top of page

വിചാരപൂർണത

Jun 30, 2025

1 min read

George Valiapadath Capuchin

ക്രിസ്തീയമായ പുരയിടമാണ് എൻ്റെ വളർച്ചയുടെയും രൂപീകരണത്തിൻ്റെയും ബൗദ്ധിക പശ്ചാത്തലം എന്നതുകൊണ്ട് ഞാനെഴുതുന്ന കുറിപ്പുകളും പങ്കുവെക്കുന്ന ചിന്തകളും ആ പുരയിടത്തിൽനിന്ന് കണ്ടെടുക്കുന്നവയാണ് എന്നത് സത്യമാണ്. അയൽക്കാർ പങ്കുവച്ച് ലഭ്യമായിട്ടുള്ള വിഭവങ്ങളും ചിലപ്പോഴൊക്കെ എനിക്ക് പങ്കുവയ്ക്കാൻ കഴിയാറുണ്ട്. കൂടുതലും ഈ പുരയിടത്തിലേതാണ് എനിക്ക് നല്കാൻ കഴിയുന്ന ഇലകളും പൂക്കളും വിത്തുകളുമെങ്കിലും അവ പലതും അയൽപ്പുരയിടങ്ങളിൽ കാണുന്നവ തന്നെയാണ്. അഥവാ അവിടെയും പരീക്ഷിക്കാവുന്നവയാണ് എന്നാണ് ഞാൻ കരുതുന്നത്.


ഒരു കാര്യം സത്യമാണെന്ന് എനിക്കു തോന്നുന്നു. നമ്മുടെയൊക്കെ പുരയിടങ്ങളിൽ തീരെ ദുർലഭമായിട്ടല്ലെങ്കിലും കണ്ടെടുക്കാവുന്ന ഒരു സാർവ്വത്രിക സസ്യമാണ് മിസ്റ്റിസിസം (യോഗാത്മകത്വം) എന്നത്. യൂദായിസത്തിൽ അതുണ്ട്; ഹിന്ദുയിസത്തിൽ അതുണ്ട്; ഷിൻ്റോയിസത്തിൽ അതുണ്ട്; ബുദ്ധിസത്തിൽ അതുണ്ട്; ഇസ്ലാമിൽ അതുണ്ട്; ക്രിസ്റ്റ്യാനിറ്റിയിലും അതുണ്ട്.


ഇപ്പറഞ്ഞ പുരയിടങ്ങളിലെല്ലാം അത് വളർന്നിട്ടുണ്ടെങ്കിലും, ഇന്നും അതവിടങ്ങളിൽനിന്ന് കണ്ടെടുക്കാനാവും എന്നിരിക്കിലും, നമ്മളാരുത് ബോധപൂർവ്വം വളർത്താറും ഭക്ഷിക്കാറും ഇല്ലെന്നാണ് ഞാൻ സന്ദേഹിക്കുന്നത്. ഫലമോ, അനാരോഗ്യം നമ്മെയും നമ്മുടെ സമൂഹത്തെയും കൂടുതൽ കൂടുതലായി ബാധിക്കുകയും രോഗാതുരത നമ്മുടെ പൊതുസ്വഭാവമാവുകയും ചെയ്തിരിക്കുന്നു.


ഒരുപക്ഷേ, ഇതെല്ലാം ഇങ്ങനെയെല്ലാം സംഭവിക്കേണ്ടതായിരുന്നിരിക്കാം. എങ്കിലും, ഇനിയുള്ള കാലത്ത് നാം കൂടുതലായി മിസ്റ്റിസിസത്തിലേക്ക് (യോഗാത്മകതയിലേക്ക്) തിരിയേണ്ടിയിരിക്കുന്നു. മതത്തിൻ്റെയും ആത്മീയതയുടെയും ഭാവിരൂപം അതാവാനേ തരമുള്ളൂ. ഇപ്പോൾ കാണാവുന്ന അസ്വസ്ഥതകളും അസഹിഷ്ണുതകളും പരിചിതത്വത്തിൻ്റെ ഭൂതകാലത്തെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ മാത്രം. ഭൂതകാലം ഇനിയൊരിക്കലും തിരികെ വരില്ല. ആർക്കുമിനി ഭൂതത്തിൽ ജീവിക്കാനുമാവില്ല. അത്തരം ശ്രമങ്ങളെല്ലാം വിഫലങ്ങളായ പാഴ്ശ്രമങ്ങളാവാനേ തരമുള്ളൂ. പൊള്ളയായ പുറന്തോടുകൾ വഹിച്ചുകൊണ്ട് നമുക്കൊക്കെ എത്ര ദൂരം മുന്നോട്ടു പോകാനാകും?


പക്ഷേ, ഭാവിയുടെ യോഗാത്മകതക്കായി നമ്മെ ഒരുക്കുവാൻ ആദ്യമായി വേണ്ടത് ആന്തരികതയിൽ വളരുക എന്നതാണ്. വിചാരപൂർണ്ണമായ മനനം ചെയ്യൽ (reflectiveness) ഉണ്ടാവുക എന്നതാണ് പ്രഥമ പാദം. കെട്ടുകാഴ്ചകൾ വിട്ടുകളയാനുള്ള പരിശ്രമവും!


Recent Posts

bottom of page