top of page

ശിഷ്യത്വ ജീവിതം

Jun 20, 2009

2 min read

സM

കേക്കടിയാ ഗ്രാമത്തില്‍ ഒരു ദിനം


1996 സെപ്റ്റംബറില്‍ കോളറാമൂലം 30 പേര്‍ കേക്കടിയാ എന്ന വനഗ്രാമത്തില്‍ മരണമടഞ്ഞു. അതില്‍ 22 പേരും കുട്ടികളാണ്. മദ്ധ്യപ്രദേശിലെ ഖണ്ഡ്വാ ജില്ലയിലെ റോഷ്നി പഞ്ചായത്തിലാണ് ഞങ്ങള്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. അവിടെനിന്ന് കേക്കടിയാ ഗ്രാമത്തിലേക്ക് 46 കി. മീ. ദൂരമുണ്ട്.

ഒരു ദിവസം രാവിലേ തന്നെ ഒരു അഞ്ചംഗ സംഘം കേക്കടിയാ ഗ്രാമത്തിലേക്ക് ജീപ്പില്‍ യാത്രയായി. കുഞ്ഞുങ്ങള്‍ക്കായി ഞങ്ങളുടെ ക്ലിനിക്കില്‍ തയ്യാറാക്കിയ പ്രോട്ടീന്‍ പൗഡറും കുറെ ഗോതമ്പും ഒക്കെ ഞങ്ങള്‍ കരുതിയിരുന്നു. ഏകദേശം 28 കി.മീ. പിന്നിട്ടപ്പോള്‍ തന്നെ റോഡിന്‍റെ ശോചനീയാവസ്ഥ മൂലം ഞങ്ങള്‍ ഇറങ്ങി നടക്കുവാന്‍ തുടങ്ങി. ആ സ്ഥലത്തെ പഞ്ചായത്തു പ്രസിഡന്‍റ് ബലിറാം - മിഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്നു - ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. 18 കി. മീ. നടക്കുവാന്‍ ഞങ്ങള്‍ തയ്യാറാണെങ്കില്‍ സാധനങ്ങള്‍ രണ്ട് കാളവണ്ടികളിലായി എത്തിച്ചു തരാമെന്നായി ബലിറാം. ഞങ്ങള്‍ നടക്കുവാന്‍ തന്നെ തീരുമാനിച്ചു.

മലകളും കാടും കൃഷിയിടങ്ങളും ഗ്രാമങ്ങളും പിന്നിട്ട് ഏകദേശം 3 മണിയോടു കൂടി ഞങ്ങള്‍ കേക്കടിയായില്‍ എത്തിച്ചേര്‍ന്നു. തണുപ്പുമൂലം കാല്‍വിരലുകള്‍ കോച്ചി വലിക്കുവാന്‍ തുടങ്ങിയിരുന്നു. കുഞ്ഞുങ്ങള്‍ മരിച്ച ഭവനങ്ങള്‍ സന്ദര്‍ശിച്ചു. രോഗികളുടെ വിവരങ്ങള്‍ അന്വേഷിച്ചു. ശുദ്ധ ജലത്തിനായുള്ള ഹെഡ് പമ്പ് (നമ്മുടെ ഹാന്‍ഡ് പമ്പ്) കേടായിക്കിടക്കുന്നു. ഇളം പേരയില 7 എണ്ണം 2 ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് 1 ഗ്ലാസ്സാക്കി കുടിക്കുന്നത് വയറിളക്കം തുടങ്ങുമ്പോള്‍ തന്നെ ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞുകൊടുത്തു. ഉണ്ടാക്കി കാണിച്ചുകൊടുത്തു. പഞ്ചസാര ഇടുവാന്‍ പറയാനുള്ള ധൈര്യമില്ലായിരുന്നു. കാരണം, വേറൊരവസരത്തില്‍ ഇതുപോലെ ചെയ്തപ്പോള്‍ പഞ്ചസാര തപ്പി വീടായ വീടു മുഴുവന്‍ കയറിയശേഷം ചെറിയൊരു കടയില്‍ പോയാണ് സ്ത്രീകള്‍ പഞ്ചസാര സംഘടിപ്പിച്ചത്. ഗ്രാമത്തലവനെ കണ്ടു ഗോതമ്പും പ്രോട്ടീന്‍ പൗഡറും വിതരണം ചെയ്യുവാന്‍ ഇടപാടാക്കി.

സന്ധ്യയായി. മഴപെയ്യുവാനുള്ള ഒരുക്കമുണ്ട്. രണ്ട് കാളവണ്ടിയില്‍ മടക്കയാത്ര ആരംഭിച്ചു. മൂന്നു പ്രാവശ്യം ഞാന്‍ ഇരുന്ന കാളവണ്ടിയുടെ "ചാവി" ഒടിഞ്ഞുപോയി. നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാവുന്നതു തെല്ലു ഭയത്തോടെ നോക്കിയിരുന്നു. ഗ്രാമീണര്‍ക്ക് വഴിയുടെ ഓരോ മുക്കും മൂലയും അറിയാം. പാറക്കല്ലുകളും കുഴികളും ചെളിയും മറ്റുമാകുമ്പോള്‍ ഞങ്ങളോട് ഇറങ്ങി നടക്കുവാനാശ്യപ്പെടും. മഴ തകര്‍ത്തു പെയ്യുവാന്‍ തുടങ്ങി. ഒരു നദീതീരത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ബലിറാം വെള്ളത്തിന്‍റെ നിരപ്പ് നോക്കുവാന്‍ പോയ സമയത്ത് രണ്ടാമത്തെ കാളവണ്ടി വന്ന് ഞാനിരുന്ന കാളവണ്ടിയ്ക്കിട്ട് ഒറ്റയിടി. കൂട്ടത്തിലുള്ള സിസ്റ്ററിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍. എന്‍റെ സകല ശക്തിയും ചോര്‍ന്നു പോകുന്നതുപോലെ തോന്നി. ദൈവാനുഗ്രഹത്താല്‍ സിസ്റ്ററിന് ഒന്നും പറ്റിയില്ല. കാളകള്‍ എങ്ങോ ഓടി മറഞ്ഞു. മഴ, മിന്നല്‍, കുറ്റാകൂരിരുട്ട്. ഒരു ടോര്‍ച്ച് പോലും ഇല്ല. ബലിറാം പോംവഴി നിര്‍ദ്ദേശിച്ചു. ഒന്നര കി. മീ. പുറകോട്ടു നടന്നാല്‍ ബലിറാമിന്‍റെ ഭാര്യാ വീട്ടില്‍ എത്താം. ഓരോരുത്തരായി കൈപിടിച്ച് ഇരുട്ടിലൂടെ ചെളിയില്‍ കാലുകള്‍ പൂഴ്ത്തി ഒരു യാത്ര. ഏകദേശം 10 മണിയോടു കൂടി ആ വീട്ടില്‍ എത്തി. ഞങ്ങളുടെ വരവ് അവര്‍ ഒരാഘോഷമാക്കി മാറ്റി. സ്ത്രീകള്‍ മാറാന്‍ സാരി തന്നു. കഴിക്കാന്‍ പക്കാവടയും തന്നു. പുരുഷന്മാര്‍ തീ കൂട്ടിയതിനുചുറ്റും നാല് കട്ടിലുകള്‍ ഇട്ടു തന്നു. പശുവും എരുമയും ഒക്കെ ഞങ്ങളുടെ ചുറ്റും ഉണ്ട്.

പാതിരായോടുകൂടി അത്താഴവുമെത്തി. വയറും മനസ്സും നിറഞ്ഞു. മനസ്സില്‍ നിറഞ്ഞത് ഇന്നും മാഞ്ഞുപോയിട്ടില്ല. പ്രസന്നവദനരായി ഞങ്ങളുടെ ആതിഥേയര്‍. പിറ്റേദിവസം രാവിലെ ഞങ്ങള്‍ റോഷ്നിയിലേക്ക് തിരിച്ചുപോയി.


പിന്‍കുറിപ്പുകള്‍:

1. ഈ സംഭവത്തിനുശേഷം ജില്ലാ കളക്ടര്‍ ഗ്രാമം സന്ദര്‍ശിക്കുകയും ഹെഡ്പമ്പ് നന്നാക്കാന്‍ നടപടി എടുക്കുകയും ചെയ്തു. അന്നത്തെ അത്താഴവേളയില്‍ ഞാന്‍ ചോദിച്ചിരുന്നു.

"ഇനിയും രോഗമുണ്ടായാല്‍ എന്തു ചെയ്യും?"

പെട്ടെന്നായിരുന്ന മറുപടി: "മരിക്കും; അല്ലാതെന്ത്?"

1998 ല്‍ ആദിവാസികളുടെ പ്രവചനം അക്ഷരംപ്രതി ശരിയായി. വീണ്ടും കുട്ടികള്‍ മരണമടഞ്ഞു. ഇത്തവണ മഞ്ഞപ്പിത്തം മൂലമാണെന്നു മാത്രം. വീണ്ടും സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥവൃന്ദവും കേക്കടിയായിലേക്ക്. പത്രവാര്‍ത്ത, വാരികകളില്‍ ലേഖനങ്ങള്‍... ഈ കഥ തുടരുന്നു.


2. കൊടിയ ദാരിദ്ര്യത്തിനിടയിലും കോര്‍ക്കു ആദിവാസികള്‍ക്ക് ആനന്ദിക്കാന്‍ കാരണങ്ങളേറെ. ഒരു കോഴിയെ കിട്ടിയാല്‍ അന്‍പതു കഷണമാക്കി എരിവുള്ള നീട്ടിയ ചാറും ചേര്‍ത്ത് അവര്‍ സ്വാദോടെ കഴിക്കും. ആഴ്ചയിലൊരിക്കലുള്ള ചന്ത ദിവസത്തിന് ഉത്സവ പ്രതീതിയാണ്. അവര്‍ക്ക് അന്ന് വിറ്റഴിയാത്ത, കറുത്ത തൊലിയുള്ള പഴം ധാരാളം കിട്ടും.

സM

0

0

Featured Posts