
ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്‍ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ സമരമുൾപ്പെടെയുള്ള ഭൂസമരങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ നരിവേട്ട സിനിമയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ അസ്സീസി മാസികയുമായി പങ്കുവയ്ക്കുന്നു. ഒൺലൈൻ എഡിറ്റർ വീനീത് ജോൺ തയ്യാറാക്കിയ അഭിമുഖം..

വിനീത് : നമസ്കാരം
ഷഹസാദ് : നമസ്കാരം
വിനീത് : ആശാസമരത്തിന്‍റെ ഇടയില്‍ ഇത്തരം ഒരു സംഭാഷണത്തിനായി സമയം മാറ്റി വച്ചതിന് ആദ്യമേതന്നെ നന്ദി പറയുന്നു. സമയ പരിമിതിമൂലം ഒരു മുഖവുര ഒഴിവാക്കി നേരിട്ട് ചോദ്യത്തിലേയ്ക്ക് കടക്കുകയാണ്.
വിനീത് : ദളിതുകളും, ആദിവാസികളും നമ്മുടെ മുഖ്യധാരാ സിനിമകളില്‍ "അപ്പക്കാളകളായിട്ടാണ്" പ്രത്യക്ഷപ്പെടാറുള്ളത്. എന്‍ നാല് അതില്‍ നിന്നും വ്യത്യസ്തമായി ചില പുതിയ പ്രവണതകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രധാനമായും 2022 റിലീസ് ചെയ്ത കന്നട സിനിമ കാന്താര. ആ അര്‍ത്ഥത്തില്‍ നരിവേട്ട ഒരു വ്യത്യസ്ത സിനിമയാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?
ഷഹസാദ് : ഒരിക്കലുമില്ല. നരിവേട്ട എന്നത് യഥാര്‍ത്ഥത്തില്‍ ദളിതുകളുടേയോ, ആദിവാസികളുടേയോ സിനിമയല്ല. ആലപ്പുഴയിലെവിടെയോ ജീവിക്കുന്ന വര്‍ഗീസ് എന്ന ഉദാസീനന്‍റെ കഥയാണ് അത്. ആദിവാസി ഭൂപ്രശ്നം പശ്ചാത്തലമാക്കുന്നു എന്നുമാത്രം.

വ ിനീത് : അപ്പോള്‍ നരിവേട്ട എന്നത് ആലപ്പുഴയിലെവിടെയോ ജീവിക്കുന്ന വര്‍ഗ്ഗീസിന്‍റെ മാത്രം കഥയാണെന്നാണോ?
ഷഹസാദ്: തീര്‍ച്ചയായും. നോക്കൂ; പ്രണയിക്കുന്ന പെണ്ണിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹത്തില്‍ കവിഞ്ഞ് ഉത്തരവാദിത്വങ്ങളൊന്നും സ്വന്തമായില്ലാത്ത ഒരാളാണ് ഈ വര്‍ഗീസ്. അധികാരത്തിന്‍റെ കൂടുതല്‍ ഉയര്‍ന്ന ഇരിപ്പിടങ്ങളിലേക്കാണ് വര്‍ഗീസിന്‍റെ നോട്ടം. ഈ വര്‍ഗീസാണ് പിന്നീട് ഒരു പോലീസ് കോണ്‍സ്റ്റബ്ള്‍ ആയി മുത്തങ്ങയില്‍ എത്തി പോലീസ് നടത്തിയ നരവേട്ടയുടെ ഭാഗമാവുന്നതും പിന്നീട് ആദിവാസികളുടെ സംരക്ഷകനായും മാറുന്നത്.
വിനീത്: വര്‍ഗീസ് അവിടെ കണ്ട കാഴ്ചകളിലൂടെയാണല്ലോ നരിവേട്ട വികസിക്കുന്നത്. ആ കാഴ്ചകളും അയാളുടെ അനുഭവങ്ങളുമാണല്ലോ അയാളുടെ സ്വഭാവ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നത്. ഈ പറഞ്ഞ അര്‍ത്ഥത്തില്‍ കഥയ്ക്കോ തിരക്കഥയ്ക്കോ അവിടെ ചില പിരിമിതികള്‍ ഇല്ലേ?
ഷഹസാദ്: സാമൂഹ്യമായ പിന്നോക്കാ വാസ്ഥ അനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്നം മലയാള സിനിമ പൊതുവില്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയോ അങ്ങനെതന്നെയാണ് നരിവേട്ടയും ആദിവാസി പ്രശ്നത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ആ സാമൂഹ്യ വിഭാഗത്തിന് പുറത്ത് ഉയര്‍ന്ന സാമൂഹ്യാവസ്ഥകളില്‍ നിന്നും കടന്നുവരുന്ന നീതിമാനായ ഒരാളെ രക്ഷകനായി അവതരിപ്പിച്ചാണ് സാമൂഹ്യ പിന്നോക്കാവസ്ഥ എന്ന പ്രതിസന്ധിയെ മലയാള സിനിമ നേരിടാറ്. പിന്നോക്കാവസ്ഥ അനുഭവിക്കുന്ന മനുഷ്യരുടെ ദീര്‍ഘമായ പോരാട്ടം ഇത്തരം സിനിമകളുടെ ഭാഗമാവില്ല. മനുഷ്യരുടെ പതിതാവസ്ഥയില്‍ കാഴ്ചക്കാരനുണ്ടാകാന്‍ സാധ്യതയുള്ള അനുകമ്പയെ നായകനില്‍ ആവാഹിക്കാനാണ് ഈ സിനിമകള്‍ ശ്രമിക്കുക. അതുതന്നെയാണ് നരിവേട്ട ആവര്‍ത്തിച്ചിരിക്കുന്നതും. അത് സിനിമയെടുത്തവരുടെ പരിമിതയല്ല മറിച്ച് മലയാള സിനിമ സാമൂഹ്യ പ്രശ്നങ്ങളെ നോക്കിക്കാണുന്ന രീതിയുടെ പ്രശ്നമാണ്.
വിനീത് : മുത്തങ്ങ സമരം ആദ്യത്തെ ആദിവാസി ഭൂസമരമല്ല. 1992 മുതല്‍ ആദിവാസികള്‍ ഭൂമിയ്ക്കായി സമരം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സമരം വളരെ കൃത്യതയോടെ ആസൂത്രണം ചെയ്യാനുമവര്‍ക്കായിരുന്നു. ഇതിനെക്കുറിച്ചെല്ലാം സിനിമ പൂര്‍ണ്ണമായും നിശബ്ദമാണ്. അതെന്തു കൊണ്ടായിരിക്കും?
ഷഹസാദ്: തങ്ങളില്‍ നിന്നും തട്ടപ്പറിച്ച ഭൂമിയില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന ആദിവാസി ജനതയുടെ പ്രഖ്യാപനമായിരുന്നു മുത്തങ്ങ ഭൂസമരം. അതെല്ലാം മറച്ചുവെച്ചിട്ടു ണ്ടെങ്കില് സിനിമ നിര്‍മ്മിച്ചവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടാവാം.
വിനീത് : താങ്കള്‍ എന്താണ് പറഞ്ഞുവരുന്നത്? മുത്തങ്ങ സമരത്തെ പ്രധാന പ്രമേയമാക്കിയാല്‍ ഒരുപക്ഷേ ഒരു പരാജയപ്പെട്ട യോദ്ധാക്കളുടെ കഥ പറയേണ്ടിവരും. അതു സിനിമയുടെ സാമ്പത്തീക സാദ്ധ്യതകളെ ബാധിക്കും. അതുകൊണ്ടായിക്കൂടെ ഇത്തരമൊരു പരീക്ഷണത്തിന് പിന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചത്?
ഷഹസാദ് : മുത്തങ്ങ സമരം വിജയിച്ച സമരമല്ല. അതില്‍ ഭരണകൂടം മാത്രമേ വിജയിച് ചിട്ടുള്ളു. പരാജയപ്പെട്ട സമരത്തെ വിജയമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് സിനിമ ചെയ്തത്. സാമ്പത്തിക വിജയം ഉണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കെട്ടുകഥയാണ് നരിവേട്ട.
വിനീത് : ഇനി സിനിമയില്‍ പശ്ചാത്തലമാകുന്ന ഭൂമിയുടെ രാഷ്ട്രീയത്തെ മാത്രം അടര്‍ത്തിയെടുത്താല്‍ കേരളത്തിലെ ദളിതരിലെ 80 ശതമാനത്തിലധികം ആളുകള്‍ ഇന്നും കോളനികളിലാണ് ജീവിക്കുന്നത്. ഭൂപരിഷ്ക്കരണ ബില്‍ പാസാക്കിയ ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നമുക്കെവിടെയാണ് പാളിച്ചപറ്റിയത്?
ഷഹസാദ് : ഭൂമിയുടെ മേലുള്ള അവകാശം നിര്‍ണ്ണയിച്ചപ്പോള്‍ പാട്ട കുടിയന്മാരെ മാത്രമെ പരിഗണിച്ചുള്ളു. അതിനു താഴെയുള്ള നൂറ്റാണ്ടുകളായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ദളിത് ജനവിഭാഗങ്ങളെ കേവലം കുടികിടപ്പുകാരായി മാത്രമെ കണ്ടിരുന്നുള്ളു. അവിടെയാണ് ഭൂപരിഷ്ക്കരണത്തിലെ ഒളിച്ചു കളി. അതൊരിക്കലും പാളിച്ചയല്ല. ഇവിടെ ചരിത്രപരമായി അടിയാള വിഭാഗങ്ങള്‍ക്ക് ഭൂമിയിലുള്ള അവകാശം കേവലം കുടികിടപ്പവകാശമാക്കിയതോടെ വിഭവത്തിന്‍റെയും, സാമൂഹ്യമായ അന്തസ്സിന്‍റെയും അവകാശം റദ്ദ് ചെയ്യപ്പെടുകയായിരുന്നു. ആയിരം വര്‍ഷക്കാലം (AD 9ാം നൂറ്റാണ്ടു മുതല്‍) കാര്‍ഷിക ജോലി ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട, പ്രമാണങ്ങളില്‍ ഭൂമിയോടെപ്പം കൈമാറ്റപ്പെട്ടു കൊണ്ടിരുന്ന അടിയാള വിഭാഗങ്ങളുടെ ഭൂമിയുമായുള്ള ബന്ധത്തെ ഭൂപരിഷ്ക്കരണം അടര്‍ത്തി മാറ്റി.

വിനീത് : കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സമരമായിരുന്നു മുത്തങ്ങ സമരം. അച്ചുതാന്ദന്‍ സമരമുഖം സന്ദര്‍ശിക്കുന്നതിനു ശേഷമാണ് സി.പി.എം. സമരത്തെ ഏറ്റെടുക്കുന്നത്. അതാകട്ടെ വെടിവെപ്പിനു ശേഷവും. എന്നാല്‍ സിനിമയിലെ ആകെ വില്ലന്‍ പോലീസ് മാത്രമാണ്. അതെന്താവും?
ഷഹസാദ്: കേരളത്തിലെ ആദിവാസികളുടെ ആവാസവ്യവസ്ഥയില്‍ അവരെ അന്യരാക്കിയതില്‍ ഈ പറഞ്ഞ ഭരണകൂട സംവിധാനങ്ങള്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് സിനിമ ഒന്ന് എത്തിനോക്കുന്നുപോലുമില്ല എന്നത് മേല്‍പറഞ്ഞവരെ സംരക്ഷിക്കാനാണെന്ന് വ്യക്തമല്ലേ? യഥാര്‍ഥത്തില്‍ എന്താണ് പോലീസ്? അതൊരു ഭരണകൂട സ്ഥാപനമാണ്. ഒരു ഭരണകൂട സ്ഥാപനം എന്ന നിലയില്‍ അതില്‍ തൊഴിലെടുക്കുന്നവരുടെ മനോഭാവത്തിനു യാതൊരു പ്രാധാന്യമില്ല. നാളിതുവരെ സ്വതന്ത്ര കേരളത്തിന്‍റെ ഭരണ സംവിധാനങ്ങള്‍ ഇവിടുത്തെ ആദിവാസികളോടു ചെയ്ത എല്ലാ അനീതികളേയും പോലീസിന്‍റെ കുപ്പായംകൊണ്ട് മറയ്ക്കുകയാണ് സിനിമചെയ്തത്.
വിനീത് : അങ്ങനെ നോക്കുമ്പോള്‍ സിനിമയിലെ കോടതി?
ഷഹസാദ്: സിനിമയില്‍ മുത്തങ്ങയിലെ പോലീസ് അതിക്രമങ്ങള്‍ വെളിച്ചെത്തുകൊണ്ടുവരുന്നത് വര്‍ഗ്ഗീസ് എന്ന പോലീസുകാരനാണ്. എന്നാല്‍ യാഥാര്‍ത്യം അങ്ങനെയല്ല. മാധ്യമപ്രവര്‍ത്തകരാണ് ആ ഉത്തരവാദിത്വം നിര്‍വഹിച്ചത്. ഇതുപോലെ തന്നെ ഭാവനയുടെ മറവില്‍ പിറവിയെടുത്ത ആ ജഡ്ജ്. നായകന്‍ പോയി പറഞ്ഞയുടന്‍ നീതിതേടി പോവുന്ന ഒരു കോടതി. അങ്ങനെയൊരു കോടതി ശരിക്കുമുണ്ടോ? പാര്‍ക്കിന്‍സോണ്‍സ് ബാധിതനായ സ്റ്റാന്‍ സാമി ജയിലില്‍ വെള്ളം കുടിക്കാന്‍ ഒരു സ്ട്രോ നല്‍കണമെന്നാണ് കോടതിയോട് അഭ്യര്‍ഥിച്ചത്. അത് അദ്ദേഹത്തിന് മരണം വരെ കിട്ടിയിട്ടില്ല. സത്യം പറഞ്ഞു പരാജയപ്പെടാന്‍ ഭയമുള്ളവരാകാം സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍.
വിനീത് : അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ സിനിമയിലൂടെ ചരിത്ര സത്യങ്ങളെ വക്രീകരിക്കപ്പെടുത്തുകയായിരുന്നു എന്നാണോ?
ഷഹസാദ് : തീര്‍ച്ചയായും. ബ്രിട്ടീഷ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തില്‍ 5,000,00 ഏക്കര്‍ ഭൂമി സ്വന്തമാക്കിവച്ചിട്ടുണ്ടെന്ന കാര്യം 2016ല്‍ റവന്യു അഡീഷണല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടിട്ടുള്ളതാണ്. ഇതില്‍ വലിയ പങ്കും നിയമവിരുദ്ധമാണ്. എന്നെങ്കിലും ജനങ്ങളോട് കടപ്പാടുള്ള ഭരണകര്‍ത്താക്കള്‍ ഉണ്ടായാല്‍ മാത്രം പരിഹരിക്കപ്പെടുന്ന ഒരു പ്രശ്നമാണിത്. നരിവേട്ട യില്‍ ഈ വിഷയം പ്രതിപാദിക്കാത്തത് അത്ര വലിയൊരു പ്രശ്നമായി എനിക്കു തോന്നുന്നില്ല. അങ്ങനെ രാഷ്ട്രീയം പറയാന്‍ ഉദ്ദേശിച്ച് നിര്‍മിച്ച സിനിമയൊന്നുമല്ലല്ലോ അത്? മുത്തങ്ങയില്‍ ഒരു സമരമുണ്ടായിരുന്നു നരിവേട്ട എന്ന സിനിമ ജനങ്ങളെ അത് ഓര്‍മിപ്പിച്ചു അത്രതന്നെ.
വിനീത് : താങ്കള്‍ അവസാനമായ പറഞ്ഞ വരി കടമെടുത്താല്‍ 'മുത്തങ്ങയില്‍ ഒരു സമരമുണ്ടായിരുന്നു; നരിവേട്ട എന്ന സിനിമ ജനങ്ങളെ അത് ഓര്‍മിപ്പിച്ചു'. ഞാന്‍ വ്യക്തിപരമായി അതിനെ ചെറുതായി കാണുന്നില്ല. എന്തെന്നാല്‍ മുത്തങ്ങായിലെ സമരത്തെക്കുറിച്ചും ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ഈ സിനിമയും ഒരു കാരണമ ായി. അതൊരു ചെറിയ കാര്യമല്ലല്ലോ? ആദ്യം പറഞ്ഞതുപോലെ തിരക്കുകള്‍ക്കിടയില്‍ സമയം മാറ്റിവച്ചതിന് നന്ദി. മറ്റൊരു സിനിമയുടെ വിശേഷങ്ങളുമായി വീണ്ടും കാണാം.
നന്ദി! നമസ്ക്കാരം!
"നരിവേട്ട" ഒരു സത്യ കഥയോ?
വിനീത് ജോണ്‍
അസ്സീസി മാസിക, ഒക്ടോബർ, 2025