

തീർത്തും ഫലശൂന്യമായ അധ്വാനത്തിൻ്റെ ഒരു രാവായിരുന്നു അത്. നിഷ്ഫലതയുടെ ഒരു രാവ്- ഉറക്കൊഴിവ്, അധ്വാനം; ശാരീരികവും അതിലേറെ മാനസികവുമായ ക്ഷീണം, മടുപ്പ്.
അസ്വഭാവികമായ ആ രാത്രിക്കു ശേഷമായിരുന്നു വളരെ യാദൃശ്ചികമെന്നോണം യേശു ശിമയോന്റെ പടവിൽ വന്നുകയറുന്നത്. യേശുവുണ്ട് ഇപ്പോൾ തോണിയിൽ. അവൻ ഒരു ജനസഞ്ജയത്തെ പ്രബോധിപ്പിക്കുകയാണ്. ശിമയോനാകട്ടെ, അന്നേരമത്രയും തൻ്റെ വല കുടഞ്ഞ് വൃത്തിയാക്കുകയും, അത് മാടിമടക്കിയുണക്കി എടുക്കുകയുമായിരുന്നു. ഇനി, എങ്ങനെയും ഒന്ന് വീടണഞ്ഞാൽ മതി. ഒന്നു കിടന്നുറങ്ങണം.
അപ്പോഴുണ്ട്, തോണിയിലിരുന്ന് പഠിപ്പിക്കുകയായിരുന്ന അലയുന്ന ആ റബ്ബി പറയുന്നു, "ആഴത്തിലേക്ക് നീക്ക്, ഒരു പിടുത്തത്തിനായി വല ഇറക്ക്."
"ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ" എന്ന് ന്യായം പറഞ്ഞ മറിയത്തെ പോലെ ശിമയോൻ പറയുന്നു, "ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. എങ്കിലും നിൻ്റെ വാക്കിൽ ഞാൻ വലയിറക്കാം." എന്തൊരു പരീക്ഷണം ആയിരിക്കും അത്! ഞാനോ നിങ്ങളോ അത് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. ആശാഭംഗത്തിന്റെ നെല്ലിപ്പടി കണ്ടവനാണ്. വലവൃത്തിയാക്കി മാടിക്കെട്ടിക്കഴിഞ്ഞു. ഇനി, ഈ റബ്ബിക്ക് എന്തെങ്കിലും പ്രത്യേക സിദ്ധി ഉണ്ടെങ്കിലോ?! അയാളെ നീരസപ്പെടുത്തണ്ടാ. അങ്ങനെയാവണം ശിമയോൻ വലയിറക്കിയത്.
ഒറ്റ വലിയിൽ അയാൾ അറിഞ്ഞു, ഇത് ചെറുതരം മീനല്ല! തീരത്തുള്ള മറ്റേ വള്ളക്കാരെയും അവർ ആംഗ്യം കാട്ടി വിളിക്കുന്നു. അവരും ഉടൻ പാഞ്ഞെത്തി. രണ്ടു വള്ളങ്ങൾ മുങ്ങാൻ പാകത്തിൽ ജീവനാണ്. ഇപ്പോൾ, ശിമയോനെ ഒരുതരം ഭയം ബാധിച്ചിരിക്കുന്നു. അയാൾ യേശുവിൻ്റെ മുട്ടേലേക്ക് വീണ് പറയുന്നു: "എന്നെ വിട്ടുപോകണമേ കർത്താവേ, എന്തെന്നാൽ, ഞാൻ പാപിയായവനാണേ."
അതിന് ലഭിക്കുന്ന മറുപടി മറ്റൊന്നാണ്. "ഭയപ്പെടേണ്ടാ; ഇപ്പോൾ മുതൽ നിങ്ങൾ പിടിക്കുന്നത് മനുഷ്യരെയാവും."
ശിമയോന് മാത്രമല്ല, എല്ലാവർക്കും തന്നെ സമൃദ്ധിയിലേ ദൈവസാന്നിധ്യം കാണാൻ കഴിയുന്നുള്ളൂ. ശൂന്യതയുടെയും പരാജയത്തിൻ്റെയും നിഷ്ഫലതയുടെയും രാത്രികളിൽ അതിന് കഴിയുന്നില്ല.
മീൻ പിടിച്ച് നടന്നോണ്ടേന ചെക്കന്മാരെ, 'നിങ്ങളിനി പിടിക്കണത് മനുഷ്യമ്മാരെയാവും' എന്നുപറഞ്ഞ് അവിടന്ന് അടർത്തിക്കൊണ്ടുപോന്നിട്ട് മീനുമില്ല, മനുഷ്യന്മാരുമില്ലാത്ത അവസ്ഥ!
ആരോട് പറയാൻ! ആര് കേൾക്കാൻ! അല്ലേ?
പക്ഷേ, മറിച്ചും ആവാമല്ലോ!
സമൃദ്ധിയാൽ മനസ്സ് കണ്ടീഷൻഡ് ആയി പോയതുകൊണ്ടാവരുതോ അത്തരം ചിന്ത?
നിശ്ശൂന്യതയും പരാജയവും നിഷ്ഫലതയും, ആ മഹാസാന്നിധ്യം കൊണ്ടാണെന്ന് തിരിച്ചറിവുണ്ടായാലോ?!





















