top of page

പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം

Feb 1, 2014

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

നിരന്തരം പ്രാര്‍ത്ഥിക്കുന്ന യേശുവിനെ നമുക്കുകാണിച്ചുതരുന്ന സുവിശേഷമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം. 1-ാമദ്ധ്യായത്തില്‍ സഖറിയായുടെ പ്രാര്‍ത്ഥനയിലാരംഭിച്ചു 24-ാമദ്ധ്യായത്തില്‍ ജറുസലേം ദേവാലയത്തിലെ പ്രാര്‍ത്ഥനയോടുകൂടിയവസാനിക്കുന്നതായാണ് ലൂക്കായുടെ വിവരണം. യേശുവിന്‍റെ മാമ്മോദീസ പ്രാര്‍ത്ഥനയില്‍ മുങ്ങുന്ന ഒരു മാമ്മോദീസയാണ്. പ്രലോഭനം നടക്കുന്നതു പ്രാര്‍ത്ഥനയുടെ ഭവനമായ ദേവാലയഗോപുരത്തിന്‍റെ മുകളിലാണ്. തന്‍റെ സുവിശേഷ പ്രഘോഷണത്തിന്‍റെ ശക്തിമുഴുവന്‍ പ്രാര്‍ത്ഥനവഴി യേശു സ്വന്തമാക്കുന്നതായി ലൂക്കായുടെ സുവിശേഷകന്‍ വിവരിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തില്‍ ഈ പ്രാര്‍ത്ഥന എത്രമാത്രം നമ്മെ സ്വാധീനിക്കുന്നുണ്ടെന്നു നാം ചിന്തിക്കണം. പ്രാര്‍ത്ഥിക്കുന്ന മനുഷ്യര്‍ ജീവിതാനുഭവങ്ങളെ ദൈവത്തിന്‍റെ കണ്ണിലൂടെ നോക്കികാണും. പ്രാര്‍ത്ഥിക്കാത്ത മനുഷ്യര്‍ എല്ലാ അനുഭവങ്ങളെയും സ്വന്തം കണ്ണിലൂടെ നോക്കി കാണും. അസ്വസ്ഥതകളും മുറുമുറുപ്പുകളും ഇവിടെ കടന്നുവരും. മനുഷ്യന്‍റെ പ്രാര്‍ത്ഥനകളെ ദൈവം കാണുകയും കേള്‍ക്കുകയും ചെയ്യും. ജറമിയ 33/3 ല്‍ പറയുന്നു; "നീ എന്നെ വിളിച്ചാല്‍ ഞാന്‍ നിനക്ക് ഉത്തരം നല്‍കും." ഹാഗാറിന്‍റെ നിലവിളിയും യോനായുടെ രോദനവും ദൈവം കേട്ടു. എന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം അതുപോലെ കേള്‍ക്കും.


പുറപ്പാട് 17/8 മുതലുള്ള വാക്യങ്ങളില്‍ മലമുകളില്‍ പ്രാര്‍ത്ഥിക്കുന്ന മോശയെ നാം കാണുന്നു. മോശ കരങ്ങള്‍ വിരിച്ചുപിടിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ തിന്മയുടെ ശക്തിയായ അമലോക്യര്‍ തോറ്റു. മോശ കരങ്ങള്‍ താഴ്ത്തിയപ്പോള്‍ നന്മയുടെ പ്രതീകമായ ഇസ്രായേല്‍ തോറ്റു. ലോകത്തില്‍ തിന്മകള്‍ വസിക്കുന്നതും തിന്മയുടെ ശക്തികള്‍ വിജയിക്കുന്നതും പ്രാര്‍ത്ഥന കുറയുമ്പോഴാണ്. മോശയുടെ പ്രാര്‍ത്ഥന കാണുന്ന ദൈവം ആ പ്രാര്‍ത്ഥന സ്വീകരിക്കുന്നു. മനുഷ്യന്‍റെ പ്രാര്‍ത്ഥനകള്‍ രഹസ്യത്തില്‍ കാണുന്ന ദൈവം പരസ്യമായി അതിന് ഉത്തരം നല്‍കുന്നു. പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുമായി ദൈവം ആലോചന നടത്തുമെന്നും തിരുവചനം ഓര്‍മ്മിപ്പിക്കുന്നു. പ്രാര്‍ത്ഥനാനിരതനായ അബ്രാഹത്തോടു സോദോം ഗോമോറായുടെ നാശത്തെക്കുറിച്ചു ദൈവം സംസാരിച്ചു. ദൈവത്തിന്‍റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന മനുഷ്യരെ ദൈവം പ്രത്യേകമായി പരിഗണിക്കുന്നു. ലോകത്തില്‍ സംഭവിക്കുന്ന സകലതിനെപ്പറ്റിയും ദൈവം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകളും സൂചനകളും കൊടുക്കും. ജീവിതത്തില്‍ സംഭവിക്കാവുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പുകൊടുത്ത് ദൈവം അവരെ സംരക്ഷിക്കും.


ദൈവവുമായി സംവാദം നടത്തുവാന്‍ പ്രാര്‍ത്ഥനയുടെ മനുഷ്യരെ ദൈവം അനുവദിക്കും. 50 നീതിമാന്മാര്‍ തുടങ്ങി 10 നീതിമാന്മാര്‍ വരെ എത്തി നില്‍ക്കുന്ന അബ്രഹാമിന്‍റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നമുക്കു പരിചിതമാണല്ലോ. സംവാദത്തിനൊടുവില്‍ 10 നീതിമാന്മാരെ പ്രതി സോദോമിനെയും ഗോമേറായേയും രക്ഷിച്ചുകൊള്ളാമെന്ന് ദൈവം ഉറപ്പുനല്‍കുന്നു. ഏകാന്തതയില്ല നിശബ്ദതയിലും ദൈവവുമായി സംഭാഷണം നടത്തുവാന്‍ നാം സമയം കണ്ടെത്തണം. മനസ്സിന്‍റെ ഭാരങ്ങളെല്ലാം ഇറക്കിവച്ചു ആശ്വാസം അനുഭവിക്കുന്ന സമയമായി പ്രാര്‍ത്ഥന മാറണം.


ചിലപ്പോഴൊക്കെ നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ പോയതുപോലെ നമുക്കു തോന്നാം എന്തുകൊണ്ടാണ് പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കുന്നത്? ഏറ്റുപറയാത്ത പാപങ്ങള്‍ നമ്മിലുണ്ടെങ്കില്‍ അതു പ്രാര്‍ത്ഥനയ്ക്ക് തടസ്സമാവും. എന്‍റെ അകൃത്യങ്ങള്‍ എനിക്കും ദൈവത്തിനുമിടയില്‍ തടസ്സം നില്‍ക്കും. എല്ലാ പാപങ്ങളും ഏറ്റുപറയുമ്പോള്‍ ഹൃദയം ശുദ്ധമാവുകയും ദൈവസന്നിധിയില്‍ എന്‍റെ യാചനകള്‍ സ്വീകാര്യമാവുകയും ചെയ്യും. പാപങ്ങളെ പരിഗണിക്കാതെയും ദാനധര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ എന്‍റെ പ്രാര്‍ത്ഥനകള്‍ക്കും ഫലം ലഭിക്കാതാവും. ഉറച്ചവിശ്വാസത്തിന്‍റെ അഭാവമാണ് മറ്റൊരു തടസ്സം. വിശ്വാസമില്ലാത്ത പ്രാര്‍ത്ഥന അര്‍ത്ഥശൂന്യമാണ്. "എനിക്കു സുഖപ്രസവം തരണേ" എന്ന് ഒരു യുവാവു പ്രാര്‍ത്ഥിച്ചാല്‍ എങ്ങനെയാവും? ഇതുപോലെയാണ് വിശ്വാസമില്ലാത്ത പ്രാര്‍ത്ഥന. പ്രാര്‍ത്ഥനവഴി ദൈവത്തിലേക്ക് അടുക്കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts