

"അവർ ആദ്യം യഹൂദരെ തേടി വന്നു.
ഞാൻ മിണ്ടിയില്ല.
കാരണം ഞാനൊരു യഹൂദനായിരുന്നില്ല.
പിന്നെ അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു.
ഞാൻ മിണ്ടിയില്ല.
കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുമായിരുന്നില്ല.
പിന്നെ അവർ കത്തോലിക്കരെ തേടി വന്നു.
ഞാൻ മിണ്ടിയില്ല.
കാരണം ഞാനൊരു കത്തോലിക്കാനായിരുന്നില്ല.
പിന് നെ അവർ എന്നെത്തേടി വന്നു.
പക്ഷേ, എനിക്കുവേണ്ടി ശബ്ദിക്കാൻ ആരും അവശേഷിച്ചിരുന്നില്ല."
- പാസ്റ്റർ നുമ്യോള്ളർ
ഈ ദുരന്തം ആർക്കും സംഭവിക്കരുതെന്ന് ഞങ്ങൾക്കാഗ്രഹമുണ്ട്.
(ഒരു നാസി അനുഭാവിയായിരുന്നു തുടക്കത്തിൽ നീമ്യൊള്ളർ. അനീതിക്കും അക്രമത്തിനും മുന്നിൽ അയാൾ തുടക്കത്തിൽ നിശ്ശബ്ദത പാലിച്ചു. എന്നും അത് സംഭവിക്കും. അനീതിക്കും അക്രമത്തിനും മുന്നിൽ നിശ്ശബ്ദത പാലിക്കുന്നവരെ ആ ദുർഭൂതം എന്നെങ്കിലും വിഴുങ്ങും.)
'കുറെ സൂചികളുള്ള ഒരുവൻ ഉണ്ടായിരുന്നു.
ഒരു സ്ത്രീ അയാളുടെ അടുത്തുചെന്ന് ചോദിച്ചു:
"എൻ്റെ മകൻ്റെ തുണി കീറിപ്പോയി. പള്ളിയിൽ പോകുന്നതിനുമുമ്പ് അതൊന്ന് തുന്നിക്കൊടുക്കണം. ഒരു സൂചി തര്വോ?"
അയാൾ സൂക്ഷിച്ചു കൊടുത്തില്ല.
പകരം, കൊടുക്കവാങ്ങലിനെ സംബന്ധിച്ച ഒരു നെടുങ്കൻ പ്രസംഗം കാച്ചി.
എന്നിട്ട് പറഞ്ഞയച്ചു:
"പള്ളിയിൽ പോകുന്നതിനു മുമ്പ് മകനെ ഈ പ്രസംഗം ഒന്ന് കേൾപ്പിക്കു"
- ഖലീൽ ജിബ്രാൻ
ഞങ്ങൾ ഇത്തരം സൂചി കൊടുക്കാത്ത പ്രസംഗങ്ങൾക്കെതിരാണ്.
"വെട്ടുക, മുറിക്കുക, പങ്കുവയ്ക്കുക
ഗ്രാമം പത്തനം ജനപദമൊക്കെയും
കൊന്നും തിന്നും വാഴുക
പുലികളായ് സിംഹങ്ങളായും
മർത്ത്യരാവുക മാത്രം വയ്യ
ജന്തുത ജയിക്കുന്നു."
- ഓ.എൻ.വി. കുറുപ്പ്
ജന്തുത ജയിക്കരുതെന്ന് ഞങ്ങൾ കരുതുന്നു.
ഭരണങ്ങാനത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന അസ്സീസി മാസികയുടെ പിൻതാളിൽ 1993 - 94 കാലയളവിൽ ഞങ്ങളീവരികൾ പലതവണ ചേർത്തിരുന്നു. ഒരുപക്ഷേ, കേര ളത്തിൽ ഈ വാക്കുകൾ ആദ്യമായി ആവർത്തിച്ചു പറഞ്ഞത് ആ പ്രസിദ്ധീകരണം ആയിരുന്നിരിക്കണം!
മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു.
ക്ഷമിക്കണം.
ഇനിയും അതുതന്നെ ആവർത്തിക്കേണ്ടിവന്നിരിക്കുന്നു !





















