ജോസ് സുരേഷ് കപ്പൂച്ചിൻ<
top of page
പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ അശാന്തികള്‍ നിറഞ്ഞ ഈ ലോകത്തില്‍ നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷകള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? അത്യാവശ്യം പത്രങ്ങളൊക്കെ വായിക്കുകയും വാര്‍ത്തകള്‍ കാണുകയും ചെയ്യുന്ന ഏതൊരുവനുമുണ്ടാകുന്ന ഈ സംശയത്തിനു നമ്മുടെ ചിന്തകരും എഴുത്തുകാരും മാധ്യമങ്ങളുമെല്ലാമുള്ക്കൊള്ളുന്ന 'എലൈറ്റ് ഗ്രൂപ്പ്' നല്കുന്ന മറുപടി എന്തായിരിക്കും? വലിയ പ്രതീക്ഷകള്‍ക്കു വകയില്ല എന്നു തന്നെയായിരിക്കും അവരുടെ മറുപടി. ആഗോള തീവ്രവാദത്തിന്റെ പൈശാചികവും ബീഭത്സവുമായ ചിത്രങ്ങളും, ലോകാവസാന സങ്കല്‍പ്പങ്ങളെപ്പോലും വെല്ലുന്ന കാലാവസ്ഥാ വ്യതിയാന സിദ്ധാന്തവും, ആഗോളസാമ്പത്തികമാന്ദ്യം വച്ചു നീട്ടിയ ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ജീവനൊടുക്കിയ ബഹുരാഷ്ട്രക്കമ്പനികളിലെ കണ്ണുതുറിച്ചുനില്ക്കുന്ന ജീവചരിത്രങ്ങളും, എയ്ഡ്സ്, പന്നിപ്പനി പോലുള്ള മാരകരോഗങ്ങള്‍ ചോരകുടിച്ചു വലിച്ചെറിഞ്ഞ ജീര്‍ണ്ണിച്ച മനുഷ്യമാംസത്തിന്റെ ദുര്‍ഗന്ധവുമെല്ലാം ചൂണ്ടിക്കാണിച്ചാവും അവര്‍ ഈ വാദ മുഖത്തെ സാധൂകരിക്കുക.
നിരാശയുടെയും അരക്ഷിതാവസ്ഥയുടെയും ഈ വക്താക്കള്‍ക്ക് ശക്തി പകരുന്ന ഒരുപാട് വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും ചരിത്രത്തിന്റെ ഏടുകളില്‍ പണ്ടുമുതല്ക്കേ ഉണ്ടായിട്ടുണ്ട്. മനുഷ്യസ്വഭാവത്തെപ്പറ്റിയും അവന്റെ/ അവളുടെ ഇച്ഛയെപ്പറ്റിയും തികച്ചും ഇരുളു നിറഞ്ഞ ഒരു കാഴ്ചപ്പാടാണ് പണ്ടു മുതല്‍ക്കെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് സ്വാര്‍ത്ഥനും അപകടകാരിയുമാണെന്നു പറഞ്ഞുവച്ച മധ്യകാലചിന്തകനായ മാക്കിയവല്ലിയും മനുഷ്യന് അവന്റെ തന്നെ നാശത്തിനുള്ള ചെന്നായ് ആയിത്തീരുന്നുവെന്നു പറഞ്ഞ ഇംഗ്ലീഷ് ചിന്തകനായ തോമസ് ഹോബ്സും ഇക്കൂട്ടത്തില്‍ ചിലര്‍ മാത്രമാണ്.
അബോധമനസ്സില്‍ ആക്രമണകാരിയായ ഒരു ഇരുണ്ട പ്രദേശം ഒളിഞ്ഞിരിക്കുന്നു എന്നു പ്രസ്താവിച്ച ഫ്രോയ്ഡും 'നിഴല്‍പ്രദേശം' എന്നു പേരിട്ട് ഇതിനെ വ്യാഖ്യാനിച്ച യുങ്ങിനെയും പോലുള്ളവര്‍ ഈ വാദങ്ങള്‍ക്ക് ശാസ്ത്രിയമാനം നല്കാന് ശ്രമിച്ചവരാണ്. ഈ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നു പറയാന്‍ പ്രയാസമായിരിക്കും. എന്നാല്‍ പരസ്പരം സ്നേഹിക്കുകയും സമാധാനപരമായ ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവരല്ലേ ജനങ്ങളില്‍ മഹാഭൂരിപക്ഷവും? എന്നിട്ടും ആദ്യത്തെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും പ്രചാരം നേടുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? ഉത്തരം വളരെ ലളിതമാണ്. അരക്ഷിതരും നിരാശരുമായ ജനങ്ങളെ വശംവദരാക്കുക വളരെ എളുപ്പമാണ്. ഇത്തരം അവസ്ഥകള്‍ സൃഷ്ടിച്ച് അവയ്ക്കിടയിലൂടെ സ്വന്തം പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വളര്‍ത്തി വലുതാക്കാന്‍ പലരും ശ്രമിക്കുന്നു. നിലനില്‍ക്കുന്ന ചിന്തകളുടെയും വാര്‍ത്തകളുടെയും മൊത്തക്കച്ചവടക്കാരായ മുന്‍ സൂചിപ്പിച്ചതുപോലുള്ള ഒരു എലൈറ്റ് ഗ്രൂപ്പിനു വളരെയെളുപ്പം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു.
ഇങ്ങനെ ബഹുജനം എല്ലായ്പ്പോഴും ആക്രമണോത്സുകരും അപകടകാരികളുമാണോ? അല്ല എന്നു തെളിയിക്കുന്ന ഒരുപാടുദാഹരണങ്ങള്‍ ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചുനോക്കിയാല്‍ കണ്ടെത്താന്‍ സാധിക്കും. എന്തിനധികം പഴയ കാലത്തേക്കു പോകണം? നിലവിലുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഭവവികാസങ്ങളെ ഒരല്പം ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കണ്ടാല്‍, അരക്ഷിതാവസ്ഥകളില്ലാത്ത, സമാധാനവും സുരക്ഷിതത്വവും പുലരുന്ന ഒരു ലോകക്രമത്തിന്റെ സൃഷ്ടി ലോകവ്യാപകമായി ജനങ്ങളിന്ന് കൂടുതലായി ആഗ്രഹിക്കുന്നു എന്നു കണ്ടെത്താവുന്നതാണ്.
കെയ്റോ യൂണിവേഴ്സിറ്റിയില്‍ മുഴങ്ങിയ 'അസലാമു അലൈക്കും' എന്ന ബാരക് ഒബാമയുടെ അഭിവാദ്യവാക്കുകള് ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. സമാധാനത്തിന്റെ പുതിയ ദൂതനാണ് ഒബാമയെന്നോ ഇന്നു ലോകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണുമെന്നോ ഉള്ള അത്യാഗ്രഹത്തിനൊന്നും ഇവിടെ മുതിരുന്നില്ല. കാരണം മെഡലിന് ഓള് ബ്രൈറ്റ് പറഞ്ഞതുപോലെ, 'അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റാണ്.' പക്ഷേ ഒരു കാര്യം ഇവിടെ വ്യക്തമാണ്. 'മാറ്റ'ത്തിനായുള്ള അമേരിക്കന്‍ ജനതയുടെയും ഇതര ജനസമൂഹത്തിന്റെയും അഭിലാഷം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നു.
എന്തില്‍ നിന്നുള്ള മാറ്റമാണ് അമേരിക്കന്‍ ജനത ആഗ്രഹിച്ചത്? ജോര്‍ജ് ബുഷിന്റെ നയങ്ങളില്‍ നിന്നുള്ള മാറ്റമാണ് അത്. അമേരിക്കന്‍ ജനത ഏറ്റവും വെറുക്കുന്ന പ്രസിഡന്റുമാരിലൊരാളായി ബുഷിനെ അധഃപതിപ്പിച്ചതില്‍ ഒരു നല്ല പങ്ക് ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാലസ്തീനിലേയും നിരപരാധികളുടെ ദീനരോദനങ്ങള്ക്കില്ലേ? അമേരിക്കന്‍ നഗരങ്ങളില്‍ നടന്ന യുദ്ധവിരുദ്ധ, ബുഷ് വിരുദ്ധ സമരങ്ങളില്‍ അണിനിരന്ന ജനങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു.
സ്വേച്ഛാധിപതികള്‍ വീഴുമ്പോള്‍ അതുവരെ അവര്‍ക്കു പിന്നില്‍ ശക്തരായി അണിനിരന്നിരുന്ന ജനങ്ങള്‍ നിസ്സംഗരായി, നിര്‍വികാരരായി നോക്കിനില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ കഴിയും. ഹിറ്റ്ലര്‍ക്കും മുസോളിനിക്കും ശേഷം അതുവരെ ശക്തമായിരുന്ന ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ യൂറോപ്പില്‍ വേരറ്റുപോയതിനും പോള്‍പോട്ടും പിനോഷേയും മിലോസെവിച്ചും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടപ്പോള്ത്തന്നെ വിസ്മരിക്കപ്പെട്ടതിനും കാരണം ഒന്നുതന്നെയല്ലേ? ബഹുജനം ആത്യന്തികമായി സമാധാനവും സുരക്ഷിതത്വവും കാംക്ഷിക്കുന്നവരാണ്. അവര്‍ അരക്ഷിതത്വം തീരെ ഇഷ്ടപ്പെടുന്നില്ല. പിന്നെയെന്തുകൊണ്ടാണ് ഈ സ്വേച്ഛാധിപതികള്‍ വര്‍ഷങ്ങളോളം ഈ ജനസമൂഹങ്ങളുടെ അനിഷേധ്യ നേതാക്കളായി വാഴ്ച നടത്തിയത്? ഉത്തരം വളരെ ലളിതം. ജീവിക്കുവാനുള്ള നൈസര്‍ഗികമായ ആഗ്രഹം, അതൊന്നു മാത്രം!
വേലുപ്പിള്ള പ്രഭാകരന് വെടിയേറ്റു കഴിഞ്ഞപ്പോള്‍ പ്രവചിക്കപ്പെട്ട കലാപങ്ങളോ പ്രക്ഷോഭങ്ങളോ കാര്യമായി നടക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ശ്രീലങ്കന്‍ തമിഴര്‍ നിശ്ശബ്ദരായിരുന്നത് സിംഹളസൈന്യത്തിന്റെ തോക്കിനേയും യുദ്ധ സന്നാഹങ്ങളെയും ഭയന്നിട്ടാണ് എന്ന വാദം അംഗീകരിച്ചാല്‍ തന്നെയും, ഇന്ത്യന്‍ തമിഴരുടെ പ്രതികരണത്തിന് ഇത്തരം ന്യായീകരണങ്ങളൊന്നും കണ്ടെത്താനാവില്ലല്ലോ. പുലിത്തലവനെന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട് കത്തും എന്നു പരസ്യമായി പ്രസ്താവിച്ച വൈക്കോയുടെ തിരഞ്ഞെടുപ്പു പരാജയവും, എന്തിനോടും വൈകാരികമായി പ്രതികരിക്കാറുള്ള തമിഴ് മക്കള്‍ ഒരു ഹര്‍ത്താല്‍ പോലും ആഹ്വാനം ചെയ്യാതിരുന്നതും എന്താണ് സൂചിപ്പിക്കുന്നത്? ശ്രീലങ്കയിലെ തമിഴ് സഹോദരന്മാരുടെ യാതനകളില്‍ മനസ്സലിവില്ലാത്തവരാണു തമിഴ്നാട്ടിലെ ദ്രാവിഡ സമൂഹം എന്നാണോ? തീര്‍ച്ചയായും അല്ല. യുദ്ധങ്ങളും കലാപങ്ങളും കൊണ്ട് ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാവില്ല എന്ന യാഥാര്‍ത്ഥ്യം മൂന്നു പതിറ്റാണ്ടു നീണ്ട പോരാട്ടങ്ങള്‍ തമിഴ് ജനതയെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ശുഭസൂചകമായ ചില വാര്‍ത്തകള്‍ പാക്കിസ്ഥാനില്‍ നിന്നുപോലും പുറത്തുവരുന്നു എന്നത് നമുക്കിവിടെ അംഗീകരിക്കേണ്ടിവരും. അമേരിക്കയുടെ പിന്തുണയോടെയുള്ള എന്തിനേയും എതിര്‍ത്തുപോന്നിട്ടുള്ള പാക് ജനത, ആ രാജ്യത്തിന്റെ പിന്തുണയോടെ ഗോത്രവര്‍ഗമേഖലകളില്‍ നടക്കുന്ന സൈന്യത്തിന്റെ താലിബാന് വിരുദ്ധ പോരാട്ടങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവരുന്നില്ല എന്നത് സമീപകാല യാഥാര്‍ത്ഥ്യമാണ്. താലിബാനു സ്വാപ്തിയില് ലഭിച്ച ഭരണപങ്കാളിത്തം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആ പ്രാകൃതശക്തിയെ തിരിച്ചറിയാന്‍ പാക് ജനതയെ സഹായിച്ചു.
ഇന്നു ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും സമാധാനത്തിലേക്കുള്ളതാണ് എന്നു തെറ്റിദ്ധരിക്കാനല്ല ഈ വസ്തുതകള്‍ സൂചിപ്പിച്ചത്. എല്ലാ യുദ്ധങ്ങളും ഉടലെടുക്കുന്നതു മനുഷ്യമനസ്സിലാണ് എന്നു പറയാറുണ്ടല്ലോ. നമ്മുടെ ബുദ്ധിയിലേയ്ക്കു അശുഭകരമായ വാര്‍ത്തകള്‍ മാത്രം കടത്തിവിട്ട് മനസ്സുകളെ അശാന്തമാക്കി അതിലൂടെ അശാന്തിയുടെ വിത്തു പാകുന്നവരാക്കി നാമോരോരുത്തരേയും മാറ്റുന്നതിനുപകരം ശാന്തിയുടെയും സമാധാനത്തിന്റെയും ശുഭപ്രതീക്ഷകളുടെതുമായ വാര്‍ത്തകള്‍കൂടി ജനങ്ങളിലെത്തിക്കാനുള്ള ബാധ്യത നമ്മുടെ മാധ്യമങ്ങള്‍ക്കും ചിന്തകര്‍ക്കും ബുദ്ധി ജീവികള്‍ക്കും ഉണ്ട് എന്ന കാര്യം സൂചിപ്പിക്കുക മാത്രമാണിവിടെ ചെയ്തത്.
ദീപക്ചോപ്ര പറഞ്ഞതുപോലെ "നാമോരോരുത്തരും സമാധാനത്തിനായി ജീവിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്നവരും സൃഷ്ടിക്കുന്നവരും പങ്കുവയ്ക്കുന്നവരും ചിന്തിക്കുന്നവരും സംസാരിക്കുന്നവരുമായിത്തീരട്ടെ."