top of page

കൂട്ടംകൂട്ട്

Jun 20

1 min read

George Valiapadath Capuchin

ലോകമെമ്പാടും ചെറുപ്പക്കാർ മതം ഉപേക്ഷിക്കുന്നു എന്ന് ധാരാളം പേർ ഇക്കാലത്ത് പയ്യാരം പറയുന്നു. ശ്രദ്ധിച്ചാൽ മനസ്സിലാകും, സംഘടിത മതങ്ങളെയാണവർ തിരസ്കരിക്കുന്നത്. അവർ പങ്കെടുക്കുന്ന മതത്തിന് പൊതുവേ പേരുകൾ ഇല്ലാത്തതിനാലാണ് തങ്ങൾക്ക് മതമില്ല എന്നവർ പറയുന്നത്. പതിനായിരങ്ങളായിട്ടാണ് ചെറുപ്പക്കാർ ഓരോരോ ആത്മീയ ഗായകരുടെയും മറ്റും ചുറ്റും ഓടിക്കൂടുന്നത്. ചില റാപ്പർമാർക്കും മറ്റും ചുറ്റുമായി വരുന്ന ചെറുപ്പക്കാർ തങ്ങളുടെ മതം അനുഷ്ഠിക്കുകയാണ് എന്ന് അവരോ സമൂഹമോ അറിയുന്നില്ല എന്നേയുള്ളൂ.


നമ്മൾ വെടക്കാക്കിയ ഭൂമി; ദൈവവിശ്വാസികളാണ് തങ്ങൾ എന്ന് സ്വയം ഊറ്റം കൊണ്ടിട്ടും നമ്മൾ പുലർത്തിയ വിവേചനങ്ങൾ, നമ്മൾ ഹൃദയത്തിൽ നിറച്ച വിദ്വേഷം, നമ്മൾ വമിപ്പിച്ച വിഷം; ഭ്രാന്തിൻ്റെ തലത്തോളം നമ്മൾ പുലർത്തുന്ന അസഹിഷ്ണുത - ഒക്കെയൊക്കെയാണ് അവരെ മതത്തിനും സംഘടിതമായ എല്ലാറ്റിനും എതിരാക്കിയത്.


സോഷ്യൽ മീഡിയ നോക്കൂ. ഫേസ്ബുക്ക് അവരുടേതായിരുന്നു. നമ്മളൊക്കെ കയറിവന്ന് അതിൽ മാലിന്യം നിറച്ചതോടെ അവർ കൂട്ടത്തോടെ അതിൽനിന്ന് ഓടിരക്ഷപ്പെട്ടു. അതേ കാരണത്താൽ പിന്നീടവർ ഭൂരിഭാഗവും ഇൻസ്റ്റഗ്രാമും വിട്ടുപോയി.


അസഹിഷ്ണുതയോടാണ് അവർക്ക് തീരെ സഹിഷ്ണുതയില്ലാത്തത്. നമ്മുടെ പ്രധാന സ്വഭാവം എന്ന് പറയുന്നതുതന്നെ അസഹിഷ്ണുതയാണ്.

മതത്തിൻ്റെ പേരിൽ, ഒരർത്ഥവുമില്ലാത്ത ചില ആചാരങ്ങളുടെ പേരിൽ, ചില അധികാര ഘടനകളോടുള്ള അതിരുകടന്ന വിധേയത്വങ്ങളുടെ പേരിൽ, ഒക്കെ നാം എന്തെല്ലാം വൃത്തികേടുകളാണ് ചെയ്തും കാണിച്ചും കൂട്ടുന്നത്!

ആരാണ് മാറേണ്ടത്?


Recent Posts

bottom of page