top of page

ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം

Aug 1, 2011

6 min read

ഫക
A symbolic image of a state mixed with complexity of politics and religion.

മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇന്നു കേരളത്തില്‍ വളരെ സജീവമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങളിലേയ്ക്ക് പൊതുസമൂഹം എത്തിച്ചേരുന്നത് എന്നതിന് വിവിധ കാരണങ്ങളുണ്ടാകാം. മതവും രാഷ്ട്രീയവും തമ്മിലുള്ള അകലം എത്രമാത്രമാകാം, എന്തെല്ലാമായിരിക്കാം ഓരോന്നിന്‍റെയും ആശയലോകം, സമൂഹ്യമായ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാമാണ് എന്നതിനെക്കുറിച്ചെല്ലാം അടുത്തകാലത്തായി വളരെ ആശയങ്ങള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഈ ആശയഗതികള്‍ മുന്നോട്ടുവയ്ക്കുന്നവര്‍ ആരുംതന്നെ വസ്തുതാപരമായ അന്വേഷണമോ പഠനമോ അവലംബിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന നിരീക്ഷണങ്ങളാണ് അതെന്ന് തോന്നുന്നില്ല. മറിച്ച് ചരിത്രസംഭവങ്ങളെ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന വിലയിരുത്തലുകള്‍ മാത്രമാണ്. മതത്തിന്‍റെ പൊതുവായ രാഷ്ട്രീയം, വേദപുസ്തകം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്നതിനെക്കുറിച്ചൊക്കെയുള്ള പഠനങ്ങളും ചര്‍ച്ചകളും നിരീക്ഷണങ്ങളും പതിറ്റാണ്ടുകളായി നടക്കുന്നവ തന്നെയാണ്.

രാഷ്ട്രത്തെപ്പറ്റിയുള്ള സമഗ്രദര്‍ശനമാണ് രാഷ്ട്രീയം. ബന്ധങ്ങളും വിനിമയങ്ങളും അധികാരവും സമ്പത്തും അങ്ങനെ ഓരോന്നും രാഷ്ട്രീയം എന്ന പരിപ്രേക്ഷ്യത്തിന്‍റെ ഉള്ളില്‍ വരുന്നു. വ്യവസ്ഥിതികള്‍, നിയമങ്ങള്‍ എന്നിവ അസന്തുലിതമാകുമ്പോള്‍ സമ്പത്തിന്‍റെ വിനിമയം ക്രമരഹിതമാകുമ്പോള്‍, മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ എല്ലാം ചോദ്യങ്ങളുയരുന്നു, ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെടുന്നു, ബദലുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. ഓരോന്നിനും അതിന്‍റേതായ വിശകലനങ്ങള്‍ കണ്ടേക്കാം. എന്നിരുന്നാലും ചരിത്രത്തില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളാണ് രാഷ്ട്രം എന്ന ആശയത്തെത്തന്നെ രൂപപ്പെടുത്തുന്നത്. ദൈവം ചരിത്രത്തില്‍ പ്രത്യേകിച്ച് രാഷ്ട്രങ്ങളോടും ജനതകളോടും നടത്തിയ ഇടപെടലുകള്‍ ആണ് വേദപുസ്തകം. ഇതാണ് വേദപുസ്തകം നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്. ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലുകള്‍ ദര്‍ശിച്ച ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതുകൊണ്ടാണ് വേദപുസ്തകത്തിന് ഇന്നും രാഷ്ട്രങ്ങളോടും രാഷ്ട്രീയത്തോടും സംസാരിക്കാന്‍ സാധിക്കുന്നതും സംസാരിക്കാനുള്ളതും.

രാഷ്ട്രീയം എന്നത് കക്ഷിരാഷ്ട്രീയമായി ഒതുക്കി മറ്റിടപെടലുകളോ വിമര്‍ശനങ്ങളോ ഇല്ലാതെ സ്വതന്ത്രമായി വിഹരിക്കാനുള്ള ഒന്നാണ് എന്ന ധാരണയാണ് പൊതുവേ പ്രചരിക്കുന്നത്. ക്രൈസ്തവസഭകള്‍ക്ക് എങ്ങനെ രാഷ്ട്രീയത്തെക്കുറിച്ചും മറ്റ് സാമൂഹിക വിഷയങ്ങളെ സംബന്ധിച്ചും ധൈര്യപൂര്‍വ്വം സംസാരിക്കാന്‍ സാധിക്കും? സാമൂഹ്യമായ തിന്മകളോട് പ്രതികരിക്കാതെ വായടച്ചിരിക്കുന്ന സഭകള്‍ക്ക് എങ്ങനെ തിരുത്തായി നിലപാടെടുക്കാന്‍ സാധിക്കും? സ്വയമായി തിരുത്തപ്പെടലിനു വിധേയമാകാതെ സമൂഹത്തിലോ സമൂഹ്യപ്രശ്നങ്ങളിന്‍മേലോ ഇടപെടാന്‍ സാധിക്കാതെ പോകുന്ന സഭകളും വിശുദ്ധ ഗ്രന്ഥത്തെ വീണ്ടും വായിച്ചുതുടങ്ങണം. ഈയൊരു സാഹചര്യത്തിലാണ് വിശുദ്ധ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്താന്‍ ഇവിടെ ശ്രമിക്കുന്നത്.

വേദപുസ്തക രചനയുടെ രാഷ്ട്രീയം

ക്രിസ്തുവിന്‍റെ കാലത്ത് സുശക്തമായ റോമാസാമ്രാജ്യം അതിവിസ്തൃതവും സുസംഘടിതവുമായിരുന്നു. ഇരുന്നൂറുവര്‍ഷം നീണ്ട രക്തച്ചൊരിച്ചിലിന്‍റെയും നിരന്തരമായ പോരാട്ടങ്ങളുടെയും അന്ത്യം കുറിച്ചുകൊണ്ട് അഗസ്റ്റസ് സീസറുടെ കാലം എത്തിച്ചേരുന്നു. ഭരണചക്രം സുഗമമായിരുന്നെങ്കിലും സാമുദായികവും സാമൂഹ്യവുമായ അസമത്വങ്ങളും ഉച്ചനീചത്വങ്ങളും ചൂഷണങ്ങളും സാമ്രാജ്യത്തില്‍ തേര്‍വാഴ്ച നടത്തി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വലുതായിവന്നു. അടിമത്ത സമ്പ്രദായം സാര്‍വ്വത്രികമായി. സാമൂഹ്യവ്യവസ്ഥിതി അടിമത്തത്തില്‍ അധിഷ്ഠിതമായി. അടിച്ചേല്‍പ്പിക്കപ്പെടുന്ന നികുതിഭാരം ജനങ്ങള്‍ക്ക് ദുര്‍വ്വഹമായി വന്നു. ഈ സാഹചര്യത്തില്‍ ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്ന് ഗലീലായില്‍ മുഴങ്ങിക്കേട്ട സദ്വാര്‍ത്ത ജനങ്ങള്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്നതായിരുന്നു. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്ന ഇടം. സുവിശേഷം രൂപപ്പെട്ട പരിസരം വിവിധ മതങ്ങളും തത്വശാസ്ത്രങ്ങളും നവീനപ്രസ്ഥാനങ്ങളുമെല്ലാം കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തിയതായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുവിശേഷം അതുകൊണ്ടുതന്നെയാണ് ഇന്നും പ്രസക്തമാകുന്നത്. രൂപീകരണത്തിന്‍റെ പ്രത്യേക പശ്ചാത്തലത്തില്‍ എപ്രകാരം സംവദിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം ഇന്നും സുവിശേഷം സംസാരിക്കേണ്ടത്. അതായത്, സമീപനത്തിന്‍റെ രീതിശാസ്ത്രം (Methodology) ഒന്നുതന്നെയാകണം. പ്രതികരണങ്ങള്‍ കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് മാറിവരാം.

ക്രിസ്തുവിനെ ഗ്രീക്കോ-റോമന്‍ സാംസ്കാരിക പരിസരത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് വേദപുസ്തക രചനയില്‍ എത്തിച്ചേരുന്നത്. ക്രിസ്തുവിന്‍റെ ശുശ്രൂഷ നിലനിന്നിരുന്ന രാഷ്ട്രീയ- മത-സാംസ്കാരിക സാഹചര്യങ്ങളോടുള്ള പ്രതികരണത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളും വചസ്സുകളും മറ്റൊരു ലോകത്തെക്കുറിച്ചല്ലായിരുന്നു. എന്നാല്‍ മറ്റൊരു ലോകത്തെക്കുറിച്ച് ആലോചിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു അത്. ഒന്നുകൂടിപ്പറഞ്ഞാല്‍ ഒരു ജനത മുഴുവനും ചരിത്രപരമായി അനുഭവിക്കുന്ന അനീതിക്കും അക്രമത്തിനും അസന്തുലിതമായ സാമ്പത്തിക വിനിമയത്തിനും പലായനങ്ങള്‍ക്കും അതീതമായ ഒരു ബദല്‍ലോകം തന്നെ ആയിരുന്നു ക്രിസ്തു മുന്നോട്ടു വച്ചത്. ഇതെല്ലാം അനുവാചകരുടെ മുമ്പില്‍ തുറന്നുവയ്ക്കുന്ന പുസ്തകമാണ് ബൈബിള്‍. രചനാപരമായി വേദപുസ്തകം നിര്‍വ്വഹിക്കുന്ന ദൗത്യവും ദൈവത്തിന്‍റെ ഇടപെടലുകള്‍ വഴി മാറ്റിമറിക്കപ്പെടുന്ന ഒരു ലോകത്തെക്കുറിച്ചും ജനതകളുടെ പ്രതീക്ഷകളെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചും രേഖപ്പെടുത്തുകയാണ് ഇവിടെ. രചനാരീതി, പ്രതിപാദനരീതി, ക്രോഡീകരണം, അവതരണം എന്നിങ്ങനെ വേദപുസ്തക രചനയുടെ ഓരോ ഘട്ടങ്ങളും സൂക്ഷ്മമായ പഠനങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. ഇവിടെയെല്ലാം സുവിശേഷകന്‍ തന്‍റേതന്നെ രാഷ്ട്രീയ സാമൂഹ്യ പരിസരത്തിന് അനുയോജ്യമായിത്തന്നെയാണ് ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. ക്രിസ്തു ജീവിച്ച അതേ നൂറ്റാണ്ടില്‍ത്തന്നെ അവനെ ഇത്രമാത്രം കാലികമായി അവതരിപ്പിക്കാന്‍ സുവിശേഷകന്മാര്‍ ശ്രമിച്ചെങ്കില്‍ നാമിന്ന് അത് അവഗണിക്കുകയാണ്. സുവിശേഷത്തിലെ ക്രിസ്തുവിനോടുള്ള ഈ അവഗണനയാലാണ് ക്രിസ്തുവിന്‍റെ രാഷ്ട്രീയം ഇന്ന് ഒരു വെല്ലുവിളിയായി നമുക്ക് അനുഭവപ്പെടാത്തത്.

കൂട്ടായ്മകള്‍ രൂപപ്പെടുന്നു

ക്രിസ്തുവിന്‍റെ ശുശ്രൂഷയുടെ ഏറ്റവും ഫലപ്രദമായ പാഠം അതുവരെയും ഗൗരവമായി പരിഗണിക്കപ്പെടാതിരുന്നചില ഇടപെടലുകള്‍ക്കും കൂടിച്ചേരലുകള്‍ക്കും ക്രിസ്തുവിന്‍റെ പഠനങ്ങള്‍ വേദിയായിത്തീര്‍ന്നു എന്നതിലാണ്. ചുങ്കക്കാര്‍, സ്ത്രീകള്‍, രോഗികള്‍, പൊതുസമൂഹത്തില്‍ നിന്ന് പല കാരണങ്ങളാലും മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഇങ്ങനെയുള്ള എല്ലാവരും ക്രിസ്തുവില്‍ ഏകീകരിക്കപ്പെടുന്നു. ശക്തമായ രാഷ്ട്രീയമാണ് ഇത്. കൂട്ടായ്മകളാണ് പാലസ്തീന്‍റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. റോമാ ഗവണ്‍മെന്‍റും യഹൂദമതാധികാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ് ഭരണം നടത്തിയിരുന്നത്. ഇതിനെ രാഷ്ട്രീയമായി ചെറുക്കണമെങ്കില്‍ പുതിയ കൂട്ടായ്മകള്‍ ഉണ്ടായേ പറ്റൂ എന്ന് ക്രിസ്തു കരുതിയിരിക്കണം. ചരിത്രപരമായി സംഘടിതരല്ലാത്തവര്‍ സംഘടിതരാകുന്ന സാഹചര്യം ഇന്നത്തെ കാലഘട്ടത്തിലും നമുക്ക് കാണാന്‍ സാധിക്കും. കൃഷിക്കാരും കുടിയിറക്കപ്പെടുന്നവരും പരിസ്ഥിതി ധര്‍മ്മം നിര്‍വ്വഹിക്കുന്നവരും എല്ലാം പുതിയ കൂട്ടായ്മകളാകുന്നതുപോലെ തന്നെ. അന്ന് ക്രിസ്തുവാണ് പുതിയ കൂട്ടായ്മകളുടെ കേന്ദ്രമെങ്കില്‍ ഇന്നത്തെ ക്രിസ്തുസഭകള്‍ വളരെ അകലെ കാഴ്ചക്കാര്‍ മാത്രമാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രിസ്തു കൂട്ടുകൂടുന്ന എരിവുകാര്‍ (Zealots) എന്ന വിഭാഗത്തെ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ്.

യേശുവിന്‍റെ അടുത്ത അനുയായികളില്‍ പലരും എരിവുകാര്‍ ആയിരുന്നു. നിയമത്തെ സ്നേഹിക്കുന്നവരുമായി പ്രത്യേക സ്നേഹം യേശു പുലര്‍ത്തിയിരുന്നു എന്നുവേണം അനുമാനിക്കാന്‍. അവര്‍ ദേശീയവാദികളും റോമന്‍ അധികാരത്തെ ശക്തമായി എതിര്‍ക്കുന്നവരുമായിരുന്നു. സമാഗതമാകുന്ന രാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയും, എല്ലാ അടിമത്തങ്ങളും അവസാനിക്കുമെന്ന സ്വപ്നവും അവര്‍ വച്ചുപുലര്‍ത്തിയിരുന്നു. യേശുവിന്‍റെ ശിഷ്യന്മാരില്‍ എരിവുകാര്‍ ഉണ്ടായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. എരിവുകാരനായ ശീമോന്‍, സെബദിയുടെ മക്കള്‍, ഇസ്ക്കറിയാത്തോയൂദാ എന്നിവരെയെല്ലാം ഈ ഗണത്തില്‍ പെടുത്താം എന്ന് പൊതുവേ അനുമാനിക്കപ്പെടുന്നുണ്ട്. ഇവരുടെ പഠിപ്പിക്കലുമായി യേശുവിന്‍റെ ഉപദേശങ്ങള്‍ക്ക് ബന്ധം ദര്‍ശിക്കാന്‍ ശ്രമം നടക്കുന്നുമുണ്ട് (മത്തായി 11:12). യേശുവിന്‍റെ ദേവാലയ ശുദ്ധീകരണം തുടങ്ങിയ മറ്റ് കാരണങ്ങളാല്‍ യേശുവിനെയും ശിഷ്യന്മാരെയും എരിവുകാരുടെ ഗണത്തിലാണ് പലപ്പോഴും പെടുത്തിയിരുന്നത് (അപ്പോ. 5:37; 21:38). എരിവുകാര്‍ തങ്ങളുടെ അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനംകൊണ്ട് ദൈവരാജ്യം സാധ്യമാണ് എന്നു ചിന്തിക്കുമ്പോള്‍ ക്രിസ്തു ദൈവരാജ്യം ഒരു സമ്മാനമാണ് എന്നാണ് പഠിപ്പിക്കുന്നത്. ഇവിടെയാണ് യേശുവിന്‍റെ പഠനങ്ങള്‍ രഷ്ട്രീയ തീവ്രവാദികളുടേതില്‍നിന്ന് വ്യത്യസ്തമാകുന്നത്. യേശുവിന്‍റെ പരസ്യശുശ്രൂഷയും താന്‍ സൃഷ്ടിക്കുന്ന കൂട്ടായ്മകളുടെ വൈവിധ്യത്തെക്കുറിച്ചും സൂചിപ്പിക്കാനാണ് ഈ ബന്ധങ്ങളെക്കുറിച്ച് പറഞ്ഞത്. ഹിംസാത്മകമായ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചെങ്കിലും മാറ്റത്തിനുവേണ്ടിയുള്ള ആഗ്രഹമാണ് രാഷ്ട്രീയമായി ഇവര്‍ പങ്കുവെയ്ക്കുന്നത്.

യഹൂദസമൂഹത്തില്‍ ഏറ്റവും തിരസ്കൃതരായിരുന്ന സ്ത്രീകളുമായി ക്രിസ്തു സൃഷ്ടിക്കുന്ന ബന്ധം അന്നത്തെ സാമൂഹ്യബന്ധങ്ങളെ അടിമുടി പിടിച്ചുലയ്ക്കുന്നതായിരുന്നു. സ്ത്രീകള്‍ ക്രിസ്തുവില്‍ പുതിയ പദവിയും സ്വരൂപവും കണ്ടെത്തുകയായിരുന്നു. യേശുവിന്‍റെ തലയില്‍ അഭിഷേകതൈലം ഒഴിക്കുന്ന സ്ത്രീ (മര്‍ക്കോ. 14:1-9) ക്രിസ്തുവില്‍ സ്ത്രീ അനുഭവിച്ച സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. യേശുവിന്‍റെ അടുത്ത് ധൈര്യമായി കടന്നുചെല്ലാനും അവന്‍റെ തലയില്‍ തൈലം ഒഴിക്കാനും സാധിച്ചത് ക്രിസ്തുവില്‍ അത്രമാത്രം സ്വാതന്ത്ര്യവും അടുപ്പവും അനുഭവിച്ചിരുന്നു എന്നതിന്‍റെ ഉദാഹരണമാണ്. ഇത് സ്വകാര്യമായി ചെയ്യുന്ന പ്രവൃത്തിയല്ല മറിച്ച് വിരുന്നുമേശയില്‍ വച്ചാണ് ഇതു ചെയ്യുന്നത്. പഴയനിയമ പാരമ്പര്യം അനുസരിച്ച് അഭിഷേകതൈലം ഒഴിക്കുന്നത് (പുറപ്പാട് 30:30) പുരോഹിതന്മാരാണ്. ഇവിടെ സ്ത്രീ ആണ് ആ പദവിയിലേയ്ക്ക് എത്തിച്ചേരുന്നത്. ലാസറിന്‍റെ സഹോദരിമാര്‍, പാപിനിയായ സ്ത്രീ, കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍, കല്ലറയിലെ സ്ത്രീകള്‍, സ്ത്രീ ശിഷ്യകള്‍ (ലൂക്കോസ് 8:1-3) ഈ ഉദാഹരണങ്ങള്‍ എല്ലാം കാണിക്കുന്നത് ക്രിസ്തു തന്‍റെ ജീവിതത്തില്‍ പുലര്‍ത്തിയ സമീപനം നിലവിലുള്ളതിനെ വെല്ലുവിളിക്കുന്നതായിരുന്നു എന്നതാണ്.

കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നത് കാരുണ്യപൂര്‍വ്വമായ നിലപാടുകള്‍കൊണ്ടു മാത്രമല്ല, നീതിപൂര്‍വ്വമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ചു ചേരുമ്പോഴാണ്. ക്രിസ്തുവിലൂടെ സൗഖ്യമാകുന്നവരും അവന്‍ കൈപിടിച്ച് മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നവരും (ലൂക്കോസ് 5:12-16) തികച്ചും അപ്രസക്തരെന്ന് സമൂഹം കരുതിയിരുന്നെങ്കിലും വളരെ പെട്ടെന്ന് ക്രിസ്തുകേന്ദ്രമായ കൂട്ടായ്മയുടെ ഭാഗമായി മാറുന്നു. ഇത്തരത്തില്‍ കൂടിവരുന്ന ചെറുസംഘങ്ങളുടെ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടതാണ്. ഇന്ന് നാം നല്‍കുന്ന സൗഖ്യങ്ങള്‍ വ്യക്തികളുടെ സൗഖ്യം എന്നതിലുപരി സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കപ്പെടേണ്ടതാണ്. ക്രിസ്തുവിനുവേണ്ടിയുള്ള കൂട്ടായ്മകള്‍ സാധ്യമാകാതെ വരുന്നതും എന്തുകൊണ്ടാണ് എന്ന് ചിന്തിക്കപ്പെടേണ്ടതാണ്.

തിരസ്കരണം എന്നതിലല്ല രൂപാന്തരം എന്ന ആശയത്തിലേയ്ക്കാണ് ക്രിസ്തു കൂട്ടായ്മകള്‍ എത്തിച്ചേരുന്നത്. പ്രതിലോമകരമായ എല്ലാ സാഹചര്യങ്ങള്‍ക്കും അതീതമായി ശക്തമായ പ്രതിരോധമായി മാറാന്‍ സാധിക്കുക എന്നതുതന്നെയാണ് പ്രധാനം. ഒരുമിച്ചുള്ള ഭക്ഷണമാണ് ഏതൊരു സംഘംചേരലിന്‍റെയും ക്ലൈമാക്സ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പുതിയ ഒന്നിന്‍റെ തുടക്കമാകുന്നു (മത്തായി 9:10). എത്ര ആയിരം പേരുള്ള കൂട്ടായ്മകള്‍ ക്രിസ്തു രൂപീകരിച്ചു (മര്‍ക്കോ. 6:34-44). അവസാനം തന്നത്താന്‍ പങ്കിട്ടുകൊടുത്താണല്ലോ (മര്‍ക്കോ. 14:17-31) ക്രിസ്തുവിന്‍റെ പരസ്യശുശ്രൂഷയും സമ്പൂര്‍ണ്ണമാക്കുന്നത്. ഒരുമിച്ചിരുത്തി ഒരേ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന സഭാസമൂഹങ്ങള്‍ക്കേ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഉറപ്പുള്ള നേതൃത്വമാകാന്‍ സാധിക്കൂ.

വിമര്‍ശനത്തിന്‍റെ രാഷ്ട്രീയ പ്രയോഗം

വിമര്‍ശനം എന്നും ഒരു രാഷ്ട്രീയ ഇടപെടലിന്‍റെ ഉപാധിയാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണല്ലോ. അനീതിയും അടിമത്തവും അടിച്ചേല്പിക്കുന്ന അനീതിപരമായ നിയമങ്ങള്‍, ദൈവത്തിന്‍റെ പേരില്‍ ചൂഷണം നടത്തുന്ന മതാധികാരികള്‍, അനീതിയുടെ സാമൂഹിക ഘടന എന്നിവയെല്ലാം ക്രിസ്തുവിന്‍റെ വിമര്‍ശത്തിന് വിധേയമാകുന്നുണ്ട്. മതത്തിന്‍റെ അന്തഃസത്തയെയല്ല മറിച്ച് രാഷ്ട്രീയത്തിനും മതത്തിനും വേണ്ടി അട്ടിമറിക്കപ്പെട്ട അല്ലെങ്കില്‍ പുനരാഖ്യാനം ചെയ്യപ്പെട്ട മതനിയമങ്ങളെയാണ് ക്രിസ്തു ചോദ്യം ചെയ്യുന്നത്. ശാബതിനെപ്പറ്റിയുള്ള നിലപാട് ശാബതിനെതിരായിട്ടല്ല, ശാബതിന്‍റെ പ്രയോഗം മാത്രമെടുത്ത് ഉള്ളടക്കം വിട്ടുകളഞ്ഞതിനെതിരെയാണ്. ശുദ്ധി അശുദ്ധി സങ്കല്പങ്ങളോടും ക്രിസ്തു എന്നും കലഹിക്കുന്നുണ്ട്.

റോമന്‍ ഭരണകൂടത്തിന്‍റെ കീഴിലുള്ള ഹേറോദിനെ കുറുക്കന്‍ (ലൂക്കോസ്. 13:32) എന്ന് വിളിക്കുമ്പോഴും സദുക്കായരുടെ നയസമീപനങ്ങളെയും വിശ്വാസത്തെയും ക്രിസ്തു എതിര്‍ക്കുമ്പോഴും റോമാ ഭരണകൂടത്തെ എതിര്‍ത്തവരെങ്കിലും പരസ്പരാശ്രയത്വം ആഗ്രഹിച്ചിരുന്ന പരീശപ്രമാണിമാര്‍ക്കെതിരെ നിലപാടെടുക്കുമ്പോഴും നീതിയെ തിരിച്ചറിയുന്ന ഒരു സമൂഹത്തെ ഒരുക്കിയെടുക്കാനാണ് യേശു ശ്രമിച്ചത്(മത്തായി 5:20). പരീശന്മാരെയും നിയമജ്ഞരെയും ക്രിസ്തു വിമര്‍ശിക്കുമ്പോള്‍ പലതും വിമര്‍ശനവിധേയമാകുന്നുണ്ട് (ലൂക്കോസ് 11:37-54; 20:45-47, മത്തായി 23:6-7, മര്‍ക്കോ. 12:38-40). പ്രവൃത്തികള്‍, മതം, സമീപനങ്ങള്‍, വസ്ത്രം ഇങ്ങനെ പോകുന്നു അതിന്‍റെ പട്ടിക. മതാധികാരികളെ ചോദ്യം ചെയ്യുമ്പോഴും ധരിക്കുന്ന വസ്ത്രത്തിന്‍റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും (Ideology) യേശു വിമര്‍ശന വിധേയമാക്കുന്നത് ഏറ്റവും നല്ല ഉദാഹരണമാണ്. വസ്ത്രങ്ങള്‍ക്കും സംസാരിക്കാന്‍ സാധിക്കും. ധനസമ്പാദനത്തിന് അധികാരം പിടിച്ചുവാങ്ങാനാവും. അങ്ങനെയെത്ര നിരീക്ഷണങ്ങളും വിമര്‍ശനങ്ങളുമാണ് യേശു നടത്തുന്നത്. യേശു എല്ലാ രീതിയിലും വ്യവസ്ഥാപിത മതത്തിന്‍റെ ജീര്‍ണ്ണതകളെ പുറത്തുകൊണ്ടുവരികയായിരുന്നു. (യഹൂദമതത്തിന്‍റെ അധികാരികള്‍ നിലവിലുണ്ടായിരുന്ന റോമാ രാഷ്ട്രീയ ഭരണാധികാരികളുടെ ഭരണനിര്‍വ്വഹണ യന്ത്രമായി മാറുമ്പോള്‍ മതം മറ്റൊരു രൂപം പ്രാപിക്കുകയാണ്. നാസി ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് സഹായകരമായ നിലപാടെടുത്ത സഭകള്‍ ഉണ്ടായിരുന്നു എന്നത് ചരിത്രത്തിന്‍റെ തുടര്‍വര്‍ത്തമാനം.)

ആശയലോകത്തിന്‍റെ രാഷ്ട്രീയം

എക്കാലത്തും രാഷ്ട്രീയം ഒരു പ്രായോഗിക പദ്ധതിയാകുന്നത് ബദലുകളെ നിര്‍ദ്ദേശിക്കാന്‍ സാധിക്കുമ്പോഴാണ്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യവും ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തതയുമാണ് ആശയപരമായി ഒന്നിനെ മനസ്സിലാക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നത്. നിലവിലുള്ളത് അക്രമാസക്തവും ക്രൂരവും അനീതി നിറഞ്ഞതുമാകുമ്പോഴാണ് മറ്റൊന്ന് ആവശ്യമായിവരുന്നത്. ചരിത്രത്തില്‍ നിലനില്‍ക്കുന്നതിനെ വിമര്‍ശനവിധേയമാക്കി മറ്റൊന്നിനെ ആശയവത്കരിച്ച് അവതരിപ്പിക്കുമ്പോള്‍ അത് ബദലായി രൂപപ്പെടും. ക്രിസ്തു ദൈവരാജ്യം എന്ന ആശയത്തില്‍ നിന്നുകൊണ്ടാണ് ഇത് അവതരിപ്പിക്കുന്നത്.

ദൈവരാജ്യത്തിന്‍റെ വേദശാസ്ത്ര വിചിന്തനങ്ങള്‍ എന്തുമായിക്കൊള്ളട്ടെ നിലവിലുള്ളതിലും ബദലായ മറ്റൊരു വ്യവസ്ഥിതിയാണ് അവതരിപ്പിക്കപ്പെട്ടത്. അതിരുകള്‍ ഉള്ള രാജ്യം എന്ന ആശയം ഇസ്രായേലിന്‍റെ ചിന്തയില്‍ ഉണ്ടായിരുന്ന ഒന്നല്ല. നാടോടി പാരമ്പര്യത്തില്‍നിന്നും അതിന്‍റെ ആവാസ വ്യവസ്ഥിതിയില്‍നിന്നും പെട്ടെന്ന് രാജ്യവും രാജാവും എല്ലാം ഉണ്ടാകുന്ന ജനത. എക്കാലത്തും ദൈവം രാജാവാണ് എന്ന് പഠിപ്പിച്ചിരുന്നെങ്കിലും അനീതിയുള്ള ഭരണവും യുദ്ധങ്ങളും മത്സരങ്ങളും പിടിച്ചടക്കലുകളുമെല്ലാം കാണുമ്പോള്‍ ഒന്ന് ബോദ്ധ്യപ്പെട്ടു രാജാവ് ദൈവം അല്ല എന്നത്. ഇസ്രായേലിന്‍റെ ചരിത്രം പരിശോധിച്ച് ക്രിസ്തുവരെയെത്തുമ്പോഴും അവര്‍ മറ്റാരുടെയോ കീഴിലാണ്. അടിമത്തം അനുഭവിക്കുകയാണ്. ഉള്ളതിലും അധികമായി നികുതി കൊടുക്കേണ്ടിവരികയാണ്. മനുഷ്യന്‍റെ നീറുന്ന ആകാംക്ഷയുടെ മദ്ധ്യേ ആണ് ക്രിസ്തു ദൈവരാജ്യത്തെ അവതരിപ്പിക്കുന്നത് അല്ലെങ്കില്‍ ദൈവരാജ്യമായി അവതരിക്കുന്നത്.

ദൈവരാജ്യം കടുകുമണിയോട് സദൃശ്യം (മത്തായി 13:31-33) എന്ന് പര്‍വ്വതപ്രസംഗത്തില്‍ ക്രിസ്തു പഠിപ്പിക്കുന്നു. കടുകുമണി ചെറുതാണ്. എന്നാല്‍ അത് വലിയൊരു വൃക്ഷത്തിനു ജന്മം കൊടുക്കാന്‍മാത്രം ശക്തവുമാണ്. വലിപ്പമല്ല പ്രധാനം ഗുണപരതയാണ്. ചെറിയ വിത്തിനുള്ളിലെ വലിയ സാധ്യതയാണ് ദൈവരാജ്യം. അത് ഒരിക്കല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതും പിന്നീട് നൂറ്റാണ്ടുകള്‍ക്കും കാലങ്ങള്‍ക്കും അതീതമായി വളരേണ്ടതുമായ ഒന്നാണ്. അങ്ങനെ വളരുന്ന ആ മരത്തില്‍ എല്ലാത്തിനും ഇടമുണ്ട്. ആരും തിരസ്കൃതരാകുന്നില്ല. പക്ഷിക്കും മറ്റ് പറവജാതികള്‍ക്കും മനുഷ്യനും എല്ലാവര്‍ക്കും അതില്‍ കാര്യമുണ്ട്.

നിന്‍റെ രാജ്യം വരണമേ എന്ന യേശുവിന്‍റെ പ്രാര്‍ത്ഥന ഇന്നും നാം ഉരുവിട്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ അനീതി നടത്തുന്ന, കൈക്കൂലി വാങ്ങുന്ന, പാവപ്പെട്ടവരെ പടിയിറക്കുന്ന, രോഗികളെ നരകയാതനയ്ക്ക് വിട്ടുകൊടുക്കുന്ന, സമ്പന്നര്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ഒരുക്കിക്കൊടുത്ത് സാമ്പത്തിക വളര്‍ച്ചയെ ആഘോഷിക്കുന്ന രാഷ്ട്രങ്ങളോ അധികാരങ്ങളോ ഒന്നും നമ്മെ അസ്വസ്ഥതപ്പെടുത്തുന്നില്ല എന്ന തിരിച്ചറിവ് ക്രിസ്തു ശിഷ്യത്വത്തിന്‍റെ ജീര്‍ണ്ണതയിലേക്കു വിരല്‍ ചൂണ്ടുന്നു. അവനെ അസ്വസ്ഥനാക്കിയവയൊക്കെയുമായി നാമിന്ന് സന്ധിയിലാണ്.

മാനസാന്തരം ക്രിസ്തുവിന്‍റെ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം

മാനസാന്തരം ബൈബിളിന്‍റെ പ്രധാന സന്ദേശമാണ്. സുവിശേഷത്തിന്‍റെ പ്രധാനമായ ആഹ്വാനവും അതുതന്നെയാണ്. അതുകൊണ്ടുതന്നെ മാനസാന്തരത്തിന്‍റെ രാഷ്ട്രീയം വിചിന്തനം ചെയ്യപ്പെടേണ്ടതുതന്നെയാണ്. മാനസാന്തരം തികച്ചും വ്യക്തിനിഷ്ഠമായി സംഭവിക്കുന്ന ഒന്നാണെങ്കിലും അതിന് സാമൂഹ്യമാനം കൈവരുമ്പോഴാണ് അതിന്‍റെ പ്രസക്തി കൂടുതല്‍ അര്‍ത്ഥമുള്ളതായിത്തീരുന്നത്. സക്കായിയുടെ മാനസാന്തരം (ലൂക്കോ. 19:1-10) തന്‍റെ ഭൗതിക സാഹചര്യങ്ങളെ, സമ്പത്തിനോടുള്ള സമീപനത്തെ, രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണത്തെ എല്ലാം അടിമുടി സ്വാധീനിക്കുന്നുണ്ട്.

ഒരാള്‍ക്ക് മൗലികമായി ഉണ്ടാകുന്ന മാറ്റത്തെയാണ് മാനസാന്തരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശൗലിനെ രാജാവാക്കിയതില്‍ യഹോവ തന്നെ അനുതപിക്കുന്നു (മറ്റ് ഭാഷാന്തരങ്ങളില്‍ ഖേദിക്കുന്നു, മനസ്താപമായിരിക്കുന്നു, എന്ന് ചേര്‍ത്തിരിക്കുന്നു) എന്ന് കാണുന്നുണ്ട് (1 ശമു. 15:11). എബ്രായ ഭാഷയില്‍ ‘Shub’ എന്ന പദമാണ് മാനസാന്തരം എന്ന വാക്കിനായി ഉപയോഗിക്കുന്നത്. ആ പദം അര്‍ത്ഥമാക്കുന്നത് 'ശരിയായ വഴിക്ക് പോകാനായി കാലടികളെ തിരിച്ചു നടക്കുമാറാക്കുന്നു' എന്നാണ്. 8-ാം നൂറ്റാണ്ടിലെ പ്രവാചകന്മാര്‍ ആരാധനാപരവും അനുഷ്ഠാനപരവുമായ അനുതാപത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ദൈവത്തിങ്കലേയ്ക്ക് തിരിച്ചുപോകുന്നതിനെയാണ് അനുതാപമായി ആമോസ് കാണുന്നത് (4:6, 8, 9, 10, 11). ഏശയ്യാവ് സാമൂഹ്യനീതിയിലേയ്ക്കുള്ള (1:10-17, 58:5-7) പ്രവേശനമായിട്ടാണ് അനുതാപത്തെ കാണുന്നത്.

പഴയനിയമ ആശയത്തില്‍നിന്നും അല്പം മാറി മറ്റൊരു തലത്തിലാണ് അനുതാപത്തെ പുതിയ നിയമം കാണുന്നത്. ഗ്രീക്കില്‍ Metanoin പുതിയ വഴിയിലേയ്ക്കുള്ള ദര്‍ശനമായോ ചിന്തയായോ ആണ് അനുതാപത്തെ കാണുന്നത്. ക്രിസ്തു അനുതാപത്തെ ദൈവരാജ്യത്തിന്‍റെ സമാഗമമായിട്ടാണ് പഠിപ്പിക്കുന്നത് (മര്‍ക്കോ. 1:14-15).

ജനതകളുടെ മാനസാന്തരത്തിനുവേണ്ടിയുള്ള ഇടപെടലുകള്‍ എന്നും രാഷ്ട്രീയമായ ഇടപെടല്‍ തന്നെയാണ്. ചുങ്കക്കാരനായ ലേവിയെ വിളിക്കുമ്പോള്‍ (മര്‍ക്കോ. 2:13-17) അവന്‍ എഴുന്നേറ്റു വരുന്നത് ചുങ്കം പിരിക്കുന്ന മേശയില്‍നിന്നു തന്നെയാണ്. വ്യക്തിപരവും സാമ്പത്തികവുമായ ലാഭത്തിന് അതീതമായി ഒരാള്‍ എടുക്കുന്ന സാഹസികമായ നിലപാടാണ് മാനസാന്തരം. ക്രിസ്തുവിന്‍റെ ഭാഷയില്‍ ദൈവരാജ്യത്തിലേയ്ക്കുള്ള പ്രവേശനമാണ്. ആ സമയത്ത് ഈ മാനസാന്തരം വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. ദൈവത്തിന്‍റെ നീതിക്ക് അനുരൂപമായി മാറാനുള്ള മനുഷ്യന്‍റെ ആഗ്രഹമാണ് മാനസാന്തരത്തിലേയ്ക്കു നയിക്കുന്നത്. സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തന നിരതമാകുന്ന മാനസാന്തരത്തിലേയ്ക്ക് ഇനിയും എത്തിച്ചേരേണ്ടതുണ്ട്. അവിടെ നമ്മുടെ മാനസാന്തരങ്ങള്‍ക്ക് നിശ്ചയമായും ഒരു രാഷ്ട്രീയമുഖം ഉണ്ടായിരിക്കും.

ഇന്ന് നാം ജീവിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക ക്രമത്തില്‍ സഭയ്ക്ക് നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കണം. ഇത് സാധിക്കണമെങ്കില്‍ സഭകള്‍ ക്രിസ്തുവിന്‍റെ ശരീരമായി ഉയിര്‍ത്തെഴുന്നേറ്റേ മതിയാകൂ. കൂട്ടായ്മകള്‍ രൂപപ്പെടുത്തി പ്രതിരോധം സൃഷ്ടിക്കുന്ന ശക്തമായി വിമര്‍ശിക്കുന്ന ബദലുകളുടെ ആശയലോകം തുറന്ന് പ്രതീക്ഷകള്‍ക്ക് പച്ചപ്പ് നല്‍കുന്ന സഭാസമൂഹങ്ങളായി മാറാനുള്ള സാധ്യതകള്‍ ആരാഞ്ഞില്ലെങ്കില്‍ സഭയുടെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുകയാവും ഫലം.

Featured Posts