

പത്രോസിനെക്കുറിച്ച് ആദിമസഭയിൽ പറഞ്ഞു കേട്ടിരുന്ന ഒരു കഥയുണ്ട്. പ്രസ്തുത കഥയാണ് പില്ക്കാലത്ത് "ക്വോ വാദിസ് " എന്ന പേരിൽ നോവലും സിനിമയും ആയത്. നീറോയുടെ ഭരണകാലത്ത് ക്രൈസ്തവ പീഡനം കൊടുമ്പിരി കൊണ്ടപ്പോൾ, പീഡനം ഭയന്ന് ഒരു രാത്രിയിൽ പത്രോസ് റോമിൽ നിന്ന് ഒളിച്ചോടിയത്രേ! പക്ഷേ, വഴിക്കുവച്ച് ആപ്പിയൻ വഴിത്താരയിൽ, ഇരുളിൽ ഒരു രൂപം തനിക്കെതിരേ വരുന്നതായി അദ്ദേഹം കാണുന്നു. പത്രോസ് ഒന്നു ഭയന്നു. കുറച്ച് അടുത്തെത്തുമ്പോൾ എതിരേ വരുന്ന ആൾ ഒരു കുരിശും ചുമന്നു കൊണ്ടാണ് വരുന്നത് എന്ന് പത്രോസിന് മനസ്സിലാവുന്നു. കുറച്ചുകൂടി അടുത്തെത്തുമ്പോൾ പത്രോസ് തിരിച്ചറിയുന്നു, അത് തൻ്റെ ഗുരുവും കർത്താവുമായ ക്രിസ്തു തന്നെയാണെന്ന്. ആകാംക്ഷാഭരിതനും ദുഃഖിതനുമായ പത്രോസ് മുന്നോട്ടു ചെന്ന് ഗുരുവിനോട് ചോദിച്ചത്രേ: "ക്വോ വാദിസ് ദോമിനേ?" (കർത്താവേ, അങ്ങ് എങ്ങോട്ട് പോകുന്നു?).
പത്രോസിനെ ഏറെ ഗൗനിക്കാതെ ഗുരുവും കർത്താവുമായവൻ പറഞ്ഞത്രേ, "ഞാൻ റോമിലേക്ക് പോകുന്നു. നിനക്കുവേണ്ടി ഒരിക്കൽക്കൂടി ക്രൂശിക്കപ്പെടാൻ."
പശ്ചാത്താപ വിവശനായി പത്രാേസ് റോമിലേക്ക് തിരിച്ചുപോയത്രേ!
പീഡനത്തെ ഭയന്ന് സഭാ നേതൃത്വം ഒളിച്ചോടിയിട്ടുണ്ട്. ഭീരുത്വം തെറ്റല്ല.
മുട്ടുവിറയില്ലാത്ത സാധാരണക്കാരായ കന്യാസ്ത്രീകളും അല്മായരും കുരിശു ചുമന്നുകൊണ്ട്, കൊല്ലപ്പെടാനുള്ള ചങ്കുറപ്പോടെ പീഡന ഭൂമിയിലേക്ക് നടന്നു കാണിച്ചാൽ ഭീരുവായ പത്രോസ് തിരിച്ചുനടന്നുകൊള്ളും.
എന്ന് ഒരു എളിയ ഭീരു
ഒപ്പ്























