് അവളെ തിരിച്ചുനടത്തി.

ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായത്തില്‍ ധൂര്‍ത്തപുത്രന്‍റെ ജീവിതത്തില്‍ ഇടപെടുന്ന ദൈവികശക്തിയെ നാം കാണുന്നു. യേശുവിന്‍റെ വിശ്വപ്രസിദ്ധമായ ഈ ഉപമയില്‍ ദൈവാത്മാവിന്‍റെ ഇടപെടലില്‍ പൂര്‍ണമായ മനപരിവര്‍ത്തനം വരുന്ന ധൂര്‍ത്തപുത്രനെ നമുക്കു കാണാന്‍ കഴിയും. അവന് സുബോധം നല്‍കിയത് ദൈവമാണ്. പുതിയ ഒരു തീരുമാനമെടുക്കാന്‍ ശക്തി ലഭിക്കുന്നു. പശ്ചാത്താപത്തിന്‍റെ ഹൃദയം കൊടുക്കുന്നു. എത്ര ആഴത്തിലേക്കു വീണുപോയോ അവിടെനിന്നും തിരിച്ചുകയറുന്നു. എത്ര ദൂരം അകന്നുപോയോ അത്രയും ദൂരം തിരിച്ചുനടക്കുന്നു. തിരിച്ചറിവിന്‍റെ അവസാനം ഒരു പുനര്‍സംഗമം നടക്കുന്നു. അതിനുശേഷം അലംകൃതമായ പുതുവസ്ത്രം ധരിക്കുന്ന ആത്മാവായി അവന്‍ മാറുന്നു. ഒരു വലിയ ആത്മീയാനന്ദത്തിന്‍റെ ആഘോഷമായി ജന്മമെടുക്കുന്നു. ക്രിസ്തു ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടുമ്പോഴുണ്ടാകുന്ന സമ്പൂര്‍ണമാറ്റത്തെ നാം ഇവിടെ മനസ്സിലാക്കുന്നു.

ലൂക്കായുടെ സുവിശേഷം പത്തൊമ്പതാം അധ്യായത്തില്‍ സക്കേവൂസ് എന്ന കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നു. ദൂരെ നിന്നു കര്‍ത്താവിനെ കാണാന്‍ ആഗ്രഹിച്ച അവന്‍റെ അടുത്തുവന്ന് അനുഗ്രഹിക്കുന്നു. ഒരു ചുവടു മുന്നോട്ടുവച്ചവന്‍റെ ആഗ്രഹം കണ്ട് രണ്ടു ചുവടുകള്‍ കര്‍ത്താവ് വയ്ക്കുന്നു. സക്കേവൂസിന്‍റെ അകവും പുറവും വ്യക്തമായി കണ്ടു. കര്‍ത്താവിന്‍റെ മുമ്പില്‍ ഒന്നും മറച്ചുവയ്ക്കാനാവുന്നില്ല. ഒരു മനുഷ്യന്‍ മാറിയാല്‍ അവനുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം അനുഗ്രഹം ലഭിക്കും. സക്കേവൂസ് സ്വയം തിരുത്തിയപ്പോള്‍ അവന്‍റെ കുടുംബം മുഴുവന്‍ രക്ഷപെട്ടു. ഒരു തെറ്റിന് നാലിരട്ടി പരിഹാരം ചെയ്യുവാന്‍ അവന്‍ സന്നദ്ധനായി. ക്രിസ്തു ഒരു ജീവിതത്തില്‍ ഇടപെടുമ്പോള്‍ പാപബോധവും പശ്ചാത്താപവും ഉണ്ടാവും. പാപിനിയായ സ്ത്രീക്കും ധൂര്‍ത്തപുത്രനും സക്കേവൂസിനുമെല്ലാം ഈ അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. അനുതാപത്തിലേക്ക് നയിക്കുന്ന ഇടപെടലുകള്‍.

ലൂക്കായുടെ  സുവിശേഷം ഇരുപത്തിനാലാം അധ്യായത്തില്‍ എമ്മാവൂസിലേക്ക് യാത്രതിരിക്കുന്ന രണ്ടു ശിഷ്യന്മാരെ നാം പരിചയപ്പെടുന്നുണ്ട്. ജറുസലേമില്‍ നിന്ന് പ്രത്യാശയറ്റ ഹൃദയത്തോടെ യാത്ര തിരിച്ചവരാണവര്‍. യേശു അവരോടൊപ്പം അപരിചിതനെപ്പോലെ നടന്നു. അവര്‍ എമ്മാവൂസിലേക്ക് പോകേണ്ടവരല്ലെന്നും ജറൂസലേമില്‍ നില്‍ക്കേണ്ടവരാണെന്നുമുള്ള തിരിച്ചറിവ് നല്‍കുന്നു. അവരുടെ ഹൃദയം ജ്വലിപ്പിച്ച ആ യാത്ര അവരെ തിരിച്ചു നടത്തി. കര്‍ത്താവിന്‍റെ ഇടപെടല്‍ ഒരു ജീവിതത്തിലുണ്ടായാല്‍ ആ വ്യക്തി ആദിമ നന്മയിലേക്ക് വീണ്ടും നീങ്ങും.

യോഹന്നാന്‍റെ സുവിശേഷം നാലാം അധ്യായത്തില്‍ സമറിയാക്കാരി സ്ത്രീയുടെ രംഗം വിവരിച്ചിരിക്കുന്നു. പാപപശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന അവള്‍ക്ക് യേശു ഒരു പുതിയ ലോകം കാണിച്ചുകൊടുത്തു. ജീവിതത്തിന്‍റെ കുടം അവന്‍റെ കാല്‍പാദത്തില്‍ വച്ചിട്ട് ദൈവസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു നിറകുടമായി അവള്‍ മടങ്ങുന്നു. 'ഞാന്‍ ക്രിസ്തുവിനെ കണ്ടു' എന്ന് ഏറ്റുപറയുന്ന സാക്ഷിയായി അവള്‍ രൂപാന്തരപ്പെട്ടു. ജീവിതത്തില്‍ ഒന്നും മറച്ചുവയ്ക്കാനാവില്ലെന്ന് ആ സ്ത്രീ പഠിച്ചു. മറഞ്ഞിരിക്കുന്നതെല്ലാം വെളിച്ചത്തുകൊണ്ടുവരുന്നവന്‍റെ ശക്തിയുടെ മുമ്പില്‍ അവള്‍ ഉടഞ്ഞുപോയി.

യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇരുപത്തിയൊന്നാം അധ്യായത്തില്‍ തിബേരിയൂസിന്‍റെ തീരത്തിരുന്ന് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പത്രോസിനെയും കൂട്ടുകാരെയും ചിത്രീകരിച്ചിരിക്കുന്നു. മീന്‍ ഒന്നും കിട്ടാതെ പരാജയഭാരത്തോടെ കഴിയുന്നവരെ വീണ്ടും തുടങ്ങുവാന്‍ പ്രേരിപ്പിക്കുന്ന ശക്തിയായി ഉത്ഥിതന്‍ കടന്നുവന്നു. അമ്മമനസ്സിന്‍റെ വാത്സല്യത്തോടെ സകല പരാജിതര്‍ക്കും ഊര്‍ജ്ജം പകരുവാന്‍ കര്‍ത്താവ് കടന്നുവരുമെന്ന് ഈ സുവിശേഷഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നമ്മുടെ സ്വകാര്യജീവിതങ്ങളില്‍ കര്‍ത്താവിന് ഇടം കൊടുക്കാം. ഇടം കൊടുക്കുന്ന ജീവിതങ്ങളില്‍ ഇടപെടുന്ന കര്‍ത്താവിനെ സ്നേഹപൂര്‍വ്വം നമുക്കും ക്ഷണിക്കാം. അവന്‍റെ ഇടപെടലില്‍ രക്ഷാകരാനുഭവം ലഭിക്കുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.


Nov 12, 2020

0

0

Recent Posts

bottom of page