top of page

ഫ്രാന്‍സിസ് പാപ്പാ

May 1

5 min read

ഫാ. ജോസ് വെട്ടിക്കാട്ട്
Pope Francis

ഒരു മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കാനായി ഞങ്ങള്‍ രണ്ടച്ചന്മാര്‍ അല്പം ദൂരമുള്ള യാത്രയിലായിരുന്നു. പ്രശസ്തമായ ഒരു പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ പരിചയമുള്ള ഒരച്ചനും പേരുകേട്ട ഒരു അത്മായധ്യാനഗുരുവും നില്‍ക്കുന്നതുകണ്ട് ഒരു കവിളു മിണ്ടിയിട്ടുപോകാമെന്നു കരുതി വണ്ടിനിര്‍ത്തി. അവരും അതേ മരിച്ചടക്കില്‍ പങ്കെടുക്കാന്‍ വണ്ടി കാത്തു നില്‍ക്കുകയായിരുന്നതുകൊണ്ട് അവരെയും കയറ്റി. കാറിലേക്കു കയറുമ്പോള്‍ ധ്യാനഗുരുവിനു ഭയങ്കര ആവേശം.

"പ്രെയ്സ് ദ ലോഡച്ചാ. ഇതാണു ദൈവത്തിന്‍റെ പദ്ധതി എന്നു പറയുന്നത്. ഇപ്പോള്‍ അച്ചനു തെളിവായില്ലേ? കേട്ടോ അച്ചന്മാരെ, ഈ അച്ചന്‍റെ വണ്ടിയിലാണ് ഞങ്ങളിവിടെവരെ എത്തിയത്. വരുന്നവഴിക്കുതന്നെ വണ്ടി കംപ്ളെയിന്‍റ് കാണിച്ചു. ഇവിടെ പള്ളീടെ പാര്‍ക്കിങ്ങില്‍ കയറ്റിയിട്ട് മെക്കാനിക്കിനെ വിളിച്ചു. അയാള്‍ വന്നു നോക്കിയിട്ട് ശരിയാക്കാന്‍ ഒരുമണിക്കൂറെങ്ങിലുമെടുക്കുമെന്നു പറഞ്ഞു. അതു കിട്ടുന്നതു വരെ കാത്തു നിന്നാല്‍ അടക്കു കൂടാന്‍ പറ്റില്ലാത്തതു കൊണ്ട് മെക്കാനിക്കിനോടു വണ്ടി നന്നാക്കി വര്‍ക്ക്ഷോപ്പിലെത്തിച്ചേക്കാന്‍ പറഞ്ഞു ഞങ്ങളീ ബസ്റ്റോപ്പിലെത്തി. പ്രെയ്സദ ലോഡച്ചാ, വണ്ടികിട്ടിയില്ല. ഞാനച്ചനോടുപറഞ്ഞു, നമുക്കു പള്ളീല്‍ കയറി പ്രാര്‍ത്ഥിച്ചിട്ട് വരാം തമ്പുരാന്‍ നമുക്കുവേണ്ടി ഒരു വണ്ടി അയച്ചുതരുമെന്ന്. അല്ലേലൂയ, ഞങ്ങളു പള്ളീന്നിറങ്ങി ഇവിടെ വന്നു നിന്നതേയുള്ളു, അച്ചന്മാരു വണ്ടീമായിട്ടുവന്നു. അല്ലേലൂയ. അതാണച്ചാ നമ്മുടെ തമ്പുരാന്‍. നമ്മളു പ്രാര്‍ത്ഥിക്കാന്‍ പോകുന്ന നേരത്തു വണ്ടിപോകുമെന്നും പറഞ്ഞ് അച്ചന്‍ തടഞ്ഞതാ, എന്നിട്ടും ഞാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടുപോയി. ഇപ്പംകണ്ടോ! നിങ്ങളച്ചന്മാര്‍ക്കുപോലും വിശ്വാസം കുറവാ. അല്ലേലൂയ. സ്തോത്രം തമ്പുരാനെ."

വണ്ടിയില്‍ കയറുന്നതിനു മുമ്പാണയാളിതു പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ കയറ്റാതെ വണ്ടിവിട്ടേനേം എന്നു മനസ്സിലോര്‍ത്തപ്പോള്‍ എന്‍റെയുടുത്തിരുന്ന അച്ചനും ചിരിക്കുന്നതുകണ്ടപ്പോള്‍ വായില്‍തോന്നിയതു സ്വരം താഴ്ത്തി ഞാനും പറഞ്ഞുപോയി:

"ഇപ്പോഴും ഈ ബ്രാന്‍റിനു മാര്‍ക്കറ്റുണ്ടോ? കുറെ നാളായിട്ട് ഈ ടൈപ്പ് അധികം കേള്‍ക്കാറില്ലായിരുന്നു."

അയാളും അതു കേട്ടെന്നു തോന്നുന്നു, എന്തായാലും കുറെ നേരത്തേക്കു പിന്‍സീറ്റില്‍ നിന്നും അനക്കമൊന്നും കേട്ടില്ല. ഞാന്‍ വണ്ടിയിലെ മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു. പാട്ടും കേട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പുറകിലിരുന്ന അച്ചന്‍, വണ്ടിയില്‍ എഫ് എം റേഡിയോ ഉണ്ടെങ്കില്‍ ഓണ്‍ ചെയ്യാമോന്നു ചോദിച്ചു. വാര്‍ത്തയുടെ സമയമല്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ മൊബൈലില്‍ വന്ന ഒരു മെസ്സേജ് സത്യമാണോ എന്നറിയാനാണെന്നു പറഞ്ഞു. ഞാന്‍ റ്റ്യൂണര്‍ ഓണ്‍ ചെയ്തപ്പോള്‍തന്നെ കേട്ടത്, 'ഇന്ത്യന്‍ സമയം 11:05-നായിരുന്നു മരണം' എന്നായിരുന്നു. തുടര്‍ന്നു കേട്ടത് 'പോപ് ഫ്രാന്‍സീസിന് 88 വയസ്സായിരുന്നു' എന്ന്. രാവിലെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാന്‍സുമായിട്ടുള്ള പരിശുദ്ധപിതാവിന്‍റെ കൂടിക്കാഴ്ചയുടെ ഫോട്ടോയും വാര്‍ത്തയും വായിച്ചിട്ടിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു ആ മരണവാര്‍ത്ത.

"ഓ, പ്രെയ്സ് ദ ലോഡ്, ഒത്തിരി നാളായിട്ട് എല്ലാ ദിവസവും, ഇപ്പോള്‍ പള്ളീല്‍ കേറിയപ്പോഴും ഈ പാപ്പായെ എത്രയും വേഗം വിളിക്കണേ കര്‍ത്താവേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചോണ്ടിരുന്നതാ. ദൈവം പ്രാര്‍ത്ഥന കേട്ടു, കര്‍ത്താവിനു സ്തുതി, പ്രെയ്സ് ദ ലോഡ്, അല്ലേലൂയ."

ഞാന്‍ വണ്ടി പെട്ടെന്നു സൈഡിലേക്ക് ഒതുക്കിയപ്പോള്‍ അയാളെ അവിടെ ഇറക്കി വിടാനാണെന്ന് കൂടെയിരുന്ന അച്ചനു മനസ്സിലായി എന്നു തോന്നുന്നു. വണ്ടി നിര്‍ത്തുന്നതിനുമുമ്പ് അച്ചന്‍ പറഞ്ഞു, 'പോട്ടെ മൈന്‍റു ചെയ്യണ്ട വണ്ടിവിട്'. വാര്‍ത്തയുടെ സ്വരവും കൂട്ടി വണ്ടിയുടെ സ്പീഡും കൂട്ടി ഞാന്‍ വണ്ടി വിട്ടു. വാര്‍ത്ത കഴിഞ്ഞപ്പോള്‍, വണ്ടിയില്‍ പൂര്‍ണ്ണ നിശ്ശബ്ദത. ഓരോരുത്തരുടെയും ഉള്ളില്‍ പല വികാരങ്ങളായിരുന്നിരിക്കണം. കുറേനാളുകളായി ഈ പാപ്പായ്ക്ക് ആയുസ്സു നീട്ടി കിട്ടണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍നിന്നും ജീവനോടെ വത്തിക്കാനിലെത്തിയപ്പോള്‍ പ്രതീക്ഷയുമുണ്ടായിരുന്നു.

"എന്തായാലും വലിയ നഷ്ടമായിപ്പോയി."

ഞാന്‍ എന്നോടുതന്നെ പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി.

"നഷ്ടമായിപ്പോയതു നമ്മക്കല്ലച്ചാ, സഭാവിരോധികള്‍ക്കാ."

അയാളെ എന്തുചെയ്യണമെന്നാലോചിച്ച് ഞാന്‍ വണ്ടി സ്ലോചെയ്തു. ഇറക്കിവിടുന്നതിനേക്കാള്‍ നല്ലത് തിരിച്ചടിക്കുകയാണെന്നു തോന്നി.

"അച്ചന്‍ ഇയാളുടെ വലിയ സപ്പോര്‍ട്ടറാണെന്നു കേട്ടിട്ടുണ്ട്. പിന്നെയും പിന്നയും വിവരക്കേടു തന്നെ വിളമ്പുന്ന ഇയാളോട് അച്ചനു പറയാനൊന്നുമില്ലേ?" പാതി തിരിഞ്ഞ് ഞാനച്ചനോടു ചോദിച്ചു.

"ഇദ്ദേഹം നല്ലയൊരു വിശ്വാസിയാണച്ചാ. ആരോടായാലും മുഖത്തുനോക്കി കാര്യം പറയുന്നതുകൊണ്ട് ആളെ എല്ലാവര്‍ക്കും അത്ര ഇഷ്ടപ്പെടാറില്ല."

"നമ്മുടെ വിശ്വാസത്തിനു നിരക്കാത്തത് എന്തു കണ്ടാലും ആരോടായാലും അതു മാര്‍പ്പാപ്പായാണേലും ഞാനതു മുഖംനോക്കാതെ പറയും."

"ഓഹോ, അച്ചന്‍ പറഞ്ഞതു ഇയാളു മുഖത്തുനോക്കി കാര്യംപറയുമെന്നാണ്, ഇപ്പോള്‍ ഇയാള്‍ പറയുന്നത് മുഖം നോക്കാതെ പറയുമെന്ന്. പാപ്പാ മരിച്ചതു കൊണ്ടായിരിക്കും മുഖം നോക്കാതെ പറയുന്നത്."

അയാളെ കളിയാക്കിയതുകേട്ട് കൂടെയുണ്ടായിരുന്ന അച്ചനും ഉറക്കെച്ചിരിച്ചുപോയി. പിന്നെ കുറെനേരത്തേക്കു മൗനമായിരുന്നു.

"ഇയാളിങ്ങനെയൊക്കെ പറയുന്നയാളാണെന്നു കേട്ടിട്ടുണ്ടായിരുന്നു. ഇയാളുടെ തലതൊട്ടപ്പന്‍ അച്ചനാണെന്നു പലരും കളിയാക്കിപ്പറയുന്നതും കേട്ടിട്ടുണ്ട്. നമ്മളച്ചന്മാര് വചനപ്രഘോഷകരെ സപ്പോര്‍ട്ടു ചെയ്യുമ്പോള്‍ അര്‍ഹതയും യോഗ്യതയുമൊക്കെ നോക്കി വേണം അവരെ പിന്തുണയ്ക്കാന്‍ എന്നാണ് എനിക്കു തോന്നുന്നത്."

"വചനം പ്രഘോഷിക്കുവാനുള്ള അര്‍ഹതയും യോഗ്യതയുമൊക്കെ ഒരിടത്തും കൃത്യമായി എഴുതിവച്ചിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. വിശ്വാസത്തോടെ കര്‍ത്താവിനെ പ്രഘോഷിക്കുകയും, സത്യസന്ധമായി സുവിശേഷം ജീവിക്കുകയും ചെയ്യുന്നയാളാണ് ഇയാളെന്ന് എനിക്കറിയാം. വിദ്യാഭ്യാസമുണ്ട്, റിട്ടയേഡ് കോളജ് അദ്ധ്യാപകനാണ്. എത്ര ദൂരെയായാലും സ്വന്തം ചെലവില്‍ യാത്രചെയ്യുകയും, എത്ര ദിവസം വചനം പ്രഘോഷിച്ചാലും അഞ്ചു പൈസപോലും പ്രതിഫലം പറ്റാതെയും ഈ വേലചെയ്യുന്ന അച്ചന്മാരുപോലും വേറെ ഉണ്ടെന്ന് എനിക്കുതോന്നുന്നില്ല. പിന്നെ, വിശ്വാസത്തിനു നിരക്കാത്തത് ആരു പറഞ്ഞാലും അയാള്‍ തിരിച്ചടിക്കും, അതത്ര വലിയ തെറ്റാണെന്ന് എനിക്കു തോന്നുന്നുമില്ല. എന്‍റടുത്ത് ഇയാള്‍ മിക്കപ്പോഴും ഉപദേശം തേടി വരാറുള്ളതുകൊണ്ട് അതിഷ്ടപ്പെടാത്ത പലരും ഞാന്‍ ഇയാളുടെ തലതൊട്ടപ്പനാണെന്നു പറയാറുണ്ട്. മറ്റു പല വചനപ്രഘോഷകരെയും പോലെ ഇയാള്‍ സ്തോത്രക്കാഴ്ച പിരിച്ചോ, മറ്റേതെങ്കിലും വരങ്ങളുടെ പേരിലോ, ഒരു രൂപയെങ്കിലും സമ്പാദിക്കുന്ന ആളല്ലാതിരുന്നിട്ടും ഞാന്‍ ഇയാളുമായി കൂട്ടുകച്ചവടമാണെന്നൊക്കെ പലരും പറയുന്നുണ്ടെന്നുമെനിക്കറിയാം. ഇപ്പോള്‍ ഇയാള്‍ ഫ്രാന്‍സിസ് പാപ്പായെപ്പറ്റി പറഞ്ഞതുപോല, ഇയാള്‍ പറയുന്നതു പലതും അപ്രിയങ്ങളായ കാര്യങ്ങളാണെങ്കിലും, അവ സത്യങ്ങളായതുകൊണ്ട്, അതിനെ സപ്പോര്‍ട്ടുചെയ്യരുത് എന്നെനിക്കു തോന്നിയിട്ടില്ല എന്നതാണു വാസ്തവം."

"അച്ചന്‍റെ വിശദീകരണത്തിനു നന്ദി. പക്ഷേ, അച്ചനിത്രയും പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളോടുള്ള എന്‍റെ വിയോജിപ്പുകൂടി, സമയമിനിയും ഉള്ളതുകൊണ്ടും, വളരെ സാവകാശം ഡ്രൈവു ചെയ്യുന്നതുകൊണ്ടും അച്ചനെ അറിയിച്ചാല്‍ കൊള്ളാമെന്നുണ്ട്. എനിക്ക് ഇയാളോടു ചോദിക്കാനൊരു ചോദ്യമുണ്ട്, അതിനുത്തരം കിട്ടിയിട്ടു ഞാന്‍ തുടരാം. ഇയാള്‍ പാപ്പാ മരിച്ചു എന്നുകേട്ടപ്പോള്‍ ആര്‍മ്മാദിച്ച് അല്ലേലൂയ പാടിയല്ലോ, എന്തിനായിരുന്നു."

"എന്നെ വണ്ടിയില്‍ നിന്നിറക്കിവിട്ടാലും അച്ചന്‍ ചോദിക്കാതെതന്നെ അതിനെപ്പറ്റി പറയാന്‍ അവസരം നോക്കിയിരിക്കയായിരുന്നു ഞാന്‍. അച്ചന്മാരെപ്പോലെ ദൈവശാസ്ത്രമൊന്നും പഠിച്ചിട്ടില്ലെങ്കിലും കുഞ്ഞുന്നാള്‍ മുതല്‍ നല്ല കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നയാളാണു ഞാന്‍. മക്കളു രണ്ടും നല്ല നിലയില്‍ ജോലിയുമായി പുറത്താണ്. ഭാര്യ മിക്കവാറും മാറിമാറി അവരുടെ കൂട്ടത്തിലാണ്. എനിക്കു നല്ല ആരോഗ്യവുമുണ്ട്. അതുകൊണ്ടാണ് റിട്ടയര്‍ ചെയ്തുകഴിഞ്ഞ് ഈ രംഗത്തേക്കു തിരിഞ്ഞത്. സാമ്പത്തികമായി ബുദ്ധിമുട്ടൊന്നുമില്ല. അതുകൊണ്ട് എനിക്കിതിലൂടെ സമ്പാദിക്കേണ്ട ആവശ്യമില്ല. മാതൃകാ അദ്ധ്യാപകനെന്നു പേരുണ്ടായിരുന്നു. എന്‍റെ മക്കള്‍ നല്ല ജീവിതമാണു നയിക്കുന്നതെങ്കിലും ഇന്നു സഭയിലെ ഇളംതലമുറ വിശ്വാസത്തില്‍നിന്നും അകന്നുപോകുന്നതുകണ്ട്, എന്നെക്കൊണ്ടാവുന്നത് എന്തെങ്കിലും ചെയ്യാമെന്നു വച്ചാണ് വചനപ്രഘോഷണത്തിനിറങ്ങിയത്. അപ്പോഴാണ് പത്രോസിന്‍റെ പിന്‍ഗാമിയെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഫ്രാന്‍സിസ് പാപ്പാ ഇന്നത്തെ യുവജനതയുടെ തെറ്റായ പോക്കിനെ ന്യായീകരിച്ചുകൊണ്ട് അടിക്കടി ഓരോ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അതിനെപ്പറ്റി പല അച്ചന്മാരോടും ചോദിച്ചപ്പോള്‍ അവര്‍ക്കും അതില്‍ അമര്‍ഷമുണ്ടെങ്കിലും മാര്‍പ്പാപ്പാ പറഞ്ഞാല്‍ പിന്നെ മറിച്ചെന്തു പറയാനാ എന്നായിരുന്നു അവരുടെയൊക്കെ പ്രതികരണം! അതിന് ലത്തീനില്‍ 'റോമാ ലൊക്കൂത്താ, കാവുസാ ഫിനീത്ത' എന്നാണ് പ്രമാണമെന്ന്! അതായത് റോമില്‍നിന്നും കല്പിച്ചോ, അതോടെ എല്ലാം തീര്‍ന്നു എന്നു സാരം. അതുകൊണ്ട് അച്ചന്മാരൊന്നും അതിനെപ്പറ്റിയൊന്നും പറയാന്‍ മുതിരില്ല എന്നെനിക്കു മനസ്സിലായി. അതുകൊണ്ട് ഇനിയും കൂടുതലൊന്നും പറയിക്കാതെ ഈ പാപ്പായെ എത്രയും വേഗം അങ്ങു വിളിക്കണേന്നു പ്രാര്‍ത്ഥിക്കാനെ എനിക്കു പറ്റുമായിരുന്നുള്ളു, അതു ദൈവം കേട്ടു. അതോര്‍ത്തു ദൈവത്തിനു സ്തുതി, അല്ലേലൂയ."

മറ്റുള്ളവരു ചിരിച്ചെങ്കിലും എനിക്കത്ര ചിരിക്കാന്‍ തോന്നിയില്ല. കാരണം ഏതാണ്ട് ഇങ്ങനെയൊരു കാരണം ഇയാള്‍ക്കു പറയാനുണ്ടാകുമെന്ന പ്രതീക്ഷയില്‍ത്തന്നെയായിരുന്നു ഞാന്‍ ചോദിച്ചത്. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ സമകാലിക സംഭവങ്ങളിലൂടെ ഇത്രമാത്രം തിരിച്ചറിഞ്ഞ് അതിനോട് യേശുവിന്‍റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ അത്ര കൃത്യതയോടെ പ്രത്യുത്തരിച്ച വേറെ ഒരു പാപ്പാ ഇനി ഉണ്ടായെങ്കിലേയുള്ളു എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. ലൈംഗിക ദുരുപയോഗാരോപണങ്ങളാലും, സാമ്പത്തിക തിരിമറികളുടെ വെളിപ്പെടുത്തലുകളാലും. ആഭ്യന്തരസംഘര്‍ഷങ്ങളുടെ അതിപ്രസരണങ്ങളാലും, പ്രശ്നസങ്കീര്‍ണ്ണമായിരുന്ന ഒരു കാലസന്ധിയില്‍ സഭാസാരഥ്യം ഏറ്റെടുത്തിട്ട്, യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാതെ, കട്ടയ്ക്കുനിന്ന് അവയെ അഭിമുഖീകരിക്കുകയും, മെത്രാനെപ്പോലും പുറത്താക്കാനും, പുരോഹിതരെ ഡിസ്മിസ്സ് ചെയ്യാനും തീരുമാനങ്ങളെടുക്കുകയും, അതു പ്രാവര്‍ത്തികമാക്കുവാന്‍ കരുത്തുകാട്ടുകയും ചെയ്ത വലിയ ഇടയന്‍ എന്നതിനെക്കാള്‍ ആരുടെയൊക്കെയോ കരുതിക്കൂട്ടിയുള്ള നീക്കത്താല്‍, അദ്ദേഹം പറഞ്ഞതുപലതും വളച്ചൊടിച്ചും, അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ദുരര്‍ത്ഥങ്ങള്‍ ചാര്‍ത്തിയും ഫ്രാന്‍സീസ് പാപ്പായെ വളരെ ലിബറലായും, കത്തോലിക്കാ വിശ്വാസത്തിന്റെ പലതലങ്ങളിലും വെള്ളം ചേര്‍ത്ത അന്തിക്രിസ്തുവായിട്ടുപോലും ചീത്രീകരിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ ഒരുപാടു പേരു കണ്ണുമടച്ച് വിശ്വസിച്ചിട്ടുമുണ്ട്. അതിന്‍റെ ഒരു ഇരയാണ് എന്‍റെ വണ്ടിയുടെ പിന്‍സീറ്റിലിരുന്ന് ആത്മാര്‍ത്ഥതയോടെ വിവരക്കേടു പറയുന്ന ഈ പ്രഘോഷകനും എന്നെനിക്കുറപ്പായിരുന്നു.

"വിദ്യാഭ്യാസം കൊണ്ടും, പ്രായം കൊണ്ടും, വിശ്വാസിയായതുകൊണ്ടുമൊന്നും കിട്ടുന്നതല്ല 'വിവരം' എന്ന വരം. വിവേകമാണ് വിവരമെന്ന വരത്തിന്‍റെ മൂലം. അതായത് നിഷ്പക്ഷമായി നിരീക്ഷിക്കാനും, പക്ഷംചേരാതെ വിലയിരുത്താനും, പക്ഷപാതമില്ലാതെ ശരിയംഗീകരിക്കാനും സാധിക്കുന്ന വരം, അതാണ് 'വിവരം'. അത് ഇദ്ദേഹത്തിന് അല്പം കുറവുണ്ടെന്നു ഞാന്‍ പറയുമ്പോള്‍ പിണങ്ങിയിട്ടു കാര്യമില്ല. ഫ്രാന്‍സിസ് പാപ്പായ്ക്കെതിരെ ഇദ്ദേഹത്തിന്‍റെ മുമ്പിലുള്ള ആരോപണങ്ങളില്‍ ചിലതെങ്കിലും ഞാന്‍ തന്നെ അങ്ങോട്ടു പറയാം. അതിനുള്ള ദര്‍ശനവരമൊന്നുമുണ്ടായിട്ടല്ല, ഒരുപാടു ശുദ്ധാത്മാക്കള്‍ ഇദ്ദേഹത്തെപ്പോലെ പാപ്പായെ ഓര്‍ത്തു വിലപിക്കുന്നതു കേട്ടിട്ടുള്ളതു കൊണ്ടാണ്. ഒന്നാമത്തെ ആരോപണം: സ്വര്‍ഗ്ഗത്തിലെത്താന്‍ മാമ്മോദീസ മുങ്ങണമെന്നോ ക്രിസ്ത്യാനിയാകണമെന്നോ ഇല്ലെന്നും, നിരീശ്വരവാദിയാണെങ്കിലും നല്ല ജീവിതം നയിച്ചാല്‍ അവനും സ്വര്‍ഗ്ഗം ലഭിക്കുമെന്നു ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ശരിയാണ് പാപ്പാ അതു പറഞ്ഞു, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സഭയെക്കുറിച്ചുള്ള പ്രമാണരേഖകള്‍ വായിച്ചിട്ടു പോലുമില്ലാത്ത താങ്കളെപ്പോലെ അന്ധമായി വിശ്വസിക്കുന്നവര്‍ക്കാണ് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞതുകേട്ടിട്ട്, ഇന്നത്തെ ചാനല്‍ ഭാഷയില്‍പറഞ്ഞാല്‍ 'കുരു പൊട്ടുന്നത്'. വത്തിക്കാന്‍ ഡിക്രിയില്‍ വ്യക്തമായി പ്രബോധിപ്പിക്കുന്ന കാര്യം, ഫ്രാന്‍സിസ് പാപ്പാ ചുരുക്കിപ്പറഞ്ഞു എന്നേയുള്ളു.

അടുത്ത ഗുരുതരമായ ആരോപണം: സ്വവര്‍ഗ്ഗരതിക്കാരെയും അവരുടെ വിവാഹത്തെയും അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കണമെന്ന് മെക്സിക്കോയില്‍വച്ചു പാപ്പാ ആഹ്വാനംചെയ്തു. അങ്ങനെ ലൈംഗിക അരാജകത്വത്തെ പാപ്പാ അനുകൂലിക്കുന്നു. ഇതു നമുക്കു കിട്ടിയ, ലോകം മുഴുവന്‍ പ്രചരിച്ച റിപ്പോര്‍ട്ടാണ്. നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ ആരെങ്കിലും വളച്ചൊടിച്ചു റിപ്പോര്‍ട്ടു ചെയ്താല്‍ അതിനെതിരെ കേസു കൊടുക്കാനും, വാദിച്ചു നേടാനും മാത്രം ചീപ്പല്ല, പാപ്പ. വാര്‍ത്താ റിപ്പോര്‍ട്ടേഴ്സിന് വിമാനത്തില്‍വച്ച് അദ്ദേഹം കൊടുത്ത ഒരഭിമുഖത്തില്‍ അതിലൊരാളു സ്വവര്‍ഗ്ഗരതിക്കാരെപ്പറ്റി ചോദിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയുടെ തനിപ്പകര്‍പ്പ് ഞാനിപ്പോള്‍ കാണിച്ചുതരാം. ഇംഗ്ലീഷിലാണ്, ഇദ്ദേഹം അദ്ധ്യാപകനായിരുന്നതു കൊണ്ട് വായിച്ചാല്‍ മനസ്സിലാകുമല്ലോ, അപ്പോള്‍ മനസ്സിലാകും സത്യത്തില്‍ പാപ്പാ പറഞ്ഞതെന്തായിരുന്നു എന്ന്."

വണ്ടി സൈഡാക്കി എന്‍റെ മൊബൈലില്‍ സേവുചെയ്തിരുന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളുടെ സമാഹാരത്തില്‍ നിന്നും തപ്പിയെടുത്തു ഞാനാ റിപ്പോര്‍ട്ടു കാണിച്ചുകൊടുത്തു.

Pope Francis used the phrase ‘’who am I to judge”, during an interview in 2013 referring to gay individuals during the flight back from Brazil, signaling a more tolerant approach to sexually otherwise abled individuals within the Catholic Church. The phrase was used in response to a question about gay priests, emphasizing that he would not judge those seeking God and acting with good will, even if they are homosexuals.

"എന്‍റെ ഫോണ്‍ കൈയ്യില്‍ത്തന്നെ വച്ചുകൊള്ളുക, ഇനിയും ഇപ്പോള്‍ വായിച്ചതിനു താഴെയോട്ടുള്ള നൂറുകണക്കിനു ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും, പ്രഖ്യാപനങ്ങളും കാണാം. സ്ഥലമെത്തുന്നതുവരെ വായിക്കാനുണ്ട്. അതു കഴിഞ്ഞിട്ടു പറഞ്ഞാല്‍ മതി, ഫ്രാന്‍സീസ് പാപ്പാ ആരായിരുന്നു എന്ന്. മാദ്ധ്യമങ്ങളും തത്പരകക്ഷികളും ചേര്‍ന്നു കരുതിക്കൂട്ടി വികലമായി അവതരിപ്പിക്കപ്പെട്ട വ്യക്തിയോ, അതോ തമ്പുരാന്‍ തിരഞ്ഞെടുത്തയച്ച ഈ കാലത്തിന് ഏറ്റവും ചേരുന്ന പ്രവാചകനോ എന്ന്.

ഇനിയും ഏറ്റവും ലേറ്റസ്റ്റ് ആരോപണം പാപ്പാ ഹമാസിനെയും, പാലസ്റ്റീനെയും പിന്തുണയ്ക്കുന്നു, ഇസ്രായേലിനെ തള്ളിപ്പറയുന്നു, അതുപോലെ രാജ്യാന്തര കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു, അതിനെ തടയുന്നതിനെ എതിര്‍ക്കുന്നു എന്നൊക്കെയല്ലെ? ശത്രുക്കളെ സ്നേഹിക്കാനും ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച, ഒറ്റിക്കൊടുക്കാന്‍ വന്നവനെയും ആലിംഗനം ചെയ്ത, കുരിശിലേറ്റിയവരോടും പൊറുക്കണമേ എന്നു പിതാവിനോടപേക്ഷിച്ച യേശുവിന്‍റെ പ്രഥമ പ്രതിപുരുഷന് മറ്റെന്താണു പറയാനാവുക. നിങ്ങളീ പ്രതീക്ഷിക്കുന്നതുപോലെ മറിച്ചെന്തെങ്കിലും പാപ്പാ പറഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു അദ്ദേഹത്തെ ഏറ്റവും കപടനും, കളങ്കിതനും, കാപാലികനുമൊക്കെയായി ചിത്രീകരിക്കാന്‍ മാദ്ധ്യമങ്ങളുടെ മത്സരം. ഇദ്ദേഹത്തിനു താത്പര്യമുണ്ടെങ്കില്‍ അതിനു താഴെയുള്ള നൂറുകണക്കിനു ഫ്രാന്‍സിസ് പാപ്പായുടെ സൂക്തങ്ങള്‍ ഞാന്‍ സേവു ചെയ്തിട്ടുണ്ട്. ഇഷ്ടപ്പെട്ടത് ഉച്ചത്തില്‍ വായിക്കൂ, നിങ്ങളാരും തന്നെ കേള്‍ക്കാത്ത പലതും അതിലുണ്ടാകും. തീര്‍ന്നില്ലെങ്കില്‍ തിരിച്ചുവരുമ്പോഴും തുടരാം."

യാത്ര മുഴുവന്‍ വായിക്കാനുള്ള കളക്ഷന്‍ അതിലുണ്ടായിരുന്നു. ഓര്‍മ്മിക്കാന്‍ സാമ്പിളിനു ചിലതുമാത്രം.

Featured Posts

Recent Posts

bottom of page