

മാർച്ച് 8 -ലെ അന്താരാഷ്ട്ര സ്ത്രീദിനം മുതൽ ഒരാഴ്ചക്കാലം സന്ന്യാസിനി-വാരമായി ആഗോളസഭ ആചരിക്കുന്നുണ്ട്. സന്ന്യാസിനി-വാരത്തിന് ഇന്ന് അവസാനമാവുകയാണ്. വൈദികരുടെയും പുരുഷസന്ന്യസ്തർ മിക്കവരുടെയും വൈദികനടുത്ത പദവിമാന്യതകൾ ഇല്ലാതിരുന്നിട്ടും; സഭയിൽ ഇത്രമാത്രം ആൺകോയ്മയും ലിംഗവിവേചനവും ഉണ്ടായിരുന്നിട്ടും; ഏതൊരു പെണ്ണിനും ജീവിതം ആഘോഷിക്കാനുള്ള എല്ലാ സാധ്യതകളും ലോകത്തിൽ ഉണ്ടായിരിക്കുമ്പോഴും; മച്ചിൽ സാമാന്യം ആൾപ്പാർപ്പുള്ള ഏതൊരു പെണ്ണിനും നാട്ടിലോ വിദേശത്തോ നല്ലൊരു ജോലിയും ലോകത്തിലെ ഏതു രാജ്യത്തുനിന്നുമുള്ള ജീവിത പങ്കാളിയെയും ലഭിക്കുമായിരുന്നിട്ടും; സിനിമാ-മാധ്യമ വ്യവസായക്കാരും, വാക്കുകളുടെ ഓഡിറ്റിങ് ആവശ്യമില്ലാത്ത എല്ലാ ജീവികളും എത്രതന്നെ കരിവാരിത്തേച്ചിട്ടും; ഇപ്പറഞ്ഞതെല്ലാം കൊണ്ടുതന്നെ കുടുംബങ്ങളിൽ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും പിന്നാക്കംവലികൾ ഉണ്ടായിരുന്നിട്ടും; ഇന്നും ആ വഴിയെ കുറെപ്പേർ ഇറങ്ങിത്തിരിക്കുന്നു എന്നുള്ളതുതന്നെയല്ലേ ഏറ്റവും വലിയ അത്ഭുതം?
സാധുജന സേവനം, സാമ്പത്തിക സുസ്ഥിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ, സമൂഹനിർമ്മിതി, സ്ത്രീ സുരക്ഷ, സ്ത്രീകളുടെ ഉന്നമനം, ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ, വിവേചനങ്ങൾക്ക് അറുതിവരുത്താനുള്ള പരിശ്രമങ്ങൾ, എന്നിങ്ങനെയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലോകം ഇനിയും അവർക്ക് നല്കിയിട്ടില്ല.
ലോകം ഇന്ന് വിദ്യാഭ്യാസപരമായും ബൗദ്ധികമായും പുരോഗതിയിലും ഇവിടംവരെ എത്തിയിട്ടുണ്ടെങ്കിൽ, അതിനുപിന്നിൽ ഒന്നും രണ്ടും തലമുറമുമ്പ് ലക്ഷക്കണക്കിന് സന്ന്യാസിനികളുടെ ജീവിത സമർപ്പണം ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം. മുൻകാലത്തെ അത്രയും വലിയ ശേഷിയോടെ അല്ലെങ്കിലും ഇന്നും ഈയൊരു വിഭാഗം ഇത്തരം മേഖലകളിൽ വലിയതോതിൽ സജീവമാണ്. അവരുടെ പ്രാർത്ഥനകളും ജീവിത മാതൃകകളും ജീവിത ബലികളും മൂലം ലോകത്തിന് ഉണ്ടായിട്ടുള്ള നന്മകൾ ചരിത്രത്തിന് ഒരിക്കലും ഓഡിറ്റ് ചെയ്യാൻ കഴിയില്ലല്ലോ!
മദർ കാതറിൻ ഡ്രെക്സെൽ (1826 - 1858): ഒരു കോടീശ്വരന്റെ മകളായിരുന്ന അവർ സന്ന്യാസം സ്വീകരിച്ച് 32 വയസ്സിൽ മരിക്കുമ്പോൾ സ്വന്തം പിതൃസ്വത്തുകൊണ്ട് അമേരിക്കൻ ആദിവാസികൾക്കും ആഫ്രിക്കൻ അമേരിക്കൻ ജനതക്കും വേണ്ടി അറുപതിലധികം സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റിയും സ്ഥാപിച്ച് ശുശ്രൂഷ നല്കിയിരുന്നു.
മദർ ഫ്രാൻസെസ് സേവ്യർ കബ്രീനി (1850-1917): ജീവിതകാലത്ത് യൂറോപ്പിലും ലാറ്റിനമേരിക്കയിലും വടക്കേ അമേരിക്കയിലും കരിബീയനിലുമായി സ്കൂളുകളും കോളേജുകളും ആശുപത്രികളും സ്ഥാപിച്ച് ശുശ്രൂഷ നല്കിയ സ്ത്രീ.
മദർ തെരേസ (1910-1997): ജീവിതകാലത്ത് നൂറ് രാജ്യങ്ങളായി 517 ജീവകാരുണ്യ മിഷനുകൾ ആരംഭിച്ച് കോടിക്കണക്കിന് സാധുജന്മങ്ങളെ ശുശ്രൂഷിച്ച സ്ത്രീ.
സിസ്റ്റർ മേരി കെന്നത്ത് കെല്ലർ (1913 -1985): അമേരിക്കയിൽ കംപ്യൂട്ടർ സയൻസിൽ ആദ്യമായി ഡോക്ടറേറ്റ് എടുത്ത് കംപ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് വലിയ സേവനങ്ങൾ നല്കിയ വനിത.
അതുപോലെ എത്ര ആയിരങ്ങൾ?!





















