top of page

ചലച്ചിത്രമേളകള്‍ നല്‍കുന്നത്

Feb 6, 2020

4 min read

അജീഷ് തോമസ്

international film festival of kerala

ഇരുപത്തിനാലാമത് ഐ. എഫ്. എഫ്. കെ. യില്‍ പ്രദര്‍ശിപ്പിച്ച ലോകസിനിമകളെ മുന്‍നിര്‍ത്തി സിനിമയുടെ സമകാലികാവസ്ഥയെ വിലയിരുത്താനുള്ള ശ്രമമാണിത്. കലണ്ടര്‍ വര്‍ഷത്തിലെ അവസാനമേളയാണ് ഐ. എഫ്. എഫ്. കെ. കാന്‍, വെനീസ്, ടൊറണ്ടോ, റോട്ടര്‍ഡാം മേളകള്‍ക്കും ഗോവ രാജ്യാന്തരചലച്ചിത്രമേളയ്ക്കും ശേഷം നടക്കുന്നത്. മികച്ചതെന്ന് വിലയിരുത്തപ്പെട്ട ചിത്രങ്ങള്‍ക്കും മാസ്റ്റേഴ്സിന്‍റെ ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പാണ് ഐ.എഫ്.എഫ്.കെയില്‍ സഫലമാകുന്നത്. ആ കാത്തിരിപ്പുതന്നെ അപ്രസക്തമാകുംവിധം മിക്കവാറും ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായിരിക്കും. ഇത് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. എന്നാല്‍ മനുഷ്യരുടെ കൂടിയിരുപ്പുകളുടെ ആവേശം തരിപോലും ചോര്‍ന്നിട്ടില്ലെന്ന് ഈ മേള ഉറക്കെ വിളിച്ചുപറയുന്നു.

ചില ദേശീയസിനിമകള്‍ പുത്തന്‍ ഊര്‍ജം കൈവരിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നു. അബ്ബാസ് കിയരോസ്തമി, ജാഫര്‍ പനാഹി, മക്ബല്‍ ബഫ് തുടങ്ങിയ പൂര്‍വ്വസൂരികളുടെ മഹാപാരമ്പര്യത്തെ മറികടക്കാന്‍ പുതിയ ഇറാനിയന്‍ സിനിമകള്‍ ശ്രമിക്കുന്നതായി തോന്നി. നിമ ജാവ്ദി, റെസ മിര്‍കരി മി സയ്ദ് ആസ്തേ തുടങ്ങിയവരുടെ സിനിമകള്‍ പ്രമേയപരമായും ശൈലീപരമായും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. നിമ ജാവ്ദിയുടെ "The warden' എന്ന ചിത്രം പൂര്‍വ്വസൂരികളുടേതിനേക്കാള്‍ കൂടുതല്‍ കാവ്യാത്മകമായും തോന്നി. ഇത് ത്രില്ലര്‍സിനിമയാണ്. നെഞ്ചിടിപ്പോടെയല്ലാതെ ഈ ചിത്രം കണ്ടുതീര്‍ക്കാനാവില്ല. ദക്ഷിണ ഇറാനില്‍ ഒരു പുതിയ വിമാനത്താവളം വരുകയാണ്. അതിനോടനുബന്ധിച്ച് തൊട്ടടുത്തുള്ള ഒരു ജയിലില്‍നിന്ന് അന്തേവാസികളെയെല്ലാം മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായി. മേജര്‍ ജാഹിദ് എന്ന വാര്‍ഡന്‍ തടവുപുള്ളികളെയെല്ലാം മറ്റൊരു ജയിലിലേക്ക് അയയ്ക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഒരു തടവുപുള്ളിയെ കാണാനില്ലെന്ന സന്ദേശം അദ്ദേഹത്തിനു ലഭിക്കുന്നു. തുടര്‍ന്ന് സ്നേഹം, കുടുംബം, കുറ്റം, ശിക്ഷ, കുറ്റബോധം, നിരപരാധിത്വം, മനുഷ്യത്വം, ജീവനോടും ജീവിതത്തോടുമുള്ള ആസക്തി, തടവറ എന്ന ഭീകരത തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ചിന്തകളാണ് ഈ സിനിമ നല്‍കുന്നത്. ഒരിക്കല്‍ മാത്രം നെഞ്ചിടിപ്പ് കേള്‍പ്പിക്കുന്നതല്ലാതെ പൂര്‍ണ്ണമായും അദൃശ്യനായിരിക്കുന്ന ഒരു കഥാപാത്രത്തിന് ചുറ്റുംവട്ടം കറങ്ങുന്ന ക്രാഫ്റ്റ് ലോകസിനിമയില്‍ തന്നെ വിരളമാണ്.

കൊറിയന്‍ സംവിധായകന്‍ ബോങ് ജൂഹോയുടെ 'പാരസൈറ്റ്' എന്ന സിനിമയ്ക്ക് ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'പാം ഡി ഓര്‍' പുരസ്കാരം ലഭിച്ചിരുന്നു. പുതിയ ലോകത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് വളരെ സിനിമാറ്റിക്കായി സംസാരിക്കുന്ന ചിത്രമാണിത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഭീമമായ തോതില്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് ദരിദ്രര്‍ ഏതൊരു രാജ്യത്തും അധികപ്പറ്റായി കണക്കാക്കപ്പെടുന്നു. മുതലാളിത്തം ലോകരാജ്യങ്ങളുടെ അജണ്ട തീരുമാനിക്കുകയും ക്ഷേമരാഷ്ട്രങ്ങളായി നിലവില്‍വന്ന രാജ്യങ്ങള്‍ സാമൂഹിക കടമകളില്‍നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദരിദ്രര്‍ നവസമൂഹഘടനയ്ക്ക് ചേരാത്ത കുറ്റവാളികളാണ്. പണക്കാര്‍ക്കുവേണ്ടി പണക്കാര്‍ സൃഷ്ടിച്ച നവലോകക്രമത്തില്‍ പാവപ്പെട്ടവരോടുള്ള സമീപനം മനുഷ്യത്വരഹിതവും അസഹിഷ്ണുത നിറഞ്ഞതുമാണ്. അതിജീവനം തന്നെ സമരമായി മാറുന്ന ഈ ലോകത്തെ സാമൂഹിക അസമത്വം തുറന്നുകാട്ടേണ്ടത് കലയുടെ കടമയും ഉത്തരവാദിത്തവുമായി മാറുന്നുണ്ട്.

കൊറിയയിലെ സാമൂഹികഅസമത്വം തുറന്നു കാട്ടുകയാണ് പാരസൈറ്റ്. കിം കി ടെക് എന്ന മുന്‍ ഡ്രൈവറുടെ കുടുംബം സാമ്പത്തികപരാധീനതകളാല്‍ ബുദ്ധിമുട്ടുകയാണ്. അതിജീവനത്തിനായി പലതരം ജോലികള്‍ ചെയ്യുന്ന കിമ്മിന്‍റെ കുടുംബത്തിന് അപ്രതീക്ഷിതമായി ലഭിച്ച അവസരമാണ് ധനികരായ പാര്‍ക്ക് കുടുംബത്തിലെ പെണ്‍കുട്ടിയുടെ അധ്യാപകനായി കിമ്മിന്‍റെ മകന്‍ നിയമിതനായത്. പതിയെ കിം കുടുംബം പാര്‍ക്ക് കുടുംബത്തിലേക്ക് പൂര്‍ണ്ണമായും നുഴഞ്ഞുകയറുന്നു. തുടര്‍ന്നുണ്ടാകുന്ന തിരിച്ചറിവുകളും സംഘര്‍ഷങ്ങളും അതിലൂടെ പുറത്തുവരുന്ന ചില സാമൂഹികാവസ്ഥകളുടെ നേര്‍ക്കാഴ്ചകളുമാണ് ഈ ചിത്രത്തിലുള്ളത്. 'പാരസൈറ്റ്' എന്നാല്‍ മലയാളത്തില്‍ 'ഇത്തിള്‍ക്കണ്ണി' എന്നര്‍ത്ഥം. ഒരുതരം ഇത്തിള്‍ക്കണ്ണി ജീവിതമാണ് കിം കുടുംബം നയിക്കുന്നത്. ആരാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്? ദരിദ്രര്‍ മാത്രമാണോ കുറ്റക്കാര്‍? ഇതില്‍ സമ്പത്തിന്‍റെ സിംഹഭാഗവും കൈയടക്കി വെച്ചിരിക്കുന്ന സമ്പന്നരുടെ പങ്ക് എത്രമാത്രമാണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ ചിത്രത്തിലൂടെ ബോങ് ജൂഹോ ഉയര്‍ത്തുന്നുണ്ട്.

വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിസംബോധനചെയ്ത രണ്ടുചിത്രങ്ങള്‍ ഈ വര്‍ഷം IFFK യില്‍ ഉണ്ടായിരുന്നു. ഫാഹിം ഇര്‍ഷാദി സംവിധാനം ചെയ്ത 'ആനി മാനി', അശ്വിന്‍കുമാര്‍ സംവിധാനം ചെയ്ത 'നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍' എന്നിവയാണ് ആ ചിത്രങ്ങള്‍. ആനി മാനി ഭരണവൈകല്യങ്ങളും നീതിരഹിതനയങ്ങളും അവതരിപ്പിക്കുന്നത് ആക്ഷേപഹാസ്യത്തിന്‍റെ പിന്തുണയോടെയാണ്. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ട് എട്ടു വര്‍ഷത്തെ തടവുജീവിതത്തിനുശേഷം ഈ അടുത്തകാലത്ത് ജയില്‍മോചിതനായിട്ടേയുള്ളു ഭുട്ടോ എന്ന മുസ്ലീം ചെറുപ്പക്കാരന്‍. കണിശതയോടെയും കരുതലോടെയും അവന്‍ കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നു. വീട്ടില്‍ ഭാര്യയും മാതാപിതാക്കളും വിധവയായ സഹോദരിയും അവളുടെ മകളുമുണ്ട്. കബാബ് ഉണ്ടാക്കി വില്‍ക്കുന്ന ചെറിയ കട നടത്തുകയാണ് ഭുട്ടോ. അങ്ങനെയിരിക്കെയാണ് ബീഫ് നിരോധന ഉത്തരവ് വരുന്നത്. ഈ ഉത്തരവ് ഭുട്ടോയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമ പിന്നീട് ചര്‍ച്ചചെയ്യുന്നത്.

സംഘര്‍ഷങ്ങളുടെ താഴ്വരയായ കാശ്മീരിന്‍റെ വേദന അറിയണമെങ്കില്‍ ഈ പ്രദേശത്തെ ജനങ്ങളുടെ അനുഭവം ബാക്കിയുള്ളവരുടെയും കൂടി അനുഭവമായി മാറണമെന്ന നിര്‍ബന്ധത്തോടെയാണ് അശ്വിന്‍ കുമാര്‍ "No fathers in Kashmir' സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന നൂര്‍ എന്ന പെണ്‍കുട്ടി അമ്മയോടൊപ്പം അവരുടെ ജന്മനാട്ടില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സ്വന്തം പിതാവിന്‍റെ തിരോധാനം തിരഞ്ഞുപോകുന്ന നൂറിന് കാശ്മീര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍ക്കാഴ്ച തന്നെ അനുഭവിക്കേണ്ടിവരുന്നു. തന്‍റെ പിതാവിനെപ്പോലെ കാണാതായ മറ്റൊരു കാശ്മീരി മുസ്ലീമിന്‍റെ മകന്‍ മജീദുമായി അവള്‍ സൗഹൃദത്തിലാവുന്നു. തന്‍റെ അച്ഛന്‍റെ തിരോധാനത്തിന്‍റെ യാഥാര്‍ത്ഥ്യമറിയാന്‍ ഇന്ത്യ-പാക് ബോര്‍ഡറിലുള്ള മലനിരകളിലേക്ക് നൂറും മജീദും നടത്തുന്ന യാത്ര പ്രേക്ഷകരെ ഞെട്ടിക്കുന്ന കാഴ്ചയാണ്. 'ഞങ്ങളുടെ കൈകൊണ്ടുതന്നെ ഞങ്ങളുടെ ചരിത്രം തുടച്ചുകളയേണ്ടി വന്നവരാണ് കാശ്മീരികള്‍' എന്ന് നൂറിന്‍റെ മുത്തച്ഛന്‍ പറയുന്ന രംഗം, 'ഞാന്‍ പകുതി ഭാര്യ, പകുതി വിധവ' എന്ന പ്ലാക്കാര്‍ഡുകള്‍ പിടിച്ചു കൊണ്ട് കാശ്മീരിലെ സ്ത്രീകള്‍ നടത്തുന്ന മാര്‍ച്ച് തുടങ്ങിയ രംഗങ്ങള്‍ കാശ്മീര്‍ ജനത വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനങ്ങളുടെയും അനിശ്ചിതാവസ്ഥകളുടെയും അടയാളപ്പെടുത്തല്‍ കൂടിയാണ്.

ലോകമെമ്പാടുമുള്ള സ്ത്രീജീവിതങ്ങളുടെ പ്രശ്നങ്ങളെ, സംഘര്‍ഷങ്ങളെ അവതരിപ്പിച്ച ഒരു പിടി സിനിമകള്‍ ഈ ചലച്ചിത്രമേളയുടെ ഭാഗമായിരുന്നു. യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി മൗനിയ മെദൂര്‍ സംവിധാനം ചെയ്ത അള്‍ജീരിയന്‍ ചിത്രം Papicha മതതീവ്രവാദികള്‍ പിടിമുറുക്കിയ അള്‍ജീരിയയിലെ തൊണ്ണൂറുകള്‍ അവതരിപ്പിക്കുന്നു. പാട്ട് പാടാനോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, ഇഷ്ടമുള്ള ജോലിചെയ്യാനോ സ്ത്രീകള്‍ക്ക് അവകാശമില്ലാത്ത കാലത്ത് സ്വാതന്ത്ര്യദാഹിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം എന്തായിരിക്കുമെന്ന് ചിത്രം പറയുന്നു. മറിയം തൗസാനി സംവിധാനം ചെയ്ത മൊറോക്കോ ചിത്രം "Adam'  അല്‍ബ എന്ന ബേക്കറി ഉടമയായ സ്ത്രീയും സമിയ എന്ന ഗര്‍ഭിണിയായ അപരിചിതയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണ്. ഗര്‍ഭാവസ്ഥയെ ഇത്രമേല്‍ കലാപരമായി പൂര്‍ണതയില്‍ അവതരിപ്പിച്ച ഈ ചിത്രം ഒരു നിമിഷംപോലും സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ നിറഞ്ഞമനസോടെ, ഞെട്ടലോടെ കണ്ടിറങ്ങിയ അപൂര്‍വ്വാനുഭവമാണ്. ജനിച്ചയുടനെ മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍ വിശ്വസിപ്പിച്ച മകനെത്തേടി പതിനെട്ട് വര്‍ഷമായി അലയുന്ന അമ്മയുടെ മനോവ്യഥയുടെയും ആത്മസംഘര്‍ഷങ്ങളുടെയും ദൃശ്യഭാഷയാണ് കാര്‍ലോ സിറോനി സംവിധാനം ചെയ്ത സെര്‍ബിയന്‍ ചിത്രം 'സ്റ്റിച്ചസ്'. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ കുടുംബം ഒന്നടങ്കം ഒറ്റപ്പെടുത്തുമ്പോഴും 'മരിച്ച' മകനുവേണ്ടി 18 വര്‍ഷം പാഴാക്കിയെന്ന പഴി കേള്‍ക്കുമ്പോഴും ദിവസവും പ്രതീക്ഷകള്‍ തുന്നിച്ചേര്‍ത്ത് ജീവക്കുന്ന അന എന്ന തുന്നല്‍ക്കാരിയുടെ ജീവിതമാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. മകനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാന്‍ പല വാതിലുകള്‍ മുട്ടുന്നുണ്ടെങ്കിലും അനയ്ക്ക് നിരാശയാണ് നേരിടേണ്ടിവരുന്നത്. മരിച്ചെന്ന് സമൂഹം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാണാമറയത്തുള്ള മക്കള്‍ക്കായി കാത്തിരിക്കുന്ന പതിനായിരത്തോളം അമ്മമാര്‍ സെര്‍ബിയയില്‍ ഉണ്ടെന്ന് സിനിമ അടിവരയിടുന്നു.

'ക്ലോസ്നെസ്' എന്ന ആദ്യചിത്രം കൊണ്ടു തന്നെ ശ്രദ്ധേയനായ കാന്‍റെമിര്‍ ബലാഗോഫ് സംവിധാനം ചെയ്ത 'ബീന്‍പോള്‍' രണ്ടാം ലോകമഹായുദ്ധാനന്തരം സോവിയറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇയ, മാഷ എന്നീ രണ്ടുസ്ത്രീകളുടെ സൗഹൃദവും സംഘര്‍ഷങ്ങളും പോരാട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം. ദുരന്തങ്ങളുടെ തീവ്രമഴയാണ് 'ബീന്‍പോള്‍'. യുദ്ധം എങ്ങനെയാണ് ഒരു ജനതയെ ബാധിക്കുന്നതെന്ന് ചിത്രം വിശകലനം ചെയ്യുന്നു. ഭയാനകമായ സംഭവങ്ങള്‍ ഒന്നൊന്നായി ഈ രണ്ടുപേരെ പിന്തുടരുമ്പോഴും ജീവിതത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പോരാട്ടത്തിലാണ് ഇവര്‍ രണ്ടുപേരും. അസാധാരണമാം വിധം സൗന്ദര്യമുള്ള ഫ്രെയിമുകളുള്ള ചിത്രമാണിത്. ആദ്യത്തെ പത്തു മിനിറ്റ് മാത്രമുള്ള 'പാഷ്ക' എന്ന രണ്ടുവയസുകാരന്‍ പ്രേക്ഷകരെ കടുത്ത വിഷാദത്തിലേക്കു കൊണ്ടുപോകും. സെലിന്‍ സിസാമ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം "Portrait of a Lady on Fire' പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ഹെലോയ്സ് എന്ന പ്രഭുകുമാരിയുടെയും അവളുടെ ഛായാചിത്രം വരയ്ക്കാന്‍ എത്തുന്ന മാറിയാനേ എന്ന ചിത്രകാരിയുടെയും ബന്ധത്തെ വിശദീകരിക്കുന്നു. പ്രണയത്തിന്‍റെ തീക്ഷ്ണമായ ആനന്ദവും വേദനയും കലയിലേക്ക് മനോഹരമായി സന്നിവേശിപ്പിക്കപ്പെടുന്നതിന്‍റെ ഉത്തമോദാഹരണമാണ് ഈ ചിത്രം.

ഈ IFFK യിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന ക്യൂറേറ്റഡ് പാക്കേജുകളിലൊന്നായിരുന്നു പോസ്റ്റ് യൂഗോസ്ലാവിയന്‍ സിനിമ. ഒന്നാം ലോകമഹായുദ്ധാനന്തരം നിര്‍മിക്കപ്പെടുകയും തൊണ്ണൂറുകളില്‍ ശിഥിലമാക്കപ്പെടുകയും ചെയ്ത രാഷ്ട്രമാണ് യുഗോസ്ലാവിയ. ഒരു നൂറ്റാണ്ടില്‍ തന്നെ രൂപപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്ത രാഷ്ട്രത്തിലെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷം തീര്‍ത്തും സങ്കീര്‍ണ്ണമായിരിക്കക്കും. സ്വാതന്ത്ര്യം, ജനാധിപത്യം, ലിംഗബോധം, ലിംഗസമത്വം എന്നീ വിഷയങ്ങളില്‍ പൂര്‍ണമായും ജനാധിപത്യവല്‍ക്കരിക്കാത്ത പ്രശ്നം സ്വാഭാവികമായി ഉയര്‍ന്നുവരും. ടിയാണ സ്ട്രൂഗര്‍ മിറ്റോവസ് സംവിധാനം ചെയ്ത "God Exist, her name is Petrunya' ഈ പാക്കേജിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു. കഴിഞ്ഞവര്‍ഷം കേരളത്തെയാകെ ഉലച്ച ശബരിമലയിലെ പ്രവേശനവിധിയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഇതിന് സമാനമായൊരു പശ്ചാത്തലത്തെ ഗംഭീരമായ കൈയടിയോടെ അവതരിപ്പിച്ച സിനിമയായിരുന്നു ഇത്.

ഔലിസ് മൗനേസ് സംവിധാനം ചെയ്ത ലബനന്‍ചിത്രം(1982), ക്ലെബെര്‍ ഫില്‍ഹോയും ജൂലിയാനോ ഡോര്‍നെല്ലെസും ചേര്‍ന്ന് സംവിധാനം ചെയ്ത പോര്‍ട്ടുഗീസ് ചിത്രം Bacurau,, ക്വി ക്വു സംവിധാനം ചെയ്ത ചൈനീസ് ചിത്രം ബലൂണ്‍, ഫാത്തി അക്കിന്‍റെ ഏറ്റവും പുതിയ ജര്‍മന്‍ചിത്രം ദ ഗോള്‍ഡന്‍ ഗ്ലോവ്, കെന്‍ ലോച്ചിന്‍റെ 'സോറി വീ മിസ്ഡ് യു', ഏലിയാ സുലൈമാന്‍റെ 'ഇറ്റ് മസ്റ്റ് ബീ ഹെവന്‍', പെഡ്രോ ആല്‍മദോവറിന്‍റെ"Pain and Glory',, ഉലാ സഹമാന്‍റെ "Sons of Denmark', ഴാന്‍ പിയര്‍ സംവിധാനം ചെയ്ത "Young Ahmmed',, ഗ്രിഗര്‍ എര്‍ലര്‍ സംവിധാനം ചെയ്ത "The Last Berliner' റെയ്മുണ്ട് ഗിബെ സംവിധാനം ചെയ്ത "Verdict' തുടങ്ങിയ ചിത്രങ്ങള്‍  ഈചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടി.

സിനിമയ്ക്കു വേണ്ടി സിനിമയുടെ പേരില്‍ ജനാധിപത്യത്തിനായി ഒത്തുകൂടുന്നവരുടെ ഉത്സവം തന്നെയാണ് ചലച്ചിത്രമേളകള്‍. സില്‍വര്‍ ജൂബിലിയിലേക്ക് കടക്കുന്ന മേളയിലേക്ക്, അടുത്ത ഡിസംബറിലേക്ക് സിനിമയുടെ മാന്ത്രിക ഇടങ്ങളിലേക്കുള്ള കാത്തിരിപ്പുകളുടെ നാളുകളാണ് ഇനി. 

അജീഷ് തോമസ്ഫിലിം ക്ലബ്, എസ്. ബി. കോളേജ്

Recent Posts

bottom of page