top of page
'മുടിയഴിച്ചിട്ട് പുറം തിരിഞ്ഞ് തോണിക്കൊമ്പത്തിരിക്കുന്നത് മഗ്ദലന തന്നെയെന്ന് ഉറപ്പാണ്. മറ്റൊരു സ്ത്രീക്കും പലസ്തീനായില്‍ ഇത്ര ധൈര്യമില്ല'. "മഗ്ദലന"- അല്പം ഭയത്തോടെ യൂദാ വിളിച്ചു; തിരിഞ്ഞു നോക്കാതെ തന്നെ അവള്‍ വിളികേട്ടു. "യൂദാ". യൂദാ നീ വരും എന്നെനിക്കറിയാമായിരുന്നു".... അവര്‍ക്കിടയില്‍ മൗനം തടാകത്തിലെ ജലത്തിനു തുല്യം കനം വച്ചു. റോസി തമ്പിയുടെ 'റബ്ബോനി' എന്ന നോവലിലെ ഒരു മനോഹര മുഹൂര്‍ത്തമാണിത്. നിറയെ സ്നേഹം, പ്രത്യാശ, പ്രണയം, സൗഹൃദം, വിശ്വാസം വിമോചന സ്വപ്നങ്ങള്‍ ഇതില്‍ തുളുമ്പിനില്‍ക്കുന്നു. ഉന്മാദം പകരുന്ന മനുഷ്യ സ്നേഹത്തിന്‍റെ സുഗന്ധമുണ്ടിതില്‍.
വേദപുസ്തകത്തിലെ ഏറ്റവും ഭാവതീവ്രമായ ഒരു ഭാഗമാണ് ഉയിര്‍പ്പിന്‍റെ കല്ലറ.
"മറിയം"- യേശുവിന്‍റെ വിളി...
'എന്‍റെ റബ്ബോനി' മഗ്ദലനയുടെ തിരിച്ചറിയല്‍. 'റബ്ബോനി' എന്നാല്‍ വെളിച്ചത്തിന്‍റെ ഗുരു എന്നാണ്. റബ്ബോനി എന്ന മഗ്ദലനയുടെ വെളിപ്പെടുത്തലിന്‍റെ മുഴക്കം... അവളുടേത് മാത്രമാണ്. എന്നതിനാല്‍ റബ്ബോനി എന്നാല്‍ എനിക്കു മഗ്ദലന മറിയം മാത്രമാണ്. മഗ്ദലന മെനഞ്ഞെടുത്ത ബൈബിളിലെ സര്‍ഗാത്മകമായ വാക്കാണ് 'റബ്ബോനി'.... റബ്ബോനി ഇല്ലെങ്കില്‍ മഗ്ദലനയുമില്ല.
മരണത്തിന് മൂന്നാംനാള്‍ പുലര്‍ച്ചെ കല്ലറയില്‍ വെണ്‍കച്ചചുറ്റി പുറംതിരിഞ്ഞു നില്ക്കുന്ന യേശു. മഗ്ദലനയും യേശുവും പരസ്പരം അറിയുന്നു. അന്നു തന്നെ തന്‍റെ മറ്റു ശിഷ്യരെ എന്നപോലെ യേശു യൂദാസിനേയും 'വന്നു' കണ്ടിരുന്നു. റോസി തമ്പിയുടെ തൂലികയില്‍ നിന്ന് യേശുവിന്‍റെ ആ വരവിന്‍റെ ദൃശ്യം പോലും എത്ര ഹൃദ്യം. തൂങ്ങി മരിച്ചു എന്നു വിശ്വസിക്കപ്പെട്ട യൂദാസ് ഇതില്‍ പരാജിതനാകുന്നു. മുരടിച്ച് പോയ മുതു മുത്തന്‍ ഒലിവു മരത്തിന്‍റെ പൊത്തില്‍ ഒടിഞ്ഞു നീരുവന്ന കാലുമായ് ഒളിച്ചിരിക്കുകയായിരുന്നു യൂദാസ്. അവിടേയ്ക്കാണ് ആശ്വാസത്തിന്‍റേയും പ്രത്യാശയുടേയും തലോടലായി യേശു കടന്നു വരുന്നത്. ഒരു തലോടല്‍ - ഒടിഞ്ഞ കാല്‍ സുഖമാകുന്നു...
"നിനക്കും കൂടി അവകാശപ്പെട്ടതാണ് സ്വര്‍ഗ്ഗരാജ്യം; നീയതനുഭവിക്കുക". യൂദാസിനു പക്ഷേ ഭയപ്പാടാണുണ്ടായത്. അതു കൊണ്ടുതന്നെ ഏറ്റവും അസ്വസ്ഥമായ മനസ്സോടെയാണ് നോവലിസ്റ്റ് ഇതു കുറിക്കുന്നത്.
"ഒരു മിന്നല്‍ എന്നെ കരിച്ചുകളഞ്ഞെങ്കിലെന്ന്, കാറ്റ് കരിയില പോലെ പറത്തി കളഞ്ഞെങ്കിലെന്ന്, ഹെര്‍മോണില്‍ നിന്ന് ഒരുറവ എന്നെ ഒഴുക്കി കളഞ്ഞെങ്കിലെന്ന്. അവന്‍ എന്നെ കാണുംമുമ്പ് ലോകം അവസാനിച്ചെങ്കിലെന്ന്. ചുരുങ്ങിയ പക്ഷം ഭൂമിപിളര്‍ന്ന് ഈ മരം പാതാളത്തിലേയ്ക്ക് പോയിരുന്നെങ്കിലെന്ന് എന്‍റെ മനസ്സാഗ്രഹിച്ചു". ഇതിലപ്പുറം വ്യഥിതനായ യൂദാസ്സിന്‍റെ മനസ്സ് എങ്ങിനെ കഥാകാരി ആത്മഗതങ്ങളിലാക്കും?
മഗ്ദലനയാകട്ടെ 'കഥകളില്‍' കുരുക്കപ്പെട്ടവള്‍.... ദൈവപുത്രനെ പ്രണയിച്ചവള്‍. അവനോടൊപ്പം നടന്നവള്‍.... പലസ്തീനയിലെ മലഞ്ചെരുവുകളിലും, ജോര്‍ദ്ദാന്‍ നദിക്കരയിലും അവന്‍റെ വാക്കുകള്‍ക്കു കാതോര്‍ത്തവള്‍... അന്ത്യ രാത്രിയില്‍ അവനോടൊപ്പം രക്തം വിയര്‍ത്തവള്‍... വരൂ, നമുക്കവനോടൊപ്പം മരിക്കാമെന്നു നിലവിളിച്ചവള്‍...
എങ്ങിനെയാണ് യൂദാസും മഗ്ദലനയും യേശുവിന്‍റെ മരണശേഷം ശിഷ്യക്കൂട്ടത്തില്‍ നിന്ന് തിരിച്ചുവരാന്‍ പറ്റാത്തവണ്ണം എന്നന്നേയ്ക്കുമായി പുറത്താക്കപ്പെട്ടത് എന്ന് ആത്മഗദവും സംഭാഷണങ്ങളുമായി അവര്‍തന്നെ പറഞ്ഞു പോകുന്നതാണ് 'റബ്ബോനി' എന്ന നോവലിന്‍റെ കഥാതന്തു. മഗ്ദലന പറയുംപോലെ ഞാന്‍ യേശുവിനെ വഴിപിഴപ്പിച്ചവള്‍, നീയോ യേശുവിനെ ഒറ്റിക്കൊടുത്തവനും. റോസിതമ്പി തന്‍റെ സര്‍ഗ്ഗശേഷിയുടെ സവിശേഷ സാധ്യതകൊണ്ട് ഇവരിരുവരേയും പ്രകാശിപ്പിക്കുന്നതാണ് ഈ നോവലിന്‍റെ മറ്റൊരു പ്രമേയം.
പ്രകാശമുള്ള ഒരു ഗുരുവിന്‍റെ ജനനം മുതല്‍ ഉയിര്‍പ്പുവരെയുള്ള ജീവിതം തന്നെയാണ് കറയറ്റ ആത്മീയ ഭാഷയിലൂടെ കഥാകാരി വരച്ചിടുന്നത്.
ഗലീലി തടാകത്തിന്‍റെ സമീപവും പരിസരങ്ങളിലുമാണ് മഗ്ദലനയ്ക്കും യൂദായ്ക്കുമിടയിലുള്ള ഈ ആത്മഗദങ്ങളും ഭാഷണങ്ങളും അരങ്ങേറുന്നത്. ഒരു മങ്ങിയ രാവില്‍ ആരംഭിച്ച് പുലരിയില്‍ വെള്ള കീറും വരെ കഥപറച്ചില്‍ നീളുകയാണ്. ഇവര്‍ ഇരുവരുമാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും പുതിയ നിയമത്തിലെ മിക്കവരും കഥാപാത്രങ്ങളും, സംഭാഷണ വിഷയങ്ങളും ആകുന്നുണ്ട്. വേദഗ്രന്ഥത്തേക്കാള്‍ പരിശുദ്ധ മറിയത്തിന്‍റെ സാന്നിധ്യം ഈ നോവലിലാണ് നാം കാണുന്നത്. യൂദാസിലേയ്ക്കും മഗ്ദലനയിലേക്കും മാറിമാറി പുനര്‍പ്രവേശനങ്ങള്‍ നടത്തി കഥപറയിക്കുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ഇടയില്‍ നിശ്ശബ്ദതയുടെ യാമങ്ങള്‍ ധാരാളമുണ്ട്; സങ്കടങ്ങളും സന്ദേഹങ്ങളുമുണ്ട്. വികാര വിക്ഷോഭങ്ങളുണ്ട്. ഒരു വേള യൂദാസ് മഗ്ദലനയെ അവന്‍റെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്നു. അവളാകട്ടെ അവന്‍റെ നെറ്റിയില്‍ അവളുടെ ചുണ്ടു ചേര്‍ക്കുന്നു.
ചരിത്രത്തിന്‍റെ പൂര്‍വ്വകാലത്തില്‍ നിന്ന് കാലത്തിലൂടെ ഭാവിയിലേക്ക് സംഭാഷണം നീളുകയാണ്. ശാന്തമായി, മൗനമായ് തിരക്കില്ലാത്ത പേനത്തുമ്പില്‍ നിന്നും ഒഴുകി ഇറങ്ങുകയാണ്. ഒരു ശീതകാറ്റിലെന്നപോലെ ശബ്ദകോലാഹലങ്ങളില്ലാതെ സാന്ദ്രമായ് വായനക്കാരനും വായിച്ചു പോകുവാനാകും. വായനയ്ക്കൊടുവില്‍ ഞാന്‍ കണ്ണടച്ചിരുന്നു ധ്യാനിക്കുന്നു... ഞാനിത്രനേരം എവിടെയായിരുന്നു!!...
ബൈബിളിലെ മറ്റു മേരിമാരില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്നു റോസി തമ്പിയുടെ മഗ്ദലന. സാധാരണ നാം കാണുന്ന മഗ്ദലന മറ്റു മേരിമാരുടെ മോശപ്പെട്ട സാന്നിധ്യങ്ങള്‍ കൂട്ടി വച്ചവളാണ്. മഗ്ദലനയുടെ അസ്വസ്ഥവും ഉന്മാദവുമായ മനസ്സുമായി നോവലിസ്റ്റ് സ്വയം മഗ്ദലനയാവുകയാണ്. നോവലിസ്റ്റിന്‍റെ ഉള്ളിലെ മഗ്ദലനയെ യാണ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഈ നോവലിലെ 'പെണ്‍ചിലപ്പുകള്‍' എല്ലാം വളരെ സൗമ്യങ്ങളാണ്. എന്നാല്‍ 'ഞാന്‍' ഞാനാണ് എന്നു പറഞ്ഞു വയ്ക്കുന്നുമുണ്ട്. അല്പവിശ്വാസികളും ജ്ഞാനത്തില്‍ മൗനികളുമായ ശിഷ്യരോട് യേശു ചോദിക്കുന്നു. "ഇവള്‍ ചോദിക്കുന്ന പോലൊരു ചോദ്യം എന്തുകൊണ്ട് നിങ്ങളില്‍ നിന്നും വരുന്നില്ല. നിങ്ങള്‍ ഇവളെപ്പോലെയാകുക".
നോവലില്‍ ഉടനീളം "Mistisissam' ഒളിഞ്ഞു കിടക്കുന്നു. യേശു മരിച്ച രാവില്‍ മഗ്ദലന ഗലീലി കല്പ്പടവില്‍ ആയിരിക്കെ യേശു ആഗതനാവുന്നു. "കാലുകള്‍ ജലത്തിലേയ്ക്കിറക്കിവച്ച് ഞാനവന്‍റെ മടിത്തട്ടില്‍ കിടന്ന് മതിവരുവോളം കരഞ്ഞു. എന്‍റെ മുടിയിഴകളെ തലോടികൊണ്ട് നീ വിഷമിക്കുന്നതെന്തിന്; ഞാന്‍ നിന്നോടു കൂടെയില്ലേ എന്നവന്‍ മന്ത്രിച്ചു. അവന്‍റെ മടിത്തട്ട് എനിക്കു ശയ്യയായി. എന്‍റെ കണ് ണുനീര് അവന് ഉമ്മകൊണ്ട് ഒപ്പിയെടുത്തു. എന്‍റെ മുഖത്ത് പുഞ്ചിരി വിടരുവോളം അവനതു തുടര്‍ന്നു. കഥാകാരി അനുഭവിക്കുന്ന രഹസ്യാനന്ദമാണിത്. ഇത് വായനക്കാരിലേക്കും പകരുന്നു എന്നതാണ് സത്യം. ഇത്തരം സന്ദര്‍ഭങ്ങള്‍ ധാരളമുണ്ടീ നോവലില്‍.
ഈ നോവലില്‍ വരുന്ന രാഷ്ട്രീയം പലതാണ്. പെണ്‍രാഷ്ട്രീയം തന്നെയാണ് പ്രബലമായത്. 'അവള്‍ ശരിയല്ല' എന്ന രണ്ടു വാക്കുമതി സ്ത്രീയെ നമുക്കെവിടെനിന്നും ഒഴിവാക്കാം. മഗ്ദലന ഒഴിവാക്കപ്പെട്ട രീതി അതാണ്. പ്രണയത്തിന്‍റെ രാഷ്ട്രീയം പുനഃര്‍നിര്‍വചിക്കപ്പെട്ടിരിക്കുന്നു ഈ നോവലില്‍. രണ്ടു പേര്‍ക്കിടയില്‍ രൂപപ്പെടുന്ന പ്രണയങ്ങള്‍ക്ക് ആത്മീയതയുടെ സുഗന്ധം പകരുകയാണ് റോസി തമ്പി.
മഗ്ദലനയുടെ വാക്കുകളില്‍ " അവന്‍ എന്‍റെ കൈകള്‍ അവന്‍റെ നെഞ്ചോടു ചേര്‍ത്തുകൊണ്ടു പറഞ്ഞു" പ്രിയേ ഞാന്‍ നിന്നോടുകൂടെ എന്നുമുണ്ട്. മഗ്ദലനയുടെ നിശ്വാസത്തിലൂടെ കഥാകാരി യേശുവിനെ കാലത്തിലേയ്ക്കു കൊണ്ടു വരുന്നതു നോക്കൂ. "എന്‍റെ പ്രിയന്‍ നിന്‍റേയും പ്രിയപ്പെട്ടവന്‍. അവന്‍ സ്നേഹമാണ്. സ്വാതന്ത്ര്യമാണവന്‍റെ ദൈവരാജ്യം. അവന്‍റെ ലോകം വെളിച്ചത്തിന്‍റേയും ജീവന്‍റേയും ലോകമാണ്. അവനു മാപ്പുകൊടുക്കുവാന്‍ കഴിയാത്ത തിന്മയില്ല. അവന്‍ വിളമ്പുന്നതു ഭക്ഷിക്കുന്നവനും, വര്‍ത്തമാനപ്രിയനും, ചിരിക്കുന്നവനും, ചിരിപ്പിക്കുന്നവനുമാണ്". സ്നേഹം സ്വാതന്ത്ര്യമാണ്, തടവറയല്ല.
ഏറെ പ്രത്യേകതകളുണ്ട് ഈ നോവലിന് കവിത തുളുമ്പുന്ന വരികളാണിത് മുഴന്‍. ഒരു തരം സ്വര്‍ഗ്ഗീയ ഭാഷ നോക്കൂ. "ചിലപ്പോള്‍ തോന്നും പകലിനേക്കാള്‍ അവനിഷ്ടം നിലാവു പൂക്കുന്ന നിശബ്ദമായ രാത്രിയാണെന്ന്. അടുത്തിരിക്കുമ്പോള്‍ തന്നെ അകലെ ആണെന്നു തോന്നും. ദിവ്യമായൊരു നിഗൂഢത സദാ അവനെ വലയം ചെയ്തിരുന്നു. "സ്വര്‍ഗ്ഗം തുറക്കുന്നതുപോലുള്ള മഗ്ദലനയുടെ ചിരി". വിയര്‍ക്കുമ്പോള്‍ അവന് ഒലിവു പൂക്കുന്ന ഗന്ധമായിരുന്നു. അവന്‍റെ ചിരി പിളര്‍ന്ന അത്തിപ്പഴംപോലെ മധുരവും. ഇങ്ങനെ രൂപകങ്ങളും ബിംബങ്ങളും കൊണ്ടു സമൃദ്ധമാണീ നോവല്‍. ദൃശ്യങ്ങളും സ്പര്‍ശങ്ങളും ഗന്ധങ്ങളും കൂടെ. സാന്ദ്രമായൊരു നിശബ്ദതയാണ് മറ്റൊരു പ്രത്യേകത. ആകെ കേള്‍ക്കുന്ന ശബ്ദങ്ങള്‍ യേശുവിന്‍റെ ഇടയ്ക്കിടയുള്ള മുഴങ്ങുന്ന പൊട്ടിച്ചിരി, മഗ്ദലനയുടെ തേങ്ങലുകള്‍. അവളുടെ തന്നെ ഒരു കയ്യടി. പിന്നെ പത്രോസിന്‍റെ ആക്രോശങ്ങള്‍. മൗനം എത്ര വാചാലമെന്ന് 'റബ്ബോനി' വായിച്ചുതന്നെ അറിയണം. റബ്ബോനിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ സംക്ഷിപ്തത തന്നെയാണ്. നൂറ്റി നാല്‍പ്പത്തി മൂന്നു പേജുകള്‍ ആയിരമായി വായനക്കാരില്‍ പെരുകുകയാണ്. അല്പമൊന്നു വികസിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ നോവല്‍ ചിലമ്പിപോയേനെ.
റോസി തമ്പിയുടെ 'റബ്ബോനി' വായനയ്ക്കെടുമ്പോള്‍ എന്‍റെ ഉള്ളിലൊരു പ്രാര്‍ത്ഥന തിണര്‍ത്തു നിന്നു... "യേശുവേ നീയിതില്‍ നീ തന്നെ ആയിരിക്കേണമേ"... ഇതിഹാസങ്ങളുടെ മാറ്റി എഴുത്തുകള്‍ അതിന്‍റെ ആരംഭം മുതലുണ്ട്. കഥകള്‍ കൊണ്ടാണ് എല്ലാ ഇതിഹാസങ്ങളും കെട്ടിപ്പെടുത്തിയിട്ടുള്ളത്. ഇതിഹാസങ്ങളുടെ പുനരാഖ്യാനങ്ങള്‍ കഥയിലെ മൗനങ്ങള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണമായ വാചാലത നല്‍കുകയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവയും, ദൈവങ്ങളെ പ്രകോപിപ്പിക്കുന്നവയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും അപ്പുറത്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏതൊരു പുനരാഖ്യാനവും അടിസ്ഥാന മൂല്യങ്ങളെ സാധൂകരിക്കുന്ന ഭാവനാ സമ്പന്നമായ ധീര പ്രഖ്യാപനങ്ങള്‍ ആയിരിക്കണം. വേദ ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കുറച്ചധികം മാറ്റിയെഴുത്തുകള്‍ വായിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ഓണക്കൂര്‍, കെ.പി. അപ്പന്‍, പി. മോഹനന്‍ മുതലായവര്‍ നല്ല ഭാവനാ സമ്പന്നര്‍.
ഇതിഹാസ പുനരാഖ്യാനങ്ങള്‍ എപ്പോഴും സാഹസികത നിറഞ്ഞതാണ്. ചില വേദപുസ്തക പുനരാഖ്യാനങ്ങളെല്ലാം നിഷേധിക്കുന്നത് യേശുവിലെ ദൈവാംശമാണ്. പ്രധാനപ്പെട്ട മറ്റൊന്ന് പരിശുദ്ധ അമ്മയുടെ കന്യാകാത്വവും. ഈ രണ്ട് നിഷേധങ്ങളേയും ബോധപൂര്‍വ്വം പ്രതിരോധിക്കുകയും അവ വിശ്വാസ സത്യങ്ങളാണെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട് റോസി തമ്പി റബ്ബോനിയില്‍. ഏറ്റവും ഹൃദ്യമായ പതിനെട്ടാം അദ്ധ്യായത്തില്‍ ഇതു രണ്ടും വെളിപ്പെടുത്തുന്നു എന്നത് യാദൃച്ഛികതയാകാം: 'പ്രണയം പൂത്തു നിന്നൊരു കന്യകയില്‍ ദൈവം പ്രണയമായ് ഒഴുകുന്നത്, ആ നിമിഷങ്ങളെ സ്വര്‍ഗ്ഗീയ അനുഭൂതിയായി മറിയം ആനന്ദിക്കുന്നത്. കുന്തിരിക്കപ്പുകയുടെ അടരുകളില്‍ മിന്നല്‍പ്പിണര്‍ പോലെ ആ ചിറകുകള്‍ അവളെ പൊതിയുന്നത്, മുയല്‍പോലെ മൃദുലം ആ സ്പര്‍ശം. "നന്മനിറഞ്ഞവളേ എന്‍റെ പ്രിയേ". യേശു മറിയത്തിന്‍റെ ഉദരത്തില്‍ ജനിക്കുകയാണ്. ദൈവം എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; 'ആരെന്നെ വിശ്വസിക്കും' എന്ന മറിയത്തിന്‍റെ സ്തോത്രഗീതം. യൂദായിലെ പ്രവാചിക സലോമിയുടെ വരവ് കഥാകാരിയുടെ തന്ത്രപരമായ ഒരു ചെറുനീക്കമാണ്. പരിശുദ്ധ അമ്മയുടെ ഗര്‍ഭപാത്രം പരിശോധിച്ച സലോമി അവളുടെ പൊള്ളിക്കരിഞ്ഞ വിരലുകള്‍ നീട്ടി കുഞ്ഞിനെ എടുത്തുമ്മ വച്ചുകൊണ്ട് "ഇവന്‍ ദൈവത്തിന്‍റെ പുത്രനാണ് സത്യമായും നീ കന്യകയുമാണ്" എന്ന് ഉത്ഘോഷിക്കുന്നുണ്ട്. റബ്ബോനിയിലെ മറിയത്തിന്‍റെ ശാന്തമായ മരണം പോലും വേദഗ്രന്ഥത്തിലെ മൗനമാണ്.
ഈ നോവലിന് സി. ഗണേഷിന്‍റെ പ്രൗഢമായൊരു പിന്‍കുറിപ്പുണ്ട്. ഒരു മലയാളം മാസ്റ്ററുടെ ചങ്കുറപ്പോടുകൂടിയത്. എന്നാല്‍ ഇത് ഒരു സാധാരണ വായനക്കാരിയുടെ വായനയിലുടനീളം ഉണ്ടായ വെളിപാടുകളാണ്. 'റബ്ബോനി' എന്ന ഈ വേദഗ്രന്ഥ പുനരാഖ്യാനം കഥാകാരി വ്യക്തമായ ഉദ്ദേശങ്ങളോടെ ആണ് ചെയ്തിരിക്കുന്നത്. ബ്രഹ്മചര്യവും കന്യകാത്വവുമൊക്കെ വേറൊരാംഗിളിലൂടെ പരാമര്‍ശിക്കപ്പെടുന്നു. "എനിക്കും അവനുമിടയിലുള്ള ഈ സ്നേഹത്തെ എന്തു പേരിട്ടുവിളിക്കാം"? പ്രണയത്തെ ആത്മീയതയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു കഥാകാരി.
നോവലിന്‍റെ അവസാന അദ്ധ്യായം അതിമനോഹരം. ഇവിടെ ആഖ്യായികതന്നെ നായികയാവുന്നു. നല്ല നര്‍മ്മം ഈ താളുകളില്‍. ദുഖവെള്ളിയാഴ്ചകളിലെ 'നഗരികാണിക്കലിന്‍റെ' വീര്‍പ്പുമുട്ടുന്ന വിവരണമാണിത്. പ്രധാന പുരോഹിതന്‍റെ പ്രാര്‍ത്ഥന നഗരത്തെ 'വിറപ്പിക്കുകയാണ്'. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ. ഇതിനിടയില്‍ ജഡപ്രായമായി ഒരു കുഞ്ഞികിളി താഴെ വീഴുന്നു- ആഖ്യായിക ഇതിനു ജീവന്‍ നല്‍കാന്‍ പരാജയപ്പെടുമ്പോള്‍ അതാവരുന്നു അവള്‍- 'മഗ്ദലന' ദൈവരാജ്യത്തിലെ ഏറ്റവും വലിയ വിശ്വാസി. "ഒരു ചെറുമണല്‍ത്തരിയോളം ഉറപ്പുണ്ടായിരുന്നെങ്കില്‍ ആ കിളി പറന്നു പോയേനെ". എന്നിട്ടവള്‍ കിളിയെ കയ്യിലെടുത്ത് ശേലിലൊരു ഊത്ത്.... അതാ കിളി പറന്നുപോയി. കഥാകാരി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യമല്ലേ ഇത്. വിമോചന ദൈവശാസ്ത്രത്തിന്‍റെ പ്രതീകമല്ലേ ഈ പറന്നുപോയ കിളി.
മഗ്ദലനയുടെ കഥ മനുഷ്യഗാഥയുടെ പ്രസക്തഭാഗമാണ് എക്കാലവും 'റബ്ബോനി' വേദഗ്രന്ഥത്തില്‍ നിന്നും പറിച്ചെടുത്ത സുന്ദരമായ ഒരേട്. പെണ്ണുടലില്‍ ജീവന്‍റെ കവിത പൂത്തത്. അതെ സ്വര്‍ഗ്ഗരാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.
'റബ്ബോനിക്കും റോസി തമ്പിക്കും ഭാവുകങ്ങള്‍.