top of page

മുന്‍വിധികള്‍

Jan 1, 2011

2 min read

ഷക
Editorial

"വളരും. വളര്‍ന്നു വലിയ ആളാകും. കൈകള്‍ക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരേയും ഭയപ്പെടേണ്ടതില്ല... അന്ന്, അന്നൊരിക്കല്‍ സെയ്താലിക്കുട്ടിയെ കണ്ടുമുട്ടാതിരിക്കില്ല. എന്നിട്ടുവേണം പകരംചോദിക്കാന്‍. സെയ്താലിക്കുട്ടിയുടെ കഴുത്തു കൈകളില്‍ക്കിടന്നു പിടയുമ്പോള്‍ പറയും: 'നീയല്ലേ, നീയല്ലേ എന്‍റെ...' ... ആരാണു സെയ്താലിക്കുട്ടി? അപ്പുണ്ണി കണ്ടിട്ടില്ല. കാണരുതെന്ന് അവന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. കുറെക്കൂടി കഴിഞ്ഞിട്ടുമതി; വളര്‍ന്നു വലുതായശേഷം. അപ്പോള്‍ കണ്ടുപിടിച്ചുകൊള്ളാം." എം. ടി. വാസുദേവന്‍ നായരുടെ 'നാലുകെട്ട്' തുടങ്ങുന്നത് ഇങ്ങനെയാണ്. അപ്പുണ്ണി വളരുന്നതുതന്നെ തന്‍റെ അപ്പനെ കൊന്ന പിശാചിനു സമനായ സെയ്താലിക്കുട്ടിയോടു പകരം ചോദിക്കാനാണ്. ആരാണ് അവനതു പറഞ്ഞുകൊടുത്തത്? ഗ്രാമത്തിലെ പടുവൃദ്ധയായ മുത്താച്ചി. അവള്‍ മെനഞ്ഞ കഥകള്‍ അപ്പുണ്ണിയില്‍ നിറയ്ക്കുന്നത് സെയ്താലിക്കുട്ടിയോടുള്ള പകയാണ്. കൂടാതെ, 'വടക്കേപ്പാട്ടെ' നാലുകെട്ടിനോടുള്ള അഭിനിവേശവും. അനുഭവം പക്ഷേ അപ്പുണ്ണിയെ പഠിപ്പിക്കുന്നതു മറ്റുചിലതാണ്. തന്‍റെ അവകാശം ചോദിക്കാന്‍ ചെന്ന അവനെ 'വടക്കേപ്പാട്ടെ' തറവാട്ടില്‍നിന്ന് 'പുഴുത്ത പട്ടി'യെപ്പോലെ ഇറക്കിവിടുകയാണ്. അപ്പോഴാണ് സെയ്താലിക്കുട്ടി രംഗപ്രവേശം ചെയ്യുന്നത്. അയാള്‍ വിങ്ങിക്കരയുന്ന അപ്പുണ്ണിയോടു ചോദിക്കുന്നു: "എന്തിനാ കരേണ്?" അലര്‍ച്ചയല്ല. പതുക്കെയാണു ചോദ്യം. "എന്താ ഇബ്ടിരിക്ക്ണ്?" അതിനും അപ്പുണ്ണി മിണ്ടിയില്ല. "കരേണ്ടാ, കുട്ടി" അതു കൊല്ലാന്‍ പോകുന്ന ആളുടെ ശബ്ദമായിരുന്നില്ല. ആ കണ്ണുകള്‍ പേടിപ്പെടുത്തുന്നവയല്ല. പിന്നീട് സ്വന്തം കാലില്‍ നില്ക്കാന്‍ അപ്പുണ്ണിക്കു കരുത്തേകുന്നതും വയനാട്ടില്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുക്കുന്നതും അതേ സെയ്താലിക്കുട്ടിയാണ്.

അപ്പുണ്ണി സെയ്താലിക്കുട്ടിയെ ഒരിക്കലും കണ്ടിരുന്നില്ലെങ്കിലോ? സെയ്താലിക്കുട്ടിയുടെ മതത്തിലെ മുഴുവന്‍ ആളുകള്‍ക്കുമെതിരേയുള്ള മുന്‍വിധിയുമായി അയാള്‍ ജീവിച്ചൊടുങ്ങുമായിരുന്നു. തന്‍റെ കുഞ്ഞുങ്ങള്‍ക്കും അയാളതു പകര്‍ന്നു കൊടുക്കുമായിരുന്നു. മുന്‍വിധിക്ക് ഗോര്‍ഡന്‍ ഓള്‍പോര്‍ട്ട് കൊടുക്കുന്ന നിര്‍വചനമിതാണ്: "ഒന്നിനെ നേരിട്ടറിയുന്നതിനുമുമ്പ് അതിനെക്കുറിച്ചു നടത്തുന്ന അനുകൂലമോ പ്രതികൂലമോ ആയ വിധിതീര്‍പ്പ്." മഞ്ഞക്കണ്ണട വയ്ക്കുന്നതുപോലെയാണത്. ഒന്നിനെയും അതായിരിക്കുന്ന രീതിയില്‍ നിനക്കു കാണാനാകാതെ വരുന്നു. ഏതെല്ലാം മുന്‍വിധികളാണ് നാമും നമ്മുടെ വീട്ടകങ്ങളും കാത്തുസൂക്ഷിക്കുന്നത് -വ്യക്തികളെക്കുറിച്ച്, മതങ്ങളെക്കുറിച്ച്, രാഷ്ട്രങ്ങളെക്കുറിച്ച്. യൂറോപ്പ് പൊതുവെ സുന്ദരവും ആഫ്രിക്ക വിരൂപവുമാണ് നമുക്ക്. പക്ഷേ 1526-ല്‍ ആഫ്രിക്കയിലെ കോംഗോയുടെ രാജാവ് പോര്‍ച്ചുഗലിന്‍റെ രാജാവിന് എഴുതി: "എന്‍റെ രാജ്യത്ത് അടിമകളുടെ വ്യാപാരമോ അടിമച്ചന്തയോ ഉണ്ടാകരുതെന്നു ഞാനാഗ്രഹിക്കുന്നു." പാശ്ചാത്യ സംസ്കാരം സഹിഷ്ണുതയുള്ളതും ഇസ്ലാമികസംസ്കാരം അസഹിഷ്ണുതയുള്ളതുമാണെന്നു നാം കരുതുന്നു. അബദ്ധസിദ്ധാന്തം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് പക്ഷേ 1600-ല്‍ ബ്രൂണോയെ ചിതയിലെരിക്കുന്നതിനും മുമ്പ്, 1592-ല്‍ അക്ബര്‍ മതസൗഹാര്‍ദ്ദത്തെക്കുറിച്ച് എഴുതിയിരുന്നു.

മുന്‍വിധികള്‍ പൊതുവെ ചെയ്യുന്നത് എന്നെത്തന്നെ മഹത്വവത്കരിക്കുക, അപരനെ പൈശാചികവത്കരിക്കുക എന്നീ രണ്ടു കാര്യങ്ങളാണ്. 'എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം ബൈബിളിലുണ്ട്' എന്നു പറയുമ്പോള്‍ എല്ലാ ചോദ്യങ്ങളും ചോദിച്ചുകഴിഞ്ഞുവെന്നും എല്ലാ ഉത്തരങ്ങളും നല്കപ്പെട്ടുകഴിഞ്ഞുവെന്നുമാണു പറയുന്നത്. അതിനപ്പുറത്ത് ആര്‍ക്കും ഒന്നും പറയാനില്ലപോലും. ഹൈന്ദവരല്ലാത്തവരൊക്കെ ഇന്ത്യ വിടണമെന്ന് ഗോല്‍വാല്‍ക്കര്‍ പറയുമ്പോള്‍, 'ഞങ്ങള്‍ക്കു ഞങ്ങള്‍ മാത്രം മതി' എന്നാണു പറയുന്നത്. പക്ഷേ ഇന്ത്യ പൊടുന്നനെ ജനിച്ചതല്ലെന്നും സാവധാനം ഉരുത്തിരിഞ്ഞുവന്നതാണ് എന്നുമാണു ചരിത്രം പഠിപ്പിക്കുന്നത്. ഗ്രീക്കുകാരും ഹൂണന്മാരും കുഷാനരും അറബികളും തുര്‍ക്കികളും മംഗോളിയരും യൂറോപ്യന്മാരും ഇന്ത്യയെ സ്വാധീനിച്ചിട്ടുണ്ട്. ഒട്ടും കലര്‍പ്പില്ലാത്ത ഒരു സംസ്കാരവും ഒരു മതപാരമ്പര്യവും ഇല്ലിവിടെ. ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍, വസ്ത്രം, ഭാഷ, ആരാധനാരീതികള്‍, തൊഴില്‍, ഭക്ഷണക്രമം, രക്തബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ സാംസ്കാരിക വ്യതിരിക്തത പുലര്‍ത്തുന്ന 4635 സമുദായങ്ങളെ ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. എല്ലാ വംശമുദ്രകളും ഇവര്‍ പേറുന്നുണ്ട്. 325 ഭാഷകളും 25 ലിപികളും ആയിരക്കണക്കിനു വാമൊഴികളും ഇവിടെയുണ്ട്. ഇത്രയും വൈവിധ്യമേറിയ സാംസ്കാരികധാരകളും ധൈഷണിക സംവാദങ്ങളും സാമൂഹികബന്ധങ്ങളും രാഷ്ട്രീയ സ്ഥാപനങ്ങളും സാമ്പത്തിക ബന്ധങ്ങളും ഒക്കെച്ചേര്‍ന്നു നൂറ്റാണ്ടുകളിലൂടെ പടുത്തുയര്‍ത്തപ്പെട്ടതാണ് ഇന്ത്യ.

മുന്‍വിധികള്‍ ഈ പരസ്പര സഹകരണത്തിന്‍റെ ചരിത്രത്തെയാണു നിഷേധിക്കുന്നത്. അവ ശക്തമാകുമ്പോള്‍ ശിഥിലീകരിക്കപ്പെടുന്നത് നാം ഒന്നിച്ചുനില്ക്കുന്ന ഇടമാണ്. മുന്‍വിധികള്‍ ആരും പുറമേനിന്ന് അടിച്ചേല്പിക്കുന്നവയല്ല, നാം സ്വയം സ്വീകരിക്കുന്നതാണ്. സാവധാനം അവ നമ്മുടെ ബോധമണ്ഡലത്തിലേയ്ക്ക് അരിച്ചിറങ്ങുന്നു. അതോടെ എന്‍റെ മുന്‍വിധികളെ ശരിവയ്ക്കുന്നതുമാത്രം ഞാന്‍ കണ്ടുതുടങ്ങുന്നു. അല്ലാത്തവയൊക്കെ എന്‍റെ കണ്ണില്‍പ്പെടാതെയും പോകുന്നു. മുന്‍വിധികള്‍ ഏറുന്നതിനനുസരിച്ച് സമൂഹം പൊട്ടിത്തെറിയുടെ വിളുമ്പിലേക്കു നീങ്ങിക്കൊണ്ടിരിക്കും. ഒരു വര്‍ഗ്ഗീയലഹള പെട്ടെന്നങ്ങു പൊട്ടിപ്പുറപ്പെടുന്നതല്ല. മുന്‍വിധികള്‍ കുമിഞ്ഞുകൂടി കുമിഞ്ഞുകൂടി സംഭവിക്കുന്നതാണത്. ഒരു പച്ചക്കറി വില്പനക്കാരനുമായുള്ള വിലയെക്കുറിച്ചുള്ള തര്‍ക്കമോ, ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള കൂലിയെക്കുറിച്ചുള്ള വാക്കേറ്റമോ അനേകം ജീവിതങ്ങളെ തുടച്ചുനീക്കുന്ന പ്രളയാഗ്നിയായി എങ്ങനെയാണു മാറുന്നത്? മുംബൈയിലെ ഒരു വര്‍ഗ്ഗീയ ലഹളയെക്കുറിച്ചു നടത്തിയ പഠനം കണ്ടെത്തിയത്, ലഹള തുടങ്ങുന്നതിനു ദശകങ്ങള്‍ക്കുമുമ്പേ ഇരുവിഭാഗങ്ങളും ഇരുലോകങ്ങളിലാണു ജീവിച്ചിരുന്നതെന്നാണ്. ഒരു കനാലിന്‍റെ ഒരു വശത്ത് ഒരു വിഭാഗം, മറുവശത്ത് മറുവിഭാഗം. ഒരു സമ്പര്‍ക്കവുമില്ല, ഒരു സംവാദവുമില്ല. ഉള്ളതു മുന്‍വിധികള്‍ മാത്രം. അവയുടെ അടിസ്ഥാനത്തില്‍ കഥകള്‍ മെനയപ്പെട്ടു, ഭീതികള്‍ നിറഞ്ഞു. അവസാനം, ഒരു ചെറുതീപ്പൊരി വീണപ്പോള്‍ അതങ്ങു കത്തിക്കയറി.

മുന്‍വിധികളെ ചെറുക്കാന്‍ എന്താണു മാര്‍ഗം, പൊതു ഇടങ്ങളുടെ നിര്‍മ്മാണമല്ലാതെ? വിനോബ ഭാവെ പറഞ്ഞ ഒരു കഥയുണ്ട്: ഒരു സന്ന്യാസി ഒരു ഗ്രാമത്തിലെ എല്ലാവരേയും ഒരുമിച്ചുകൂട്ടാന്‍ ശ്രമിക്കുകയാണ്. അതിനായി അമ്പലം പണിതുനോക്കി. അപ്പോള്‍ ഹൈന്ദവരെല്ലാം ഒന്നിച്ചു വന്നു. പിന്നെ മോസ്ക്കു പണിയായി. അപ്പോള്‍ മുസ്ലീങ്ങള്‍ മാത്രം വന്നു. പള്ളി പണിതപ്പോള്‍ ക്രിസ്ത്യാനികളും വന്നു. അവസാനം അയാള്‍ ഒരു കക്കൂസു പണിയാന്‍ തുടങ്ങി. അപ്പോള്‍ എല്ലാവരും ഒന്നുചേര്‍ന്നു. വെട്ടുകല്ലുണ്ടാക്കുന്ന ഒരിടത്തു കുറച്ചുനാള്‍ പണിതതിന്‍റെ ഓര്‍മ്മയുണ്ട്. തൊഴിലാളികളില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനും ഉണ്ടായിരുന്നു. പണിസ്ഥലമെന്ന പൊതു ഇടവും അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും അവരുടെ ഏതെല്ലാം മുന്‍വിധികളെയാവാം ഇല്ലാതാക്കിയത്. ഒരു കൊടിയുടെയും അടയാളമില്ലാതെ നമുക്കൊന്ന് ഒത്തുചേരേണ്ടതില്ലേ? ഒന്നു ചീട്ടുകളിക്കാന്‍, ഒന്നു വോളിബോളു കളിക്കാന്‍, ഒരു രക്തദാന ക്യാമ്പിനായി, നിലാവില്‍ ഒരുമിച്ചിരുന്ന് ഒന്നു പാടാനും കഥ പറയാനുമായി, ഒരു വായനശാലയില്‍ ഒരുമിച്ചിരുന്ന് ഒരു പുസ്തകത്തെക്കുറിച്ച് പറയുവാന്‍ ഒക്കെയായി...

ഗാന്ധി തുടങ്ങിയ സബര്‍മതി ആശ്രമംപോലും ഗുജറാത്തില്‍ അടുത്തയിടെ നടന്ന വംശീയ ഹത്യക്കിടയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരേ കൊട്ടിയടയ്ക്കപ്പെട്ടു എന്നു നാമറിയുമ്പോള്‍ മുന്‍വിധികള്‍ നമ്മെ കൊണ്ടുപോകുന്നത് എങ്ങോട്ടേയ്ക്ക് എന്നു വ്യക്തമാകുകയാണ്. പൊതു ഇടങ്ങളുടെ നിര്‍മ്മാണത്തിന് അമാന്തം പാടില്ല.

ഷക

0

0

Featured Posts