top of page
റാകിപ്പറക്കുന്ന ചെമ്പരുന്തും' കുഞ്ചിയമ്മയുടെ മകന്‍ പഞ്ചാരക്കുഞ്ചുവും ഒന്നാം ക്ലാസ്സില്‍ നിന്ന് ക്ലാസ്സുകേറ്റം കിട്ടിയ പിള്ളേരുടെ കൂടെ 'ഒന്നാനാം കുന്നുകേറി ഒരാടിക്കുന്നുകേറി രണ്ടിലേക്കുപോയി. വെളിക്കുവിട്ട നേരത്ത് ഉണക്കാന്‍ തീരുമാനിച്ച ചെടിയുടെ മൂട്ടില്‍ കാര്യം സാധിച്ചിട്ട് അവര്‍ വേഗം അമ്മിണിട്ടീച്ചറിന്‍റെ അടുത്തേക്കു പാഞ്ഞു. അവരെല്ലാം ജയിച്ചിട്ടും പാവം അമ്മിണിട്ടീച്ചര്‍ മാത്രം തോറ്റുപോയില്ലേ? കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ടീച്ചറിങ്ങനെ ഒന്നില്‍ തോറ്റോണ്ടിരിക്കുന്നു. ആദ്യക്ലാസ്സിലെ തോമസുകുട്ടിയുടെയും ബാലചന്ദ്രന്‍റെയും ബഷീറിന്‍റെയും മക്കള്‍ വീണ്ടും വന്ന് ടീച്ചറെ തോല്പിച്ചു.
ഏതാണ്ട് 90' കളുടെ തുടക്കം വരെ നമ്മുടെ പള്ളിക്കൂടങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. എല്ലാവര്‍ഷവും ഒരേ ക്ലാസ്സില്‍ത്തന്നെ തോറ്റ് തോറ്റ് ജീവിതത്തോട് ഗുസ്തി പിടിച്ച് നക്കാപ്പിച്ച ശമ്പളം വാങ്ങുന്ന പള്ളിക്കൂടം വാധ്യാരന്മാര്‍.
വെളുപ്പിനെ എഴുന്നേറ്റ് വെള്ളമുണ്ടുടുത്ത്, രണ്ടാം മുണ്ട് കഴുത്തില്‍ ചുറ്റി, സമസ്യാപൂരണ ശ്ലോകം തെല്ലുറക്കെ മൂളി, മുറുക്കിയതു നീട്ടിത്തുപ്പി, കാലന്‍കുട വെറുതെവീശി, പുരാണകഥകളുടെ ചെല്ലം തുറക്കുന്ന മുന്‍ഷിമാര്‍.
'സ്ഫടിക'ത്തിലെ ചാക്കോമാഷിനെപ്പോലെ ക്ലാസ്സില്‍ വന്നാലുടന്‍ ദ്വിമാന സമവാക്യത്തിന്‍റെ സാമാന്യരൂപം എല്ലാവരോടും ചോദിച്ച്, പറയാത്തവര്‍ക്ക് നിരപ്പെ അടികൊടുത്ത് പാണലില, തൊട്ടാവാടി തുടങ്ങിയ 'ഒടി' വിദ്യകള്‍ പ്രയോഗിച്ചിട്ടും അന്നും തല്ലുകിട്ടിയ ഹതഭാഗ്യര്‍ നല്‍കുന്ന പുതിയ ഇരട്ടപ്പേരും ഏറ്റുവാങ്ങി പുതിയ വഴിക്കണക്കിനു വഴിമരുന്നിട്ടിരുന്ന കണക്കുസാറന്മാര്‍. വാങ്ങിയ വിലയില്‍ നിന്നും വിറ്റവിലയില്‍ നിന്നും കൂട്ടിയാലും കുറച്ചാലും ഹരിച്ചാലും ഗുണിച്ചാലും ഇവര്‍ക്ക് ജീവിതം നഷ്ടക്കച്ചവടം തന്നെ.
രാഷ്ട്രഭാഷയുടെ 'മഹോപാദ്ധ്യാ'യന്മാര്‍ക്ക് ശരീരമുഴുപ്പനുസരിച്ച് 'ചോട്ടാ ഹിന്ദി', 'ബഡാ ഹിന്ദി' എന്ന് വിളിപ്പേര്. 'കലം' എന്നാല്‍ പേനയാണെന്നു പറഞ്ഞപ്പോള്‍ 'ചട്ടി' എന്നാല്‍ പെന്‍സിലാണോയെന്ന് ചോദിച്ചവനോട് 'പിതാജി'യുമായി വരാന്‍ പറഞ്ഞ ടീച്ചറോട് 'ധന്യവാദ്' പറഞ്ഞുപോയ അപ്പുക്കുട്ടനെ പിന്നെക്കാണുന്നത് ചറപറാ ഹിന്ദി 'ബോല്‍ത്തി' നാഷണല്‍ പെര്‍മിറ്റ് ലോറി തെക്കുവടക്ക് ഓടിക്കുന്നതാണ്.
ക്ലാസ്സിലൂടെ വെറുതെ നടക്കുകയും നടന്നു മടുക്കുമ്പോള്‍ ഇരുന്നുറങ്ങുകയും ചെയ്യുന്ന തയ്യല്‍ ടീച്ചറിന്‍റെ അബോധ സാന്നിദ്ധ്യത്തില്‍ സമചതുരത്തില്‍ മുറിച്ചെടുത്ത കോറത്തുണിയില്‍ ഞങ്ങള്‍ ഇഴയെടുത്ത് ചങ്ങലക്കണ്ണിയും അട്ടക്കാലും തയ്ച്ച് അവസാനം ഇലയും ചെടിയും പൂവും തയ്ച്ച് പാസായതുകൊണ്ട്, പിന്നീട്, വിട്ടുപോയ ഷര്‍ട്ടിന്‍റെ ബട്ടണ്‍ തയ്ക്കാന്‍ ഭാര്യയുടെ സഹായ ഹസ്തങ്ങള്‍ വേണ്ടി വരുന്നില്ല.
ഡ്രില്ലുസാറിന്‍റെ കൂടെ നിന്ന് കവാത്തു പഠിച്ച് വട്ടത്തിലും നീളത്തിലുമോടി. സബ്ബ് ജില്ലാ മത്സരത്തില്‍ ഓടാന്‍ പോകാനുള്ള പ്രധാന പ്രലോഭനം ഓടിക്കഴിഞ്ഞു വരുന്നവര്‍ക്ക് കുറേശെ ഗ്ലൂക്കോസു പൊടി തിന്നാം എന്നതാണ്.
ഹൈസ്കൂളില്‍ കണക്കോ സാമൂഹ്യപാഠമോ പഠിപ്പിച്ചിരുന്ന സാറു തന്നെയാണ് ഷേക്സ്പിയര്‍ വായിച്ചതും. 'ഔട്ട് ലൈന്‍ സ്റ്റോറി'യുടെ ഇടയ്ക്കുള്ള 'ഗ്യാപ്പുകളില്‍' 'ഈസും', 'വാസും', 'ഓണും', 'ഓഫും' മാറിമാറിയെഴുതി ഞങ്ങള്‍ പകുതി മാര്‍ക്കു മേടിച്ചു.
സേവനവാരത്തിന് പള്ളിക്കൂടത്തിലെ 'ഡസ്കും' 'ബഞ്ചും' കഴുകി വെളുപ്പിച്ചു. മുറ്റത്തെ പുല്ലുചെത്തി. പിള്ളേരുടെ വീട്ടീന്നു കൊണ്ടുവന്ന പച്ചക്കപ്പ സാറന്മാരും പിള്ളേരും കൂടെ പൊളിച്ച് ചെണ്ടമുറിയന്‍ പുഴുങ്ങി കാന്താരി കൂട്ടിയടിച്ചു. തീരുന്ന ദിവസം പായസം വെച്ചു കുടിച്ചു. തേങ്ങാ ചിരണ്ടാന്‍ മിടുക്കി ഗോമതിടീച്ചര്‍ തന്നെ. ഇടവേളകളില്‍ കമ്പിളിനാരങ്ങയും ചാമ്പങ്ങയും ലൂവിക്കായും ഇഷ്ടം പോലെ തിന്നുമദിച്ചു.
കന്യാകുമാരിയില്‍ പോയി ഉദയം കണ്ട് കൊട്ടാരവും മൃഗശാലയും കടലും മേത്തന്‍മണിയും കണ്ട്,
"പോം, പോം, പോം, പോം, പോട്ടറുവണ്ടി
ടിപ്പ് ടോപ്പ് ടിപ്പ് ടോപ്പ്, ഡ്രൈവറു സാറ്
നീളെ നീളെക്കിടക്കുന്ന ടാറിട്ട റോഡ്"
എന്ന പാട്ടും പാടി 'ടൂറു' പോയി വന്നശേഷം പോയവരും പോകാത്തവരും വിനോദയാത്രയെക്കുറിച്ച് രചനയെഴുതി. 'മൈസ്കൂളിനെ'പ്പറ്റി എഴുതിയ ഇംഗ്ലീഷു രചനയില്‍ ഒരു ചെമ്പരത്തിപ്പൂപോലുമില്ലാത്ത സ്കൂള്‍ മുറ്റത്തേയ്ക്കു നോക്കി 'ദെയറീസെ ഗാര്‍ഡന്‍ ഇന്‍ഫ്രണ്ട് ഓഫ് മൈ സ്കൂള്‍' എന്നെഴുതിയത് എന്തിനാണെന്നോര്‍മ്മയില്ല. രാഷ്ട്രഭാഷയില്‍ ഓണം - ദേശീയത്യോഹാറാണെന്നും 'ഗായ് ദൂത്ത് ദേത്തീഹെ' എന്നും, 'ദൂത്ത് മീഠാ ഹൈ' എന്നും കട്ടന്‍കാപ്പി മാത്രം കുടിച്ചിട്ടുള്ളവരുമെഴുതി.
ഈ സാറന്മാരെ പൊതുവേ പിശുക്കന്മാരെന്നാണ് നാട്ടുകാര്‍ വിളിക്കുക. എണ്ണിച്ചുട്ട അപ്പം നുള്ളിത്തിന്നുന്ന കിമ്പളം കിട്ടാത്ത വര്‍ഗ്ഗമാണിവരെന്ന് അവര്‍ക്കറിയില്ലല്ലോ. കിമ്പളം കിട്ടാന്‍ വല്ല വഴിയുമുണ്ടായിരുന്നെങ്കിലോ?
മേരിടീച്ചര്‍ പച്ചക്കറിക്കടയിലേക്കു വന്നാല്‍ കടക്കാരന്‍ ഗോപാലന് ആധിയാണ്. മുഴുവന്‍ പച്ചക്കറിയും ഒടിച്ചും മണത്തും നോക്കിയിട്ടേ ടീച്ചര്‍ അരക്കിലോ ഏറ്റവും വിലക്കുറഞ്ഞ പച്ചക്കറിയുമായി രംഗമൊഴിയൂ.
അനധ്യായന ദിനമായ ശനിയാഴ്ചകളില്‍ ഈ സാറന്മാരെല്ലാം അവരവരുടെ കൊച്ചുപറമ്പുകളില്‍ നടുതലകള്‍ നട്ടു നനച്ചു കിളച്ചു വിയര്‍ക്കുന്നതു കാണാം. സാദ്ധ്യായ ദിനങ്ങളില്‍ രാവിലെ പറമ്പില്‍ പണി കഴിഞ്ഞ് സ്കൂളിലേക്കോടുകയും വൈകിട്ടു വന്ന് വീണ്ടും പണിയുകയും ചെയ്യുന്ന 'പാര്‍ട്ട് ടൈം' കര്‍ഷകരായിരുന്നു അവരെല്ലാം.
കല്യാണ വീടുകളില്‍ ദക്ഷിണയും മുണ്ടും വാങ്ങി അനുഗ്രഹിക്കാന്‍, മരിച്ച വീട്ടില്‍ നടത്തിപ്പുകാരനായി, നാട്ടിന്‍പുറത്തെ വായനശാലയുടെ മേല്‍നോട്ടക്കാരനായി, ഓണാഘോഷക്കമ്മിറ്റിയുടെ കണ്‍വീനറായി, പൊതുനിരത്തിന്‍റെ നിര്‍മ്മാണത്തിന് നിവേദനമെഴുതാനായി, ഏവര്‍ക്കും അപേക്ഷകളും ഹര്‍ജികളും തയ്യാറാക്കാനായി. ചിലര്‍ രാഷ്ട്രീയക്കാരായി. കഷായത്തിലെ ചുക്കുപോലെ അവര്‍ സജീവ സാന്നിദ്ധ്യമായി.
90'കള്‍ കുടം തുറന്നുവിട്ട ആഗോളവത്കരണ, ഉദാരവത്കരണങ്ങള്‍ അധ്യാപകരുടെ ശമ്പള സ്കെയിലിനുണ്ടായ നീളക്കൂടുതലും അധ്യാപകരെ അടിപടലെ മാറ്റിയെഴുതി. ഈ കാലത്തുതന്നെയാണ് 'ഡി. പി. ഇ. പി' പോലെയുള്ള, പ്രായോഗികതലത്തില്‍ വിജയിക്കാത്ത പരീക്ഷണങ്ങളുടെ പേരിലും മാറിയ സാമ്പത്തിക നില സൃഷ്ടിച്ച ആഭിജാത്യത്തിന്‍റെ പേരിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ കുട്ടികള്‍, സി.ബി.എസ്.സി. സ്കൂള്‍ ബസ്സുകളില്‍ കയറി അകലങ്ങളിലേക്കു പോയതും. പഞ്ചായത്തില്‍നിന്നു സൗജന്യമായി കിട്ടുന്ന ചീനിത്തൈയ്ക്കുപോലും ഊഴം കാത്തുനില്‍ക്കുന്നവര്‍ നാട്ടിന്‍പുറത്ത് 'ഫ്രീ' ആയിക്കിട്ടുന്ന വിദ്യാഭ്യാസത്തില്‍ നിന്ന് പ്രതീക്ഷ പിന്‍വലിച്ചു. പണം കൊടുത്തു വാങ്ങുന്നതെന്തും അന്തസ്സും നല്ലതുമാണെന്നു വിശ്വസിക്കാന്‍ തുടങ്ങി.
പാരമ്പര്യവും ദര്‍ശനവുമുള്ള ചില കോര്‍പ്പറേറ്റ് മാനേജുമെന്‍റുകള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും എയ്ഡഡ് സ്കൂള്‍ ചക്കരക്കുടമായി. നാട്ടില്‍ ജോലി കിട്ടാത്തവര്‍ ഉള്ളതുവിറ്റു പെറുക്കി മലബാറിനു പോയി ജോലി മേടിച്ചു. നാഗാലാന്‍റിലും ഭൂട്ടാനിലും പഠിപ്പിക്കാന്‍ പോയവര്‍ തിരിച്ചു വന്ന് സി.ബി.എസികളില്‍ ചേക്കേറി.
മുണ്ടുടുത്തു നടന്ന മാഷന്മാരെല്ലാം കാല്‍ശരായിയിട്ട് ഷര്‍ട്ടതിനകത്തിട്ട് അരക്കെട്ടുമുറുക്കി. വീടിനു ചുറ്റും മതിലുകെട്ടി ഒരു 'ആല്‍ട്ടോ' കാറെങ്കിലും വാങ്ങി. സ്കളുവിട്ടുവന്നാല്‍ വീടിന്നകത്തു മാത്രമിരുന്നു. നാട് അവരില്‍നിന്നും അവര്‍ നാട്ടില്‍നിന്നും അകന്നുപോയി.
കേരളവനങ്ങളിലെ ആനകളുടെ കണക്കെടുക്കുമ്പോള്‍ കൊമ്പനാനകളുടെ എണ്ണം വളരെക്കുറവെന്നപോലെ അധ്യാപകരുടെ എണ്ണത്തില്‍ ആണ്‍സാറന്മാര്‍ വംശനാശം വരുന്ന സിംഹവാലന്മാരായി. എന്‍ട്രന്‍സ് എഴുതിക്കിട്ടാത്തവരും എന്‍ജിനീയറാകാത്തവരും നേഴ്സിനെക്കെട്ടി വിദേശത്തു പോകാനാകാത്തവരും സാറന്മാരായി. അടുക്കളപ്പണിയും പിള്ളേരെ നോട്ടവും കഴിഞ്ഞ് പത്രം പോലും വായിക്കാന്‍ സമയമില്ലാത്ത ടീച്ചര്‍മാര്‍ പാടിപ്പഴകിയ പഴംപാട്ടുകള്‍ കൊണ്ട്, ഇന്‍റര്‍നെറ്റും വിക്കിവിഡീയയും കൊണ്ടുകളിക്കുന്ന കുട്ടികളുള്ള ക്ലാസ്സില്‍ അസ്വസ്ഥതകള്‍ നിറച്ചു കൊണ്ടിരിക്കുന്നു.
ഒന്നാം തീയതി രാവിലെ പെന്‍ഷന്‍ വാങ്ങാന്‍ പോകാനായി ബസ്സു കാത്തു നില്‍ക്കുന്ന പഴയസാറന്മാരെ കണ്ടില്ലെന്നു നടിച്ച് നാം വേഗത്തില്‍ വണ്ടിയോടിച്ചു പോകുന്നു. "ശല്യമാ. കേറ്റിയാല്‍ പിന്നെ നൂറുകൂട്ടം ചോദ്യങ്ങളാ"
നല്ലോണം പഠിക്കണം. നിനക്കൊരു ഭാവിയുണ്ടെന്ന് പറഞ്ഞത് അവരായിരുന്നു.
നീ പാടണമെന്നും പ്രസംഗിക്കണമെന്നും
നീ സ്പോര്‍ട്സ് സ്കൂളില്‍ പോകണമെന്നും
പറഞ്ഞത് അവരായിരുന്നു.
ഡ്രില്‍ പീരിയഡ് വീണു കൈയൊടിഞ്ഞവനെ
തോളിലേറ്റി വണ്ടി വിളിച്ചുപോയതും
അവരായിരുന്നു.
സ്കൂളിനടുത്തുള്ള വീട്ടിലേക്ക് ഉണ്ണാന്‍
പോകുമ്പോള്‍ പൊതിച്ചോറില്ലാത്തവരെ
വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതും
അവരായിരുന്നു.
പെരുവിരല്‍ പോയിട്ട്
ചെറുവിരല്‍ പോലും അവരാവശ്യപ്പെട്ടില്ല.
നാം അവരെ കാണാതെ
അവരുടെ വഴികളില്‍ നിന്ന്
പുതുകാലത്തിനൊപ്പം
വഴിമാറി നടക്കുകയാണ്.
ആ അക്ഷരദീപങ്ങളെ
അകലെനിന്നെങ്കിലും തൊഴാതെ
നാം എങ്ങോട്ടാണ്
ഇത്രവേഗം...?