top of page

പരിപാലനം

Nov 28

1 min read

George Valiapadath Capuchin
A man feeding a lamb

സഭാചരിത്രം വായിക്കുമ്പോൾ അധികാരപ്രമത്തത കാട്ടിയ, സഭയെ ശ്രദ്ധിക്കാതെയും പരിപാലിക്കാതെയും സ്വന്തം കാര്യം നോക്കിയ മാർപാപ്പാമാരെ പൂർവ്വകാലങ്ങളിൽ നമുക്ക് കാണാനാവും. എന്നാൽ കഴിഞ്ഞ 100 വർഷത്തിൽ സഭയെ നയിച്ച മാർപാപ്പാമാർ 9 പേരും അസാധാരണ വ്യക്തി മാഹാത്മ്യം ഉള്ളവരും അതിശയിപ്പിക്കുംവിധം സുന്ദരമായ നിലപാടുകൾ എടുത്തവരുമായിരുന്നു. പീയൂസ് XI, പീയൂസ് XII, ജോൺ XXlll, പോൾ VI, ജോൺ പോൾ I, ജോൺ പോൾ II, ബെനഡിക്റ്റ് XVI, ഫ്രാൻസിസ്, ലിയോ XIV. എല്ലാ മെത്രാന്മാരും സാങ്കേതികമായി മാർപാപ്പക്ക് തുല്യർതന്നെയാണ്. നേതൃത്വത്തിൻ്റെ മറ്റ് ഘടകങ്ങളിലേക്ക് വരുമ്പോൾ എന്തുകൊണ്ടോ സഭാസമൂഹത്തിന് നേതൃത്വത്തെക്കുറിച്ച് ആവലാതികളുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.


സഭയുടെ രണ്ട് പ്രധാന തൂണുകളായി അറിയപ്പെടുന്നവരാണ് പത്രോസും പൗലോസും. അവരിരുവരും ആദിമസഭകളെ നയിച്ചവരായിരുന്നു. സഭാശുശ്രൂഷകരെ നിയമിച്ചാക്കുകയും ചെയ്തവരാണ് അവരിരുവരും. സഭയെ നയിക്കുന്ന ശ്രേഷ്ഠന്മാരോട് അവരിരുവരും ഉപദേശങ്ങൾ നല്കുന്നുമുണ്ട്.

ആദ്യം പത്രോസ് പറയുന്നത് നോക്കാം.

"നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിൻ്റെ അജഗണത്തെ പരിപാലിക്കുവിൻ." എന്ന് സഭയിലെ ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്ന പത്രോസ്, പ്രസ്തുത പരിപാലനം മൂന്ന് രീതികളിൽ ആകരുത് എന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.

പരിപാലനം നിർബന്ധം മൂലം ആകരുത്; ലാഭേച്ഛയോടെ ആകരുത്; അജഗണത്തിൻ്റെ മേൽ ആധിപത്യം ചുമത്തിക്കൊണ്ടാകരുത് (1 പത്രോ. 5:1-4). പത്രോസ് കാര്യങ്ങൾ വളരെ വ്യക്തമാക്കുന്നുണ്ട് എന്നത് ശ്രദ്ധേയമല്ലേ?


പൗലോസിനെ നോക്കൂ. എത്ര സൗമ്യമായാണ് അദ്ദേഹം തെസ്സലോണിക്കയിലെ നവജാത സഭയുടെ മധ്യേ പെരുമാറുന്നത്! "ക്രിസ്തുവിൻ്റെ അപ്പസ്തോലന്മാർ എന്ന നിലയിൽ മേന്മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങൾ നിങ്ങളിൽ നിന്നോ മറ്റുമനുഷ്യരിൽ നിന്നോ മഹത്ത്വം അന്വേഷിച്ചില്ല. ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ നിങ്ങളുടെ ഇടയിൽ സൗമ്യമായി പെരുമാറി." (തെസ്സ. 2: 6-7). തൻ്റെ നവജാത ശിശുവിനെ പെറ്റമ്മ പരിചരിക്കുന്നതുപോലെ എന്നാണ് അദ്ദേഹം സ്വജീവിതത്തിൽ നിന്ന് എടുത്തു കാണിക്കുന്ന ഉപമ. അവർ അതീവ സൗമ്യമായി പെരുമാറിയത്രേ!


എഫേസോസിലെ ശ്രേഷ്ഠന്മാരോടുള്ള പൗലോസിൻ്റെ വാക്കുകൾ ലൂക്കാ ഉദ്ധരിക്കുന്നത് നോക്കൂ.

"നിങ്ങളെയും അജഗണം മുഴുവനെയും പറ്റി ജാഗരൂകരായിരിക്കുവിൻ; സഭയെ പരിപാലിക്കുവിൻ." "ഞാൻ ആരുടെയും വെള്ളിയോ സ്വർണ്ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല. സ്വന്തം കൈകൊണ്ട് അധ്വാനിക്കുകയാണ് ചെയ്തത്. ശ്രേഷ്ഠർ എങ്ങനെ ആയിരിക്കണം എന്ന് അതുവഴി ഞാൻ നിങ്ങൾക്ക് മാതൃക നല്കിയിട്ടുണ്ട്. (അപ്പ. പ്ര. 20: 28-35)


ക്ലരിക്കൽ മേധാവിത്വത്തിൻ്റെ മാർഗ്ഗങ്ങൾ അവർ സ്വീകരിച്ചില്ല എന്നു മാത്രമല്ല, വിനയം, സൗമ്യത, സ്നേഹം, പരിചരണം, എന്നിവയിലെല്ലാം അവർ മാതൃകാപരമായി ഔന്നത്യം കാട്ടി. സഭാസമൂഹങ്ങൾ ഒത്തിരി പീഡനങ്ങളിലൂടെ കടന്നുപോകുമ്പോൾ അജഗണത്തിന് പ്രത്യാശയും ബലവും പകർന്നുകൊണ്ട് സഹനത്തിലേക്ക് അവർ തങ്ങളെത്തന്നെ എറിഞ്ഞുകൊടുത്തു.

കാരണം, അവരുടെ സ്നേഹം ക്രിസ്തുവിനോടും വചനത്തോടും തങ്ങളുടെ അജഗണത്തോടും മാത്രമായിരുന്നു.

Recent Posts

bottom of page