ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
ലോകത്തിന്റെ ഏതാണ്ട് എല്ലാ മുക്കിലും മൂലയിലും, ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും തന്നെ മനുഷ്യരെ ആധുനിക വിദ്യാഭ്യാസം ചെയ്യിച്ചതിന്റെ, അറിവ് പകർന്നു നൽകിയതിന്റെ ക്രെഡിറ്റ് കത്തോലിക്കാസഭയിലെ സന്ന്യാസിനീ സമൂഹങ്ങൾക്ക് (Women Religious) അവകാശപ്പെടാവുന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മാത്രമല്ല ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ഇൻഡ്യയടക്കം പല ഏഷ്യൻ രാജ്യങ്ങളിലും മേല്പറഞ്ഞത് ശരിയാണ് എന്ന് പറയാതെ വയ്യ.
അതേ, കന്യാസ്ത്രീകൾ തന്നെ.
മാനസികമോ ശാരീരികമോ ആയ പറയത്തക്ക വൈകല്യങ്ങൾ ഒന്നുമില്ലെങ്കിൽ എത്ര തന്നെ സൗന്ദര്യം ഇല്ലെങ്കിലും ഏതൊരു പെണ്ണിനും ഒരാണിനെയും ഏതൊരാണിനും ഒരു പെണ്ണിനെയും ജീവിത പങ്കാളിയായി കിട്ടിയിരുന്ന അറേഞ്ച്ഡ് വിവാഹങ്ങളുടെ കാലത്ത്, "എനിക്ക് വിവാഹം വേണ്ടാ മഠത്തിലമ്മയായാൽ മതി" എന്നു പറഞ്ഞ് അമ്മയുടെയും അപ്പൻ്റെയും അമ്മാവന്മാരുടെയും ആങ്ങളമാരുടെയും അനിഷ്ടം പോലും സമ്പാദിച്ച് വീടുവിട്ടിറങ്ങിപ്പോന്ന സ്ത്രീകൾ ചില്ലറ സംഭവങ്ങളായിരുന്നില്ല. "പത്രമേനി" എന്നറിയപ്പെട്ടിരുന്ന കുടുംബത്തിൻ്റെ സാമ്പത്തിക വിഹിതം കൂടി വാങ്ങിയാണ് അവർ സന്ന്യാസിനീ മഠങ്ങളിൽ ചെന്നുകയറിയത്. കുറഞ്ഞൊരുകാലം മുമ്പുവരെ സന്ന്യാസിനീ സമൂഹങ്ങൾ പാവപ്പെട്ട വീടുകളിൽ നിന്ന് സന്ന്യാസാർത്ഥിനികളെ സ്വീകരിച്ചിരുന്നില്ല. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 'കെട്ടിച്ചയക്കാൻ പണമില്ലാത്തതിന്റെ പേരിൽ മഠത്തിൽ വിട്ടു' എന്ന ദുഷ്പേര് വ്യക്തിക്കും കുടുംബത്തിനും സമൂഹം ചാർത്തിക്കൊടുക്കും. രണ്ടാമതായി, കനമുള്ള 'പത്രമേനി'യും കൊണ്ട് വന്നു കയറിയിട്ടുള്ളവരുടെ ഇടയിൽ അതിന് പാങ്ങില്ലാത്ത ഒരാൾ വന്നാൽ, മാനുഷികമായ നിലയിൽ അവിടെ ഉച്ചനീചത്വം ഉണ്ടാകും. ദരിദ്രഭവനത്തിൽ നിന്ന് വന്നയാളിൽ അപകർഷതക്ക് അത് ഇടനല്കും.
ഏതായാലും, കുടുംബത്തിലെ മറ്റ് സഹോദരങ്ങളെക്കാൾ അറിവും വിദ്യാഭ്യാസവും സന്ന്യാസത്തിൽ പോയവൾക്കുണ്ടായി. പിരിവുകളിലൂടെയും സംഭാവനകളിലൂടെയും ഇടവകകളും രൂപതകളും ഒരു പള്ളിക്കൂടമോ ഒരു ആതുരാലയമോ ആരംഭിച്ചപ്പോൾ പഠിപ്പിക്കാനോ ശുശ്രൂഷിക്കാനോ കന്യാസ്ത്രീകളെ കിട്ടുമോ എന്നാണ് ആദ്യം അന്വേഷിച്ചത്. മിക്കപ്പോഴും ചെറിയ സ്റ്റൈപ്പൻ്റുകൾക്ക് അവർ രാപകൽ അധ്വാനിച്ചു. അന്യൻ്റെ മക്കളെ സ്വന്തം കുടുംബത്തിലെ മക്കളെന്നപോലെ പരിഗണിച്ചു, പഠിപ്പിച്ചു, പ്രോത്സാഹിപ്പിച്ചു, ശകാരിച്ചു, ഗുണദോഷിച്ചു, ശിക്ഷിച്ചു. മത്സരബുദ്ധിയും അച്ചടക്കബോധവും അവരിൽ വളർത്തി. സ്വന്തം സന്ന്യാസത്തിലും സമൂഹത്തിലും ഇടവകയിലും അവർക്ക് വേറെയും പലതും ചെയ്യാനുണ്ടായിരുന്നു. അവരുടെ സമർപ്പണത്തിൻ്റെ ഭാഗമായി എല്ലാക്കാര്യങ്ങളും അവർ പരമാവധി ഭംഗിയായി ചെയ്തു.
പേട്രിയാർക്കിക്ക് അവരുടെ ജീവിതം ഒരു കല്ലുകടിയായിരുന്നു. അതുകൊണ്ടുതന്നെ ലോകം അവരോട് അതീവ ക്രൂരമായി പെരുമാറി. അവരെ കുടലകളായും വേശ്യകളായും വരെ ചിത്രീകരിച്ചു. നോവലുകളും നാടകങ്ങളും ചലച്ചിത്രങ്ങളും വഴി അവരെ ചവിട്ടിത്തേക്കാവുന്നിടത്തോളം ചവിട്ടിത്തേച്ചു. സഭയും ഒരു പേട്രിയാർക്കൽ ഘടന തന്നെയാണ്. സഭ എന്നു പറയുമ്പോൾ അതിൻ്റെ ഹയരാർക്കി മാത്രമല്ല; സഭയിലെ ഏറ്റവും ബലം കുറഞ്ഞവരായ വ്യക്തികൾ ഉൾപ്പെടെയാണ് നാം മനസ്സിലാക്കേണ്ടത്. അവർക്ക് കൊടുക്കാമായിരുന്ന ആദരവുകളും പദവികളും കൊടുക്കുന്നതിൽ നിന്ന് മിക്കവാറും ഘട്ടങ്ങളിൽ സഭ മുഖം തിരിച്ചു.
അവരെ ചവിട്ടിത്തേക്കുന്നതിൽ നിന്ന് പിന്തിരിയാൻ ആരും ആരോടും ആഹ്വാനം ചെയ്തില്ല. മനുഷ്യാവകാശ സംഘടനകളോ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളോ സാംസ്കാരിക അവകാശ മുന്നേറ്റങ്ങളോ വ്യവസ്ഥാപിത മാധ്യമങ്ങളോ അവരുടെ കാര്യങ്ങളിൽ തലപൂഴ്ത്തി നിന്നു. അതൊന്നും സാരമില്ലായിരുന്നു. കാരണം, "പച്ചമരത്തോട് ഇതാണെങ്കിൽ ഉണങ്ങിയതിന് എന്തു തന്നെ സംഭവിക്കുകയില്ല!" എന്ന് അവിടന്ന് ആശ്ചര്യപ്പെട്ടത് ഒരു പറ്റം സ്ത്രീകളെ നോക്കിയായിരുന്നല്ലോ!
പൊതുസമൂഹത്തിൻ്റെ നന്ദികേടാണ് സത്യത്തിൽ അവരെ തകർത്തു കളഞ്ഞത്. ഇവിടെ അമേരിക്കയിൽ വന്നശേഷം എൻ്റെ തന്നെ സമൂഹത്തിലെ അംഗങ്ങളും വൈദികരും വിശുദ്ധിയുള്ള നിരവധി അല്മായരും കന്യാസ്ത്രീകൾ തങ്ങളുടെ ജീവിതത്തിന് നല്കിയിട്ടുള്ള നന്മകളെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. വെള്ളക്കാരായ അധിനിവേശ ജനതയിൽ നിന്ന് ഒത്തിരിയേറെ പീഡനങ്ങളും സഹനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ജനതയാണ് അമേരിക്കയിലെ ആദിമ ഗോത്രജനതകൾ. 'കന്യാസ്ത്രീകൾ കർക്കശക്കാരായിരുന്നുവെങ്കിലും ഒത്തിരി സ്നേഹമുള്ളവരായിരുന്നുവെന്നും അവരുടെ കാർക്കശ്യമില്ലായിരുന്നുവെങ്കിൽ ഞാനൊന്നും ഞാനാവില്ലായിരുന്നു'വെന്നും അവരിൽപ്പലരും നന്ദിപൂർവ്വം സ്മരിക്കുന്നത് കേട്ടിട്ടുണ്ട്.
ഇന്നലെ ഒരു സ്റ്റേഷൻ പള്ളിയിലെ കുറേ കുടുംബക്കാരുടെ ഒരു സ്വകാര്യ കൃതജ്ഞതാബലിക്ക് പോയി. അവർ നല്കിയ യാത്രാപ്പടി സന്ന്യാസത്തിൻ്റെ രീതിയനുസരിച്ച് ഞാനെൻ്റെ മേലധികാരിയായ സഹോദരന് കൈമാറി. ചെറുപ്പക്കാരിയായ ആ അമ്മ കവറിനകത്ത് എഴുതിവച്ചിരുന്ന ചെറിയ കാർഡ് അദ്ദേഹം എനിക്ക് തിരിച്ചുതന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"അച്ചാ, ഞങ്ങളോടൊപ്പം ചെലവഴിച്ച സമയത്താലും നിങ്ങളുടെ വിളിയിൽ ജീവിക്കാൻ അങ്ങ് പറഞ്ഞ "Yes" എന്ന ഞങ്ങൾക്കുള്ള സൗജന്യ സമ്മാനത്താലും ഞങ്ങൾ ഏറെ അനുഗൃഹീതരായിരിക്കുന്നു. എൻ്റെ മക്കൾക്ക് മുന്നിൽ നിങ്ങൾ പറയാതെ പറയുന്ന ആ മാതൃകക്ക് ഒത്തിരി നന്ദിയുണ്ട്."
ആ തുണ്ട് കാർഡിൽ എഴുതിയ വാക്കുകൾ വായിച്ചപ്പോൾ ഞാൻ ഓർത്തത് ഓരോ സമർപ്പിതയുടെയും ദൈവവിളി എന്നതുതന്നെ സമൂഹത്തിനും ലോകത്തിനും ഉള്ള ഒരു സൗജന്യ സമ്മാനമാണല്ലോ എന്നാണ്. നാമറിയാതെ, ഓർക്കാതെ എത്രയെത്ര സൗജന്യ സമ്മാനങ്ങൾ!
കൃതജ്ഞതാഭരിതരാകുമ്പോഴാണ് ആത്മീയത ആരംഭിക്കുന്നത്.